പുതിയ കൂട്ടുകാർ

ഇന്നു ഞാൻ കളിക്കാൻ വരുന്നില്ല” കളിക്കാൻ വിളിക്കാനെത്തിയ കൂട്ടുകാരോട് കിഷോർ എന്ന കിച്ചുവിന്റെ മറുപടി. അതു കേട്ട കൂട്ടുകാർമാത്രമല്ല വീട്ടുകാരും ഞെട്ടി. കാരണം സാധാരണ കിച്ചുവിന്റെ പതിവുകൾ അതൊന്നുമല്ല.

രാവിലെ എഴുന്നേറ്റാലുടനെ മുറിയിലെ മേശയിൽ വച്ചിരിക്കുന്ന ഈശോയുടെ ചിത്രം നോക്കും. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ‘ഈശോയേ, ഗുഡ് മോണിങ്ങ്’ എന്നു പറയും. പിന്നെ വേഗം പോയി പല്ലുതേച്ചിട്ട് തിരികെ വരും. വീണ്ടും ഈശോയുടെ ചിത്രത്തിനരികിൽ വന്നിരുന്ന് കുറച്ചുനേരം സംസാരിക്കും. രാത്രി കണ്ട സ്വപ്നത്തെക്കുറിച്ചോ അല്ലെങ്കിൽ അന്നത്തെ ദിവസം കൂട്ടുകാരുമൊത്ത് കളിക്കാൻ പോകുന്നതിനെക്കുറിച്ചോ ഒക്കെയായിരിക്കും സംസാരം. അതെല്ലാം ഈശോയോടു പറഞ്ഞുകഴിഞ്ഞാൽപ്പിന്നെ കിച്ചുവിന് എന്തു സന്തോഷമാണെന്നോ.

പിന്നെ വീട്ടിൽ അമ്മയുടെയും അപ്പയുടെയും അമ്മച്ചിയുടെയും അപ്പച്ചന്റെയുമൊക്കെ അടുത്തുപോകും. അവരോടും ഗുഡ് മോണിങ്ങ് പറയും. അത് അവർക്കെല്ലാം വളരെ ഇഷ്ടമുള്ള കാര്യമാണ്. അവധിക്കാലമായതുകൊണ്ട് പഠിക്കേണ്ട തിരക്കൊന്നുമില്ല. അതിനാൽ ചായയൊക്കെ കുടിച്ച് ചേച്ചിക്കും ചേട്ടനുമൊപ്പം ചിരിയും കളിയും ഇത്തിരി പിണക്കവുമൊക്കെയായി ഇരിക്കുമ്പോഴേക്കും അവന്റെ കൂട്ടുകാരെത്തും. കളിക്കാൻ കിച്ചുവിനെയും കൂട്ടിക്കൊണ്ടുപോകാനാണ് അവരുടെ വരവ്. അവർ മുറ്റത്തെത്തുമ്പോഴേക്കും കിച്ചു തയാറായിട്ടുണ്ടാകും. ”ഞാൻ പോവുകയാ” എന്നു പറഞ്ഞുതീരുമ്പോഴേ കുട്ടിക്കൂട്ടം മുറ്റം കടന്നിരിക്കും.

അങ്ങനെയുള്ള കിച്ചുവാണ് ”ഇന്നു ഞാൻ കളിക്കാൻ വരുന്നില്ല” എന്നു പറഞ്ഞത്. എല്ലാവരും അവനെ ആകാംക്ഷയോടെ നോക്കി. കൂട്ടുകാരോട് അവൻ വിശദീകരിച്ചു: ”ഇന്നലെ ഞാൻ അപ്പച്ചന്റെകൂടെ, അപ്പച്ചന്റെ കൂട്ടുകാരൊക്കെയുള്ള ‘സ്‌നേഹസദൻ’ കാണാൻ പോവുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ലേ. ഞാൻ ചെന്ന് കൂടെ കളിച്ചപ്പോൾ അവർക്കെല്ലാം വളരെ സന്തോഷമായി. ഇന്നും ചെല്ലണമെന്ന് പറഞ്ഞാണ് വിട്ടത്. അതുകൊണ്ട് ഇന്നു രാവിലെത്തന്നെ ഞാൻ അപ്പച്ചന്റെകൂടെ അവിടെ പോകാനിരിക്കുകയാ. അവർ എന്റെ പുതിയ കൂട്ടുകാരാ”
”വേണ്ടെടാ, ഉച്ചകഴിഞ്ഞ് പോയാൽമതി. രാവിലെ നമുക്ക് കളിക്കാം” അമൽ പറഞ്ഞു.
”അയ്യോ, അതു പറ്റില്ല. ഞാൻ ഈശോയോട് പറഞ്ഞുകഴിഞ്ഞു. നാളെമുതൽ ഉച്ചകഴിഞ്ഞേ പോകുന്നുള്ളൂ. പക്ഷേ ഇന്ന് രാവിലെതന്നെ പോകണം. അല്ലേ അപ്പച്ചാ”
കിച്ചു അപ്പച്ചനെ നോക്കി.

”അതെ, അതെ” അപ്പച്ചൻ പറഞ്ഞു.
കിച്ചുവിന്റെ ഉറച്ച തീരുമാനം കേട്ട കൂട്ടുകാർക്കെല്ലാം ഒരു വിഷമം. ”എന്നാൽപ്പിന്നെ ഞങ്ങളും വരാം നിന്റെകൂടെ”
”എന്നാൽ വാ. നല്ല രസമായിരിക്കും. അവിടത്തെ അപ്പച്ചൻമാർക്കും അമ്മച്ചിമാർക്കും നല്ല സന്തോഷമാകും”
”എന്നാൽ ശരി.

ഞങ്ങൾ വീട്ടിൽ പറഞ്ഞിട്ട് വേഗം വരാം” കൂട്ടുകാരെല്ലാം വീടുകളിലേക്കോടി.
അല്പനേരം കഴിഞ്ഞ് എ ല്ലാവരുമെത്തിയപ്പോൾ അ വർ ഒരുമിച്ച് സ്‌നേഹസദനിലെത്തി. അവരുടെ കളിചിരികൾകൊണ്ട് അവിടെയുള്ളവരെയെല്ലാം സന്തോഷിപ്പിച്ചു. വൈകുന്നേരമാണ് അവർ തിരികെപ്പോന്നത്. ഭക്ഷണമെല്ലാം അമ്മയും അമ്മച്ചിയും തയാറാക്കി എത്തിച്ചുകൊടുത്തു.
അന്നു രാത്രി കിച്ചു സ്വപ്നം കണ്ടത് അപ്പച്ചൻമാരെയും അമ്മച്ചിമാരെയും സന്തോഷിപ്പിക്കാനായി തന്റെയും കൂട്ടുകാരുടെയും കൂടെ കളിക്കുന്ന ഈശോയെയാണ്…

1 Comment

  1. Merlin Antony says:

    എല്ലാ ആളുകളിലും ഈശോയെ കാണുവാന്‍ ഉള്ള ഒരു മനസാണ് നമുക്ക് വേണ്ടത്. അതിനായി ദൈവമാതവിനോട് ചേര്‍ന്ന് നിന്ന് പ്രാര്‍ത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *