ഉത്ഥിതന് സമ്മാനങ്ങൾ

ആ വൈദികൻ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽനിന്നുള്ള മനോഹരമായ ഒരു വചനഭാഗം വായിച്ച് ധ്യാനിക്കുകയായിരുന്നു. ഉത്ഥിതനായ ഈശോ എമ്മാവൂസിലേക്ക് യാത്രചെയ്യുന്ന ശിഷ്യന്മാർക്കൊപ്പം സഞ്ചരിക്കുന്ന വചനഭാഗം. അതിനിടയിലാണ് വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം കേൾക്കുന്നത്. തന്റെ വായനയും ധ്യാനവും തടസ്സപ്പെട്ടതിൽ അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. വാതിൽ തുറന്നപ്പോൾ അതാ ഒരു സാധുമനുഷ്യൻ! ഭിക്ഷ ചോദിച്ചു വന്നതാണ്. കൂടുതലൊന്നും ആലോചിക്കാതെ അദ്ദേഹം കുറച്ചു പണം ആ മനുഷ്യനു നല്കി. എന്നിട്ട് എത്രയും വേഗം തന്റെ പഠനമുറിയിൽ തിരിച്ചെത്തി വായനയിലേക്കു കടന്നു.

എമ്മാവൂസിലേക്കു പോകുന്ന ശിഷ്യന്മാർക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെടുന്നു. ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമൊക്കെയായിരുന്നു ശിഷ്യരുടെ സംസാരവിഷയം. ഈശോ ഉയിർത്തെഴുന്നേറ്റെന്ന് അവരും കേട്ടിരുന്നു. എന്നാൽ അവർക്കത് വിശ്വസിക്കാൻ സാധിച്ചില്ല. അപ്പോഴാണ് ഒരു യാത്രക്കാരനും അവരോടൊപ്പം കൂടുന്നത്. അയാൾ അവരുടെ സംശയങ്ങൾക്കെല്ലാം ഉത്തരം നല്കി. രാത്രി അവരോടൊപ്പം അയാളും തങ്ങി. ഭക്ഷണത്തിനിരുന്നപ്പോൾ അയാൾ അപ്പമെടുത്ത് വാഴ്ത്തി അവർക്കു നല്കിയപ്പോൾ മാത്രമാണ് അവർക്കു മനസ്സിലാകുന്നത് അത് ക്രിസ്തുവാണെന്ന്.

ഉത്ഥിതൻ വെളിപ്പെടുത്തിയത്

ശിഷ്യൻമാർ ക്രിസ്തുവിനെ തിരിച്ചറിയുന്ന ആ നിമിഷങ്ങളെക്കുറിച്ച് ധ്യാനിച്ചപ്പോൾ പെട്ടെന്ന് വൈദികനും ഒരു ഉൾവെളിച്ചമുണ്ടായി. കുറച്ചു മുമ്പ് ഭിക്ഷ യാചിച്ചു തന്റെ മുമ്പിൽ നിന്ന ആ പാവപ്പെട്ട മനുഷ്യനിൽ ക്രിസ്തുവുണ്ടായിരുന്നു. അദ്ദേഹത്തിന് വല്ലാത്ത വിഷമം തോന്നി. തന്റെ മുന്നിലെത്തിയ ക്രിസ്തുസാന്നിധ്യം തിരിച്ചറിയാതെ പോയല്ലോ എന്നദ്ദേഹം വേദനയോടെ ഓർത്തു.

ഒന്നു ചിന്തിച്ചാൽ ഇതിൽ ഇത്ര വിഷമിക്കേണ്ട കാര്യമുണ്ടോ എന്നു നമുക്ക് തോന്നാം. കാരണം വൈദികൻ ആ സാധു മനുഷ്യനെ വെറുംകൈയോടെ പറഞ്ഞു വിട്ടില്ലല്ലോ. പിന്നെ എന്തിന് വിഷമിക്കണം? ഹൃദയങ്ങളറിയുന്ന കർത്താവിന് ആ സമർപ്പണം സ്വീകാര്യമായോ എന്ന് ചിന്തിക്കുമ്പോഴാണ് വൈദികനെ വിഷമിപ്പിച്ചത് എന്താണെന്ന് നമുക്കും ബോധ്യമാകുകയുള്ളൂ.

