മറക്കാനാകുന്നില്ല ആ സ്വപ്നം

ദൈവാനുഭവത്തിലേക്ക് വന്ന ആദ്യനാളുകളില്‍ എന്റെ ഹൃദയത്തില്‍ ജനിച്ച വലിയൊരു ആഗ്രഹമായിരുന്നു യേശുവിനെ നേരിട്ടുകാണുക എന്നത്. വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിച്ചതും പലരുടെയും അനുഭവങ്ങള്‍ കേട്ടതുമൊക്കെയായിരുന്നു അതിന് കാരണം. അതിനുവേണ്ടി ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ”കര്‍ത്താവേ, എനിക്ക് നിന്നെ നേരിട്ട് കാണണം. നിന്റെ സൗന്ദര്യവും സ്‌നേഹവുമൊക്കെ എനിക്ക് നേരിട്ട് ആസ്വദിക്കണം, അനുഭവിക്കണം.”
ആ നാളുകളില്‍ പ്രാര്‍ത്ഥനയില്‍ വളര്‍ന്ന ഒരു സുഹൃത്തുമായി ഇക്കാര്യം സംസാരിക്കാന്‍ ഇടയായി. അദ്ദേഹം എന്റെ നിഷ്‌കളങ്കമായ ആഗ്രഹത്തെ പ്രോത്സാഹിപ്പിച്ചു: ”തീര്‍ച്ചയായും ഈശോ നിനക്ക് പ്രത്യക്ഷനാകും, അവിടുന്ന് നിന്നോട് സംസാരിക്കും.” അങ്ങനെ ഞാന്‍ ഈ ആഗ്രഹം മനസില്‍ വച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ചാപ്പലില്‍ ഇരിക്കുന്ന സമയത്ത് ഞാന്‍ ഈശോയോട് പറഞ്ഞു. ”ഈശോയേ, ഞാന്‍ മൂന്ന് ദിവസം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. എന്റെ ആവശ്യം ഇതാണ്, എനിക്ക് നിന്നെ നേരിട്ട് കാണണം, നിന്റെ സാമീപ്യം എനിക്ക് തരണം.”
ആദ്യത്തെ ദിവസം പ്രാര്‍ത്ഥിച്ചു, ജപമാല ചൊല്ലി, കിടന്നുറങ്ങി. അന്ന് ഒരു ദര്‍ശനവും ലഭിച്ചില്ല. ദൈവസാന്നിധ്യം അനുഭവപ്പെട്ടതുമില്ല. രണ്ടാം ദിവസവും ശക്തമായി പ്രാര്‍ത്ഥിച്ചു. അന്ന് മുട്ടിന്‍മേല്‍നിന്ന് കൈവിരിച്ചുപിടിച്ചാണ് ജപമാല ചൊല്ലിയത്. അന്ന് ഞാന്‍ എന്റെ ആഗ്രഹം ഒന്ന് മാറ്റിപ്പറഞ്ഞു, ”കര്‍ത്താവേ, സ്വപ്നത്തിലൂടെയെങ്കിലും എനിക്ക് നിന്നെയൊന്ന് കാണാന്‍ സാധിക്കണേ.” ആ ദിവസവും കടന്നുപോയി. ഇങ്ങനെയൊക്കെ പ്രാര്‍ത്ഥിക്കാനും കാരണമുണ്ട്. പലപ്പോഴും പ്രാര്‍ത്ഥനയില്‍ ഇരിക്കുമ്പോള്‍, കണ്ടിട്ടുള്ള ചിത്രങ്ങളോ രൂപങ്ങളോ ഒന്നും എനിക്ക് വേണ്ടത്ര തൃപ്തി തന്നിട്ടില്ല. കുറെ നാള്‍ ചിത്രരചന പഠിച്ച ഒരാളായതുകൊണ്ടുതന്നെ എന്റെ സങ്കല്പത്തിലുള്ള ഈശോയുടെ രൂപം അതുവരെ കണ്ട ചിത്രങ്ങളിലോ രൂപങ്ങളിലോ വന്നിട്ടില്ലെന്ന് എനിക്ക് അനുഭവപ്പെട്ടുകൊണ്ടിരുന്നു.
എന്തായാലും മൂന്നാം ദിവസമായി. അന്ന് വീട്ടില്‍ ഒരു പരിപാടി നടക്കുകയാണ്. വിവാഹം ചെയ്തയച്ച സഹോദരിമാര്‍ വന്നിട്ടുണ്ട്. എല്ലാവരോടും സംസാരിച്ചും അവരുടെ കുട്ടികളെ ലാളിച്ചുമെല്ലാം സമയം ഏറെ ചെലവഴിച്ചതുകൊണ്ട് അന്ന് ഈ നിയോഗത്തിനായി ജപമാല ചൊല്ലാന്‍ ഞാന്‍ എങ്ങനെയോ മറന്നുപോയി. അന്ന് രാത്രി ഞാന്‍ കിടന്നുറങ്ങുകയാണ്. ഏതാണ്ട് വെളുപ്പിന് നാലുമണി കഴിഞ്ഞുകാണും. ആ സമയത്ത് ഞാനൊരു സ്വപ്നം കണ്ടു.
ഞാനൊരു കടല്‍ക്കരയില്‍ നില്ക്കുകയാണ്. അടുത്തെങ്ങും മറ്റാരുമില്ല. ഇളംകാറ്റ് വീശുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അതാ ഒരു വ്യക്തി തീരം ചേര്‍ന്ന് നടന്നുവരുന്നു. വെള്ളയുടുപ്പും ചുവന്ന ഷാളുമണിഞ്ഞ് മുടി നീട്ടിവളര്‍ത്തിയ ഒരാള്‍. എന്നെ നോക്കി ചിരിച്ചുകൊണ്ടാണ് വരുന്നത്! അത് മറ്റാരുമല്ല, ഈശോതന്നെ!! ഞാന്‍ വലിയ ആനന്ദത്താല്‍ നിറഞ്ഞു. എന്റെ അടുത്തുകൂടെ നടന്നുവന്നിട്ട് അവിടുന്ന് പറഞ്ഞു, ”നിന്റെ അനുഭവങ്ങള്‍ ഞാന്‍ സാക്ഷ്യമാക്കും, സാക്ഷ്യമാക്കിയിരിക്കും!” ഒരു പ്രവചനംപോലെ ഈ വാക്കുകള്‍ പറഞ്ഞിട്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് അവിടുന്ന് നടന്നുപോയി.
ഈ സ്വപ്നം കണ്ട് ഉടനെതന്നെ ഞാന്‍ എഴുന്നേറ്റു. കണ്ടത് ഒരു സ്വപ്നമായിരുന്നു എന്നെനിക്ക് തോന്നിയില്ല. അതൊരു ദര്‍ശനംപോലെതന്നെയായിരുന്നു. സമയമേറെ കഴിഞ്ഞിട്ടും അത് മനസില്‍നിന്ന് മാഞ്ഞുപോയില്ല. ചിത്രങ്ങളിലൊന്നും ഞാന്‍ കണ്ട രൂപമായിരുന്നില്ല അവിടുത്തേത്. അതിനെക്കാള്‍ എത്രയോ മടങ്ങ് സൗന്ദര്യവും സ്‌നേഹവും ആനന്ദവും നിറഞ്ഞ ഒരു ഈശോയെയാണ് ഞാന്‍ കണ്ടത്. ഒത്ത ഒരു മനുഷ്യനെ! അതിസുന്ദരനായ ഒരു മനുഷ്യനെ! ഷാരോണിലെ പനിനീര്‍പുഷ്പംപോലെ സുന്ദരനായ മനുഷ്യനെ! സ്വപ്നമെല്ലാം അവസാനിച്ചെങ്കിലും ആ വാക്കുകള്‍ എന്റെ മനസില്‍ ആഴത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി.
