മേരി, നീ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍, തകര്‍ന്നത് എന്റെ സ്വപ്നങ്ങളും ജീവിതവുമായിരുന്നുവെന്ന് നിനക്കറിയുമോ? തോറയും നിയമവും നാട്ടുനടപ്പും ഞാന്‍ പാലിച്ചുപ്രവര്‍ത്തിച്ചാല്‍, നശിക്കുന്നത്, നഷ്ടമാകുന്നത്, നിന്റെ ജീവിതവും, പിന്നെ ഒരു തെറ്റും ചെയ്യാത്ത ഒരു പിഞ്ചുകുരുന്നിന്റെ ഭാവിയും കൂടിയല്ലേ? നിനക്കറിയുമോ, ഇപ്പോള്‍ എത്ര രാത്രികളായി ഞാന്‍ ശരിക്കൊന്നുറങ്ങിയിട്ടെന്ന്? ഒരു പോള കണ്ണടയ്ക്കുമ്പോള്‍ ഈ ചിന്തകള്‍ പെരുമ്പറ മുഴക്കി പെരുത്തു കയറുന്ന പോലുള്ളത് നിന്റെ ഉള്ളിലുമുണ്ടാവാം!
പക്ഷേ, കഴിഞ്ഞ ആ രാത്രിയിലാണ് ഞാന്‍ നന്നായി ഒന്നുറങ്ങിയതും ഞെട്ടിവിറച്ചെഴുന്നേറ്റതും. ഹോ, മുന്‍പില്‍ പെട്ടെന്നെന്തൊരു പ്രഭാപൂരം! അര്‍ദ്ധരാത്രിയില്‍ ആയിരം സൂര്യന്മാര്‍ ഒരുമിച്ച് ഉദിച്ചുയര്‍ന്ന പോലെ ആയിരുന്നു അത്! അതൊരു ദൈവദൂതന്‍തന്നെ ആയിരുന്നു. ജോസഫ്’ എന്ന് എന്റെ പേരുവിളിച്ചാ പറഞ്ഞേ! മേരീ, നിന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെപ്പറ്റിയാണ് പറഞ്ഞതും. ഇനി ഞാനൊന്നും ആരോടും പറയുന്നില്ല. ഒരു പരാതിയും പരിഭവവും പരിവേദനവും ഇല്ല. വെറുമൊരു സ്വപ്നമായിരുന്നില്ല അത്! എല്ലാം ദൈവനിശ്ചയം! മേരി, നീ എന്നും എന്റെ സ്വന്തമായിരിക്കും. അതേപോലെ, ദൈവം തന്ന നിന്റെ ഈ കുഞ്ഞും! ഇനി, എന്റെ സ്വന്തം!… എന്നും.
**** **** ****
എന്റെ പിതാവായ ദാവീദിന്റെ പട്ടണം ഇത്ര മാറിപ്പോയെന്നറിഞ്ഞില്ല! ഹോ, എന്തൊരു തിരക്ക്! ഈ പുരുഷാരം മുഴുവന്‍ ഇവിടെ വന്നെത്തിയത് ഞങ്ങളെപ്പോലെ ഈ കാനേഷുമാരി കണക്കെടുപ്പിനു തന്നെയോ? മേരി, ദീര്‍ഘമായ ഈ ദുര്‍ഘടയാത്ര നിന്നെ ആകെ തളര്‍ത്തിയിട്ടുണ്ടെന്ന് എനിക്കറിയാം. കഴുതപ്പുറത്ത് ഈ കുന്നും മലയും കയറി, കുടുങ്ങി കുടുങ്ങി നീ ആകെ കുഴഞ്ഞിരിക്കുന്നു! പൂര്‍ണ്ണഗര്‍ഭിണിയായ ഒരു പെണ്ണിന്റെ ഉള്ളിലെ വിങ്ങലും വിഷമവും ഒരു പുരുഷനെങ്ങനെ പിടികിട്ടും?
