ശാന്തമായ ഉറക്കത്തിന്റെ രഹസ്യങ്ങള്‍

 

ശാന്തമായി കിടന്നുറങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ പലപ്പോഴും പലര്‍ക്കും അത് സാധിക്കുന്നില്ല. ജീവിതത്തിലെ നാനാക്ലേശങ്ങള്‍ മനസിനെ ഞെരുക്കുന്നതുമൂലം ഉത്കണ്ഠയോ ഭയമോ മറ്റ് അസ്വസ്ഥതകളോ നിമിത്തം ഭാരപ്പെട്ട മനസുമായാണ് പലരും കിടക്കാനണയുന്നത്. എന്നാല്‍ പഞ്ഞിപോലെ ഭാരരഹിതമായ മനസോടെയാണ് താന്‍ കിടക്കാന്‍ പോകുന്നത് എന്ന് അവകാശപ്പെട്ട ഒരു വ്യക്തിയുണ്ട്. അത് സങ്കീര്‍ത്തകനായ ദാവീദാണ്. ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നും ദാവീദ് രാജാവായിരുന്നല്ലോ. രാജകൊട്ടാരത്തിന്റെ സുഖശീതളിമയില്‍ അങ്ങനെ ഉറങ്ങുന്നത് തെല്ലും ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ദാവീദ് ഈ അവകാശവാദം ഉന്നയിക്കുന്നത് തികച്ചും പ്രതികൂലാമായ ഒരു സാഹചര്യത്തിലാണ്. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, എഴുന്നേല്‍ക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 3:5). ഒരു രാജാവ് എന്ന നിലയിലും ഒരു പിതാവ് എന്ന നിലയിലും ഏറ്റവും ദുഃഖപൂര്‍ണമായ രാത്രികളിലൂടെ കടന്നുപോകുമ്പോഴാണ് ദാവീദ് മൂന്നാം സങ്കീര്‍ത്തനം ആലപിച്ചത്. ആസൂത്രിതവും തന്ത്രപരവുമായ നീക്കത്തിലൂടെ സ്വന്തം മകന്‍ അബ്‌സലോം ദാവീദ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി. രാജത്വം നഷ്ടപ്പെട്ടതിനെക്കാള്‍ മകന്റെ ചതിയായിരിക്കാം പിതാവിനെ കൂടുതല്‍ വേദനിപ്പിച്ചത്. കൊട്ടാരത്തില്‍നിന്ന് വെറുംകൈയോടെ പലായനം ചെയ്യുന്ന ദാവീദിന്റെ ചിത്രം ഇങ്ങനെയാണ് വിശുദ്ധ ഗ്രന്ഥം വരച്ചിട്ടുള്ളത്: ”ദാവീദ് നഗ്നപാദനായി തലമൂടി കരഞ്ഞുകൊണ്ട്, ഒലിവുമലയുടെ കയറ്റം കയറി” (2 സാമുവല്‍ 15:30). ഇപ്പോള്‍ ഒരു കാര്യം വ്യക്തം, കൊട്ടാരത്തിലെ പട്ടുമെത്തയില്‍ കിടക്കുമ്പോഴല്ല, വനത്തിലെ ഭീകരതയില്‍ ഒരുപക്ഷേ കല്ല് തലയിണയായി വച്ച് കിടക്കുന്ന അവസരത്തിലാണ് ദാവീദ് ഇങ്ങനെ എഴുതിയത്: ”ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, എഴുന്നേല്‍ക്കുന്നു.”
