ഒട്ടും നിനച്ചിരിക്കാതെ ജീവിതം മാറിമറിഞ്ഞ ലോക്ഡൗണ്‍സമയം. പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനാവാത്തവിധം ദൈവാലയങ്ങള്‍പോലും അടച്ചപ്പോള്‍ വല്ലാത്തൊരു ശൂന്യത തോന്നി. എങ്ങും പോകാനില്ല. എല്ലാ ദിവസവും ഒരുപോലെ. പതുക്കെപ്പതുക്കെയാണ് ടി.വിയിലെ വിശുദ്ധ കുര്‍ബാന ഗൗരവമായി എടുത്തത്. അതുവരെയും യഥാര്‍ത്ഥത്തില്‍ ഈശോയെ സ്വീകരിക്കാന്‍ സാധ്യതകളുണ്ടായിരുന്നതിനാല്‍ ഒരിക്കലും അരൂപിയില്‍ ദിവ്യകാരുണ്യസ്വീകരണം നടത്തിയിരുന്നില്ല. എന്നാല്‍ പതിയെ അത് ജീവിതത്തിന്റെ ഭാഗമായി. ഈശോയുടെ തിരുരക്തത്താല്‍ എന്നെ വിശുദ്ധീകരിക്കണേ എന്ന് മാതാവിനോട് യാചിച്ചിട്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരും. പക്ഷേ വിശുദ്ധ കുര്‍ബാനസ്വീകരണത്തിന്റെ സമയം വരുമ്പോള്‍ എന്തോ ഒരു സങ്കടമായിരുന്നു മനസില്‍. എങ്കിലും പറയും, ‘ഈശോയേ ഉള്ളില്‍ വരണേ.’
ചില ദിവസങ്ങളില്‍ ടി.വിയിലെ സമയത്തിനനുസരിച്ച് ദിവ്യബലിയില്‍ പങ്കുകൊള്ളാന്‍ കഴിയാതെ വരാറുണ്ട്. അങ്ങനെ വന്നാല്‍പ്പോലും അരൂപിയില്‍ ദിവ്യകാരുണ്യസ്വീകരണംമാത്രമായെങ്കിലും ചെയ്യും. അങ്ങനെയൊരു ദിവസമായിരുന്നു ഏപ്രില്‍ 15. അന്ന് ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് അരൂപിയില്‍ ദിവ്യകാരുണ്യസ്വീകരണത്തിനുള്ള ജപത്തിലെ ‘അരൂപിയില്‍ എന്റെ ഹൃദയത്തിലേക്ക് എഴുന്നളളിവരണേ’ എന്ന് പറഞ്ഞ നിമിഷം, ഹൃദയത്തിനുള്ളിലേക്ക് ഈശോ കയറിയിരുന്നതുപോലെ ഒരനുഭവം! അതുവരെയും തിരുവോസ്തിയായി വരുന്ന ഈശോയെ ഭാവനകണ്ട് സ്വീകരിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഈശോ ഉള്ളില്‍ വന്നിരിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. വല്ലാത്തൊരു സന്തോഷം തോന്നി. ഈശോ ഹൃദയത്തില്‍ വസിക്കുന്നു എന്നെല്ലാം പറഞ്ഞുകേട്ടിട്ടേയുള്ളൂ. പക്ഷേ കൊതിയുണ്ടായിരുന്നു ആ അനുഭവം ലഭിക്കാന്‍. അന്ന് അപ്രതീക്ഷിതമായി ആ അനുഗ്രഹം കിട്ടി!
പ്രാര്‍ത്ഥിക്കാന്‍ സൗകര്യത്തിന് ഈശോയുടെ ഒരു ചിത്രം വേണമെന്നായിരുന്നു അതുവരെയും തോന്നാറ്. എന്നാല്‍ ആ അനുഭവം ലഭിച്ചതോടെ ഹൃദയത്തിലേക്ക് ശ്രദ്ധിച്ച് പ്രാര്‍ത്ഥിക്കാന്‍ എളുപ്പമായി. എങ്കിലും വിശ്വസിക്കാന്‍ ഒരു വിഷമം. ലഭിച്ച അനുഭവം യഥാര്‍ത്ഥമാണോ? അതിനാല്‍ ഒരടയാളം ചോദിച്ചു. പിറ്റേന്ന് അത് ലഭിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ആ അടയാളം പിറ്റേന്നുതന്നെ കിട്ടി. ഈശോ ഹൃദയത്തില്‍ വന്നുവെന്നത് ശരിതന്നെ!
ഈ ക്രിസ്മസ് വന്നുചേരുമ്പോള്‍ ഹൃദയത്തില്‍ ഈശോ വന്ന അന്നത്തെ എന്റെ സ്വന്തം ക്രിസ്മസ് ദിവസം ഓര്‍ത്തുപോകുന്നു. പിന്നീട് കുറച്ച് തവണ യഥാര്‍ത്ഥ പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാനും അവസരം ലഭിച്ചു. അത് കൂടുതല്‍ സന്തോഷം തന്നു. ഓരോ തവണയും ഹൃദയപൂര്‍വം ഈശോയെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നത് എത്ര ആനന്ദകരമാണ്!
ക്രിസ്റ്റി ജോസ്