ദൈവം നമ്മെ സ്‌നേഹിക്കുന്നുവെന്നതിന് തെളിവുണ്ടണ്ട് !

ഒരു ദിവസം വെളിപാടിന്റെ 4 : 8 വചനം- ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന് ആയിരം പ്രാവശ്യം ചെല്ലാന്‍ ആരംഭിച്ചു. ചൊല്ലാന്‍ തുടങ്ങിയ ഉടന്‍ പാപിക്ക് സ്‌തോത്രഗീതം ചേരില്ല എന്ന ചിന്ത മനസ്സിലേക്ക് കയറി വന്നു. അതോടെ എനിക്ക് ദൈവസ്തുതിയുടെ വചനം ചൊല്ലാന്‍ ആത്മവിശ്വാസമില്ലാത്തതുപോലെയായി. അപ്പോള്‍ യേശു പറഞ്ഞു: ”നീ ക്രൂശിതരൂപമെടുക്കുക. എന്റെ കുരിശുമരണം പാപിയെ ദൈവവുമായി രമ്യതയിലാക്കി. പിന്നെ നീ ദൈവത്തെ സ്തുതിക്കാന്‍ എന്തിനു ഭയപ്പെടണം? എന്റെ തിരുമുറിവുകള്‍ നിന്നോടുള്ള എന്റെ സ്‌നേഹത്തിന്റെ അടയാളമാണ്.”
യേശുവിന്റെ തിരുമുറിവുകളാണ് എന്റെ ബലം. ഞാന്‍ പാപിയാണെങ്കിലും ദൈവം എന്നെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് അവിടുത്തെ തിരുമുറിവുകള്‍.
യേശു പറയുന്നു, ”എന്റെ ഓരോ തിരുമുറിവും എന്റെ അളക്കാനാവാത്ത സ്‌നേഹത്തെക്കുറിച്ചാണ് നിങ്ങളോട് സംസാരിക്കുന്നത്. എന്റെ തിരുമുറിവുകളില്‍ അഭയം പ്രാപിക്കുക. എന്റെ നാമത്തില്‍ എന്റെ സ്‌നേഹത്തെപ്രതി പിതാവിനോട് അപേക്ഷിക്കുക. എന്റെ മുറിവുകളിലേക്ക് വന്ന് എന്റെ കാരുണ്യത്തിന്റെ രക്തത്തില്‍ കഴുകി ശുദ്ധമാക്കപ്പെടുക. എന്റെ വിലയേറിയ തിരുരക്തത്താല്‍ കഴുകി ശുദ്ധമാകാത്ത ഏത് പാപമാണുള്ളത്? എന്റെ തിരുമുറിവുകളെ വണങ്ങുന്നതിന് നിങ്ങളെ യാതൊന്നും തടസപ്പെടുത്തരുത്.”
ഈ വാക്കുകള്‍ ഈശോയുടെ തിരുമുറിവുകളെ വണങ്ങിക്കൊണ്ടുള്ള പ്രാര്‍ത്ഥനയിലേക്ക് എന്നെ നയിച്ചു.
ഈശോയുടെ
തിരുമുറിവുകളോടുള്ള വണക്കം
ഓ എന്റെ ഈശോയേ, ഗത്‌സമനി തോട്ടത്തില്‍വച്ച് പടയാളികള്‍ അങ്ങയെ ബന്ധിച്ചപ്പോള്‍ ഉണ്ടായ തിരുമുറിവുകളെ –
ഞാന്‍ ആത്മനാ ചുംബിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. എന്റെ മുറിവുകളെ അങ്ങേ തിരുമുറിവുകളോട് ചേര്‍ത്തുവയ്ക്കുന്നു. അങ്ങയുടെ തിരുമുറിവുകളില്‍നിന്നൊഴുകിയ തിരുരക്തത്താല്‍ എന്നെ കഴുകി വിശുദ്ധീകരിക്കുകയും പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുകയും ചെയ്യണമേ. യേശുവിന്‍ പുണ്യരക്തമേ ആരാധന. അവയുടെ യോഗ്യതയാലാണല്ലോ ഞാന്‍ രക്ഷിക്കപ്പെട്ടത്.
ഓ എന്റെ ഈശോയേ അങ്ങ് പീലാത്തോസിന്റെ വീട്ടില്‍വച്ച് ചമ്മട്ടികളാല്‍ അടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ തിരുമുറിവുകളെ….
ഓ എന്റെ ഈശോയേ അങ്ങയുടെ ശിരസില്‍ പടയാളികള്‍ മുള്‍മുടിവച്ച് അടിച്ചമര്‍ത്തിയപ്പോഴുണ്ടായ തിരുമുറിവുകളെ…
ഓ എന്റെ ഈശോയേ അങ്ങയുടെ മുഖത്തടിച്ചപ്പോഴും കാല്‍വരിയാത്രയില്‍ പലവട്ടം മുഖംപൊത്തി വീണപ്പോഴും ഉണ്ടായ തിരുമുറിവുകളെ…
ഓ എന്റെ ഈശോയേ കുരിശുവഹിച്ചുകൊണ്ടുള്ള യാത്രയില്‍ അങ്ങയുടെ തിരുത്തോളിലുണ്ടായ മുറിവിനെ….
ഓ എന്റെ ഈശോയേ അങ്ങയുടെ തിരുവസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റിയപ്പോള്‍ ഉണ്ടായ തിരുമുറിവുകളെ…
ഓ എന്റെ ഈശോയേ അങ്ങയുടെ വലതുകൈയില്‍ ആണി തറച്ചപ്പോഴുണ്ടായ തിരുമുറിവിനെ…
ഓ എന്റെ ഈശോയേ അങ്ങയുടെ ഇടതുകൈയില്‍ ആണിതറച്ചപ്പോളുണ്ടായ തിരുമുറിവിനെ…
ഓ എന്റെ ഈശോയേ അങ്ങയുടെ തിരുവിലാവില്‍ കുന്തംകൊണ്ട് കുത്തിയപ്പോഴുണ്ടായ തിരുമുറിവിനെ…
ഓ എന്റെ ഈശോയേ അങ്ങ് കുരിശുമായുള്ള കാല്‍വരിയാത്രയില്‍ പലവട്ടം വീണപ്പോള്‍ കാല്‍മുട്ടുകളിലുണ്ടായ തിരുമുറിവുകളെ…
ഓ എന്റെ ഈശോയേ അങ്ങയുടെ വലതുകാലില്‍ ആണിതറച്ചപ്പോഴുണ്ടായ തിരുമുറിവിനെ…
ഓ എന്റെ ഈശോയേ അങ്ങയുടെ ഇടതുകാലില്‍ ആണിതറച്ചപ്പോഴുണ്ടായ തിരുമുറിവിനെ…
”അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു” (ഏശയ്യാ 53/5).
പ്രാര്‍ത്ഥന
എന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി തിരുമുറിവുകള്‍ പേറിയ ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *