എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വൈദികൻ എന്നെ നോക്കി ഇപ്രകാരം പറഞ്ഞു: ”കണ്ടിട്ട് വൈദികനാകാനുള്ള ദൈവവിളി ഉണ്ടെന്ന് തോന്നുന്നു.” അന്ന്, ആ വാചകം കേട്ടവരെല്ലാം ചിരിച്ചു, കാരണം ഞാൻ വലിയ സമർത്ഥനൊന്നും ആയിരുന്നില്ല. തുടർന്ന് രണ്ടുമാസങ്ങൾക്കുശേഷം ഉള്ളിൽ ചെറിയൊരാഗ്രഹം ഉടലെടുത്തു- ദൈവം ആഗ്രഹം നല്കി – ഒരു വൈദികനാകണം. പക്ഷേ, വീട്ടിൽനിന്ന് എങ്ങനെ മാറിനില്ക്കും, കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ആരു നിർവഹിക്കും? ദൈവവിളി ക്യാമ്പിനു പോയപ്പോൾ അച്ചന്മാരുടെ ഒരേയൊരു ചോദ്യം ഇതായിരുന്നു – ”വീട്ടിലെ കാര്യങ്ങൾ ആരു നോക്കും?” ആ ചോദ്യത്തിന് മുൻപിൽ ഞാൻ ഉത്തരം കിട്ടാതെ അലഞ്ഞു. എന്നിട്ടും പത്താംക്ലാസിൽ എത്തിയപ്പോൾ എന്റെ ആഗ്രഹം കൂടിവന്നു. ഒരു വൈദികനാകണം, നല്ല മനുഷ്യനായ, വിശുദ്ധനായ വൈദികനാകണം.
കൊതിയോടെ കേട്ടത്…
ആ നാളുകളിൽ എന്റെ ക്ലാസ് ടീച്ചർ പറഞ്ഞ ഒരു കഥ എന്റെ പൗരോഹിത്യ ആഗ്രഹത്തിന് രൂപം നൽകി. ”അല്ലയോ സന്യാസീ, നീ ഒരു യഥാർത്ഥ സന്യാസിയാണെങ്കിൽ എന്റെ മകളുടെ വിവാഹത്തലേന്ന് എന്നോടൊത്ത് നൃത്തം വയ്ക്കുകയും സന്തോഷിക്കുകയും അയല്ക്കാരന്റെ മകന്റെ വേർപാടിൽ അവനോടൊത്ത് കരയുകയും വേദനിക്കുകയും ചെയ്യും.” പ്രസിദ്ധനായ ടാഗോറിന്റെ ആ വാക്യം അധ്യാപകൻ ഏറ്റവും തീക്ഷ്ണതയോടെ വിവരിച്ചത് കൊതിയോടെ കേട്ടിരുന്നു. അങ്ങനെ, പൗരോഹിത്യ വിചാരങ്ങൾ ദിനംപ്രതി വർധിച്ചു. പക്ഷേ, എങ്ങനെ സെമിനാരിയിൽ പോകും? എന്റെ മുന്നിൽ വയ്ക്കപ്പെട്ട ആദ്യത്തെ ചോദ്യത്തിന് ഉത്തരം നല്കാതെ എനിക്ക് മുന്നോട്ടു നീങ്ങാൻ സാധ്യമല്ല. ആ നാളുകളിൽ എന്റെ അപ്പച്ചൻ എന്നെയും കൂട്ടി വികാരിയച്ചന്റെ അടുത്തുപോയി. വികാരിയച്ചൻ ഒരു തീരുമാനം എടുക്കുവാൻ സഹായിച്ചു- ”ഏതായാലും പ്ലസ്ടു പഠിക്കട്ടെ.” തുടർന്ന് പ്ലസ്ടു പഠനം ആരംഭിച്ചു.
ദൈവവിളിയോടുള്ള ആഭിമുഖ്യം വീണ്ടും വർധിച്ചുകൊണ്ടേയിരുന്നു. എന്റെ ഇച്ചായൻ എന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. എങ്കിലും, അനേകം പേരുടെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ കേൾക്കാനും ഇടവന്നു.
‘നീ എന്തു പൊട്ടത്തരമാണ് കാണിക്കുന്നത്; നീ ഒരു വിഡ്ഢിയാണോ?’ എന്ന് ചിലർ ചോദിച്ചു. കൂട്ടുകാർ പറഞ്ഞു – ‘നമുക്ക് സന്തോഷത്തോടെ ഇവിടെ തുടരാം…’ ഏതായാലും പലപ്പോഴും വീട്ടിൽനിന്ന് ഉപദേശിച്ചു – ‘സെമിനാരിയിൽ പോകേണ്ട.’ ആ നാളുകളിൽ ദൈവം എന്നെ സ്‌നേഹത്തോടെ കരുതിയത് ഓർക്കുന്നു. ഞാൻ ഈശോയോട് ഹൃദയംനൊന്ത് പ്രാർത്ഥിച്ചു. പല പ്രാവശ്യം വീടിന്റെ പിന്നിലുള്ള തോട്ടത്തിൽ പോയിരുന്ന് ചിന്തിച്ചു. ഈശോയോട് അന്ന് ഞാൻ ഇപ്രകാരം പറഞ്ഞു: ”ഈശോയേ, എനിക്ക് വൈദികനാകണമെന്ന ആഗ്രഹം നീയല്ലേ നല്കിയത്. പക്ഷേ, ഇപ്പോൾ അതൊന്നും നടക്കുന്ന ലക്ഷണമില്ല. വീട്ടുകാർ സെമിനാരിയിൽ വിടില്ല; അനുവദിച്ചാൽത്തന്നെ അച്ചന്മാർ സെമിനാരിയിൽ എടുക്കില്ല.” ആ സമയത്ത് ഈശോ എന്നെ ആശ്വസിപ്പിച്ചു: ”മോനേ, എല്ലാം ശരിയാകും. നീ ധൈര്യമായിരിക്ക്… ഞാൻ നിന്നോടുകൂടെയുണ്ട്. എനിക്ക് നിന്നെക്കുറിച്ച് ഒരു വിചാരമുണ്ട്; നീ എന്റേതാണ്.”
ഒരു രൂപയും സെറാഫിനും
ആ നാളുകളിൽ ജീവിതത്തിലെ സുപ്രധാനമായൊരു ബോധ്യം ദൈവം എനിക്ക് നല്കി. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഒരു രൂപ കൊടുത്താൽ ലഭിക്കുമായിരുന്ന സെറാഫിൻ എന്ന മാസികയിലെ കാർട്ടൂൺ കഥ, ഏകദേശം പത്തു വർഷങ്ങൾക്കുശേഷം ദൈവം ഓർമിപ്പിച്ചുതന്നു. കാർട്ടൂൺ ഇപ്രകാരമായിരുന്നു: ഒരമ്മ, തന്റെ കുഞ്ഞിനെ വഴക്കു പറയുന്ന രംഗം. ”നിന്നെ ഒന്നിനും കൊള്ളില്ല. നീ അയല്പക്കത്തെ കൊച്ചിനെ കണ്ടുപഠിക്ക്. അവന് പരീക്ഷയിൽ റാങ്കുണ്ട്. നീ ഒരു കഴുതയാണ്.” അമ്മച്ചിയുടെ വഴക്കു കേട്ട് മകൻ വീടിന്റെ പുറകിൽ പോയിരുന്ന് കരഞ്ഞു. അവിടെയിരുന്ന് അവൻ ചിന്തിച്ചു: ”അമ്മച്ചി പറഞ്ഞത് ഞാനൊരു കഴുതയാണെന്നാണ്. പക്ഷേ, ഓശാന ഞായറാഴ്ച ഈശോ കഴുതപ്പുറത്തല്ലേ സഞ്ചരിച്ചത്. അതിനാൽ ഞാൻ കർത്താവിന്റെ കഴുതയാണ്; കർത്താവിന് എന്നെ ആവശ്യമുണ്ടാകും.”
ഈ കാർട്ടൂൺ കഥ എന്റെ ദൈവവിളിയെക്കുറിച്ചുള്ള സംശയത്തിന് ഉത്തരമായി മനസിൽ തെളിഞ്ഞുവന്നു. അതെന്റെ ഹൃദയത്തെ ജ്വലിപ്പിച്ചു; ദൈവസ്‌നേഹംകൊണ്ട് നിറച്ചു. തുടർന്ന് ഞാൻ എല്ലാവരോടും പറയുവാൻ തുടങ്ങി – ”ഞാൻ കർത്താവിന്റെ കഴുതയാണ്; അവന് എന്നെ ആവശ്യമുണ്ട്. ദൈവം എല്ലാം ക്രമീകരിക്കും; സംരക്ഷിക്കും.” ഈ ബോധ്യം എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാൻ എന്നെ ശക്തിപ്പെടുത്തി.
വൈദികനാകുമ്പോൾ
പത്തുവർഷക്കാലത്തെ വൈദികപരിശീലനം കഴിഞ്ഞ് പിൻതിരിഞ്ഞു നോക്കുമ്പോൾ, ഈശോ എന്നെ അവന്റെ തിരുഹൃദയത്തോട് ചേർത്തുപിടിച്ച് വളർത്തിയതായി അനുഭവിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ, നിസഹായ അവസ്ഥയിൽ ഉത്തരം കിട്ടാതെ വലഞ്ഞപ്പോഴും ദൈവവിളിയിൽ സംശയങ്ങളും ചോദ്യങ്ങളും ഉയർന്നപ്പോഴും എന്റെ ഹൃദയത്തിൽ എന്നെ ജ്വലിപ്പിച്ചുകൊണ്ടിരുന്നത് ഇതായിരുന്നു – ”ഞാൻ കർത്താവിന്റെ കഴുത; അവന് എന്നെ ആവശ്യമുണ്ട്.” ഓശാന ഞായറാഴ്ച കർത്താവിന് സഞ്ചരിക്കുവാൻ കഴുതയെ തിരഞ്ഞെടുക്കുന്ന രംഗം എന്റെ മനസിൽ തെളിഞ്ഞുനിന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ”കർത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട്” എന്ന് പറയുവിൻ എന്ന ഈശോയുടെ വചനം എന്നിലും പൂർത്തിയാകുന്നതായി ഞാൻ അനുഭവിച്ചു.
പൗരോഹിത്യ പരിശീലനത്തിന്റെ നാൾവഴികളിൽ ഒരു കത്തിൽ കുറിച്ചത് ഇപ്രകാരമായിരുന്നു: ”ഞാൻ ഈ ദൈവവിളിയെ വളരെയധികം സ്‌നേഹിക്കുന്നു. ദൈവം എന്നെ അവന്റെ ഹൃദയത്തോട് ചേർത്തുപിടിച്ചിരിക്കുകയാണ്. ആരെങ്കിലും ആക്രമിക്കുവാൻ വരുമ്പോൾ ഒരമ്മ തന്റെ കുഞ്ഞിനെ എപ്രകാരം സംരക്ഷിക്കുന്നുവോ, അതുപോലെ ദൈവം എന്നെ കരുതുകയാണ്. അവൻ എന്നെ ആർക്കും വിട്ടുകൊടുക്കുകയില്ല. ഇല്ല… ഞാൻ തിരികെ പോകുകയില്ല. ഒത്തിരി ആഗ്രഹിച്ചുപോയി ഈ അൾത്താര… ഈ പൗരോഹിത്യം… ലഭിക്കുന്ന ബഹുമാനമോ ആദരവോ കണ്ടിട്ടല്ല, അതിലൂടെ ദൈവം ഒഴുക്കുന്ന കാരുണ്യം കണ്ടിട്ട്!” വയലിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയവൻ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ സ്വന്തമാക്കുന്നതുപോലെ പൗരോഹിത്യമാകുന്ന നിധിക്കുവേണ്ടി എല്ലാം ഉപേക്ഷിക്കുവാൻ ഞാൻ പ്രേരിതനാകുകയാണ്. പൗരോഹിത്യ പട്ടം സ്വീകരിച്ച നിമിഷങ്ങളിൽ ഒരേയൊരു പ്രാർത്ഥനയേ മനസിൽ ഉണ്ടായിരുന്നുള്ളൂ: ”ദൈവമേ, ഞാൻ നിന്റേതാണ്; നിനക്കിഷ്ടമുള്ളതുപോലെ എന്നെ ഉപയോഗിച്ചാലും. നിന്റെ ഹൃദയത്തിനിണങ്ങിയ നല്ല മനുഷ്യനായ, വിശുദ്ധനായ സന്യാസപുരോഹിതനായി ജീവിക്കുവാൻ കൃപ നല്കിയാലും.”
പൗരോഹിത്യം കർത്താവിന്റേതാണ്; കർത്താവിന് ആവശ്യമുള്ളതാണ്; ദൈവസ്‌നേഹത്തിൽ ഓരോ നിമിഷവും പ്രചോദിതമാകേണ്ടതുമാണ്. ദൈവസ്‌നേഹം എന്നെ നിത്യം പ്രചോദിപ്പിക്കുന്നു; ജ്വലിപ്പിക്കുന്നു. തിരുഹൃദയച്ചൂടിൽ നമ്മുടെ ജീവിതത്തെ വളർത്താൻ ദൈവം കൃപയേകട്ടെ. കണ്ടുമുട്ടുന്നവർക്കെല്ലാം മറ്റൊരു ക്രിസ്തുവായി മാറുവാൻ, നല്ല ദൈവമേ നീ കൂട്ടിനുണ്ടാകേണമേ. ദൈവവചനം ലോകമെങ്ങും പ്രഘോഷിക്കുവാൻ, ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി ഓരോ ദിവ്യബലിയും അർപ്പിക്കുവാൻ തമ്പുരാനേ നീ സഹായിക്കണമേ. ഇതാണെന്റെ പ്രാർത്ഥന.
ദൈവത്തിന്റെ കരുതലിൽ ആത്മാർത്ഥമായി വിശ്വസിച്ച് അവന്റെ സ്വന്തമായി നമുക്കെന്നും ജീവിക്കാം.
ഫാ. ജോബി എടത്താഴെ സി.എസ്.റ്റി
2 Comments
Inspiring. I was on extreme mental pressure .But after reading this article I can understand God has plans to prosper me & not to harm me
Really an inspiring Article. God doesn’t call the qualified, He qualifies the Called! God is looking for the people who would just avail themselves to Him. When Jesus called the 12, most of them were not even educated. Yet, Jesus equipped them and they turned the world upside down. St.Paul wrote to Cor. “Not many of you were wise according to worldly standards, not many were powerful, not many were of noble birth. But god chose what is foolish in the world to shame the wise; God chose what is weak in the world to shame the strong; God chose what is low and despised in the world, even things that are not, to bring to nothing things that are. Those whom God calls, HE equips.
Good luck Rev.Fr.Joby Edathazha. Really you are an inspiration to the present generation.