പണം മിച്ചം വരാന്‍ തുടങ്ങി !

 

എല്ലാ മേഖലയിലും വളരെ ഞെരുക്കം അനുഭവപ്പെടുന്ന കാലമാണല്ലോ ഇത്. ഞാനൊരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമുള്ള കുടുംബമാണ് എന്റേത്. മാസശമ്പളത്തില്‍ മുന്നോട്ട് പോകുമ്പോള്‍ പലപ്പോഴും ബുദ്ധിമുട്ട് തോന്നും. പലപ്പോഴും വരവ്-ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരും. അങ്ങനെയുള്ളപ്പോള്‍ എന്തെങ്കിലും കൂടുതലായി ആവശ്യം വന്നാല്‍ കടം വാങ്ങുക എന്നത് കൂടുതല്‍ പ്രശ്‌നമാണ്. കാരണം കടം തിരികെ കൊടുക്കാന്‍ സാധിക്കുകയില്ല. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഒരു സുഹൃത്തുമായി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. അദ്ദേഹത്തിലൂടെ കര്‍ത്താവ് എനിക്ക് ചില കാര്യങ്ങള്‍ പറഞ്ഞുതന്നു. അങ്ങനെ കിട്ടിയ ബോധ്യങ്ങളനുസരിച്ച് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ജീവിതത്തിന് വലിയ മാറ്റങ്ങള്‍ വരുകയായിരുന്നു. കര്‍ത്താവ് പറഞ്ഞുതന്ന കാര്യങ്ങളെക്കുറിച്ച് വിശദമാക്കാം. ”എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍” എന്ന 1 കോറിന്തോസ് 14/39 വചനമായിരുന്നു ഇതിന് ആധാരമായത്.
1. ജീവിതത്തിലെ അത്യാവശ്യങ്ങള്‍ തിരിച്ചറിയുക
നമ്മള്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാറുണ്ട്. അത്യാവശ്യസാധനങ്ങള്‍, അവശ്യസാധനങ്ങള്‍, അനാവശ്യസാധനങ്ങള്‍, ആഡംബരസാധനങ്ങള്‍ എന്നിങ്ങനെ നാല് രീതിയില്‍ നമുക്ക് വാങ്ങാം. മൂന്നാമത്തെയും നാലാമത്തെയും വിഭാഗത്തില്‍നിന്നുള്ള സാധനങ്ങളാണ് പലപ്പോഴും നാം വാങ്ങുന്നതെന്ന് ഒന്ന് പരിശോധിച്ചാല്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. വീട്ടിലെ സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എനിക്കത് ബോധ്യമായി. അതിനാല്‍ ഞാന്‍ പതുക്കെ ആദ്യത്തെ രണ്ട് വിഭാഗങ്ങളിലേക്ക് മാറാന്‍ തുടങ്ങി. ഇപ്പോള്‍ അത് ഒന്നാമത്തെ വിഭാഗത്തിലേക്ക് മാത്രം ഒതുങ്ങുന്നതും കാണാന്‍ കഴിയുന്നുണ്ട്. അതോടൊപ്പം കുറച്ചുനാള്‍ ശ്രദ്ധിച്ചപ്പോള്‍ ഏതൊക്കെ സാധനങ്ങള്‍ എവിടെയൊക്കെ വിലകുറവിലും മികച്ചതായും ലഭിക്കുമെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. അതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ചു.