**** **** ****
നിനക്കൊന്നു കിടക്കാന്‍, നടുവൊന്നു നിവര്‍ത്താന്‍, ഒരിടം തേടി നാമെത്ര നടന്നു? എത്ര സത്രവാതിലുകള്‍ മുട്ടി! ഒരു വീടിന്റെ ചാര്‍ത്തിലെങ്കിലും ചാക്കുവിരിച്ചു കിടക്കാന്‍ നിറവയറുമായെത്തിയ നിന്നെ അനുവദിക്കുമെന്ന് ഞാന്‍ നിനച്ചിരുന്നു. ഇങ്ങനെ ഒട്ടും പരിഗണിക്കാതെ പറഞ്ഞയക്കുമ്പോള്‍ കൈക്കുഞ്ഞുമായി നില്‍ക്കുന്ന കുടുംബിനികള്‍ക്കു പോലുമില്ല കുറ്റബോധം! ഹോ, എന്റെ പിതാവായ ദാവീദിന്റെ പട്ടണം ഇത്ര മാറിപ്പോയതറിഞ്ഞില്ല! മേരി, സാരമില്ല! പരിപാലിക്കുന്നവന്‍ കൂടെയുണ്ടല്ലോ?
മേരി, ഒരു മണിമന്ദിരം പോലെ തോന്നുന്നു എനിക്കീ കാലിത്തൊഴുത്ത്! ഈ മണ്ണില്‍ ഓമനത്വം തുളുമ്പുന്ന ഈ പൈതലിന്റെ പിഞ്ചു പാദങ്ങള്‍ നമിച്ച് സാഷ്ടാംഗം പ്രണമിച്ചു ഞാന്‍ കിടന്നത് ആത്മ നിര്‍വൃതിയോടെയാണ്. ദൈവികശോഭ ആ മുഖത്തില്ലേ? വാത്സല്യം തുളുമ്പുന്ന ആ കുഞ്ഞിക്കണ്ണുകള്‍ തുറന്ന് ഓരോ പ്രാവശ്യവും നോക്കുമ്പോഴും യഹോവയുടെ കരുണാകടാക്ഷം എന്നിലേക്ക് ഇറങ്ങിവരുന്ന പോലെ എനിക്കു തോന്നുന്നു, മേരി! എന്റെ ഉള്ളിലെ ആനന്ദം എന്റെ ഹൃദയത്തിന് താങ്ങാനാവാത്തതുപോലെ! എലിസബത്ത് പറഞ്ഞതു ശരിയാണ്. നീ ഭാഗ്യവതിയാണു മേരി!
**** **** ****
എങ്ങനെയാണല്ലേ ദൈവം ഓരോ കാര്യവും നടത്തിത്തരുന്നത്! അല്ലെങ്കില്‍ നിന്റെ ഉദരത്തില്‍ ഉരുവായ ചോരക്കുഞ്ഞിനെ കൈകളില്‍ താങ്ങുമ്പോള്‍ ഞാന്‍ തളര്‍ന്നുപോകുമായിരുന്നു. എന്റെ നിശ്ശബ്ദതയിലും നിസ്സഹായതയിലും കൂടെയുള്ള ഒരാളുണ്ടല്ലോ? അവനെന്നും സ്‌തോത്രം!
**** **** ****
ഈ പാതിരാവില്‍, ഇടയന്മാരേ, നിങ്ങളെങ്ങനെ ഈ കാലിത്തൊഴുത്തില്‍ വന്നെത്തി? ഈ പിറവി വാര്‍ത്തയെപ്പറ്റി നിങ്ങളോട് ആരെങ്കിലും പറഞ്ഞുവോ? ആ കുഞ്ഞിക്കണ്ണുകളുടെ തിളക്കത്തില്‍ ദൈവകാരുണ്യം നിങ്ങളും കണ്ടുവോ? ആ പുഞ്ചിരിയില്‍ സ്വര്‍ഗത്തിന്റെ ആശ്വാസം നിങ്ങള്‍ അനുഭവിച്ചുവോ? ഈ കുളിരിലും കൂരിരുട്ടിലും തപ്പിത്തടഞ്ഞെത്തിയതിന് കൂലിയായി കുളിര്‍കോരുന്നൊരു വെള്ളിവെളിച്ചം നിങ്ങള്‍ക്കു കിട്ടിയില്ലേ? കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കുന്ന പാവങ്ങളായ നമുക്ക് സ്വര്‍ഗം തരുന്ന സമ്മാനമാണ് ഈ ആശ്വാസവും കുളിരും! യഹോവ, എത്രയോ കരുണാമയന്‍!