നമുക്ക് അസുഖം വന്നു കിടക്കുമ്പോൾ നമ്മെ ശുശ്രൂഷിക്കുന്ന ആൾ അത് തന്റെ കടമയായതുകൊണ്ടുമാത്രം ചെയ്യുകയാണെന്നു കരുതുക. ഇനി അതുമല്ല നമുക്ക് ഒരുപാട് സ്വത്തുണ്ട്, നമ്മെ ശുശ്രൂഷിച്ചാൽ അത് അയാൾക്കു നല്കാമെന്നു പറഞ്ഞിട്ടു ള്ളതിനാൽ തനിക്കു ലഭിക്കാനിരിക്കുന്ന വലിയ സൗഭാഗ്യത്തെയോർത്ത് അദ്ദേഹം നമ്മെ ശുശ്രൂഷിക്കുന്നുവെന്നു കരുതുക. നമുക്ക് എത്രയധികം വിഷമം തോന്നും. എന്നാൽ അദ്ദേഹത്തിനു നമ്മോടൊപ്പമായിരിക്കുന്നത് വളരെ സന്തോഷമാണ്, നമ്മുടെ വേദനയിൽ നമ്മെ ആശ്വസിപ്പിക്കാൻ ഇത്രയല്ലേ തനിക്കു സാധിക്കുന്നുള്ളു എന്നു കരുതി ഏറ്റവും സ്‌നേഹപൂർവം യാതൊരു പ്രതിഫലേച്ഛയും കൂടാതെ നമ്മെ ശുശ്രൂഷിച്ചാലോ? രോഗത്തിന്റെ വേദനയിലും സഹനത്തിലുംപോലും ആ സാന്ത്വനസ്പർശം നമ്മെ എത്രയധികം ആശ്വസിപ്പിക്കാതിരിക്കില്ല.

ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവുമെല്ലാം പ്രസക്തമാകുന്നത് ഈ അർത്ഥത്തിലാണ്. നമുക്കുവേണ്ടി, നമ്മുടെ പാപങ്ങൾക്കുവേണ്ടി അതികഠിനമായ പീഡനങ്ങളേറ്റുവാങ്ങി അവിടുന്ന് കുരിശിൽ മരിച്ചു. നമ്മുടെ പുണ്യങ്ങളെപ്രതിയോ നാം നല്ലവരായതിനാലോ അല്ലായെന്ന് പ്രത്യേകം ഓർക്കാം. ”നീതിമാനുവേണ്ടിപ്പോലും ആരെങ്കിലും മരിക്കുക പ്രയാസമാണ്. ഒരുപക്ഷേ ഒരു നല്ല മനുഷ്യനുവേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെന്നുവരാം. എന്നാൽ, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു.”(റോമാ 5: 7-8).

സകല ജനങ്ങൾക്കും പ്രത്യാശ പകർന്നുകൊണ്ട് മരണത്തെ ജയിച്ച് അവിടുന്ന് മൂന്നാം ദിവസം ഉത്ഥാനം ചെയ്തു. എല്ലാം നമ്മോടുള്ള സ്‌നേഹത്തെപ്രതി. ഈ വലിയ സ്‌നേഹത്തിന് എന്തു പകരം കൊടുക്കും എന്നു ചിന്തിക്കുന്നതുപോലും വിഡ്ഢിത്തമായിരിക്കും. കാരണം നാം എന്തു ചെയ്താലാണ് അവിടുത്തെ മഹത്തായ സ്‌നേഹത്തിന് പകരമാകുന്നത്. എങ്കിലും അണ്ണാൻകുഞ്ഞിനും തന്നാലായത് ചെയ്യാമല്ലോ. അതിനൊരു വഴിയും വചനം ചൂണ്ടിക്കാണിക്കുന്നു: ”സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തു തന്നത്.” (മത്താ. 25:40)

നമുക്ക് ചെയ്യാവുന്നത്

കൽക്കട്ടായിലെ വാഴ്ത്തപ്പെട്ട മദർ തെരേസ പറയുന്നു, ”ഞാൻ ഓരോ മനുഷ്യവ്യക്തിയിലും ഈശോയെ കാണുന്നു. ഞാൻ എന്നോടുതന്നെ പറയുന്നു, ഇത് വിശക്കുന്ന ഈശോയാണ്; ഞാൻ ഇവന് ഭക്ഷണം കൊടുക്കണം. ഇത് രോഗിയായ ഈശോയാണ്. ഇദ്ദേഹത്തിന് കുഷ്ഠമോ പകർച്ചാവ്യാധിയോ ഉണ്ട്; ഞാൻ ഇദ്ദേഹത്തെ കഴുകുകയും പരിചരിക്കുകയും വേണം. ഞാൻ ശുശ്രൂഷ ചെയ്യുന്നു. കാരണം ഞാൻ ഈശോയെ സ്‌നേഹിക്കുന്നു” നാം ഒരാളെ സഹായിക്കുമ്പോൾ അതെത്ര ചെറിയ കാര്യവുമായിക്കൊള്ളട്ടെ അയാളിൽ ഈശോയെക്കണ്ട് അവിടുത്തേക്കുവേണ്ടി ചെയ്യുക. അപ്പോൾ ഈശോയ്ക്കാണല്ലോ നാം ചെയ്തുകൊടുക്കുന്നത്.

