എത്രയെത്ര ലൗകികചിന്തകളാണ് കുറഞ്ഞൊരു നിമിഷത്തിനുള്ളില്‍ നമ്മുടെ മനസില്ക്കൂടി കടന്നുപോകുന്നത്. ദൈവം, ആത്മാവ്, നിത്യത എന്നിവയെപ്പറ്റിമാത്രം ചിന്തിക്കാന്‍ നമുക്ക് സമയം കിട്ടുന്നില്ല. ഭൂമിയിലേക്ക് കുനിഞ്ഞാണ് പലപ്പോഴും നാം നില്‍ക്കുന്നത്, സുവിശേഷത്തിലെ കൂനിയായ സ്ത്രീയെപ്പോലെ. നേരെമറിച്ച് വിശുദ്ധ കുര്‍ബാനയുടെ പ്രദക്ഷിണത്തിന് വൈദികന് വിശുദ്ധ കുര്‍ബാന അരുളിക്കയില്വച്ച് കൊണ്ടുപോകുന്നതുപോലെ ദൈവത്തെ നമ്മുടെ മനസില്‍ എപ്പോഴും ഉയര്‍ത്തിക്കൊണ്ട് നടക്കണം. പക്ഷേ നമ്മുടെ ബുദ്ധി കൂടുതലും ദൈവത്തില്‍നിന്ന് വിദൂരത്തിലേക്കാണ് സഞ്ചരിക്കുന്നത്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും ഹൃദയത്തെയും മനസിനെയും ദൈവത്തില്‍നിന്ന് അകറ്റിക്കൊണ്ട് പോകുകയും ചെയ്യുന്നു. അങ്ങനെ എല്ലാം, നമ്മിലുള്ള ശക്തികളെല്ലാം ദൈവത്തോട് യോജിച്ചല്ല, ദൈവത്തില്നിന്നകന്നാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാറ്റിന്റെയും അടിയില്‍ കിടക്കുന്നത് വ്യര്‍ത്ഥമായ, വെറുക്കപ്പെട്ട, സ്വാര്‍ത്ഥതയാണ്. എന്നാല്‍ സ്വേച്ഛയ്ക്ക് മരിച്ചാല്മാത്രമേ ദൈവത്തിനുവേണ്ടി ജീവിക്കാനാവൂ; പ്രാര്‍ത്ഥനാപരമായ ആന്തരികജീവിതം നയിക്കാന്‍ സാധിക്കൂ. പ്രാര്‍ത്ഥനാപരമായ ആന്തരികജീവിതത്തിന് മനസ് ഏകാഗ്രമായിരിക്കണം. സൃഷ്ടവസ്തുക്കളില്നിന്ന് നമ്മെത്തന്നെ നാം വേര്‍പെടുത്തണം.
അതിന് നാം ആദ്യമായി പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കണം. നാം ലോകത്തിലാണെങ്കിലും ലോകം മുഴുവന്‍ നമ്മിലേക്ക് കയറരുത്. കപ്പത്തോട്ടത്തിലേക്ക് പന്നിയും മുള്ളനും കൂരനും എല്ലാം കയറിയാല്‍ കപ്പ ബാക്കി കാണുമോ? ഇല്ല! അതിന് സമാനമായി മനസ് തുറന്നിട്ടിരിക്കുകയാണെങ്കില്‍ അതിലേക്കും ഒരുപിടി വന്യമൃഗങ്ങള്‍ കയറിവരാം. ഓരോ കാഴ്ചകള്‍, വാക്കുകള്‍, വികാരങ്ങള്‍, വിധികള്‍, വിമര്‍ശനങ്ങള്‍, സ്പര്ശനങ്ങള്, വിശേഷങ്ങള്‍ എന്നിങ്ങനെ പലതും വേലികെട്ടാത്ത നമ്മുടെ ആത്മാവിലേക്ക് പ്രവേശിക്കും. അതുകൊണ്ട് നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഒരു നല്ല വേലി കെട്ടണം. നമ്മുടെ മനസും ഒരു ഏകാന്തസ്ഥലമായിരിക്കണം. നമ്മുടെ ഈശോയ്ക്ക് ഏകാന്തതയുടെ അരൂപി ഉണ്ടായിരുന്നു. നമുക്കും ആ അരൂപി വേണം. ഇക്കാലത്ത് നാം എന്തെല്ലാമാണ് കാണുന്നത്- മുക്കിലും മൂലയിലുമെല്ലാം- ഇതൊന്നും ആന്തരികജീവിതം പുലര്‍ത്താന്‍ പറ്റിയവയല്ല. ചിലര്‍ക്ക് കേള്‍ക്കാനാണ് താത്പര്യം- വിശേഷങ്ങള്‍, പത്രവാര്‍ത്തകള്‍, ഓരോരുത്തരെപ്പറ്റിയുമുള്ള വിശേഷങ്ങള്‍- ഇതെല്ലാം.
നമ്മള് അറിയാനുള്ളത് അറിഞ്ഞുകൊള്ളും. എന്നാല്‍ ഇങ്ങനെയുള്ള ലൗകികകാര്യങ്ങള്‍ അധികം അറിയാനുള്ള ജിജ്ഞാസ ആന്തരികജീവിതത്തെ നശിപ്പിക്കുന്നവയാണ്. എന്നാല്‍ ഇതിലെല്ലാം കൂടുതല്‍ ദോഷകരമായിട്ടുള്ളത് സംസാരപ്രിയമാണ്. കുറച്ചും വേണ്ടവിധത്തിലുംമാത്രം സംസാരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മിണ്ടടക്കം പാലിക്കുന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. എത്ര കുഴപ്പങ്ങളും തെറ്റുകളും തകരാറുകളുമാണ് മിണ്ടടക്കം ലംഘിക്കുന്നതുവഴിയായി ഉണ്ടാകുന്നത്.
പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന് ആശയടക്കങ്ങള്‍ എല്ലാവരും പരിശീലിക്കണം. ആശയടക്കങ്ങള്‍ പരിശീലിക്കുന്നവര്ക്കുമാത്രമേ പ്രാര്‍ത്ഥനാപരമായ ആന്തരികജീവിതം നയിക്കാന്‍ സാധിക്കൂ. നമ്മള് ഭക്ഷണകാര്യത്തില്‍ ധാരാളം ആശയടക്കങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ സാഹചര്യംകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നാകരുത്. നേരെമറിച്ച് അത് നമ്മുടെ സ്വതന്ത്രമനസോടെ ആയിരിക്കണം ചെയ്യുന്നത്. മറ്റ് കാര്യത്തിലും സംസാരത്തിലും നോട്ടത്തിലുമെല്ലാം സ്വയം നിയന്ത്രിക്കണം. അങ്ങനെയെങ്കില്‍ ഫലപ്രദമായി ആന്തരികജീവിതം നയിക്കാന്‍ കഴിയും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.