ഒന്നിച്ചുയർന്നത് പുണ്യപദത്തിലേക്ക്

”ക്രിസ്തുവിനെ ഉപേക്ഷിച്ച് അന്യമതവിശ്വാസം സ്വീകരിക്കുന്നതിനെക്കാൾ ആയിരം വട്ടം ക്രിസ്തുവിനുവേണ്ടി മരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഘനഗാംഭീര്യത്തോടെ മുഴങ്ങിയ ആ വാക്കുകൾ തുർക്കികളെ കൂടുതൽ പ്രകോപിതരാക്കി. ഒറ്റ്‌റാന്റോ നിവാസിയായ അന്റോണിയോ പ്രിമാൾഡോയാണ് അവർക്കുമുന്നിൽ നിന്ന് ധൈര്യത്തോടെ അതു പറഞ്ഞത്.

1453 മെയ് 29-നാണ് ഒറ്റ്‌റാന്റോ നിവാസികളുടെ അസാധാരണ ചെറുത്തുനിൽപ്പിന്റെ കഥ ആരംഭിക്കുന്നത്. അന്നാണ് ഒട്ടോമൻ സൈന്യം കോൺസ്റ്റാന്റിനോപ്പിൾ (ഇപ്പോഴത്തെ ഇസ്താംബുൾ, ടർക്കി) കീഴടക്കുന്നത്. തുടർന്ന് റോം ലക്ഷ്യമാക്കി നീങ്ങിയ ഒട്ടോമൻ സൈന്യം പതിനായിരത്തോളം ആളുകൾമാത്രം വസിക്കുന്ന ഒറ്റ്‌റാന്റോയിൽ ആക്രമണം ആരംഭിച്ചു. 250 കപ്പലുകളും 18,000 സൈനികരുമായെത്തിയ ശക്തരായ ഒട്ടോമൻ സൈന്യത്തിന്റെ ആക്രമണത്തെ ആ ചെറുനഗരം 15 ദിവസം ചെറുത്തു നിന്നു. അവസാനം കോട്ടകൾ തകർത്ത സൈന്യം നഗരത്തിനകത്ത് കടന്ന് കത്തീഡ്രലിലെത്തി.

ഭൗതിക ചെറുത്തുനിൽപ്പ് അവസാനിച്ചിടത്തു നിന്ന് ഒറ്റ്‌റാന്റോയിലെ ക്രൈസ്തവസമൂഹത്തിന്റെ ആത്മീയ ചെറുത്ത് നിൽപ്പ് ആരംഭിക്കുകയായിരുന്നു. ദേവാലയത്തിൽ ക്രൂശിതരൂപവും പിടിച്ച് നിന്നിരുന്ന ആർച്ച് ബിഷപ് സ്‌റ്റെഫാനോ അഗ്രിക്കോളോയെയും ബിഷപ് പെൻഡിനെല്ലിയെയും അൾത്താരയുടെ മുമ്പിൽ അവർ വാളിനിരയാക്കി. കത്തീഡ്രൽ തകർത്തതി നുശേഷം കൂടെയുണ്ടായിരുന്ന വൈദികരെയും അവർ കൊലപ്പെടുത്തി.

മുതിർന്ന പൗരൻമാരെയും ചെറിയ കുട്ടിളെയും വധിച്ച സൈന്യം സ്ത്രീകളെയും മുതിർന്ന കുട്ടികളെയും അടിമക്കമ്പോളത്തിൽ വിൽക്കുന്നതിനായി പിടിച്ചുകൊണ്ടുപോയി. ഒന്നുകിൽ മതംമാറുക അല്ലെങ്കിൽ മരിക്കാൻ തയാറാവുക – അവശേഷിച്ച ആരോഗദൃഢഗാത്രരായ 800-ഓളം പുരുഷൻമാഷരോട് തുർക്കികൾ ആവശ്യപ്പെട്ടു. ധീരരക്തസാക്ഷികളുടെ മുൻനിരയിലേക്ക് ഉയരാൻ അന്റോണിയോ പ്രി മാൾഡോ എന്ന ക്രിസ്താനുയായിക്ക് അവസരം ലഭിച്ചു എന്നതായിരുന്നു അതുകൊണ്ടുണ്ടായ പ്രയോജനം.

800-ഓളം പേരുടെയും പ്രതിനിധിയായി സംസാരിച്ച അന്റോണിയോ ക്രിസ്തുവിശ്വാസം ത്യജിക്കുന്നതിനെക്കാൾ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ടണ്ട് കൂടെയുള്ളവർക്കുകൂടി ധൈര്യം പകർന്നു. അതിനുത്തരമായി തുർക്കി സൈന്യം അന്റോണിയോയുടെയും 812 സഹപൗരൻമാരുടെയും ശിരസ് വെട്ടിവീഴ്ത്തി.

ക്രിസ്തുവിനുവേണ്ടി ജീവൻ ത്യജിച്ച ആ 813 പേരും ഇന്ന് വിശുദ്ധരായി വണങ്ങപ്പെടുന്നു. 2013 മെയ് 12-ാം തിയതി ഒറ്റ്‌റാന്റോയിലെ 813 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു- ”അവരുടെ വിശ്വാസം ത്യജിക്കാൻ അവർ വിസമ്മതിച്ചു. ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടാണ് അവർ മരിച്ചത്. വിശ്വസ്തരായിരിക്കുവാനുള്ള ധൈര്യം എവിടെ നിന്നാണവർക്ക് ലഭിച്ചത്? വിശ്വാസത്തിൽനിന്നുതന്നെ. കണ്ണുകൾകൊണ്ട് കാണാവുന്ന ഭൗമികജീവിതത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് നോക്കി കാണുവാൻ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു.”
തെക്കുകിഴക്കൻ ഇറ്റലിയിലെ ഒറ്റ്‌റാന്റോ കത്തീഡ്രലിൽ അവരെ സംസ്‌കരിച്ച മൃതകുടീരങ്ങൾ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി. ക്രിസ്തുവിന്റെ നാമത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന എല്ലാ സമൂഹങ്ങളും ഒന്നാകെ വിശുദ്ധരുടെ ഗണത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു എന്നുള്ളതിന് സാക്ഷ്യമായി ഒറ്റ്‌റാന്റോ കത്തീഡ്രൽ ഇന്ന് നിലകൊള്ളുന്നു; പുണ്യപദത്തിലേക്ക് ഒന്നിച്ചുയർന്നവരുടെ ഓർമ്മയുണർത്തിക്കൊണ്ട്…

രഞ്ജിത് ലോറൻസ്

1 Comment

  1. maryfrancis says:

    hrudayathil thattunnatharathilulla articles. nanniyundu shalom timesnu

Leave a Reply

Your email address will not be published. Required fields are marked *