ബര്‍ത്ത്‌ഡേ ഗിഫ്റ്റുകൊണ്ട് ഈശോ ഒപ്പിച്ച കുസൃതി

 

വിദ്യാഭ്യാസ ലോണിലാണ് ഞാന്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം തികയുമ്പോള്‍ ലോണ്‍ തവണകളായി അടച്ചു തുടങ്ങണം. ആദ്യമായി ലഭിച്ച ശമ്പളം മൂവായിരം രൂപ ആണ്. അതില്‍നിന്ന് ചെറിയൊരു തുക ഈശോക്ക് കൊടുത്തു എന്നാണ് ഓര്‍മ. ലോണ്‍ അടയ്ക്കാനുള്ള ശമ്പളം ലഭിച്ചിരുന്നില്ല. പത്ത് വര്‍ഷമാണ് കടന്നു പോയത്. ബാങ്കില്‍നിന്ന് നിരന്തരം കത്തുകള്‍ തേടിവന്നു കൊണ്ടിരുന്നു. ഇതിനിടക്ക് അല്പം തുക നാലഞ്ചു തവണ അടച്ചതൊഴികെ ഒന്നുംതന്നെ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കേ മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂപോലെ ഈശോ പ്രവാസഭൂമിയിലേക്ക് പറിച്ചു നട്ടു.
ആ വര്‍ഷം ക്രിസ്മസിനോട് അടുത്താണ് ആദ്യമായി ശമ്പളം കിട്ടുന്നത്. എന്റെ ചങ്കിന്റെ ബര്‍ത്ത്‌ഡേ അല്ലേ ഡിസംബര്‍ 25. ബര്‍ത്ത്‌ഡേ ഗിഫ്റ്റ് കൊടുക്കണ്ടേ. ഡിസംബര്‍ 24-നുതന്നെ കൊടുത്തു, ആദ്യശമ്പളം.
ദൈവത്തിന് കൊടുത്തതിന് കണക്ക് പറയാന്‍ പാടില്ല. എങ്കിലും ഇതിവിടെ പറയുന്നത് ഈശോയുടെ നിഷ്‌കളങ്കസ്‌നേഹം ഇത് വായിക്കുന്നവര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. നമ്മുടെ സ്വകാര്യം ഇവിടെ പരസ്യപ്പെടുത്തിയതിന് ഈശോയേ, സോറി…
ഈശോയുടെ ഇഷ്ടംപോലെ ബര്‍ത്ത്‌ഡേ അടിച്ചു പൊളിക്കാന്‍ ഒരു ലക്ഷം രൂപയാണ് കൊടുത്തത്. ഒരു ധ്യാനകേന്ദ്രത്തിലേക്കുള്ള സംഭാവനയായിട്ടായിരുന്നു ആ ഗിഫ്റ്റ് കൈമാറ്റം. ഇനിയാണ് കഥയുടെ ട്വിസ്റ്റ്.
അല്ലെങ്കിലും ഈ ഈശോ ഇങ്ങനെയാ… അല്പം സ്‌നേഹം ആരില്‍നിന്നെങ്കിലും കിട്ടിയാലുണ്ടല്ലോ, ആരെങ്കിലും ഒന്ന് പരിഗണിച്ചാലുണ്ടല്ലോ, പിന്നെ അവരുടെ ചുറ്റും ഭ്രാന്ത് പിടിച്ചതുപോലെ ഓടി നടക്കും. അത്രയ്ക്ക് സ്‌നേഹമാണ് എന്റെ ഈശോ. അല്പം സ്‌നേഹത്തിനും പരിഗണനക്കും സാമീപ്യത്തിനും വേണ്ടി നിസ്സാരരായ മനുഷ്യരുടെ ചുറ്റും ഓടി അലയുന്ന ഈശോ…
ജനുവരിമാസം വന്നു. പുതുവര്‍ഷത്തിന്റെ ആരംഭം.
”ഈശോയേ നമുക്ക് ലോണ്‍ അടയ്ക്കണ്ടേ? പത്ത് വര്‍ഷം കഴിഞ്ഞു. പലിശയും കൂട്ടുപലിശയും കൂടി എന്തോരം അടക്കേണ്ടി വരും? നീ വിഷമിക്കണ്ട കേട്ടോ, ഈശോയേ… എനിക്ക് സങ്കടം ഒന്നും ഇല്ല….”
