ദൈവം ഉള്ളുതുറന്ന് സന്തോഷിച്ച നിമിഷം


ഇദറ്റലിയില്‍നിന്നുള്ള മദര്‍ എവുജീനിയ എലിസബെത്താ വഴി നല്കിയ സന്ദേശങ്ങളിലൂടെ പിതാവായ ദൈവം തന്റെ സ്‌നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ക്ക് 1945-ല്‍ തിരുസഭ അംഗീകാരം നല്കി. പ്രസ്തുതസന്ദേശത്തിലെ ദൈവപിതാവിന്റെ വാക്കുകള്‍ എത്ര ഹൃദയസ്പര്‍ശിയാണെന്നോ? ദൈവപിതാവ് മക്കളോട് സംസാരിക്കുന്നു എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ആ സന്ദേശത്തിന്റെ ഒരു ഭാഗം ഇങ്ങനെ:
ഉടന്‍ മരിക്കും എന്ന് കരുതി കാത്തുകിടന്ന ഒരാളുടെ കഥ പറയാം. ആ ആത്മാവ് എന്നും ഒരു ധൂര്‍ത്തപുത്രനായിരുന്നു. ഞാന്‍ അയാള്‍ക്ക് സമൃദ്ധമായി അനുഗ്രഹങ്ങള്‍ നല്‍കിയതാണ്. പക്ഷേ സ്‌നേഹപിതാവായ ഞാന്‍ കൊടുത്ത അനുഗ്രഹങ്ങളും ദാനങ്ങളും പാഴാക്കുകയായിരുന്നു അയാള്‍. മാത്രവുമല്ല എന്നെ അയാള്‍ കഠിനമായി വേദനിപ്പിക്കാനും തുടങ്ങി. പക്ഷേ ഞാന്‍ കാത്തിരുന്നു. കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്കി. എന്നാല്‍, തിന്മയുടെ മങ്ങിയ വെളിച്ചത്തിലാണ് അയാള്‍ എല്ലാം നോക്കിക്കണ്ടത്. മാരക പാപങ്ങളുടെ, തെറ്റുകളുടെ, ഊടും പാവുംകൊണ്ട് തീര്‍ത്തതായിരുന്നു അയാളുടെ ജീവിതം. എന്നിട്ടും സ്‌നേഹത്തില്‍ ഒരു കുറവും വരാതെ ഞാനയാളെ വിടാതെ പിന്‍തുടര്‍ന്നുകൊണ്ടിരുന്നു.
അങ്ങനെ ഒടുവില്‍, അയാളുടെ അന്ത്യദിനങ്ങളായി. പിതാവായ എന്റെ പക്കലേക്ക് മടക്കിക്കൊണ്ടുവരത്തക്കവിധം അയാളെ വിവേകിയാക്കാന്‍ ഞാനയാള്‍ക്ക് ഒരു രോഗം അയച്ചുകൊടുത്തു. സമയം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. ആ പാവപ്പെട്ട മകന് വയസ് 74 ആയി. അയാളുടെ അവസാന മണിക്കൂര്‍ വന്നു. മുമ്പത്തേതുപോലെ അപ്പോഴുമുണ്ട് ഞാന്‍ അടുത്ത്. പഴയതിലും കാരുണ്യത്തോടെ ഞാനയാളോട് സംസാരിച്ചു. അയാള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാന്‍, എന്റെ തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെട്ടു; ഞാന്‍ കൊടുക്കാനുദ്ദേശിക്കുന്ന പാപപ്പൊറുതി അയാള്‍ അപേക്ഷിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍.
ഒടുവില്‍ അന്ത്യശ്വാസം വലിക്കുന്നതിനുമുമ്പ് അയാള്‍ കണ്ണു തുറന്നു. സുബോധം വീണ്ടുകിട്ടിയപ്പോള്‍, അടുത്ത് നില്‍ക്കുന്നവര്‍ക്കാര്‍ക്കും കേള്‍ക്കാനാവാത്ത ദുര്‍ബലമായ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു: എന്റെ ദൈവമേ…! അങ്ങേക്ക് എന്നോടുള്ള സ്‌നേഹം എത്ര വലുതായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. മോശമായ ജീവിതംവഴി ഞാനങ്ങയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പിതാവും രക്ഷകനുമായ അങ്ങയെക്കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിച്ചിട്ടില്ല. എന്റെ എല്ലാ തെറ്റുകള്‍ക്കും ഞാന്‍ മാപ്പപേക്ഷിക്കുന്നു. എന്റെ പിതാവും രക്ഷകനുമായ അങ്ങയെ ഞാന്‍ സ്‌നേഹിക്കുന്നു.’ തല്‍ക്ഷണം അയാള്‍ മരിച്ചു. ഇപ്പോള്‍, ഇവിടെ, എന്റെ മുമ്പിലുണ്ട്.
ഞാന്‍ ഈ ആത്മാവിനെ പൈതൃകമായ സ്‌നേഹത്തിലാണ് വിധിക്കുന്നത്. എന്റെ പിതാവേ എന്ന് ഇയാള്‍ എന്നെ വിളിച്ചു; രക്ഷിക്കപ്പെടുകയും ചെയ്തു. കുറച്ചുനാള്‍ ശുദ്ധീകരണസ്ഥലത്തില്‍ കിടക്കും. അതുകഴിഞ്ഞ്, അനന്തകാലം സൗഭാഗ്യത്തില്‍. ജീവിതകാലത്ത് അനുതപിച്ചാല്‍ ഇയാളെ രക്ഷിക്കണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. എന്നേക്കും ഇയാളുടെ പിതാവാകണമെന്ന ആഗ്രഹം നിറവേറിയതില്‍, എന്റെ സ്വര്‍ഗീയദൂതരോടൊപ്പം ഇന്ന് ഞാന്‍ ഏറെ സന്തോഷിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *