ദൈവസ്തുതിയിൽ വിരിഞ്ഞ അത്ഭുത പുഷ്പങ്ങൾ

ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കാലം. ഞാനന്ന് താല്ക്കാലിക അധ്യാപികയായി ഒരു സ്‌കൂളിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വാരാന്ത്യത്തിൽ ജീസസ് യൂത്തിന്റെ ഒരു ട്രെയിനിംഗ് പ്രോഗ്രാമിനായി ഞാൻ വെള്ളിയാഴ്ച മുതൽ എറണാകുളത്തായിരുന്നു. അങ്ങനെ ഞായറാഴ്ച വൈകുന്നേരം തിരിച്ചെത്തിയപ്പോൾ ആ വാർത്ത കേട്ടു. തിങ്കളാഴ്ച ഞങ്ങളുടെ സ്‌കൂളിൽ ആനുവൽ ഇൻസ്‌പെക്ഷൻ! സാധാരണ ഗതിയിൽ ഒരാഴ്ചയെങ്കിലും മുൻപേ അറിയിപ്പ് നല്കിയതിനുശേഷമാണ് ഇൻസ്‌പെക്ഷൻ ഉണ്ടാവുക. എന്നാൽ ഇത്തവണ അങ്ങനെയല്ല. വെറും മൂന്നു ദിവസങ്ങൾക്കുമുൻപ് മാത്രം അറിയിപ്പ് നല്കിയതിനുശേഷമാണ് ഇൻസ്‌പെക്ഷൻ നടത്തുന്നത്. സ്‌കൂളിന്റെ യഥാർത്ഥ അവസ്ഥ നേരിട്ടറിയാൻ വേണ്ടിയാണ് ഇങ്ങനെ പെട്ടെന്നുള്ള ഇൻസ്‌പെക്ഷൻ നടത്തുന്നത്. ആ ഇൻസ്‌പെക്ഷന്റെ സമയത്ത് ടീച്ചേഴ്‌സ് എല്ലാവരും ഇൻസ്‌പെക്ടറുടെ മുൻപിൽ ക്ലാസെടുത്ത് കാണിക്കണം.

നാളെ ഇൻസ്‌പെക്ഷൻ എന്ന് കേട്ടപ്പോൾ ഞാൻ വല്ലാതെയൊന്നു പരുങ്ങി. കാരണം, നാളത്തെ ദിവസം ഞാൻ എടുക്കേണ്ട ക്ലാസിന് സഹായകമായ ടീച്ചിംഗ് എയ്ഡുകൾ ഒന്നും എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ഞാനന്ന് എടുക്കേണ്ട ക്ലാസ് മോണയിൽ വിവിധതരം പല്ലുകൾ എപ്രകാരം ക്രമീകരിച്ചിരിക്കുന്നു എന്നതായിരുന്നു. ഉടനടി എനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഒരു ചാർട്ടുപേപ്പറിൽ പല്ലുകളുടെ സജ്ജീകരണം വരച്ച് അത് ചൂണ്ടിക്കാട്ടി ക്ലാസെടുക്കുക എന്നതായിരുന്നു. അതിനുവേണ്ടി ഞാൻ സ്‌കൂളിന്റെ തൊട്ടടുത്തുള്ള സ്റ്റേഷനറി കടയിലേക്കോടി. പക്ഷേ, ഒരു ഫലവുമുണ്ടായില്ല. ആ കടയിൽ ചാർട്ടുപേപ്പറുകൾ തീർന്നിരിക്കുന്നു. സമയം സന്ധ്യയോടടുത്തിരുന്നു. ദൂരെയുള്ള ടൗണിൽ പോയി ചാർട്ടുപേപ്പർ വാങ്ങി തിരികെ വരാൻ ഇനി നേരമില്ല. ഞാൻ രണ്ടു കിലോമീറ്റർ ദൂരെയുള്ള എന്റെ വീട്ടിലേക്ക് തിടുക്കത്തിൽ നടക്കാൻ തുടങ്ങി. പോകുന്ന വഴിക്ക് ഞാൻ അല്പം ഉച്ചത്തിൽത്തന്നെ ഭാഷാവരത്തിൽ കർത്താവിനെ സ്തുതിച്ചുകൊണ്ടിരുന്നു. കർത്താവ് എന്റെ പ്രശ്‌നത്തിന് തീർച്ചയായും പരിഹാരം കാട്ടിത്തരും എന്ന ഉറച്ച ബോധ്യം എന്റെ മനസിൽ ഉണ്ടായിരുന്നു.

വീട്ടിൽചെന്ന് കുളിച്ച് സന്ധ്യാപ്രാർത്ഥന നടത്തി ഞാൻ ഉറങ്ങാനുള്ള ഒരുക്കത്തിലായി. എങ്ങനെയെങ്കിലും ഒരു ടീച്ചിംഗ് എയ്ഡ് കിട്ടിയേ തീരൂ. കാരണം ഇൻസ്‌പെക്ഷന് വരുന്ന ഓഫിസർ അല്പം കടുംപിടുത്തക്കാരനായിരുന്നു. ടീച്ചിംഗ് എയ്ഡു കൂടാതെ ക്ലാസെടുത്താൽ ആ ക്ലാസ് എത്ര നല്ലതാണെങ്കിൽ പോലും അദ്ദേഹം നല്ല രീതിയിൽ അത് പരിഗണിക്കുകയില്ല. വളരെ മോശം റിപ്പോർട്ടുകൾ മാത്രമേ അദ്ദേഹം ഇത്തരം ക്ലാസുകളെക്കുറിച്ച് കഴിഞ്ഞകാലത്ത് എഴുതിയിട്ടുള്ളൂ. അതുകൊണ്ട് അത്തരത്തിലൊരു ക്ലാസെടുത്ത് ഒരു തരംതാഴ്ന്ന റിപ്പോർട്ട് എഴുതിക്കുക എന്നത് ഏറ്റവും ജൂനിയർ ടീച്ചറായ എനിക്ക് മാത്രമല്ല, ഞാൻ പഠിപ്പിക്കുന്ന സ്‌കൂളിനും നാണക്കേടാണ്.

ദൈവസ്തുതിയുയർന്നപ്പോൾ

ഉറക്കത്തിനുമുൻപ് കിടക്കയിലിരുന്ന് എന്റെ നിസഹായതകൾ കർത്താവിനോട് പറഞ്ഞ് ഞാൻ അവിടുത്തെ സ്തുതിച്ചു പ്രാർത്ഥിച്ചു. എന്നിട്ട് ഈശോയോട് പറഞ്ഞു: ”ഈശോയേ, നാളത്തെ ക്ലാസിൽ ഞാൻ പരാജിതയും അപമാനിതയുമായാൽ ആ അപമാനം എന്റേതുമാത്രമല്ല, നിന്റേതുകൂടെയാണ്. നിനക്കുവേണ്ടിയാണ് ഞാൻ ഈ കഴിഞ്ഞ മൂന്നു ദിവസങ്ങൾ ഇവിടെനിന്നും മാറിനിന്നത്. ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇൻസ്‌പെക്ഷനുവേണ്ടി എനിക്ക് നന്നായി ഒരുങ്ങാമായിരുന്നു. പക്ഷേ, നിന്നെപ്രതിയാണ് എനിക്ക് ഈ ദിവസങ്ങൾ എറണാകുളത്ത് ചെലവഴിക്കേണ്ടി വന്നത്. നാളെ ഒരു മോശം റിപ്പോർട്ട് എന്റെ ക്ലാസിനെക്കുറിച്ച് സർ എഴുതിവച്ചാൽ എന്റെ അഭിമാനമല്ല, നിന്റേതാണ് കളങ്കപ്പെടുക.