അതുപോലെതന്നെ വാങ്ങുന്ന സാധനങ്ങള്‍ എത്ര നാളത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കും എന്ന് ചിന്തിക്കും. ഉദാഹരണത്തിന് 500 രൂപയ്ക്ക് വാങ്ങിയ ഒരു ഉപകരണം ആറുമാസത്തേക്ക് ഉപയോഗിക്കാം. എന്നാല്‍ അതേ ഉപകരണം കൂടുതല്‍ ക്വാളിറ്റിയുള്ളത് 2000 രൂപയ്ക്ക് വാങ്ങിയാല്‍ 10 വര്‍ഷത്തോളം ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ 2000 രൂപയുടെ ഉപകരണം വാങ്ങും. അങ്ങനെയെങ്കില്‍ 10 വര്‍ഷത്തിന് 8000 രൂപ ലാഭം കിട്ടുന്നുണ്ടല്ലോ. ഇപ്രകാരം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പണ്ടത്തേതിന്റെ പത്തുശതമാനത്തോളമേ ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങുന്നുള്ളൂ എന്നും മനസിലായി.
സമ്പാദ്യങ്ങള്‍ വേസ്റ്റ് ബോക്‌സില്‍ പോകുന്നതും ഒഴിവാക്കാന്‍ കഴിഞ്ഞു. ഉദാഹരണത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ ആവശ്യത്തിനനുസരിച്ച് കാല്‍കിലോഗ്രാം പച്ചക്കറികളേ ഇപ്പോള്‍ വാങ്ങുകയുള്ളൂ. മുമ്പായിരുന്നെങ്കില്‍ ഒരു കിലോഗ്രാമൊക്കെ വാങ്ങും. ഒരു ദിവസത്തെ കറിക്കോ തോരനോ ഉപയോഗിച്ചുകഴിഞ്ഞാല്‍ ബാക്കിവരുന്നത് ഫ്രിഡ്ജിലിരുന്നാലും കേടാകാറുണ്ട് പലപ്പോഴും. അങ്ങനെ വരുമ്പോള്‍ അത് വേയ്സ്റ്റിലേക്ക് കളയും. അങ്ങനെ ഇപ്പോള്‍ സംഭവിക്കാറില്ല. ഇങ്ങനെ അത്യാവശ്യകാര്യങ്ങള്‍മാത്രം ചെയ്ത് ശീലിച്ചപ്പോള്‍ പണം മിച്ചം വരാന്‍ തുടങ്ങി. അപ്പോള്‍ത്തന്നെ നമുക്ക് ആത്മവിശ്വാസം തോന്നുമല്ലോ. സമ്മര്‍ദവും കുറയും.
2. വരവ് ചെലവ്
വരവും ചെലവും നന്നായി ചേരണം. അതിനായി കാര്യങ്ങളെ കൃത്യമായി വിഭാഗീകരിക്കണം. എളുപ്പത്തിനായി ഞാന്‍ ഒരു മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ ആരംഭിച്ചു. ആരോഗ്യപരമായ കാര്യങ്ങള്‍ക്ക്, ഭക്ഷണത്തിന്, യാത്രകള്‍ക്ക്, വീട്ടുകാര്യങ്ങള്‍ക്ക്… ഇങ്ങനെ ഓരോന്നിനും എത്ര തുക വേണ്ടിവരും എന്ന് കണക്കുകൂട്ടാന്‍ തുടങ്ങി. ആരോഗ്യപരമായ കാര്യങ്ങളും ഭക്ഷണവും ഒഴിവാക്കാനാവുകയില്ലല്ലോ. അതിനാല്‍ അതിനുള്ള തുക എപ്പോഴും മാറ്റിവയ്ക്കും. മറ്റ് ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കിവരുന്ന തുക എമര്‍ജന്‍സി ഫണ്ട് ആയി മാറ്റിവച്ചു.
