പ്രാര്‍ത്ഥനയ്ക്കുത്തരം ലഭിക്കുന്നത് എങ്ങനെ?


2020 ഒക്‌ടോബര്‍ മാസം, പ്രസവാനന്തരം ആശുപത്രിയില്‍ ആയിരിക്കവേ, തൊട്ടടുത്ത റൂമില്‍ രണ്ടുദിവസം പ്രായമുള്ള ഒരു കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേള്‍ക്കാമായിരുന്നു. രാവും പകലും ആ കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. നഴ്‌സുമാരുടെയും കുട്ടിയുടെ അമ്മയുടെയും സംഭാഷണങ്ങളില്‍നിന്ന് കുട്ടിക്ക് കുടിക്കാന്‍ മുലപ്പാല്‍ കുറവാണെന്നും കുട്ടി വലിച്ച് കുടിക്കുന്നില്ലെന്നുമൊക്കെ മനസിലായി.
ആദ്യപ്രസവം ആയതുകൊണ്ട് വേണ്ടവിധം പാലൂട്ടാന്‍ ആ കുഞ്ഞിന്റെ അമ്മയ്ക്ക് കഴിയുന്നുണ്ടായിരുന്നില്ല. നഴ്‌സുമാര്‍ മാറിമാറി പറഞ്ഞുകൊടുത്തിട്ടും കുഞ്ഞിന്റെ കരച്ചില്‍ കൂടുകയല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല. രക്തത്തില്‍ ബിലിറൂബിന്‍ കൂടി കുഞ്ഞിനെ പന്ത്രണ്ട് മണിക്കൂര്‍ ഫോട്ടോതെറാപ്പിയില്‍ ഇടാന്‍ പീഡിയാട്രീഷ്യന്‍ പറഞ്ഞതും ഞാന്‍ അറിഞ്ഞു. നാലാം ദിവസം രാത്രി. സഹിക്കാന്‍ പറ്റാത്തത്രയും ഉറക്കെ ആ കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു. കേള്‍ക്കുന്ന ആര്‍ക്കും വിഷമം തോന്നുമാറ് അത്ര ഉച്ചത്തില്‍ ആയിരുന്നു കരച്ചില്‍.
എന്തെങ്കിലുമൊന്ന് ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ടിരിക്കവേ, എന്റെ കുഞ്ഞിന്റെ തലയണയ്ക്കടിയില്‍ സൂക്ഷിക്കാന്‍ അമ്മ തന്നിരുന്ന ക്രൂശിതരൂപം കൈയിലെടുത്ത് മുറുകെ പിടിച്ച് പ്രാര്‍ത്ഥിക്കാന്‍ തോന്നി. ഈശോയേ, എന്റെ യോഗ്യതയാലല്ല, കുരിശില്‍ ഞങ്ങള്‍ക്കുവേണ്ടി തൂങ്ങിമരിച്ച യേശുവിന്റെ തിരുരക്തത്തിന്റെയും തിരുശരീരത്തിന്റെയും യോഗ്യതയാല്‍, ലോകം മുഴുവന്‍ ഈ നിമിഷം അര്‍പ്പിക്കുന്ന ദിവ്യബലിയുടെ യോഗ്യതയാല്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംവഴി അങ്ങ് ഈ കുഞ്ഞിനെ ശാന്തനാക്കണമേ. ഈ അത്ഭുതം ശാലോം മാസികയിലേക്ക് എഴുതി അറിയിക്കാനും മനസില്‍ ഉറപ്പിച്ച് വിശ്വസിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അല്പസമയം കഴിഞ്ഞപ്പോള്‍ പുതിയൊരു നഴ്‌സ് വന്ന് ആ കുഞ്ഞിന്റെ അമ്മയെ പാലൂട്ടുന്നതിനെപ്പറ്റി വിശദമായി പറഞ്ഞു മനസിലാക്കുന്നത് കേട്ടു. കുഞ്ഞിന് പാല്‍ വലിച്ചുകുടിക്കാന്‍വേണ്ട എല്ലാ സഹായങ്ങളും ആ നഴ്‌സ് ചെയ്തുകൊടുത്തു. പിന്നീട് കുഞ്ഞിന്റെ കരച്ചില്‍ കുറഞ്ഞുവരുന്നതായി മനസിലായി. എല്ലാ നേരവും സുഖമായി മുലപ്പാല്‍ കുടിച്ച് ശാന്തമായി കിടക്കുന്ന കുഞ്ഞിനെ നോക്കി സമാധാനിക്കുന്ന അമ്മയുടെ വാക്കുകള്‍ കേള്‍ക്കാനും പറ്റുന്നുണ്ടായിരുന്നു. ആ സംഭവം എനിക്ക് വലിയ ആശ്വാസവും സന്തോഷവും പകര്‍ ന്നു. നാം വിചാരിക്കാത്ത വഴികളിലൂടെ പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്ന ഈശോയ്ക്ക് മഹത്വം!


ആതിര എഡ്‌വിന്‍

Leave a Reply

Your email address will not be published. Required fields are marked *