സ്വര്‍ഗത്തില്‍ ആകെ ഒരു അസ്വസ്ഥത. പിതാവായ ദൈവം കുനിഞ്ഞ ശിരസുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന് കണ്ടാലറിയാം. ഗാഢമായ ആലോചനയിലും ടെന്‍ഷനിലുമാണ്. ഹൃദയത്തില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന-അല്ല, അവിടുത്തെ ഹൃദയംതന്നെയായ പുത്രനെ കൂടെക്കൂടെ ഗാഢമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നു. എന്തോ കഠിന ദുഖം അവിടുത്തെ അലട്ടുന്നുണ്ടെന്നത് ഉറപ്പ്. മുഖം കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു.
ഒടുവില്‍ പുത്രന്‍ അപ്പന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു ചെവിയില്‍ മന്ത്രിച്ചു: ”അപ്പാ, സമയമായി. പോകാന്‍ എന്നോട് കല്പിച്ചാലും.” അതുകേട്ടതേ പിതാവിന്റെ സകല നിയന്ത്രണവും നഷ്ടമായി. അവിടുന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. ‘ഉവ്വ് മോനേ, എന്റെ മക്കള്‍ നശിച്ചുപോകരുത്. പക്ഷേ… എനിക്ക് മോനെ പിരിയാന്‍ കഴിയുന്നില്ല… അതും ആ ക്രൂരന്മാരായ ചെന്നായ്ക്കളുടെ അടുത്തേക്ക് ഒരു പാവം കുഞ്ഞാടായാണല്ലോ മോന്‍ പോകുന്നത്. ഏറ്റവും ദരിദ്രശിശുവായി പിറക്കണമല്ലോ. സകലരാലും അവഗണിക്കപ്പെട്ട്… ഹോ എന്റെ പ്രിയ മകനേ, ഇവിടെ മാലാഖമാരാല്‍ നിരന്തരം ആരാധിക്കപ്പെടുന്ന, സ്വര്‍ഗത്തിന്റെ ആനന്ദമായ, എന്റെ ഹൃദയത്തിന്റെ മുഴുവന്‍ സ്‌നേഹമായ നീ വെറുക്കപ്പെടാനായി മനുഷ്യരാല്‍ വൃത്തിഹീനമാക്കപ്പെട്ട ആ അഴുക്കുചാലിലേക്ക് പോവുകയാണോ? അതേ, പോകണം… പാപമാലിന്യങ്ങളില്‍ മുങ്ങിത്താണുപോയ എന്റെ മനുഷ്യമക്കളെ രക്ഷിക്കണം… പക്ഷേ എനിക്ക് സഹിക്കാനാകുന്നില്ല… ”
”ഉവ്വ് പിതാവേ, അഴുക്കുചാലില്‍ വീണ് ജീവനറ്റവരെ രക്ഷിക്കാന്‍ അഴുക്കുചാലില്‍ ഇറങ്ങാതെ, അതിലെ മാലിന്യവും ദുര്‍ഗന്ധവും സഹിക്കാതെ തരമില്ലല്ലോ.” ”അതെ അവരെ സ്വര്‍ഗത്തില്‍ എന്റെ മടിയില്‍ എത്തിക്കണം. മോന്‍ പോയില്ലെങ്കില്‍ അവര്‍ എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെടും; ശത്രു അവരെ നിത്യനരകത്തിലേക്ക് വലിച്ചിഴക്കും. എന്റെ മനുഷ്യമക്കള്‍ക്ക് പകരം വയ്ക്കാന്‍ നീ മാത്രമേ ഉളളൂ. ഞാന്‍ അവരെ അത്ര അധികമായി സ്‌നേഹിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ സ്‌നേഹവുമായ നീ പോവുക.” പിതാവ് തന്റെ ഹൃദയംതന്നെയായ പുത്രനെ, (യോഹന്നാന്‍ 1/18) ഹൃദയം പിഴുതെടുക്കുന്ന അതേ വേദനയോടെ പറിച്ചെടുത്തിട്ട് ഗബ്രിയേല്‍ ദൂതനോട് കല്പിച്ചു: ”വേഗമാകട്ടെ… എന്റെ പുത്രന് മനുഷ്യ ജന്മമെടുക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യൂ.”
ഇത്, പുത്രനെ ഭൂമിയിലേക്ക് അയക്കുമ്പോള്‍ പിതാവിനുണ്ടായ വേദനയെക്കുറിച്ച് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ഭാവനാ വിവരണമാണ്.
”… അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹന്നാന്‍ 3/16) എന്ന വചനത്തിന്റെ ചുരുള്‍ അഴിയപ്പെടുകയാണ് ഇവിടെ. യഥാര്‍ത്ഥത്തില്‍ സ്വര്‍ഗത്തില്‍ സംഭവിച്ചത് ഇതിലും എത്രയോ വേദനാകരമായിക്കും.
ഈ ക്രിസ്മസില്‍, പിതാവായ ദൈവത്തിന് നമ്മോടുള്ള സ്‌നേഹത്തെ ധ്യാനിക്കാം. പുത്രനോടുകൂടെ സ്വര്‍ഗമുള്‍പ്പെടെ സമസ്തവും അവിടുന്ന് നമുക്ക് ദാനമായി നല്കിക്കഴിഞ്ഞല്ലോ (റോമാ 8/32). പുത്രനോടൊപ്പം അവയെല്ലാം ഈ ക്രിസ്മസില്‍ നമുക്ക് സ്വന്തമാക്കുകയും ചെയ്യാം.
പിതാവേ, ഞങ്ങളോടുള്ള അവിടുത്തെ സ്‌നേഹത്താല്‍ അങ്ങയുടെ സ്വന്തം പുത്രനെ ഞങ്ങളുടെ രക്ഷകനായി അയച്ച അങ്ങയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. എല്ലാവരും ഈ രക്ഷകനെ സ്വന്തമാക്കാന്‍ ഇടയാക്കണമേ, ആമ്മേന്‍.