ഇത് നമ്മുടെ പ്രവൃത്തികളിൽ, അത് സ്വീകരിക്കുന്ന വ്യക്തിക്ക് അനുഭവവേദ്യമാകുമാറ് ഒരു ചൈതന്യം നിറയ്ക്കും. പിന്നീട് നാം ചതിക്കപ്പെട്ടാലും സഹായം സ്വീകരിച്ച വ്യക്തിയുടെ നന്ദികേടിന് പാത്രമായാലും നമുക്ക് ആശ്വസിക്കാം. ഞാൻ എന്റെ ഈശോയ്ക്കാണ് നല്കിയത്, എനിക്ക് പ്രതിഫലം നല്‌കേണ്ടത് അവിടുന്നാണ്. വചനം പറയുന്നുണ്ടല്ലോ, ”നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ. നിങ്ങൾക്കു പ്രതിഫലമായി കർത്താവിൽനിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിൻ. കർത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങൾ ശുശ്രൂഷിക്കു ന്നത്.”(കൊളോ. 3: 23-24). കർത്താവ് ഒരിക്കലും വാക്ക് മാറുകയില്ല.
എന്നാൽ ഇന്നു തൊട്ട് അങ്ങ് സ്‌നേഹിച്ചുകളയാം സഹായിച്ചുകളയാം എന്നു കരുതിയാലോ. തെറ്റിപ്പോകാ നിടയുണ്ട്. നമ്മുടെ കർത്താവ് തന്നാലല്ലേ നമുക്ക് കൃപകളൊക്കെ ലഭിക്കുകയുള്ളു. അതിനാൽ പരിശുദ്ധാത്മാവിനുവേണ്ടി ആഗ്രഹിക്കാം.

സ്‌നേഹം എന്ന കൃപ തന്ന് നമ്മെ അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കാം. ചോദിക്കുന്നവന് പരിശുദ്ധാത്മാവിനെ നല്കുമെന്ന് വചനം ഉറപ്പിച്ചു പറയുന്നുണ്ടല്ലോ: ”മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുക യില്ല.”(ലൂക്കാ11:13).
ദാഹത്തോടെ സ്വീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമ്മുടെ എളിയ സഹോദരർ വഴി ഈശോക്ക് സമ്മാനങ്ങളേകാൻ നമുക്ക് സാധിക്കും. ഉത്ഥിതനായ ഈശോയ്ക്ക് ഞാനാകുന്ന അണ്ണാൻകുഞ്ഞ് എന്തു സമ്മാനമാണ് നല്‌കേണ്ടതെന്ന് ആലോചിക്കാം. നമ്മൾ ഒരുപാട് സ്വീകരിച്ചു കഴിഞ്ഞു. ഇനി കൊടുക്കുന്നതി നെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക.

ഫ്രിറ്റ്‌സ് ഐഷൻബർഗ് എന്ന കലാകാരൻ മരത്തിൽ കൊത്തിയ ചിത്രമാണ് ക്രൈസ്റ്റ് ഓഫ് ദ ബ്രെഡ്‌ലൈൻസ് (ഇവൃശേെ ീള വേല ആൃലമറഹശില)െ. ഈ ചിത്രത്തിൽനിന്ന് നമുക്ക് വെളിപ്പെടുത്തിക്കിട്ടുന്ന ഒരു സത്യമുണ്ട്. അപരന്റെ ആവശ്യങ്ങൾക്കുമധ്യേ ക്രിസ്തു ഒളിഞ്ഞിരിക്കുന്നു. ഈയൊരു വെളിപാട് നമ്മുടെ സഹായം അർഹിക്കുന്ന ഏവരിലും ക്രിസ്തുവിനെ തിരിച്ചറിയാൻ നമ്മെ സഹായിക്കട്ടെ. നമ്മുടെയിടയിലുള്ള ക്രിസ്തുസാന്നിധ്യത്തിൽ നവ്യമായ ഒരു വിശ്വാസം ലഭിക്കുമെങ്കിൽ ഉത്ഥാനത്തിന്റെ ഓർമ്മ പുതുക്കുന്ന നാളുകൾ കൂടുതൽ അനുഗൃഹീതമായിരിക്കും.

കടപ്പാട്: catholiccharitiesusa.org

2 Comments

  1. Tom Thomas says:

    Practical christianity. This is what God wish from us

  2. grace Mani says:

    inspiring………..

Leave a Reply

Your email address will not be published. Required fields are marked *