നാടും വീടും വിട്ട് കടൽ കടന്ന് ഓസ്ട്രേലിയൻ വൻകരയിലെത്തുമ്പോൾ ആശ്രയം ദൈവപിതാവിന്റെ പരിപാലന ഒന്നുമാത്രമായിരുന്നു. അവിടുന്ന് കൈവെള്ളയിൽ കാത്തുപരിപാലിക്കുന്നുവെന്ന് അനുഭവിക്കാൻ അനേകതവണ ഇടയായി. അത്തരം ഒരു അനുഭവത്തിന് സാക്ഷിയായ ദിനമായിരുന്നു 2012 ഏപ്രിൽ 30.
മൂത്തമകളുടെ ജന്മദിനമായിരുന്നു അന്ന്. ആഘോഷങ്ങളൊഴിവാക്കി കുറച്ച് കുടുംബങ്ങളിലേക്ക് കേരളത്തിൽനിന്ന് ‘ശാലോം ടൈംസ്’ എത്തിച്ച് നല്കുന്ന ഒരു പരിപാടിക്ക് ആല്യീിറ ഘശളല എന്ന പേരിൽ തുടക്കമിട്ടു. അതിന് പ്രചോദനം ഏകിയത് ശാലോം മാസികയിലെ ‘ഒരു കപ്പളങ്ങായും കുറെ ദൈവാനുഗ്രഹങ്ങളും’ എന്ന അനുഭവസാക്ഷ്യമായിരുന്നു.
ഇടവക വികാരിയുടെ ആശീർവാദത്തോടും അനുഗ്രഹത്തോടും പ്രാർത്ഥനയോടുംകൂടിയാണ് ആരംഭിച്ചത്. അതിനായി വരുമാനത്തിന്റെ ഒരു വിഹിതം നീക്കിവച്ചു. ശാലോം മാസികയ്ക്കുള്ള ആദ്യത്തെ ചെക്ക് എഴുതി നാട്ടിലേക്ക് പോസ്റ്റ് ചെയ്യുവാനുള്ള കത്തിനോടൊപ്പം വച്ചതിനുശേഷം ഒന്ന് മയങ്ങിയേക്കാമെന്ന് കരുതി കട്ടിലിൽ കിടന്നപ്പോഴാണ് അടുത്തുള്ള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വിളിക്കുന്നത്. ട്രെയിനർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന്റെ ക്ഷണമായിരുന്നു.
ഓർമയിൽ അടുത്തിടയൊന്നും അപേക്ഷ അയച്ചിരുന്നില്ല. പിന്നീടാണ് മനസിലായത് മാസങ്ങൾക്കുമുൻപ് കുറച്ച് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷിച്ചിരുന്ന കാര്യം. ഏതായാലും ഇന്റർവ്യൂ കോൾ സ്വീകരിച്ചു. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 ന് എത്തിയേക്കാമെന്ന് പറഞ്ഞു. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഉടനെ തന്നെ ജോലിയിൽ പ്രവേശിക്കണമെന്നായി. എന്നാൽ, ഒരാഴ്ചത്തെ സാവകാശം ചോദിച്ച് ജോലിയിൽ പ്രവേശിച്ചു. ആദ്യദിവസംതന്നെ ഒരു കാറിന്റെ താക്കോലും ഇന്ധനം നിറയ്ക്കാനുള്ള കാർഡും (എൗലഹ ഇമൃറ) കൂടി മാനേജർ വച്ചുനീട്ടിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
സാമ്പത്തികമാന്ദ്യത്തിലെ അനുഗ്രഹം
ഓസ്ട്രേലിയപോലുള്ള ഒരു നാട്ടിൽ സ്വന്തം വാഹനമില്ലാതെ ജീവിക്കുക പ്രായോഗികമായി വിഷമമാണ്. എന്നാൽ ഏതാനും മാസങ്ങൾക്കുമുൻപ് ഭാര്യ കാർ വാങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു: ”ഈ വർഷം ഒരു പരിപാടി മാത്രമേ നമ്മുടെ സാമ്പത്തിക ക്രമീകരണങ്ങളിൽ നടക്കുകയുള്ളൂ- ഒന്നുകിൽ കാർ അല്ലെങ്കിൽ നാട്ടിൽ പോയി പ്രായമായ മാതാപിതാക്കളെ കാണുക. തീരുമാനം നിനക്ക് വിടുന്നു.” ”നമ്മുടെ ആഗ്രഹം ദൈവതിരുമുൻപിൽ സമർപ്പിക്കാം. അതിനുള്ള വഴി ദൈവം തരും.” അതായിരുന്നു ഭാര്യയുടെ മറുപടി.
