ജീവിതത്തിലെ സഹനങ്ങള്‍ നിറഞ്ഞ ഒരു സമയത്താണ് ഞാന്‍ കൂടുതലായി ദൈവവചനം വായിക്കാന്‍ തീരുമാനമെടുത്തത്. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ഒരു വചനസന്ദേശമായിരുന്നു പ്രചോദനം. അപ്രകാരം മത്തായിയുടെ സുവിശേഷംമുതല്‍ വായിക്കാനാരംഭിച്ചു. വായന തുടങ്ങിയപ്പോള്‍മുതല്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുകയായിരുന്നു. കര്‍ത്താവ് വചനത്തിലൂടെ പലതും പഠിപ്പിച്ചുതന്നു. സഹനത്തിന്റെ കയ്പിലും ദൈവികപദ്ധതിയുടെ മധുരം തിരിച്ചറിയാന്‍ ആ വചനവായന എന്നെ സഹായിച്ചു. ആ ചിന്തകള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.
എമ്മാനുവേല്‍ പ്രവചനം
മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിലൂടെ നാം കടന്നുപോകുമ്പോള്‍ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെടുന്നതും യൗസേപ്പ് എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നതും കാണാം. ഈ സംഭവങ്ങള്‍ വായിക്കുമ്പോള്‍ അതൊരു പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് എന്ന് മനസിലാകും. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്ന ഏശയ്യാ 7/14 പ്രവചനമാണ് ഇവിടെ നിറവേറുന്നത്. മത്തായി 1/23-ല്‍ അത് പറയുന്നുണ്ട്. പ്രവചനമെന്നാല്‍ ദൈവത്തിന്റെ ഹിതം വെളിപ്പെടുത്തുക എന്നതാണ്. ഇക്കാര്യവുംകൂടി നാം മനസില്‍ വയ്ക്കണം. നാമുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ചുള്ള ദൈവപദ്ധതി പൂര്‍ത്തീകരിക്കാനായി ഇന്ന് നാം അനുഭവിക്കുന്ന സഹനങ്ങളെ സ്വീകരിക്കുമ്പോള്‍ അവിടെയും ഒരു പ്രവചനം പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയും.
യൂദായിലെ ബത്‌ലേഹം
ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്ന് പേരെഴുതിക്കാനായി ജോസഫും മറിയവും യൂദായിലേക്ക് പോകുന്നതും അവിടെ ആയിരിക്കുമ്പോള്‍ മറിയം യേശുവിനെ പ്രസവിക്കുന്നതും തുടര്‍ന്നുള്ള കാര്യങ്ങളുമെല്ലാം നാം വചനത്തില്‍ വായിക്കുന്നു. ഇതൊരു പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ്. മിക്കാ 5/2-ലാണ് ഈ പ്രവചനം നാം കാണുന്നത്.
നമ്മുടെ ജീവിതത്തിലും ചിലപ്പോള്‍ ഇപ്രകാരമുള്ള ചില പറിച്ചു നടലിന്റെ അനുഭവത്തിലൂടെ കടന്നുപോകേണ്ടതായി വരാം. ദുര്‍ഘടമായ ഒരു സ്ഥലത്തേക്കുള്ള ട്രാന്‍സ്ഫര്‍, വൈദികനെന്ന നിലയില്‍ ആഗ്രഹിക്കാത്ത ഒരു ഇടവകയിലേക്കുള്ള മാറ്റം, സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരുന്ന സന്യാസ ഭവനത്തില്‍ നിന്ന് മറ്റൊരു സന്യാസഭവനത്തിലേക്ക് മാറ്റുന്നുവെന്ന അറിയിപ്പ്…. ഇതെല്ലാം അനുഭവിച്ച് നാം ചെന്നെത്തുന്ന ഇടത്തില്‍ ചിലപ്പോള്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചെന്നും വരില്ല -സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല എന്നതുപോലെ.. ഞാന്‍ സുഖമായി ജീവിച്ചുകൊണ്ടിരുന്ന എന്റെ ഭവനത്തില്‍ നിന്നും ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ ആഗ്രഹിച്ച സന്തോഷമോ, പരിഗണനയോ ലഭിക്കുന്നുണ്ടാവില്ല. പക്ഷേ അതിലൂടെ നിറവേറുന്ന പ്രവചനങ്ങളോര്‍ത്ത് സന്തോഷം കണ്ടെത്താം.
ഈജിപ്തില്‍നിന്ന് …
ജ്ഞാനികളുടെ സന്ദര്‍ശനത്തിനുശേഷം സ്വപ്നത്തില്‍ ലഭിച്ച ദൂതന്റെ നിര്‍ദ്ദേശമനുസരിച്ച് ജോസഫ് ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രി തന്നെ ഈജിപ്തിലേക്ക് പോയി എന്ന് വചനം സാക്ഷിക്കുന്നു (മത്തായി 2:15). ഇവിടെ മറ്റൊരു പ്രവചനം പൂര്‍ത്തിയായി-” ഈജിപ്തില്‍നിന്ന് ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ (ഹോസിയാ 11/1) കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത് ” യേശുവിനെക്കുറിച്ചുള്ള ദൈവപിതാവിന്റെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ജോസഫ് എന്ന ദൈവിക മനുഷ്യന്‍ തന്റെ ജീവിതം തന്നെ സമര്‍പ്പിക്കേണ്ടതായി വന്നു, സഹിക്കേണ്ടതായി വന്നു.