**** **** ****
ജ്ഞാനികളേ, കാതങ്ങളേറെ സഞ്ചരിച്ച നിങ്ങളെ ഈ കാലിത്തൊഴുത്തിലേക്ക് നക്ഷത്രം വഴികാട്ടിയെന്നോ? അത് അതിശയമായിരിക്കുന്നു! അല്ലെങ്കില്‍, സഹനവും സാഹസികതയും നിറഞ്ഞ നീണ്ട യാത്ര നിങ്ങള്‍ നടത്തുകയില്ലായിരുന്നു. പുല്‍മെത്തയില്‍ ചാഞ്ഞുറങ്ങുന്ന പൈതലില്‍ നിങ്ങള്‍ അന്വേഷിച്ചിറങ്ങിയ ദൈവത്തെ കണ്ടെത്തിയെന്നോ? നിങ്ങളുടെ യാത്രയുടെ സഫല നിമിഷങ്ങളുടെ നിര്‍വൃതിയിലാണോ നയനങ്ങള്‍ ചിമ്മാതെ നിങ്ങളിങ്ങനെ നോക്കിനില്‍ക്കുന്നത്! വിണ്ണില്‍നിന്നും മണ്ണിലെത്തിയ ദൈവത്തെയാണോ ഈ മണ്ണില്‍ സാഷ്ടാംഗപ്രണാമം ചെയ്തു നിങ്ങള്‍ നമിക്കുന്നത്. എന്തേ ഈ സമ്മാനപ്പൊതികള്‍? പൊന്നും മീറയും കുന്തുരുക്കവുമോ? ഈ കുഞ്ഞിനെപ്പറ്റി കൂടുതലായെന്തെങ്കിലും നിങ്ങള്‍ക്കറിയാമോ? എനിക്കൊന്നും മനസ്സിലാവുന്നില്ല! മഹോന്നതനേ, നിന്റെ വഴികളെത്ര വിസ്മയനീയം!
**** **** ****
മേരീ, ഈ രാവില്‍ത്തന്നെ നമുക്ക് വേഗം ഇവിടെനിന്ന് പുറപ്പെടാം. പക്ഷേ, നിന്റെ ആലസ്യവും ക്ഷീണവും വിട്ടുമാറിയിട്ടില്ലെന്ന് എനിക്കറിയാം. കുഞ്ഞിന്റെ ജീവനെടുക്കാന്‍ ആരൊക്കയോ ഒരുങ്ങുന്നുണ്ട്. ആയിരം സൂര്യന്മാരുടെ തേജസ്സുള്ള ആ ദൂതന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞതാണീ വിവരം. നന്മയുടെ നിറവാര്‍ന്ന സാന്നിദ്ധ്യം എന്നാണ്, എവിടെയാണ്, ആര്‍ക്കാണ് അംഗീകരിക്കാനായിട്ടുള്ളത്! ഇരുളകറ്റുന്ന ഈ കുഞ്ഞിച്ചിരാതിനെ കരിന്തിരി കത്തിക്കാനും കെടുത്തിക്കളയാനും നാലുദിക്കില്‍നിന്നും കൊടുങ്കാറ്റുയരും! ഈ പൈതലിനായുള്ള നമ്മുടെ ത്യാഗം പാഴാവില്ല. ഈ ശിശുവല്ലേ സാഫല്യം? നമുക്ക് ഇറങ്ങാം, മേരി!…. നമുക്ക്, യാത്രയാവാം, ഈ കുഞ്ഞിനുവേണ്ടി!
ബിഷപ് ഡോ. അലക്‌സ് വടക്കുംതല