ആദ്യം ഒരു മാസത്തേക്കുള്ള തുക യാണ് മാറ്റിവയ്ക്കാന്‍ സാധിച്ചത്. പിന്നെ മൂന്ന് മാസത്തിനുള്ള തുക മാറ്റിവയ്ക്കാന്‍ കഴിഞ്ഞു. അതുകഴിഞ്ഞ് കൊവിഡ് പ്രതിസന്ധി വന്നപ്പോഴാണ് അതിന്റെ ഉപകാരം മനസിലായത്. കാരണം ചിലപ്പോഴൊക്കെ ശമ്പളം പെന്‍ഡിംഗായി. എന്നാല്‍ എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരുന്നതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. മാത്രവുമല്ല ഇന്നത്തെ കാലത്ത് ജോലിയൊക്കെ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമല്ലോ. എന്നാല്‍ കൈയില്‍ വരുന്ന തുക കൃത്യമായി ഉപയോഗിക്കുകയും ബാക്കി കരുതിവയ്ക്കുകയും ചെയ്താല്‍ അങ്ങനെയുള്ള സാഹചര്യങ്ങളിലും സാവധാനത്തില്‍ ദൈവഹിതപ്രകാരം തീരുമാനങ്ങളെടുക്കാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ തിരക്കുനിമിത്തം തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നേക്കാം.
3. മനസില്‍ അവശിഷ്ടങ്ങള്‍ വരാതെ നോക്കുക
(Zero Waste in Mind‑)
വീട്ടില്‍ വേസ്റ്റ് വരാതെ നോക്കുക എന്നതാണ് ആദ്യപടിയായി ചെയ്തത്. ആവശ്യമില്ലാത്തതെന്ന് ഉറപ്പ് വരുത്തിയതെല്ലാം മാറ്റി. വസ്ത്രങ്ങളടക്കം എല്ലാം പരിശോധിച്ചു. വ്യക്തിപരമായി നമുക്കുള്ള സാധനങ്ങള്‍ ഏതാണ്ട് 100-ല്‍ താഴെയാക്കുക എന്നതാണ് ചെയ്തത്. അപ്രകാരം മിനിമലിസ്റ്റ് ജീവിതം അതായത് ലളിതജീവിതം നയിക്കാന്‍ നമുക്ക് കഴിയും. പുതയ്ക്കുന്ന ബെഡ്ഷീറ്റുമുതല്‍ ഇരിക്കുന്ന കസേരവരെ എണ്ണിയാണ് വ്യക്തിപരമായ വസ്തുക്കള്‍ എത്രയെന്ന് നിര്‍ണയിച്ചത്. ഇങ്ങനെ നോക്കിയപ്പോള്‍ എന്റെ വീട്ടില്‍ അധികം സാധനങ്ങളും അനാവശ്യമായിരുന്നു. ഉദാഹരണത്തിന് മൂത്ത കുട്ടിയുടെ മാമ്മോദീസാവസ്ത്രം ഓര്‍മ്മയ്ക്കായി സൂക്ഷിച്ചുവച്ചിരുന്നു. ആ വസ്ത്രത്തിന്റെ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് മൊബൈലില്‍പ്പോലും സൂക്ഷിച്ചുവയ്ക്കാതെ ഗൂഗിള്‍ഡ്രൈവില്‍ അപ്‌ലോഡ് ചെയ്തു. ഇപ്രകാരം ചെയ്യാന്‍ തുടങ്ങിയതോടെ വീട്ടില്‍ വലിയ ക്ലീനിംഗിന്റെ ആവശ്യം വരാറില്ല. പൊടി കുറഞ്ഞു, രോഗങ്ങള്‍ കുറഞ്ഞു, കൊതുക് കുറഞ്ഞു. മനസില്‍ സ്ഥലമുണ്ടാക്കാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. കാരണം ക്ലീനിംഗിനെക്കുറിച്ച് അധികം ചിന്തിക്കേണ്ടിവരുന്നില്ലല്ലോ.