ജീസസ് യൂത്തുകാർ കർത്തവ്യനിർവഹണത്തിൽ വളരെ പിന്നിലാണെന്ന് എല്ലാവരും പറയാൻ തുടങ്ങും. അതിനാൽ എന്റെ ദൈവമേ, എനിക്കുവേണ്ടി നീ പ്രവർത്തിക്കണമേ. അങ്ങ് അസാധ്യകാര്യങ്ങളുടെ ദൈവമാണല്ലോ.” ഞാൻ എന്റെ ഭാരങ്ങളും ഉത്ക്കണ്ഠകളും പരാജയഭീതിയുമെല്ലാം കർത്താവിന് കൊടുത്തുകൊണ്ട് അവിടുത്തെ ഭാഷാവരത്തിൽ സ്തുതിച്ച് പ്രാർത്ഥിച്ചു. ആ സ്തുതിപ്പിൽ ഞാനെപ്പോഴോ ഉറങ്ങിപ്പോയി. പക്ഷേ, ഉണർന്നെഴുന്നേറ്റപ്പോഴും ഞാൻ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉണർന്നെഴുന്നേറ്റപ്പോൾ ഞാൻ ആദ്യംതന്നെ കേട്ടത് കർത്താവ് എനിക്ക് ടീച്ചിംഗ് എയ്ഡ് ഉണ്ടാക്കിത്തന്ന വാർത്തയാണ്.

എന്റെ അമ്മച്ചി വയ്പുപല്ല് ഉപയോഗിക്കുന്ന ആളായിരുന്നു. എല്ലാ ദിവസവും രാത്രിയിൽ അമ്മച്ചി പല്ല് ക്ലീൻ ചെയ്ത് ചെറിയൊരു പ്ലാസ്റ്റിക് പാത്രത്തിലാക്കി അതിൽ വെള്ളമൊഴിച്ച് അലമാരിയുടെ മുകളിലെ തട്ടിൽ വയ്ക്കുക പതിവായിരുന്നു. തലേന്ന് രാത്രിയിലും അമ്മച്ചി അതു ചെയ്തു. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ അമ്മച്ചിയുടെ ആദ്യത്തെ പണി തലേദിവസം ക്ലീൻ ചെയ്ത പല്ല് ഒന്നുകൂടി ക്ലീൻ ചെയ്ത് വാ കഴുകി മോണയിൽ ആ പല്ല് ഫിറ്റാക്കുക എന്നതാണ്.

അന്നേദിവസം പതിവുപോലെ അമ്മച്ചി എഴുന്നേറ്റ് അലമാരയുടെ മുകളിൽനിന്ന് പല്ലു വച്ചിരിക്കുന്ന പാത്രം എടുത്തു. ആ പാത്രം അമ്മച്ചിയുടെ കൈയിൽനിന്ന് വഴുതി നിലത്തുവീണ് അതിലുണ്ടായിരുന്ന കീഴ്ത്താടിയിലെ പല്ല് രണ്ടുകഷണമായി ഒടിഞ്ഞുപോയി. അമ്മച്ചി ആ പല്ല് കൈയിലെടുത്ത് ഇങ്ങനെ വിലപിക്കാൻ തുടങ്ങി. എന്റെ ഈശോയേ, ഇനി ഞാനെങ്ങനെ സ്‌കൂളിൽ പോകും? (അമ്മച്ചി വേറൊരു സ്‌കൂളിലെ ടീച്ചറാണ്) പുതിയ ഒരു സെറ്റ് പല്ല് അളവെടുത്ത് ശരിയാക്കുമ്പോഴേക്കും ദിവസങ്ങൾ കഴിയും. അതുവരെ സ്‌കൂളിൽ പോകാതിരിക്കാൻ എനിക്ക് ലീവില്ലല്ലോ എന്നായി അമ്മച്ചിയുടെ രോദനം. അപ്പോഴേക്കും അപ്പച്ചൻ ഇടപെട്ടു.

അപ്പച്ചൻ പറഞ്ഞു: പോയതുപോയി. നീ വേഗം പോയി പുതിയൊരു പല്ലിന് അളവെടുപ്പിക്ക്. അമ്മച്ചി അതുകേട്ട്, ഒടിഞ്ഞുപോയ പല്ലിന്റെ സെറ്റ് വെയ്സ്റ്റ് ബക്കറ്റിലിട്ട് പല്ലിന്റെ അളവെടുപ്പിക്കാൻ യാത്രയായി. അത്രയുമായപ്പോഴേക്കും എനിക്ക് സുബോധം വന്നു. അപ്പോൾ ഈശോ എന്നോട് പറഞ്ഞു; ”ഇതാ നിനക്കുള്ള ടീച്ചിംഗ് എയ്ഡ് റെഡിയായിരിക്കുന്നു.” ഞാൻ ഓടിച്ചെന്ന് ആ വയ്പുപല്ലിന്റെ കഷണങ്ങൾ പെറുക്കിയെടുത്ത് കഴുകിത്തുടച്ച് അവ അല്പം ഫെവിക്കോൾ ഉപയോഗിച്ച് ഒട്ടിച്ച് സ്‌കൂളിലേക്ക് യാത്രയായി. അന്നത്തെ ഇൻസ്‌പെക്ഷനിൽ എ.ഇ.ഒ ഏറ്റവും കൂടുതൽ പ്രശംസിച്ച് സംസാരിച്ചത് എന്റെ ക്ലാസിനെക്കുറിച്ചായിരുന്നു. വയ്പുപല്ല് ഉപയോഗിച്ച് മോണയിലെ പല്ലിന്റെ സജ്ജീകരണം വിവരിച്ചത് അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. ഇൻസ്‌പെക്ഷന്റെ അവസാനം നടത്തിയ ടീച്ചേഴ്‌സ് മീറ്റിങ്ങിൽ അന്നത്തെ ഇൻസ്‌പെക്ഷനിൽ നടന്ന ക്ലാസുകളിൽ ബെസ്റ്റ് ക്ലാസ് ഈ ജൂനിയർ ടീച്ചറിന്റേതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും നല്ലൊരു ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അദ്ദേഹം എന്റെ ക്ലാസിനെക്കുറിച്ച് എഴുതിവച്ചിട്ടുപോയി.

അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ടീച്ചേഴ്‌സ് എന്റെ ടീച്ചിംഗ് എയ്ഡ് കാണാൻ തിടുക്കം കൂട്ടി. അവർ ചോദിച്ചു, ഈ സെറ്റ് എവിടെനിന്നു കിട്ടി? ഞാൻ പറഞ്ഞു: കർത്താവ് തന്നതാ. ഇന്ന് രാവിലെ അമ്മച്ചിയുടെ പല്ല് നിലത്തുവീണ് പൊട്ടി. അതുകേട്ട് ചിരിച്ചുകൊണ്ട് അവർ പറഞ്ഞു, കർത്താവ് ആളു കൊള്ളാമല്ലോ. മകൾക്ക് ടീച്ചിംഗ് എയ്ഡ് ഉണ്ടാക്കുവാൻ അമ്മയുടെ വയ്പുപല്ല് ഒടിക്കുന്ന കർത്താവ് ആളു കേമൻതന്നെ. അതുകേട്ട് എല്ലാവരും ചിരിച്ചു. എന്നാൽ ആ പ്രശ്‌നത്തിനും കൂടി പരിഹാരം ലഭിക്കണമെന്ന പ്രാ ർത്ഥനയോടെ ഞാൻ വീണ്ടും കർത്താവിനെ സ്തുതിക്കാൻ തുടങ്ങി. വീട്ടിൽ ചെന്നപ്പോൾ അമ്മച്ചിയുണ്ട് എന്നെയും കാത്ത് മുറ്റത്ത് നില്ക്കുന്നു. അമ്മച്ചിയോട് ഡോക്ടർ പറഞ്ഞു: ഒടിഞ്ഞ പല്ല് അവിടെ കൊണ്ടുചെല്ലുവാൻ.
പിറ്റേദിവസം അമ്മച്ചി പല്ലുമായി ഡോക്ടറുടെ അടുത്ത് ചെന്നു. ഡോക്ടർ ആ പല്ലുവാങ്ങി രണ്ടായി ഒടിഞ്ഞ കഷണങ്ങൾ ഒട്ടിച്ചുകൊടുത്തു. യാതൊരു പ്രതിഫലവും വാങ്ങിയതുമില്ല.

മാത്രമല്ല, രണ്ടാമത് ഒട്ടിച്ചു ചേർത്തപ്പോൾ ഒരു ഗുണംകൂടി ഉണ്ടായി. അമ്മച്ചിയുടെ വീണൊടിഞ്ഞ പല്ല് ഒടിയുന്നതിനുമുൻപേ മോണയിൽ വയ്ക്കുമ്പോൾ അയവായിരുന്നു. അത് വേണ്ടുംവണ്ണം മോണയിൽ ചേർന്നിരിക്കുമായിരുന്നില്ല. എന്നാൽ വീണ്ടും കൂട്ടിയൊട്ടിച്ചപ്പോൾ അത് മോണയിൽ കൃത്യം ചേർന്നിരിക്കുന്ന വിധത്തിലായി. അതുകൊണ്ട് അമ്മച്ചിക്ക് ഒത്തിരി സന്തോഷവും കേട്ടവർക്കെല്ലാം അത്ഭുതവുമായി. അവരും എന്നോടൊപ്പം കർത്താവിനെ സ്തുതിച്ചു. അങ്ങനെ ദൈവസ്തുതിയിൽ വിരിഞ്ഞ ആദ്യത്തെ അത്ഭുതത്തെക്കാൾ വലുതായിരുന്നു പല്ലു തിരിച്ചുകൊടുത്ത രണ്ടാമത്തെ അത്ഭുതം!!

സങ്കീർത്തകൻ പറയുന്നു: ”സിംഹക്കുട്ടികൾ ഇര കിട്ടാതെ വിശന്നു വലഞ്ഞേക്കാം; കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീ. 34:10). ”തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, ഹൃദയപരമാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക,് കർത്താവ് സമീപസ്ഥനാണ്” (സങ്കീ. 145:18). ”കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്.” (സങ്കീ. 75:6). അതിനാൽ ഊണിലും ഉറക്കത്തിലും വരെ നമുക്കവിടുത്തേക്ക് നന്ദി പറയുകയും സദാ അവിടുത്തെ നാമത്തെ സ്തുതിക്കുകയും ചെയ്യാം. ”കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങൾ കടക്കുവിൻ; സ്തുതികൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ.” (സങ്കീ. 100:4).

ദൈവസ്തുതി നല്കുന്ന അത്ഭുത സംരക്ഷണം

1987-ൽ എറണാകുളത്തുവച്ച് ജീസസ് യൂത്ത്-87 എന്ന കൺവൻഷൻ നടന്നു. അതിന്റെ ഭാഗമായി ഒരു ട്രെയിനിംഗ് പ്രോഗ്രാം കാക്കനാട് ചെമ്പുമുക്കിലുള്ള സ്‌നേഹനിലയത്തിൽവച്ച് നടത്തിയിരുന്നു. ആ പ്രോഗ്രാമിൽ ഞാനും ഉണ്ടായിരുന്നു. യുവജനങ്ങൾ സുവിശേഷവുമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ അടുത്തേക്ക് പ്രത്യേകിച്ച് ദരിദ്രരിലേക്കും സമൂഹത്തിൽ താണ നിലവാരത്തിലുള്ള ജീവിതം നയിക്കുന്നവരിലേക്കും കടന്നുചെല്ലുന്നതിന്റെ അനിവാര്യതയെക്കുറിച്ച് ആ ട്രെയിനിംഗ് പ്രോഗ്രാമിൽ ഊന്നൽ കൊടുത്ത് പറഞ്ഞിരുന്നു. പറയുക മാത്രമല്ല, അതിൽ സംബന്ധിച്ചിരുന്ന ലീഡേഴ്‌സിന് തക്കതായ പരിശീലനം നല്കാൻ ഗ്രൂപ്പുകളായി തിരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകകൂടി ചെയ്തു. അങ്ങനെ ഞാനും അങ്ങനെയുള്ള ഒരു ഗ്രൂപ്പിൽ ഉൾപ്പെട്ട് എറണാകുളത്തുള്ള ഒരു ചേരിയിലേക്ക് അയക്കപ്പെട്ടു.

