കണ്ണുനീര്‍ക്കാലം വിസ്മയമായപ്പോള്‍…

 

ഈ ലോകത്തില്‍ പിറന്നുവീണ ഓരോ മനുഷ്യനും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ദൈവത്തോടും തന്നോടുതന്നെയും ചുറ്റുപാടുകളോടും ചോദിക്കുന്ന ചോദ്യമാണ്, ‘എന്തുകൊണ്ട്?’ എന്നത്. എന്തുകൊണ്ട് തകര്‍ച്ചകള്‍? രോഗങ്ങള്‍? ദുരിതങ്ങള്‍? എന്തുകൊണ്ട് ഞാന്‍ ഇങ്ങനെയായി? ലോകത്തില്‍ നടക്കുന്ന ഭീകര ദുരിതങ്ങളുടെയും മഹാമാരികളുടെയും അര്‍ത്ഥമെന്ത്? മാറിമാറി വരുന്ന സഹനങ്ങളുടെയും കനല്‍വഴികളുടെയും അര്‍ത്ഥം പൂര്‍ണമായി ഗ്രഹിക്കാന്‍ മനുഷ്യബുദ്ധിക്ക് സാധ്യമല്ല. എന്നാല്‍ ഒരു വിശ്വാസിക്ക് സഹനത്തിന്റെ രക്ഷാകരാര്‍ത്ഥങ്ങള്‍ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുകതന്നെ ചെയ്യും.
വിശ്വാസജീവിതത്തിന്റെ അടിസ്ഥാന ചിന്തകളില്‍ ഒന്നാമത്തേത് ദൈവം എന്റെ സ്‌നേഹപിതാവാണ് എന്ന യാഥാര്‍ത്ഥ്യമാണ്. ഞാന്‍ അവിടുത്തെ മകനും മകളുമാണ്. രണ്ടാമതായി, ദൈവം അറിയാതെ എന്റെ ജീവിതത്തില്‍ യാതൊന്നും സംഭവിക്കുകയില്ല എന്ന വസ്തുതയാണ്. അങ്ങനെയെങ്കില്‍, ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്ക് അറിയാമല്ലോ” (റോമാ 8:28). ഈ അറിവ് നമ്മില്‍ ആഴപ്പെടുന്നത് അനുസരിച്ച് നാം സഹനങ്ങള്‍ ഏറ്റെടുക്കുന്നവരും ചോദ്യം ചെയ്യാതെ ദൈവതൃക്കരങ്ങളില്‍നിന്ന് എല്ലാം സ്വീകരിക്കുന്നവരുമായി മാറിക്കൊണ്ടേയിരിക്കും. കര്‍ത്താവിന്റെ വചനം ശ്രവിക്കുക: ”ഇതെന്ത്? എന്തുകൊണ്ട്? എന്നിങ്ങനെ ആര്‍ക്കും ചോദിക്കാന്‍ സാധിക്കുകയില്ല, യഥാകാലം എല്ലാം വെളിവാകും” (പ്രഭാഷകന്‍ 39:17).
എന്റെ വ്യക്തിപരമായ ജീവിതത്തിലും ഇത് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 1992-ല്‍ ധ്യാനാനുഭവത്തിലേക്ക് പ്രവേശിക്കുന്നതുവരെ ആത്മീയമായി യാതൊരറിവും എനിക്കില്ലായിരുന്നു. ബൈബിള്‍ അന്നുവരെ ബോധപൂര്‍വം വായിച്ചിട്ടില്ലാത്ത അവസ്ഥ. എന്നാല്‍ യേശുവിന്റെ സ്‌നേഹം അനുഭവിച്ചപ്പോള്‍ ഒരു സുവിശേഷകനാകണം എന്ന ചിന്ത എന്നില്‍ നിറഞ്ഞു. എന്നാല്‍ ഒരു പ്രാര്‍ത്ഥനപോലും നയിക്കാന്‍ അറിയാത്ത ഞാന്‍ എങ്ങനെ കര്‍ത്താവിനെ ശുശ്രൂഷിക്കും?
ആ നാളുകളിലാണ് എന്റെ അമ്മ രോഗിയായത്. ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് അഞ്ചുവര്‍ഷക്കാലം കിടപ്പുരോഗിയായി അമ്മ ജീവിച്ചു. ആ നാളുകളില്‍ അമ്മയെ ശുശ്രൂഷിക്കുവാനുള്ള കടമ നിറവേറ്റാന്‍ ദൈവം എന്നെ അനുവദിച്ചു. എന്റെ സഹപാഠികളെല്ലാം ഉന്നത പഠനത്തിലേക്കും ജോലിയിലേക്കും പ്രവേശിച്ചപ്പോള്‍ എന്റെ ഭാവി ഇരുളടഞ്ഞതായി എനിക്കു തോന്നി. എന്നാല്‍ അമ്മയെയും ഈ രോഗാവസ്ഥയെയും ദൈവകരങ്ങളില്‍നിന്ന് സ്വീകരിച്ച് പ്രാര്‍ത്ഥിക്കാനാരംഭിച്ചപ്പോള്‍ ദൈവത്തിന്റെ വിസ്മയാവഹമായ ശുശ്രൂഷാ പരിശീലനത്തിന്റെ കാലഘട്ടമായി അതു മാറി.