4. മറ്റുള്ളവരുടെ ജീവിതത്തില്‍ സമയം പാഴാക്കരുത്
മറ്റുള്ളവരുടെ ജീവിതത്തില്‍ അവര്‍ ചെലവാക്കേണ്ട സമയം നാം ചെലവാക്കാന്‍ തുടങ്ങിയാല്‍ അത് വളരെ അസ്വസ്ഥതകളുണ്ടാക്കും. ഉദാഹരണമായി ഓരോ ജോലികളും ആരാണ് ചെയ്യേണ്ടത് എന്ന് നന്നായി ചിന്തിക്കും. ഓഫീസില്‍നിന്ന് തന്നിട്ടുള്ള ജോലികളാണെങ്കില്‍ പലതും മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ നല്കാനുള്ളതായിരിക്കും. എന്നാല്‍ പലപ്പോഴും അത് ഞാന്‍തന്നെ ചെയ്യുന്നതുകൊണ്ട് ജോലികള്‍ തീരുകയുമില്ല, സ്വസ്ഥത ലഭിക്കുകയുമില്ല. വീട്ടിലാണെങ്കിലും ഭാര്യയാണോ ഞാനാണോ ഒരു കാര്യം ചെയ്യേണ്ടതെന്ന് നന്നായി ചിന്തിക്കും, അതിനനുസരിച്ച് ചെയ്യും. അങ്ങനെ വന്നപ്പോള്‍ വളരെ സമയം ലാഭിക്കാന്‍ കഴിഞ്ഞു.
ഭാര്യ ചെയ്യേണ്ട കാര്യങ്ങള്‍ അവളിലേക്ക് തിരിച്ചുവിടും. അല്ലാത്തപക്ഷം അവളുടെ കഴിവുകള്‍ പുറത്തുവരികയില്ല. അവളുടെ വളര്‍ച്ചയെ തടയുകയായിരിക്കും ഞാന്‍ ചെയ്യുന്നത്. അവള്‍ ഭംഗിയായി ചെയ്യേണ്ട അഥവാ ചെയ്യുന്ന കാര്യം ഞാന്‍ ചെയ്താല്‍ ശരിയാവുകയില്ല. സമയം പാഴാകുകയും ചെയ്യും. ഇതുപോലെതന്നെയാണ് മക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍, സീനിയേഴ്‌സ് ചെയ്യേണ്ട കാര്യങ്ങള്‍, ജൂനിയേഴ്‌സ് ചെയ്യേണ്ട കാര്യങ്ങള്‍ എല്ലാം.
ഇതോടൊപ്പം കാര്യങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ചെയ്യണം. ഏതിനാണ് ഏറ്റവും മുന്‍ഗണന നല്‌കേണ്ടത് എന്ന് പരിശോധിക്കണം. ഇങ്ങനെ ജീവിതം ക്രമപ്പെടുത്തുമ്പോള്‍ വളരെയധികം നേട്ടങ്ങള്‍ നമുക്ക് ലഭിക്കും. ജീവിതത്തില്‍ എല്ലാം ക്രമംതെറ്റി മുന്നോട്ടുപോകുമ്പോള്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. അത് മാറാനായി നാം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. എന്നാല്‍ ജീവിതം ക്രമപ്പെടുത്താന്‍ നാം തയാറാവുകയില്ല. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ സ്ഥിരമായി പരിഹരിക്കപ്പെടുകയുമില്ല. അങ്ങനെ വരുമ്പോള്‍ കര്‍ത്താവിനുവേണ്ടി നല്കാന്‍ നമുക്ക് സമയം കുറയും. എന്നാല്‍ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികള്‍ നിറവേറണമെങ്കില്‍ ഇപ്രകാരമുള്ള ഒരു ക്രമപ്പെടുത്തിയ ജീവിതം നമുക്ക് ആവശ്യമുണ്ട്.
അതിനാല്‍ നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, നസ്രത്തിലെ കുടുംബത്തില്‍ യൗസേപ്പിതാവും മാതാവും ഈശോയും ജീവിതം ക്രമപ്പെടുത്തിയതുപോലെ ജീവിതം ക്രമപ്പെടുത്താന്‍ ഞങ്ങളെയും പഠിപ്പിച്ചുതരണമേ, ആമ്മേന്‍.


ജോര്‍ജ് ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *