നിക്കൊമേദിയായിലെ പരമോന്നത കോടതിയില്‍ ഒരു തീപിടിത്തമുണ്ടായി. പ്രസ്തുത തീപിടിത്തത്തിന്റെ ഉത്തരവാദികള്‍ ക്രൈസ്തവരാണെന്നായിരുന്നു വ്യാപകമായ പ്രചരണം. ഇതുനിമിത്തം വിഗ്രഹാരാധകര്‍ ക്രൂരമായി ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായി, ചക്രവര്‍ത്തിയുടെ കല്പനയിലൂടെ നിക്കൊമേദിയായില് മാത്രം ഇരുപതിനായിരത്തിലധികം ക്രൈസ്തവര്‍ ക്രിസ്മസ് ദിവസം ദൈവാലയത്തിനുള്ളില്വച്ച് ചുട്ടെരിക്കപ്പെട്ടു. എന്നാല്‍ അവരുടെ നേതാവായ വിശുദ്ധ അന്തിമൂസ് മെത്രാന് അതില്‍നിന്നും രക്ഷപ്പെട്ടു.
ഏഷ്യാ മൈനറില്‍ സ്ഥിതി ചെയ്തിരുന്ന ബിഥീനിയായിലുള്ള സ്ഥലമാണ് നിക്കൊമേദിയാ. അവിടത്തെ പകുതിയിലധികം ആളുകള്‍ ക്രൈസ്തവരായിരുന്നുവെങ്കിലും ചക്രവര്ത്തിയുള്പ്പെടെയുള്ള ഒരു വിഭാഗം വിഗ്രഹാരാധനയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. അതിനാല്‍ത്തന്നെ എ.ഡി 284-305വരെ നീണ്ട ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെയും എ.ഡി 305-311വരെയുണ്ടായിരുന്ന മാക്സിമിയന്‍ ചക്രവര്‍ത്തിയുടെയും ക്രൈസ്തവ മതമര്‍ദ്ദന കാലത്ത് വളരെയധികം പീഡനങ്ങള്‍ വിശുദ്ധ അന്തിമൂസിനും കൂട്ടര്‍ക്കും നേരിടേണ്ടി വന്നു.
ക്രിസ്മസ് ദിവസത്തെ കൂട്ടക്കുരുതിയില്‍നിന്ന് രക്ഷപ്പെട്ട അദ്ദേഹം തന്റെ സഭാംഗങ്ങളുടെ പ്രേരണയാല്‍ നിക്കൊമേദിയായില് നിന്നും വളരെ ദൂരെയല്ലാതിരുന്ന ഒമാന എന്ന ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ത്തു. എങ്കിലും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാനും പീഡനങ്ങളെ ഭയപ്പെടാതിരിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള എഴുത്തുകള്‍ അദ്ദേഹം വിശ്വാസികള്‍ക്ക് അയച്ചു കൊണ്ടിരുന്നു. ഡീക്കണ്‍ തെയോഫിലസിന് അദ്ദേഹം അയച്ച കത്തുകളിലൊന്ന് ഭടന്മാര് കണ്ടെത്തുകയും ചക്രവര്‍ത്തിയെ ഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് തെയോഫിലസിനെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തുവെങ്കിലും അന്തിമൂസ് മെത്രാനെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ പീഡകരുടെ കൈകളാല്‍ അദ്ദേഹം കൊല്ലപ്പെട്ടു. എങ്കിലും കുറച്ചു നാളുകള്‍ക്കു ശേഷം ചക്രവര്‍ത്തി മെത്രാന്റെ ഒളിസങ്കേതം കണ്ടെത്തുകയും അദ്ദേഹത്തെ പിടിച്ചു കൊണ്ടു വരാന്‍ ഒരു സൈന്യത്തെ നിയോഗിക്കുകയും ചെയ്തു.
ഭടന്മാര് അന്വേഷണത്തിനിടയില്‍ അദ്ദേഹത്തെ കണ്ടുവെങ്കിലും തിരിച്ചറിഞ്ഞില്ല. യേശുക്രിസ്തു ചുങ്കക്കാരോടും പാപികളോടുമൊപ്പം ഭക്ഷണത്തിനിരുന്നതിനെ അനുസ്മരിപ്പിച്ചു കൊണ്ട് അദ്ദേഹവും ഭടന്മാരെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും അവര്‍ക്ക് വിളമ്പിക്കൊടുക്കുകയും ചെയ്തു. താനാരാണെന്ന് ക്രിസ്തു തന്റെ ശിഷ്യന്മാര്ക്ക് വെളിപ്പെടുത്തിയതു പോലെ തന്റെ മരണദൂതുമായി വന്നവര്‍ക്ക് അദ്ദേഹം സ്വയം വെളിപ്പെടുത്തി. എന്തു ചെയ്യണമെന്നറിയാതെ ഭടന്മാര് കുഴങ്ങിപ്പോയി.
അദ്ദേഹത്തിന്റെ കാരുണ്യപൂര്‍വ്വമുള്ള പെരുമാറ്റത്തില്‍ ആകൃഷ്ടരായ ഭടന്മാര് ഞങ്ങള്‍ അങ്ങയെ വിട്ടു പോകാമെന്നും അങ്ങയെ കണ്ടെത്താന്‍ സാധിച്ചില്ല എന്ന് ചക്രവര്‍ത്തിയോട് പറയാമെന്നുമുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചു. കള്ളം പറയുന്നത് അദ്ദേഹത്തെ സംബന്ധിച്ച് അസഹ്യമായതിനാല്‍ അന്തിമൂസ് അതിന് തയ്യാറായില്ല. അദ്ദേഹം ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ ഭടന്മാരോടു പറഞ്ഞു.
തിരികെപ്പോകവേ അദ്ദേഹം യേശുവിനെക്കുറിച്ച് ഭടന്മാരോട് പ്രഘോഷിച്ചു. അതുകേട്ട ഭടന്മാര് മാനസാന്തരപ്പെടുകയും മാമോദീസ സ്വീകരിക്കുകയും ചെയ്തു. മെത്രാനെ തന്റെ മുമ്പില്‍ ഹാജരാക്കിയപ്പോള്ചക്രവര്ത്തി വധശിക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടു വരാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ അന്തിമൂസ് ചോദിച്ചു ” ഈ ഉപകരണങ്ങള്‍ കാണിച്ച് എന്നെ ഭയപ്പെടുത്താമെന്ന് അങ്ങ് കരുതുന്നുണ്ടോ? ഇല്ല, ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ നിങ്ങള്‍ക്കു ഭയപ്പെടുത്താന്‍ സാധിക്കുകയില്ല. ഇപ്പോഴുള്ള ജീവിതം വിലപ്പെട്ടതായി കണക്കാക്കുന്ന ഭീരുക്കള്‍ക്കാണ് മരണദണ്ഡനയോട് ഭയപ്പാടുള്ളത്.” ഇതുകേട്ട ചക്രവര്‍ത്തി അദ്ദേഹത്തെ ഘോരമായ പീഡനമുറകള്‍ക്കു വിട്ടുകൊടുത്തു.
അദ്ദേഹത്തെ വടികളാല്‍ പ്രഹരിക്കുകയും ഓടുകൊണ്ടുണ്ടാക്കിയ മെതിയടികള്‍ ചുട്ടുപഴുപ്പിച്ച് അത് ധരിപ്പിച്ച് നടത്തിക്കുകയും ചെയ്തു. കൂടാതെ ചക്രത്തില്‍ കെട്ടി വലിച്ച് കൈകാലുകള്‍ ഒടിക്കുകയും ജ്വലിക്കുന്ന തീപ്പന്തങ്ങളാല്‍ പൊള്ളിക്കുകയും ചെയ്തു. ദാരുണമായ വേദനകള്‍ക്കിടയിലും അദ്ദേഹം ദൃഢചിത്തനായി നിലകൊള്ളുകയും അഗ്നിയില്‍ സ്ഫുടം ചെയ്ത സ്വര്‍ണ്ണത്തെപ്പോലെ പ്രശോഭിക്കുകയുമാണ് ചെയ്തത്.
ചക്രവര്‍ത്തിയുടെ സാമ്രാജ്യം നിലംപൊത്തുമെന്നും ക്രിസ്തീയത വിജയിക്കുമെന്നും പ്രവചിച്ചതില്‍ കോപാക്രാന്തനായ ചക്രവര്‍ത്തി അദ്ദേഹത്തെ വാളുകൊണ്ട് ശിരച്ഛേദം ചെയ്യാന്‍ കല്പിച്ചു. മരണശേഷവും തലമുടി വളര്‍ന്നിരുന്നു എന്നു പറയപ്പെടുന്ന അദ്ദേഹത്തിന്റെ തലയോട്ടി ഗ്രീസിലെ സന്യാസാശ്രമത്തില്‍ ഇന്നും സൂക്ഷിക്കപ്പെടുന്നു. ദുഷ്ടരായ അധികാരികള്‍ക്കു മുമ്പിലും ഭയലേശമന്യേ ക്രിസ്തുവിന് സാക്ഷ്യം നല്കിയ അദ്ദേഹത്തിന്റെ മാതൃക ഇന്നത്തെ മാറുന്ന രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങളില്‍ നമുക്കും അനുകരണീയമാണ്.