മറ്റൊന്നും ചെയ്യാനില്ലാത്ത ആ കാലഘട്ടത്തിലാണ് ബൈബിള്‍ മുഴുവന്‍ വായിക്കാനും പഠിക്കാനും നോട്ടുകള്‍ തയാറാക്കാനും എനിക്ക് അവസരം ലഭിച്ചത്. നിശബ്ദമായ രാവുകളില്‍ ദൈവസന്നിധിയില്‍ സമയം ചെലവഴിച്ചപ്പോള്‍ അവിടുത്തെ സ്വരം ശ്രവിക്കാനുള്ള ഭാഗ്യവും വരദാനങ്ങളിലുള്ള വളര്‍ച്ചയും നല്കി ദൈവം അനുഗ്രഹിച്ചു. വിലകെട്ടതായിരുന്ന എന്റെ ജീവിതം, എന്റെ കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും അല്പമെങ്കിലും വിലയുള്ളതായി തീര്‍ത്തത് ആ അഞ്ചുവര്‍ഷങ്ങളിലെ കൊച്ചുകൊച്ചു സഹനങ്ങള്‍ തന്നെയാണ്. ദൈവത്തിന് സ്തുതി.
ഏതൊരു സഹനവേളയിലും രണ്ടു സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. പഴയനിയമ ഗ്രന്ഥമായ ജോബിന്റെ പുസ്തകത്തില്‍ മക്കളും വരുമാന മാര്‍ഗങ്ങളും സ്വന്തം ശരീരത്തിന്റെ ആരോഗ്യവും നഷ്ടപ്പെട്ട ജോബിനെയും ഭാര്യയെയും നാം കണ്ടുമുട്ടുന്നു. രണ്ടു രീതിയിലാണ് ഈ നഷ്ടങ്ങളില്‍ അവര്‍ പ്രതികരിക്കുന്നത്. ”അപ്പോള്‍ അവന്റെ ഭാര്യ പറഞ്ഞു: ഇനിയും ദൈവഭക്തിയില്‍ ഉറച്ചു നില്ക്കുന്നുവോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക” (ജോബ് 2:9). ദൈവത്തെ ശപിക്കാന്‍ പ്രേരണ നല്കുന്നതാരാണ്? അത് ശത്രുവായ പിശാചല്ലാതെ മറ്റാരുമല്ല. ജീവിതത്തിന്റെ കഠിനമായ ദുരന്തമുഖത്ത് തിന്മ വലിയ രീതിയില്‍ മനുഷ്യനെ അവന്റെ പാളയത്തില്‍ ചേര്‍ക്കാന്‍ പരിശ്രമിക്കുന്നു. വിശ്വാസം ഉപേക്ഷിക്കുക, ശുശ്രൂഷ നിര്‍ത്തുക, നീ ഇത്രയും നന്നായി ജീവിച്ചിട്ട് നിനക്ക് ഈ ഗതി വന്നല്ലോ, പാപം ഉപേക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നിങ്ങനെയുള്ള ചിന്തകളില്‍ നിറഞ്ഞ് സ്വയം നശിക്കാനും മറ്റുള്ളവരെ നിരാശതയിലേക്ക് നയിക്കാനുമുള്ള സാധ്യതയാണ് ഇതില്‍ ഒന്നാമത്തേത്. എന്നാല്‍, രണ്ടാമതായി ജോബ് സഹനത്തിന്റെ രക്ഷാകരാര്‍ത്ഥം നമുക്ക് പറഞ്ഞുതരുന്നു: ”കര്‍ത്താവ് തന്നു; കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!” (ജോബ് 1:21).
സഹനങ്ങള്‍ ദൈവകരങ്ങളില്‍നിന്ന് സ്വീകരിച്ച് ദൈവത്തെ സ്തുതിക്കുമ്പോള്‍ മാത്രമാണ് അത് രക്ഷാകരമാവുക. അങ്ങനെ സ്തുതിക്കണമെങ്കില്‍ ദൈവം അത് നന്മയാക്കി മാറ്റുമെന്നും പ്രത്യക്ഷത്തില്‍ തിന്മയെന്നു തോന്നാവുന്ന കാര്യങ്ങളില്‍നിന്നുപോലും നന്മയുളവാക്കാന്‍ അവിടുത്തേക്ക് കഴിയുമെന്നും നാം വിശ്വസിക്കണം.