പിന്നീടുള്ള എന്റെ ജീവിതയാത്രയില്‍ സഹനങ്ങളും വേദനകളും കടന്നുവന്നപ്പോഴൊക്കെ ഈശോയുടെ ആ വാക്കുകള്‍ എന്റെ മനസില്‍ ആശ്വാസമായി പെയ്തിറങ്ങി. അന്ന് അവിടുന്ന് പറഞ്ഞ ആ വാഗ്ദാനം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നിറവേറിക്കൊണ്ടിരുന്നു. ഇതിനിടയില്‍ പല ധ്യാനകേന്ദ്രങ്ങളിലും സാക്ഷ്യം പങ്കുവയ്ക്കാന്‍ എനിക്ക് അവസരം കിട്ടി. എന്നാല്‍ ഒടുവില്‍ 2014-ല്‍ ശാലോം ടൈംസില്‍ എന്റെ ജീവിതസാക്ഷ്യം പ്രസിദ്ധീകരിച്ചു. ആ മാസിക എന്റെ കൈയില്‍ കിട്ടിയപ്പോള്‍ എന്റെ ഹൃദയത്തില്‍ അവിടുത്തെ വാക്കുകള്‍ വീണ്ടും ശക്തമായി മുഴങ്ങി, ”നിന്റെ അനുഭവങ്ങള്‍ ഞാന്‍ സാക്ഷ്യമാക്കും, സാക്ഷ്യമാക്കിയിരിക്കും!”
ഇപ്പോള്‍ ഈ അനുഭവം ഇവിടെ പങ്കുവച്ചത് എന്റെ ബോധ്യം വ്യക്തമാക്കാനാണ്. വിശുദ്ധര്‍ക്ക് ഈശോ പ്രത്യക്ഷപ്പെട്ടു, ദര്‍ശനങ്ങള്‍ നല്കി. അവരും നമ്മെപ്പോലെ സാധാരണ മനുഷ്യരായിരുന്നു; സാധാരണ കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്നവര്‍. ചിലരൊക്കെ പാപാവസ്ഥയിലായിരുന്നു. ചിലരൊക്കെ ജനനംമുതല്‍ വിശുദ്ധിയില്‍ ജീവിച്ചവരാണ്. ചിലരാകട്ടെ കഠിനപാപാവസ്ഥയില്‍നിന്ന് വിശുദ്ധജീവിതത്തിലേക്ക് വന്നവരാണ്. അവര്‍ക്കെല്ലാം ഈശോയുടെ ദര്‍ശനങ്ങളും വ്യക്തമായ ദൈവാനുഭവങ്ങളും വെളിപാടുകളും ലഭിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലും ഹൃദയംകൊണ്ട് ആഗ്രഹിച്ചാല്‍ ഈശോ പ്രത്യക്ഷപ്പെടുന്ന, ഈശോ സംസാരിക്കുന്ന, അനുഭവം ഉണ്ടാകും.
എനിക്കുണ്ടായ സ്വപ്നം ഇന്നും മനസില്‍ തങ്ങിനില്ക്കുന്നു. സാധാരണയായി ഒരു സ്വപ്നം കണ്ടാല്‍ സാവധാനം നാമത് മറന്നുപോകും. എന്നാല്‍ ഇത് ഈശോ തന്ന സ്വപ്നമായതുകൊണ്ട് ഇന്നും ഹൃദയത്തില്‍ നിറഞ്ഞുനില്ക്കുകയാണ്. എന്റെ കുഞ്ഞ് ആഗ്രഹം ഈശോ ഏറ്റെടുത്ത് സാധിച്ചുതന്നു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു ആഗ്രഹം തോന്നിയാല്‍ വിട്ടുകളയരുത്. ഇത്തരം ആഗ്രഹങ്ങള്‍ നമ്മെ ദൈവാനുഭവത്തില്‍ വളരാന്‍
സഹായിക്കും. അവിടുത്തേക്ക്
എല്ലാ മഹത്വവും!


ഷാനവാസ് ഫ്രാന്‍സിസ്‌

Leave a Reply

Your email address will not be published. Required fields are marked *