പോകുമ്പോൾ ഞങ്ങൾക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ തന്നുവിട്ടിരുന്നു. ഏറ്റവും വിവേകത്തോടുകൂടി ആയിരിക്കുവാനും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടാൽ ഭാഷാവരത്തിൽ സ്തുതിച്ച് പ്രാർത്ഥിക്കുവാനും ഞങ്ങൾക്ക് മുന്നറിയിപ്പ് നല്കി. പോകുന്ന വഴിയിലും തിരിച്ചു വരുന്ന വഴിയിലുമെല്ലാം ഭാഷാവരത്തിൽ സ്തുതിച്ച് പ്രാർത്ഥിക്കുവാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഉച്ചയൂണിനുശേഷം ഞങ്ങളുടെ ഗ്രൂപ്പംഗങ്ങൾ ഞങ്ങൾക്കായി നിശ്ചയിക്കപ്പെട്ട ചേരിയിലേക്ക് ഭാഷാവരത്തിലുള്ള സ്തുതിപ്പുകളോടെ യാത്രയായി.

അവിടെ എത്തിയപ്പോൾ ഞങ്ങൾ ഈരണ്ടുപേർ ഒരുമിച്ച് ഓരോ വീടുകളിലേക്ക് കടന്നുചെന്നു. എന്തായിരിക്കും അവരുടെ പ്രതികരണം എന്നുള്ള അല്പ-സ്വല്പ ഭയാശങ്കകളോടെയാണ് ഞങ്ങൾ ഓരോ വീടുകളിലേക്കും കടന്നുചെന്നതെങ്കിലും ഓരോ വീട്ടിൽ നിന്നും ലഭിച്ച ഹാർദവമായ സ്വാഗതം ഞങ്ങളുടെ ഭയമെല്ലാം നീക്കിക്കളഞ്ഞു. ആ വീടുകളിൽ പ്രവേശിച്ച് ആദ്യം ഞങ്ങളവർക്ക് യേശുവിന്റെ സമാധാനം ആശംസിച്ചു. പിന്നീടുള്ള രണ്ടുമണിക്കൂർ ഞങ്ങൾ ഈരണ്ടുപേർ അവരോടൊത്ത് ഞങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചും അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കുന്നതു കേട്ടും അവരെ ആശ്വസിപ്പിച്ചും അവർക്ക് പ്രത്യാശ പകർന്നുകൊടുത്തും അവരോട് യേശുവിന്റെ രക്ഷയെക്കുറിച്ച് സംസാരിച്ചും ചെലവഴിച്ചു.

ഒടുവിൽ ഞങ്ങൾ അവരെ ഒരു പൊതുവായ സ്ഥലത്തേക്ക് പ്രയർ മീറ്റിംഗിനുവേണ്ടി ക്ഷണിച്ചു.
അത്ഭുതകരമായിരുന്നു അവരുടെ സഹകരണം. ആ പ്രയർ മീറ്റിംഗിൽ ദൈവവചനം വായിച്ച് സന്ദേശം കൊടുക്കുവാൻ നിയോഗിക്കപ്പെട്ടത് ഞാനായിരുന്നു. ദൈവം കർത്താവായ യേശു വഴി മനുഷ്യരോട് കാണിച്ച സ്‌നേഹത്തെക്കുറിച്ചും പരസ്പരം സ്‌നേഹിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുമെല്ലാം അവരോട് ദൈവവചനം ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. അവസാനം ഞങ്ങളെ ഒരുമിച്ചു ചേർത്ത കർത്താവിന് നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ട് പ്രയർ മീറ്റിംഗ് അവസാനിപ്പിച്ചു. അവർ ഒത്തിരിയേറെ സ്‌നേഹവും നന്ദിയും ഞങ്ങളുടെമേൽ ചൊരിഞ്ഞു. ഇനിയും വരണേ എന്ന അഭ്യർത്ഥനയോടെ അവർ ഞങ്ങളെ യാത്രയാക്കി. ആദ്യത്തെ ഔട്ട്‌റീച്ച് ഏറെ അനുഭവകരമായതിന്റെ സന്തോഷമായിരുന്നു തിരിച്ചുപോരുമ്പോൾ ഞങ്ങളുടെ മനസുനിറയെ.