സാധാരണയായി, വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി ട്രെയിനേഴ്സിന് കാർ നല്കുന്നതല്ല. എന്നാൽ ഈ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാത്രം പ്രത്യേകതയാണ് ട്രെയിനേഴ്സിന് കാർ നല്കുന്നത്. കാറിന്റെ താക്കോൽ നല്കിയിട്ട് മാനേജർ പറഞ്ഞു: ”വിക്ടോറിയ സ്റ്റേറ്റിന് പുറത്തു പോകുകയാണെങ്കിൽമാത്രം അറിയിച്ചാൽ മതി.” (ഞങ്ങൾ താമസിച്ചിരുന്നത് വിക്ടോറിയ സ്റ്റേറ്റിലായിരുന്നു) അപ്പോൾ ഞാൻ ഭാര്യ പറഞ്ഞ കാര്യം ഓർത്തു.
ഒരു വശത്ത് സാമ്പത്തികമാന്ദ്യം മൂലം പലർക്കും ജോലി നഷ്ടപ്പെടുമ്പോൾ വരുമാനത്തിന്റെ ഒരംശം സുവിശേഷദൗത്യത്തിനായി, ‘ശാലോം ടൈംസ്’ മാസികയ്ക്കായി നീക്കിവച്ചു തുടങ്ങിയ നാൾമുതൽ ദൈവപരിപാലന കൂടുതലായി അനുഭവിക്കുവാൻ സാധിക്കുന്നു.
സാമൂഹ്യപ്രവർത്തനരംഗത്ത് കൂടുതൽ ഉണർവോടും ഉന്മേഷത്തോടും ഊർജസ്വലതയോടും വ്യാപരിക്കുവാൻ ഏറ്റവും അനുയോജ്യമായ വാതിലുകൾ ദൈവം എനിക്കായി മലർക്കെ തുറന്നിട്ടിരിക്കുന്നു. ദൈവം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സൂക്ഷ്മതയോടെയും കരുതലോടെയും തക്കസമയത്ത് ഇടപെടുന്നു. സർവശക്തനായ ദൈവത്തിന്റെ കരം പിടിച്ചുനടന്നാൽ, ‘ഭയപ്പെടേണ്ട ഞാൻ നിന്റെ കൂടെയുണ്ട്’ എന്നരുൾ ചെയ്തവൻ ഏത് പ്രതിസന്ധികളിലും നമ്മുടെ രക്ഷയ്ക്കായെത്തും. അന്നും ഇന്നും എന്നും ജീവിക്കുന്ന ദൈവം നമ്മുടെ രക്ഷയ്ക്കായി, നമ്മുടെ വിളിക്കായി കാതോർത്തിരിക്കുന്നു.
അവിടുത്തെ സ്നേഹം സ്വീകരിക്കുന്ന നമുക്ക് ചെയ്യാനുള്ളത് അവിടുത്തെ സ്നേഹസന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ്. ”പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു” (യോഹ. 20:21) എന്നരുളിയ ഉത്ഥിതനായ യേശുവിന്റെ വാക്കുകൾ സ്വീകരിച്ചുകൊണ്ട് നമ്മളാൽ കഴിയുന്ന ചെറിയ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിലേക്ക് ദൈവസ്നേഹത്തിന്റെ ആ സന്ദേശം എത്തിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. എന്റെ ഈ അനുഭവം പ്രിയവായനക്കാരുടെ ഹൃദയത്തിലും സുവിശേഷദൗത്യത്തിന്റെ കൈത്തിരി കത്തിക്കട്ടെ. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ യേശു ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ മത്തായിയും വിശുദ്ധ ലൂക്കായും രചിച്ച സുവിശേഷങ്ങളിലും അത് ആവർത്തിക്കുന്നുണ്ട്. ”സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നെപ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരൻമാരെയോ സഹോദരി മാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ വയലുകളെയോ ത്യജിക്കുന്നവരിലാർക്കും ഇവിടെ വച്ചു തന്നെ നൂറിരട്ടി ലഭിക്കാതിരിക്കയില്ല” (മർക്കോ. 10:29). അതെ, സുവിശേഷത്തിനുവേണ്ടി ചെയ്യുന്ന ഒരു ചെറുത്യാഗത്തിനുപോലും നമ്മുടെ കർത്താവായ യേശു വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.
ജോണി സി. മറ്റം, ഓസ്ട്രേലിയ
1 Comment
Inspiring article – Praise the lord