മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്നത്…

 

കല്‍ക്കട്ടായിലെ മദര്‍ തെരേസായുടെ കോണ്‍വെന്റില്‍ പോയപ്പോള്‍ അവിടത്തെ ചാപ്പലിനുള്ളിലെ മദറിന്റെ രൂപം എന്നെ വല്ലാതെ ആകര്‍ഷിച്ചു. വാതിലിനോടു ചേര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുന്ന മദറിന്റെ ഹൃദയസ്പര്‍ശിയായ ഒരു രൂപമാണത്. ഒരു കൗതുകം കൊണ്ട് ആ രൂപത്തോട് ചേര്‍ന്നിരുന്ന് അല്പസമയം പ്രാര്‍ത്ഥിച്ചതും ഓര്‍ക്കുന്നു.
ചാപ്പലില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്ന വ്യക്തി മദര്‍ തെരേസയുടെ കൂടെ ആദ്യ ബാച്ചില്‍ ഉണ്ടായിരുന്ന ഒരു സിസ്റ്ററിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഞാന്‍ ആ സിസ്റ്ററിനോട് ചോദിച്ചു: ”എന്തുകൊണ്ടാണ് മദര്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന രൂപം അള്‍ത്താരയുടെ മുമ്പില്‍ വയ്ക്കാതെ പള്ളിയുടെ പുറകില്‍ ഭിത്തിയോടു ചേര്‍ത്ത് വച്ചിരിക്കുന്നത്?”
വൃദ്ധയായ ആ സിസ്റ്റര്‍ പുഞ്ചിരിച്ചുകൊണ്ടിങ്ങനെ മറുപടി പറഞ്ഞു: ”അച്ചാ, വളരെ നല്ല ചോദ്യം. അച്ചന്‍ മദറിന്റെ ജീവചരിത്രം വായിച്ചിട്ടുണ്ടെന്നു കരുതുന്നു. പ്രേഷിത ചൈതന്യത്താല്‍ ജ്വലിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അവര്‍. പ്രാര്‍ത്ഥിക്കാന്‍പോലും സമയമില്ലാതെയുള്ള പ്രേഷിത പ്രവര്‍ത്തനം, അതായിരുന്നു ആദ്യത്തെ മദര്‍. പ്രേഷിതവേലതന്നെയാണ് പ്രാര്‍ത്ഥനയും എന്നവര്‍ വിശ്വസിച്ചിരുന്നു.
എന്നാല്‍ പിന്നീടവര്‍ക്ക് മനസിലായി, തമ്പുരാനില്‍നിന്ന് ശക്തി ലഭിക്കാതെയുള്ള സേവനങ്ങളെല്ലാം ദൈവികമല്ല മാനുഷികമാണെന്ന്. അതില്‍ ദൈവത്തിനല്ല മഹത്വം മനുഷ്യനാണെന്ന്. ആ ബോധ്യം ലഭിച്ച അന്നുമുതല്‍ മരണംവരെ, അമ്മ ഇവിടെ ഉള്ള സമയങ്ങളില്‍ ചാപ്പലിലെ പുറകിലെ ഭിത്തിയോട് ചേര്‍ന്നിരുന്ന് മണിക്കൂറുകളോളം പ്രാര്‍ത്ഥിക്കുമായിരുന്നു… അതു കൊണ്ടാണ് അതേ സ്ഥലത്ത് അങ്ങനെയൊരു രൂപം ഞങ്ങള്‍ വച്ചിരിക്കുന്നത്.”
മദറിന്റെ രൂപത്തില്‍ മറഞ്ഞിരുന്ന ആ വലിയ സത്യം മനസിലാക്കുമ്പോള്‍ ക്രിസ്തുവിന്റെ ഒരു വചനം ഓര്‍ക്കുന്നു, ”ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവര്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു” (യോഹന്നാന്‍ 3/31).
അതെ, നമ്മളെല്ലാവരും ഭൂമിയില്‍ നിന്നുളളവരാണ്. എന്നാല്‍ ക്രിസ്തുവുണ്ട് സ്വര്‍ഗീയനായി, ഉന്നതത്തില്‍നിന്ന് വന്നവന്‍. അവനിലേക്ക് കണ്ണുകളുയര്‍ത്തി അവന്റെ മഹത്വത്തിനു വേണ്ടി നന്മകള്‍ ചെയ്യുമ്പോള്‍ നമ്മളും ദൈവികരാകും. ഈ കാലഘട്ടത്തില്‍ കുറേയേറെ നന്മപ്രവൃത്തികള്‍ നാമും ചെയ്യുന്നില്ലേ? എന്നാല്‍ നമ്മുടെ സേവനങ്ങളില്‍ നിഴലിക്കുന്നത് നമ്മളാണോ അതോ ക്രിസ്തുവാണോ?
യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയും ദൈവവിശ്വാസവും കൂടാതെയുള്ള കേവലനന്മപ്രവൃത്തികള്‍ ചിലപ്പോള്‍ നമ്മെ അഹങ്കാരികളാക്കും. അങ്ങനെയുള്ള പ്രവൃത്തികളുടെയെല്ലാം കേന്ദ്രബിന്ദു നമ്മള്‍ തന്നെയായിരിക്കും. അതെല്ലാം ഒരു തരത്തില്‍ ക്രിസ്തുവില്ലാത്ത ക്രിസ്തുമസ് കാര്‍ഡ് പോലെയാകും.


ഫാ. ജെന്‍സണ്‍ ലാസലെറ്റ്‌

Leave a Reply

Your email address will not be published. Required fields are marked *