ഈശോ കാണാതെ കണ്ണുനീര്‍ തുള്ളികള്‍ കവിളിലൂടെ ഒഴുകി. പക്ഷേ ഒഴുകി വീണത് ഈശോയുടെ നെഞ്ചിലാണെന്നു മാത്രം. ചെറിയൊരു മയക്കത്തിലായിരുന്നെന്നു തോന്നുന്നു ഈശോ ….നെഞ്ചില്‍ ചൂടുവെള്ളം ഒഴിച്ച് ആരാണ് എന്നെ എഴുന്നേല്‍പ്പിച്ചത് എന്നൊരു പരിഭവത്തില്‍ ഈശോ സ്വര്‍ഗത്തില്‍നിന്ന് കണ്ണ് തുറന്നു നോക്കി.
”എന്റെ വാശിക്കുടുക്ക ആണോ?”
ഉറക്കം പോയതിന്റെ പരിഭവം എന്നെ കണ്ടപ്പോള്‍ കാണിക്കാന്‍ കഴിഞ്ഞില്ല. ഈശോക്ക് കാര്യം മനസ്സിലായി. അതുകൊണ്ട് ഇനി പേടിക്കാനില്ല.
ഞാന്‍ അമ്മയെ ഫോണില്‍ വിളിച്ചു, ”നാളെത്തന്നെ ബാങ്കില്‍ പോയി കുടിശ്ശികക്കണക്ക് എടുക്കണം. എന്നിട്ട് ശമ്പളം കിട്ടുമ്പോള്‍ പണം അയക്കാം.”
അമ്മ രാവിലെതന്നെ ചെന്നു. കുറെ കാലമായി ബാങ്കുകാര്‍ ഞങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ കത്തുകള്‍ അയച്ചതെന്ന് തോന്നുന്നു. കുടിശിക കണക്ക് പരിശോധിച്ച ജീവനക്കാരന്‍ പറഞ്ഞു …
”ഒരു ലക്ഷം രൂപ ഇപ്പോള്‍ ക്രെഡിറ്റ് ആയതായിട്ടാണ് കാണിക്കുന്നത്!”
അമ്മ അത്ഭുതപ്പെട്ടു. കാശിന്റെ കാര്യത്തില്‍ എന്റെ അമ്മ വളരെ സത്യസന്ധയാണ്; തുറന്നു പറഞ്ഞു, ”ഞങ്ങള്‍ പണം അടച്ചിട്ടില്ല. മറ്റാരുടെയെങ്കിലും തുക തെറ്റി ക്രെഡിറ്റ് ആയതാവും.”
മാനേജരുമായി സംസാരിച്ചു. ഒരു ആഴ്ചക്കുശേഷം വീണ്ടും വരാന്‍ ആവശ്യപ്പെട്ടു.
പറഞ്ഞ ദിവസം അമ്മ വീണ്ടും ബാങ്കില്‍ പോയി. മാനേജരുടെ വാക്കുകള്‍ ഇങ്ങനെ, ”ഞങ്ങള്‍ വിശദമായി പരിശോധിച്ചു. ആരുടെയും പണം തെറ്റി വന്നിട്ടുള്ളതായി കണ്ടെത്തിയിട്ടില്ല. ഐ.ടി. ജീവനക്കാരുമായും പരിശോധിച്ചു. ആന്‍ മരിയയുടെ പേരില്‍ത്തന്നെയാണ് ഒരു ലക്ഷം ഇവിടെ ക്രെഡിറ്റ് ആയിരിക്കുന്നത്. മറ്റ് തടസ്സങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ലോണ്‍ അടയ്ക്കാനുള്ള എമൗണ്ടില്‍നിന്ന് ഒരു ലക്ഷം കുറച്ച് അടച്ചാല്‍ മതി!”
പിന്നീട് ലോണ്‍ അധികം വൈകാതെ തിരിച്ചടച്ചു. പക്ഷേ ഇന്നും ബാങ്കിന് ആ ഒരു ലക്ഷത്തിന്റെ മണി ട്രാന്‍സ്ഫര്‍ അജ്ഞാതമാണ്. അത് സ്വര്‍ഗത്തില്‍നിന്നായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
‘ഈശോയേ, നിന്നെ എങ്ങനെയാ സ്‌നേഹിക്കാതിരിക്കാ?’
പൈസ തന്നതുകൊണ്ടല്ല, ഒരു പാട്ടിന്റെ ഈരടികള്‍ ഓര്‍ത്തുപോവുന്നു…
‘അങ്ങേപ്പോലെ സ്‌നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ
സ്‌നേഹമേ ജീവനേ അങ്ങേ മാറില്‍ ചാരുന്നു ഞാന്‍’


ആന്‍ മരിയ ക്രിസ്റ്റീന

 

 

Leave a Reply

Your email address will not be published. Required fields are marked *