ഇത്ര പ്രതികൂലമായ സാഹചര്യത്തിലും എങ്ങനെ ദാവീദിന് തന്റെ മനസിനെ ശാന്തമായി സൂക്ഷിക്കാന്‍ സാധിച്ചു? എന്താണ് ഈ അനുപമമായ ശാന്തതയുടെ രഹസ്യം? ദാവീദ്തന്നെ ഈ ശാന്തതയുടെ രഹസ്യം അനാവരണം ചെയ്യുന്നുണ്ട്. ”എന്തെന്നാല്‍ ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ് (സങ്കീര്‍ത്തനങ്ങള്‍ 3/5). ഈ ഇമേജ് ഒന്ന് നമുക്ക് ശ്രദ്ധിക്കാം. സാധാരണയായി കരങ്ങളില്‍ വിശ്രമിക്കുന്നത് ആരാണ്? ഒരു ശിശുവല്ലേ? ഈ കൊടിയ കൊടുങ്കാറ്റിന് നടുവിലും ദാവീദിന്റെ മനസ് പ്രശാന്തമായിരുന്നത് അദ്ദേഹം ഒരു ശിശുവിനെപ്പോലെ ദൈവപിതാവിന്റെ കരങ്ങളില്‍ വിശ്രമിക്കുന്നതുകൊണ്ടായിരുന്നു. എന്നുപറഞ്ഞാല്‍ കൊട്ടാരം നഷ്ടപ്പെട്ടപ്പോഴും ദാവീദിന് കൈമോശം വരാത്ത ഒന്നുണ്ടായിരുന്നു, നിരന്തരമായ ദൈവസാന്നിധ്യം. ആ പ്രകാശം അദ്ദേഹത്തെ വലയം ചെയ്തിരുന്നു. എന്റെ പിതാവ് അറിയാതെ എന്റെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല എന്നും ഈ ഇരുട്ടിലും എന്റെ പിതാവ് എന്റെകൂടെ ഉണ്ട് എന്നുമുള്ള ബോധ്യമാണ് അദ്ദേഹത്തിന്റെ ഭയത്തിനടിമയായി പോകാമായിരുന്ന മനസിനെ ശാന്തതയില്‍ പിടിച്ചുനിര്‍ത്തിയത്. നാമൊക്കെ ആര്‍ജിച്ചെടുക്കേണ്ട ഒരു നിരന്തരബോധ്യമാണത്. അതിനാല്‍ത്തന്നെ ഇത് ഒട്ടും നിസാരമല്ലതാനും. കാരണം എല്ലാവരുടെയും ജീവിതത്തില്‍ എപ്പോഴും വേലിയേറ്റങ്ങള്‍പോലെതന്നെ വേലിയിറക്കങ്ങളും ഉണ്ടാവുമല്ലോ.
അടുത്ത സങ്കീര്‍ത്തനത്തില്‍ ദാവീദ് ഇക്കാര്യം കൂടുതല്‍ വിശദമാക്കുന്നുണ്ട്. ഇപ്പോള്‍മാത്രമല്ല ഭാവിയിലും ഞാന്‍ ഇങ്ങനെതന്നെ ചെയ്യുമെന്ന് തെല്ലൊരു ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം പറയുന്നത്. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും” (സങ്കീര്‍ത്തനങ്ങള്‍ 4/8)- നേരത്തേ കിടന്നുറങ്ങുന്നു എന്ന വര്‍ത്തമാനകാലപ്രയോഗമായിരുന്നെങ്കില്‍ ഇപ്പോള്‍ ‘കിടന്നുറങ്ങും’ എന്ന ഭാവികാലപ്രയോഗമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്താണ് അദ്ദേഹം ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഇത് അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമാണ്. അല്ലാതെ ചില പ്രത്യേക അവസരങ്ങളില്‍ അദ്ദേഹം ചെയ്യുന്ന കാര്യമല്ല. ഇതിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കുന്നു: ”എന്തെന്നാല്‍, കര്‍ത്താവേ അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്”(സങ്കീര്‍ത്തനങ്ങള്‍ 4/8). കൊട്ടാരത്തിലെ സുരക്ഷിതമായ അന്തരീക്ഷത്തിലും വനത്തിലെ അരക്ഷിതമായ, ഭയാനകമായ അവസ്ഥയിലും അദ്ദേഹത്തിന്റെ മനസിന് മാറ്റമില്ല, അത് പ്രശാന്തമാണ്. കാരണം നാം പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യം കെടാതെ അദ്ദേഹത്തിന്റെ മനസില്‍ സൂക്ഷിച്ചിരുന്നു: കര്‍ത്താവാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്.
