എന്റെ കുഞ്ഞുമകള്‍ക്ക് എപ്പോഴും ഞാന്‍ അടുത്തുതന്നെ വേണം. വൈകുന്നേരം ഓഫിസില്‍നിന്നും വന്നാല്‍ അവളുടെ കൂടെ ഇരിക്കണം എന്നു നിര്‍ബന്ധമാണ്. അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല. അതിനാല്‍ത്തന്നെ വീട്ടുജോലികള്‍ തീര്‍ക്കാനും പ്രത്യേകിച്ച്, ഭക്ഷണമുണ്ടാക്കാനുമെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു.
ഓഫിസില്‍, ഉച്ചഭക്ഷണത്തിനുള്ള ഇടവേളയില്‍ കുറച്ച് സമയം പ്രാര്‍ത്ഥിക്കാറുണ്ട്. അന്ന്, പ്രാര്‍ത്ഥിക്കാനിരുന്നപ്പോള്‍ ഈശോയോട് ഇങ്ങനെ പറഞ്ഞു: ”ഈശോയേ, ഇങ്ങനെ പ്രാര്‍ത്ഥിക്കാമോ എന്നറിയില്ല. കാരണം, രോഗവും വൈകല്യങ്ങളുമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരുടെ സഹനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഈ ചെറിയ പ്രശ്‌നം മാറ്റിത്തരാന്‍ പ്രാര്‍ത്ഥിക്കുന്നത് ശരിയാണോ എന്ന് ഒരു സംശയം.”
പ്രാര്‍ത്ഥന കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ കാന്റീനില്‍ ചെന്നു. കൂടെയിരുന്ന ചേച്ചിയുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കവേ, കുഞ്ഞിന്റെ ഈ പ്രശ്‌നവും പറഞ്ഞു. എന്നാല്‍ ആരും പറയാന്‍ സാധ്യതയില്ലാത്ത ഒരു മറുപടിയാണ് ചേച്ചി തന്നത്: ”നല്ല കാര്യം. അത് വളരെ നല്ലതാ.” ഞാന്‍ കേട്ടതിന്റെ കുഴപ്പമാണെന്നാണ് ആദ്യം കരുതിയത്.
പക്ഷേ, ചേച്ചി തുടര്‍ന്നു: ”കുഞ്ഞുങ്ങളുടെ മാനസികവളര്‍ച്ചയ്ക്ക് അവരോട് നമ്മള്‍ സംസാരിക്കുകയും കൂടെ കളിക്കുകയും ഒക്കെ വേണം. കുഞ്ഞുതന്നെ അത് ആവശ്യപ്പെടുന്നു എന്നത് വളരെ നല്ല കാര്യം. എവിടെയെങ്കിലും ഒരു കോണില്‍ ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരുന്നാല്‍ സമാധാനമായി ജോലികള്‍ തീര്‍ക്കാനായിരിക്കും നമ്മള്‍ ശ്രമിക്കുക.”
ഞാന്‍ ഞെട്ടിപ്പോയി! കാരണം, ഈശോയോട് പത്തുമിനിറ്റ് മുമ്പ് ഞാന്‍ ഇതിനെക്കുറിച്ചാണല്ലോ സംസാരിച്ചത്. എത്ര പെട്ടെന്നാണ് എനിക്കാവശ്യമായ തിരിച്ചറിവ് ആ ചേച്ചിയിലൂടെ അവിടുന്ന് പകര്‍ന്നു നല്കിയത്. എന്നാല്‍, ഈശോ നമ്മോട് സംസാരിക്കും എന്ന് പലര്‍ക്കും അറിയില്ല. വിശുദ്ധരോടു മാത്രമല്ല, നമ്മളെല്ലാവരോടും അവിടുന്ന് സംസാരിക്കുന്നുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ഉത്തരം ലഭിക്കണമെന്നില്ല. എങ്കില്‍പോലും നമ്മള്‍ പറയുന്നത് അവിടുന്ന് കേള്‍ക്കുന്നുണ്ട്. ഉത്തരങ്ങളും പരിഹാരങ്ങളും സര്‍വോപരി വര്‍ദ്ധിച്ച സ്‌നേഹവുമായി കാത്തിരിക്കുന്ന ഈശോയോടുള്ള സൗഹൃദത്തിലേക്കു വരാന്‍ ആര്‍ക്കെങ്കിലും എന്റെ ഈ അനുഭവം പ്രചോദനം ആയെങ്കിലോ എന്നു തോന്നിയതിനാലാണ് ഇത് എഴുതുന്നത്.
മറ്റൊരു കാര്യം, ഈ ‘പേരന്റിങ്ങ് ടിപ്’ ഞാന്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ സ്വഭാവത്തിലും വ്യത്യാസം വന്നുതുടങ്ങി. കാരണം, അവള്‍ വാശി പിടിച്ചില്ലെങ്കിലും അവള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ഇപ്പോള്‍ നിര്‍ബന്ധം എനിക്കാണ്.
അന്ന ജോസ്