ഇരുപത്തിയൊന്ന് ദിവസത്തെ ഡാനിയേല്‍ ഫാസ്റ്റിംഗ് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മനസില്‍ കുറിച്ചിട്ട നിയോഗങ്ങളില്‍ പ്രധാനം ദൈവാലയം തുറക്കണമെന്നും എന്നും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കണമെന്നുമായിരുന്നു. പ്രാര്‍ത്ഥിച്ചതുപോലെതന്നെ ഇരുപത്തൊന്നാം ദിവസം വൈകിട്ട് പള്ളിയില്‍നിന്ന് വികാരിയച്ചന്റെ അറിയിപ്പ് ലഭിച്ചു; അടുത്ത ദിവസങ്ങളില്‍ത്തന്നെ ദൈവാലയം തുറക്കുമെന്നും വിശുദ്ധ കുര്‍ബാന ആരംഭിക്കുമെന്നും, ഏറെ നിബന്ധനകളോടെയാണെങ്കിലും…
മനസ് നിറയെ വലിയ ഉത്സാഹവും സന്തോഷവുമായിരുന്നു. ദൈവാലയത്തില്‍ എത്തുന്ന ആ ഒരു നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരുന്നു. എന്നത്തെയും പോലെ കൈകള്‍ കൂപ്പി അള്‍ത്താരയിലെ ആ ക്രൂശിതരൂപത്തിലേക്ക് നിറമിഴികളോടെ നോക്കി നില്‍ക്കാന്‍ വല്ലാത്ത കൊതി തോന്നി.
ഒടുവില്‍ ദൈവാലയത്തിലെത്തിയപ്പോള്‍ പക്ഷേ വല്ലാത്ത ഒരു ഭാരം മനസില്‍ നിറയുന്നതുപോലെ… കൃത്യമായ അകലങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന കസേരകളിലൊന്നും ആരുമില്ല. വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രം. എന്തോ ക്രൂശിതരൂപത്തിലേക്ക് നോക്കാന്‍ ഒരു മടി തോന്നി. ഒരുപക്ഷേ ഈശോയും സങ്കടപ്പെടുന്നുണ്ടായിരിക്കും!
ഈ ദിവസങ്ങളില്‍ മെസേജുകളായും ഫോണിലൂടെയും പലപ്പോഴും കേട്ടത് മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ കുര്‍ബ്ബാന, പ്രാര്‍ത്ഥനകള്‍… അതെല്ലാം പോരേ എന്നതാണ്. ദൈവാലയത്തിലായിരിക്കുന്നതിനെക്കാള്‍ സ്വസ്ഥമായും ഭക്തിയോടെയും പങ്കെടുക്കാനാകുന്നുണ്ടല്ലോ. സമയവും മറ്റ് പല ഘടകങ്ങളും നമ്മുടെ സൗകര്യാനുസൃതം ക്രമീകരിക്കുകയും ചെയ്യാം എന്നൊക്കെയായിരുന്നു അതേപ്പറ്റിയുള്ള കമന്റുകള്‍.
തുടര്‍ന്നുള്ള ദിവസങ്ങളിലും ദൈവാലയത്തില്‍ പോയി. പക്ഷേ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ വല്ലാത്ത സങ്കടം… ഭാരം… രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷമാണ് അള്‍ത്താരയിലെ ആ ക്രൂശിത രൂപത്തിലേക്ക് ശരിക്ക് നോക്കാനായത്.
‘ഈശോയേ… ഒന്നും … ഒന്നും… പറയാനാകുന്നില്ല… എങ്കിലും മനസില്‍ ഒരു ചോദ്യം നിറഞ്ഞു നിന്നു. മിക്കവരും ഇപ്പോള്‍ പറയുന്നതുപോലെ വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം മാധ്യമങ്ങളിലൂടെ മതിയോ? ഈശോ എല്ലായിടത്തും ഉണ്ടല്ലോ!’
പെട്ടെന്നൊരു സ്വരം ഹൃദയത്തില്‍ ഇങ്ങനെ ചോദിക്കുന്നതു പോലെ തോന്നി. നിന്റെ പ്രിയപ്പെട്ടവരെ എന്നും വീഡിയോ കോള്‍ വഴിമാത്രം കണ്ടാല്‍ മതിയാവുമോ?
കണ്ണെടുക്കാതെ ഈശോയിലേക്ക് തന്നെ നോക്കി നിന്നു… ആ വാക്കുകള്‍ മനസില്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരുന്നു…
അതെ ശരിയാണ്… എനിക്കേറെ പ്രിയപെട്ട ആളെ ഫോണിലൂടെയും വീഡിയോ കോളിലൂടെയും കാണുന്നതുപോലെയേ തോന്നുകയുള്ളൂ വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ വിശുദ്ധ കുര്‍ബ്ബാന കാണുമ്പോള്‍… പക്ഷേ ദൈവാലയത്തിലെത്തി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുമ്പോള്‍, വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുമ്പോള്‍, ഈശോയെ നേരിട്ട് കണ്ട്, തൊട്ട്, കെട്ടിപ്പിടിച്ച്, ഉമ്മ വച്ച് ഈശോയുടെ കരവലയത്തിലായിരിക്കുന്നതിന്റെ, മാറോട് ചേര്‍ന്നിരിക്കുന്നതിന്റെ സ്‌നേഹം ഹൃദയം നിറയെ അനുഭവിക്കാനാകും. അതൊരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ കുര്‍ബാന, വീഡിയോ കോളിന്റെ ആശ്വാസം മാത്രമേ നല്‍കൂ.
നമ്മുടെ മക്കളെയും പ്രിയപെട്ടവരെയും എന്നും വീഡിയോ കോളിലൂടെ കണ്ടാല്‍ മതിയോ???
അതെ… ഈശോയും വളരെ വളരെ സ്‌നേഹത്തോടെ ദൈവാലയങ്ങളിലെ അള്‍ത്താരകളില്‍ കാത്തിരിക്കുന്നു… തന്റെ പ്രിയരെയെല്ലാം നേരിട്ട് കാണാനായ്… മാറോട് ചേര്‍ക്കാനായ്…
മംഗള ഫ്രാന്‍സിസ്