ഇപ്പോള്‍ നമ്മുടെ മനസില്‍ ഒരു സംശയം ഉയരുവാന്‍ ഇടയുണ്ട്. കര്‍ത്താവ് വിവേചനം കാണിക്കുമോ? എന്തുകൊണ്ട് ചിലര്‍ക്കുമാത്രം ഇത് അനുഭവിക്കാന്‍ സാധിക്കുന്നു, ചിലര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ല. ഉത്തരം ഇതാണ്: ദൈവം എല്ലാവര്‍ക്കും പിതാവാണ്, എല്ലാവര്‍ക്കും അവിടുന്ന് സുരക്ഷിതത്വം നല്കുന്നു. പക്ഷേ അത് സ്വീകരിക്കുവാന്‍ നമ്മുടെ മനസ് ഒരുങ്ങിയാല്‍മാത്രമേ ഈ അലൗകികമായ സുരക്ഷിതത്വം ഒരുവന് അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ.
ഈ ഒരുക്കത്തിന്റെ ഭാഗമായി നാം ചെയ്യേണ്ട ആദ്യത്തെ കാര്യം എല്ലാത്തിനെക്കാളുമുപരി ദൈവത്തിനുവേണ്ടിയുള്ള ഒരു ദാഹം, തീവ്രമായ അഭിലാഷം, മനസില്‍ സൂക്ഷിക്കുക എന്നതാണ്. ‘ദൈവം, ദൈവത്തിന്റെ ഹിതം’ ഒന്നാമത്. ഇതാണ് ദൈവത്തിന് പ്രയോറിറ്റി, മുന്‍ഗണന കൊടുക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്ഷണികങ്ങളായ ലൗകികബന്ധങ്ങളെക്കാള്‍. സുഖങ്ങളെക്കാള്‍, ദൈവത്തിനുവേണ്ടിയുള്ള ഒരു അഭിനിവേശം ഉണ്ടായിരിക്കുക എന്നതാണ്. വളരെ ലളിതമായ ഭാഷയില്‍ ദാവീദ്തന്നെ ഇത് വിശദീകരിക്കുന്നു: ”ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായിരുന്നതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 4/7). ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുന്ന ഒരു വ്യക്തിക്ക് അവിടുന്ന് നല്കുന്ന ഏറ്റവും വിശിഷ്ടമായ ദാനമാണ് ആനന്ദം. ലോകത്തിന് നല്കുവാനോ, ലോകത്തിന് എടുത്തുമാറ്റുവാനോ സാധിക്കാത്ത ഒരു കൃപയാണിത്. യേശു പറഞ്ഞതോര്‍ക്കുക: ”എന്നാല്‍ ഞാന്‍ നിങ്ങളെ വീണ്ടും കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല” (യോഹന്നാന്‍ 16/22). അതിനാല്‍ യേശുവിനുമാത്രം നല്കാന്‍ സാധിക്കുന്ന ഈ ആനന്ദത്തിനുവേണ്ടി എപ്പോഴും അവിടുന്ന് നമ്മെ കാണുന്നുണ്ട് എന്ന അറിവ് സൂക്ഷിക്കാനുള്ള കൃപയ്ക്കായി ദാഹിച്ച് പ്രാര്‍ത്ഥിക്കുക. ഈ ആനന്ദം സ്വന്തമാക്കേണ്ട ഒരു വ്യക്തി ദൈവപൈതലായി രൂപാന്തരപ്പെടും, അദ്ദേഹത്തിന് തീച്ചൂളയിലും പ്രശാന്തമാകുവാന്‍ സാധിക്കും.