സഹനങ്ങള്‍ നമ്മെ വിശുദ്ധീകരിക്കുന്നു, വിലയുള്ളവരാക്കുന്നു എന്നതാണ് അതിന്റെ മറ്റൊരു നന്മ. ”ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധി ചെയ്യും. നിന്നില്‍ കലര്‍ന്നിരിക്കുന്ന വിലകെട്ട ലോഹം ഞാന്‍ നീക്കി കളയും” (ഏശയ്യാ 1:25). ഇതുപോലെ, നമ്മിലെ അശുദ്ധിയും അഹങ്കാരവും ജഡികതയും സഹനച്ചൂളയില്‍ നീക്കം ചെയ്യുമ്പോള്‍ നാം കര്‍ത്താവിനും ലോകത്തിനും മുമ്പില്‍ വിലയുള്ളവരായി മാറുന്നു. അതിനാല്‍ ദൈവസ്‌നേഹത്തിന്റെ പ്രകാശനങ്ങളായ എല്ലാ കുരിശുകളെയും സന്തോഷത്തോടെ സ്വീകരിച്ച് ക്രൂശിതനു പിന്നാലെയുള്ള നമ്മുടെ യാത്ര തുടരാം.
സഹനങ്ങളുടെ മറ്റൊരു രക്ഷാകരമായ അര്‍ത്ഥം, അത് ഒരു വരമാണ് എന്നതാണ്. സ്വന്തം കുരിശുകള്‍ വഹിച്ച് എന്റെ പിന്നാലെ വരുന്നവനാണ് യഥാര്‍ത്ഥ ശിഷ്യന്‍ എന്ന് യേശു നമ്മെ പഠിപ്പിച്ചു. ക്രിസ്തു നമുക്കായി ഒരുക്കിയ സകല സൗഭാഗ്യങ്ങളും അര്‍ഹതയില്ലാതെതന്നെ അനുഭവിക്കുന്നവരാണല്ലോ നാം. ആകയാല്‍, നമ്മുടെ ജീവിതത്തിലെ സഹനങ്ങളും വേദനകളും നിന്ദാപമാനങ്ങളും അവന്റെ കുരിശിലെ ബലിയോടു ചേര്‍ത്ത് ആത്മാക്കള്‍ക്കുവേണ്ടി കാഴ്ചവയ്ക്കാന്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ഈ ലോകത്തില്‍ ഏറ്റവും വിലയുള്ളത് ഒരാത്മാവാണ് എന്ന വസ്തുത നമുക്ക് അറിവുള്ളതാണ്. വിലയുള്ളത് നേടണമെങ്കില്‍ വില കൊടുക്കാതെ പറ്റില്ല. ഈ അര്‍ത്ഥത്തില്‍, ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തില്‍ പങ്കുചേരുന്ന നാമോരോരുത്തരും അവന്റെ കുരിശിനോടു ചേര്‍ന്ന് സഹിക്കുന്നത് ഏറെ അഭികാമ്യമാണ്. സഹനങ്ങള്‍ വര്‍ധിക്കുന്നിടത്ത് അഭിഷേക ശക്തി വ്യാപരിക്കും. ആകയാല്‍ നമ്മുടെ ഒരു കണ്ണുനീരും നമുക്ക് നഷ്ടപ്പെടുത്തി കളയാതിരിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം:
കര്‍ത്താവായ യേശുവേ, എന്റെ ശരീരത്തിലും മനസ്സിലും കുടുംബത്തിലും ഞാന്‍ അനുഭവിക്കുന്ന എല്ലാ രോഗങ്ങളും വേദനകളും കണ്ണുനീരുകളും നിന്ദാപമാനങ്ങളും അങ്ങ് കുരിശില്‍ സഹിച്ച പീഡാനുഭവങ്ങളോടു ചേര്‍ത്ത് ആത്മാക്കളുടെ രക്ഷയ്ക്കും പാപികളുടെ മാനസാന്തരത്തിനും (മറ്റു നിയോഗങ്ങളും കൂട്ടിച്ചേര്‍ക്കാം) വേണ്ടി സന്തോഷപൂര്‍വം കാഴ്ചവയ്ക്കുന്നു. യേശുവേ നന്ദി… യേശുവേ സ്തുതി…


മാത്യു ജോസഫ്

 

Leave a Reply

Your email address will not be published. Required fields are marked *