വീണ്ടും, ഹോറോദേസിന്റെ മരണത്തിനുശേഷം സ്വപ്നത്തില്‍ ലഭിച്ച ദൂത് സ്വീകരിച്ച് ജോസഫ് കീലോമീറ്ററുകള്‍ താണ്ടാന്‍ തയ്യാറാവുന്നു. ഗലീലിയിലേക്കുള്ള മടക്കയാത്ര. ആ അനുസരണത്തിനു മുമ്പില്‍ അവന്‍ നസറായന്‍ എന്ന് വിളിക്കപ്പെടും എന്ന പ്രവചനം പൂര്‍ത്തിയാകുന്നു.
ഇപ്രകാരമുള്ള ചില സഹനാനുഭവത്തിലൂടെ നാം കടന്നു പോകേണ്ടതായി വന്നിട്ടുണ്ടാവാം. ദൈവികസ്വരം കേട്ട്, ദൈവിക പദ്ധതിക്ക് യെസ് പറഞ്ഞുവെന്ന ഒറ്റക്കാരണം കൊണ്ടു മാത്രമാകാം ഇന്ന് നാം അനുഭവിക്കുന്ന സഹനം. ക്രിസ്തുവിനെ അനുഗമിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ കുടുംബത്തില്‍ ഒറ്റപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ തിരിച്ചറിയാം നമ്മിലൂടെ പൂര്‍ത്തിയാകേണ്ട ദൈവികപ്രവചനം ഇതിലൂടെ നിറവേറുകയാണ്.
മരുഭൂമിയിലെ ശബ്ദം
മത്തായി 3:3-ല്‍ ഏശയ്യാ പ്രവാചകന്‍ (40:3) വഴി അരുളിചെയ്യപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു- മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം-കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍. അവന്റെ പാതകള്‍ നേരെയാക്കുവിന്‍. ഈ പ്രവചനം നിറവേറുന്നതിനായി വേദനകള്‍ ഏറ്റുവാങ്ങിയത് സഖറിയാ- എലിസബത്ത് ദമ്പതികളാണ്. പക്ഷേ വേദനകള്‍ ഏറ്റുവാങ്ങുമ്പോഴും അവര്‍ ജീവിച്ചത് കര്‍ത്താവിന്റെ മുമ്പില്‍ നീതിനിഷ്ഠയോടെയും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിച്ചുകൊണ്ടുമായിരുന്നു (ലൂക്കാ 1:6). എന്നിട്ടും ഒരു കുഞ്ഞിനുവേണ്ടി അനേക നാളുകള്‍ കാത്തിരിക്കേണ്ടി വന്നത് അവരുടെ മകന്‍ സ്‌നാപകയോഹന്നാന്‍ രക്ഷകന് അല്പനാള്‍ മുമ്പ് ജനിക്കേണ്ട കുഞ്ഞായതിനാലാണ് എന്നും നമുക്ക് മനസിലാക്കാന്‍ കഴിയും.
ഇപ്രകാരം നമ്മുടെ ജീവിതത്തിലേക്കും ഒന്നു തിരിഞ്ഞു ചിന്തിച്ചാല്‍ ചില സഹനത്തിന്റെ ഉത്തരം ലഭിക്കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടായിരിക്കാം. ഒരു കുഞ്ഞികാല്‍ കാണാന്‍, വിവാഹം നടക്കാന്‍, സാമ്പത്തിക ഉന്നമനം കൈവരാന്‍, സ്വന്തമായി ഒരു ഭവനമുണ്ടാകാന്‍, ജീവിതപങ്കാളിയുടെയോ മറ്റേതെങ്കിലും പ്രിയപ്പെട്ടവരുടെയോ ദുഃശീലം മാറാന്‍ … ഇങ്ങനെ പലതിനും ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിരിക്കാം. എന്തുതന്നെയായാലും ഒരു കാര്യംമാത്രം ഹൃദയത്തില്‍ പതിപ്പിച്ച് സഹനത്തെ ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കാം. എന്റെ സഹനത്തിന്റെ പങ്ക് ഊറ്റി കുടിച്ച് നിത്യതയില്‍ എത്തിച്ചേരേണ്ട ആരെയോ കുറിച്ചുള്ള പ്രവചനം എന്നിലൂടെ പൂര്‍ത്തിയാകുന്നുണ്ട്.
ഇപ്രകാരം എല്ലാം ദൈവകരങ്ങളില്‍നിന്നും സ്വീകരിക്കുമ്പോള്‍ മാമോദീസാ സ്വീകരിക്കാനായി സ്‌നാപകന്റെ അടുക്കലേക്ക് കടന്നുചെന്ന ക്രിസ്തു നമ്മുടെ അടുത്തേക്കും കടന്നു വരും. അവന്‍ നമ്മോട് പറയും ”ഇപ്പോള്‍ ഇത് സമ്മതിക്കുക; അങ്ങനെ സര്‍വ്വ നീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ് ” (മത്തായി 3:15). അപ്പോള്‍ സ്വര്‍ഗ്ഗം നമുക്കായി തുറക്കപ്പെടുകയും ദൈവത്തിന്റെ ആത്മാവ് നമ്മെ ഏറ്റെടുക്കുകയും എന്റെ പ്രിയപുത്രന്‍/പ്രിയപുത്രി എന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്യും. ദൈവപുത്രന്‍ അറിഞ്ഞതും അനുഭവിക്കാത്തതും അതിജീവിക്കാത്തതുമായ ഒരു സഹനവും നമ്മുടെ ജീവിതത്തില്‍ ഉണ്ടാവില്ല. ഈ സഹന നാളില്‍ അവന്‍ നമ്മെ തനിച്ചാക്കില്ല; അവന്‍ നമ്മോടൊപ്പം ഉണ്ടാവും. ഈ ഉറപ്പ് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ സഹനത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്ക് ശക്തി നല്‍കും.
ജൂലിമോള്‍ ഷിബിന്‍