രണ്ടാമത്തെ ഒരു കാര്യം നമ്മുടെ ഹൃദയത്തിന്റെ ശാന്തത നിലനിര്‍ത്തുവാന്‍ നാം ബോധപൂര്‍വം ശ്രദ്ധിക്കണം എന്നതാണ്. നമ്മുടെ മനസിന്റെ ശാന്തത കെടുത്തിക്കളയുന്ന ഒന്നാണ് വെറുപ്പ്. മറ്റുള്ളവരോടുള്ള വെറുപ്പ് ഹൃദയത്തില്‍ കടന്നുകൂടുമ്പോള്‍ത്തന്നെ ഹൃദയം അസ്വസ്ഥമാകാന്‍ തുടങ്ങും. ആനന്ദം അപ്രത്യക്ഷമാകും. നിരന്തരം ക്ഷമിക്കുന്ന, ക്ഷമ കൊടുക്കുന്ന ഒരു മനോഭാവം വളരെ പ്രധാനപ്പെട്ടതാണ്. ദാവീദിന് അത് കൈവരിക്കാന്‍ സാധിച്ചു എന്നതാണ് അദ്ദേഹത്തെ അനന്യനാക്കുന്നത്. തന്റെ ജീവിതത്തെ ഇത്രമാത്രം ദുരിതപൂര്‍ണമാക്കിയ മകന്‍ അബ്‌സലോം ദാരുണമായി കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍ ദാവീദിന്റെ പ്രതികരണം അന്യാദൃശമായിരുന്നു. കളങ്കമില്ലാത്ത ഹൃദയത്തിന്റെ ഉടമയായ ദാവീദ് അവനെയോര്‍ത്ത് ഇപ്രകാരം പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയാണ്: ”എന്റെ മകനേ, അബ്‌സലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്‌സലോമേ, നിനക്കുപകരം ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ മകനേ, അബ്‌സലോമേ, എന്റെ മകനേ!” (2 സാമുവല്‍ 18/33). എത്ര പ്രാവശ്യമാണ് ‘എന്റെ മകനേ’ എന്ന് അതീവവേദനയോടെ വിളിക്കുന്നത്! ദാവീദിനല്ലാതെ വേറെ ഏത് പിതാക്കന്‍മാര്‍ക്ക് ഇങ്ങനെ നിലവിളിക്കാന്‍ കഴിയും? ഭൗമികപിതാക്കന്‍മാര്‍ ഇങ്ങനെ ചിന്തിക്കുമായിരുന്നു: അപ്പനെതിരെ തിരിഞ്ഞതിന് ദൈവം കണക്കിന് കൊടുത്തു. എന്നാല്‍ ദാവീദ് നിരുപാധികം മക്കളുടെ തെറ്റുകള്‍ ക്ഷമിക്കുന്ന പിതാവായ ദൈവത്തിന്റെ ഹൃദയത്തില്‍ ഇടം കണ്ടെത്തിയവനായിരുന്നു. വെറുതെയല്ല ജസ്സെയുടെ മകന്‍ ദാവീദില്‍ എന്റെ ഹൃദയത്തിനിണങ്ങിയ വ്യക്തിയെ ഞാന്‍ കണ്ടു എന്ന് ദൈവം അഭിമാനിക്കുന്നത്. അങ്ങനെയുള്ള ഹൃദയത്തിന്റെ ഉടമ കൊടുംവനത്തിന്റെ ഏകാന്തതയിലും ശാന്തമായി കിടന്നുറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അത് ദാവീദിനുമാത്രമല്ല നമുക്കും സാധിക്കും. അതിനുള്ള കൃപയ്ക്കായി ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം:
സ്‌നേഹപിതാവേ, ഞാന്‍ അങ്ങയുടെ കരങ്ങളിലാണ് എന്ന നിരന്തരബോധ്യത്താല്‍ എന്റെ ഹൃദയത്തെ നിറയ്‌ക്കേണമേ. എല്ലാത്തിനുമുപരി അങ്ങയെ തീവ്രമായി ആഗ്രഹിക്കുവാനും തേടുവാനും എന്നെ അനുഗ്രഹിച്ചാലും. നിരുപാധികം ക്ഷമിക്കുന്ന ഒരു ഹൃദയം എനിക്ക് നല്കണമേ. ഒരു ശിശുവായി എന്നും അങ്ങയുടെ മുന്നില്‍ വ്യാപരിക്കുവാന്‍ എന്നെ അനുവദിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, നിഷ്‌കളങ്കമായ വിശ്വാസത്താല്‍ ഞാന്‍ അനുഗ്രഹിക്കപ്പെടുവാന്‍ പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.


കെ.ജെ. മാത്യു

Leave a Reply

Your email address will not be published. Required fields are marked *