മുന്നറിയിപ്പ് തന്ന സ്തുതിയാരാധന

പെട്ടെന്ന് ഞങ്ങളുടെ ഗ്രൂപ്പിലുള്ള ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: എല്ലാം നന്നായി എങ്കിലും എന്റെ മനസിൽ എന്തോ ഒരു പിശകു തോന്നുന്നു. നമുക്ക് ഭാഷാവരത്തിൽ സ്വല്പനേരം പ്രാർത്ഥിച്ചിട്ട് മടക്കയാത്ര തുടങ്ങാം. ഞങ്ങൾ ഗ്രൂപ്പംഗങ്ങൾ കൈകോർത്തുപിടിച്ച് അല്പസമയം ഭാഷാവരത്തിൽ സ്തുതിച്ച് പ്രാർത്ഥിച്ചു. അതിനുശേഷം മടക്കയാത്രയായി. ഞങ്ങൾ സ്തുതിച്ചുകൊണ്ട് നടന്നു നടന്ന് ഒരു ഇടുങ്ങിയ വഴിയിലെത്തി. ഓരോ ആളുകൾക്ക് അങ്ങുമിങ്ങും കടന്നുപോകാൻ മാത്രം വീതിയുള്ള ഒരു ഇടുക്കുവഴി. ഞങ്ങൾ അങ്ങോട്ട് കാലെടുത്തുവച്ചതും കറുത്ത് തടിച്ച് ക്രൂരമായ മുഖഭാവമുള്ള ഒരാൾ ഞങ്ങളുടെ ഇടയിലേക്ക് ചാടിവീണു.

അയാൾ എളിയിൽ ഒരു കഠാര തിരുകിയിട്ടുണ്ടായിരുന്നു. മാത്രമല്ല, മദ്യപിച്ചിട്ടുമുണ്ടായിരുന്നിരിക്കണം. അയാൾ എന്റെ നേരെ ക്രൂരഭാവത്തിൽ നോക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ”ആരാടീ എന്റെ ചേരിയിൽ സ്‌നേഹം പഠിപ്പിക്കാൻ വന്നിരിക്കുന്നത്? നീ ആണോടീ. എങ്ങനെയാണ് സ്‌നേഹിക്കുന്നതെന്ന് നിന്നെ ഞാൻ പഠിപ്പിക്കാം. ഇങ്ങോട്ടുവാ.” എന്ന് പറഞ്ഞ് അയാൾ എന്നെ കയറി പിടിക്കാൻ ശ്രമിച്ചു. എന്റെ ടീമംഗങ്ങളും ഞാനും അയാളെ കണ്ട ഉടനെതന്നെ ഭാഷാവരത്തിൽ അല്പം ഉച്ചത്തിൽത്തന്നെ സ്തുതിക്കുന്നുണ്ടായിരുന്നു.
അത്ഭുതമെന്ന് പറയട്ടെ, എന്നെ പിടിക്കുവാനായി കൈ ഉയർത്തിയ ആ നിമിഷം ആരോ അടിച്ചു വീഴ്ത്തിയാലെന്നവണ്ണം ആ മനുഷ്യൻ നിലംപതിച്ചു. അപ്പോൾ ഞങ്ങൾ വീണ്ടും ഉച്ചത്തിൽ സ്തുതിക്കാൻ തുടങ്ങി. പക്ഷേ, അയാൾ പിൻവാങ്ങിയില്ല. അയാൾ വീണിടത്തുനിന്നും നാലുകാലിൽ എഴുന്നേറ്റ് വീണ്ടും എന്റെ കൈയിൽ കയറിപ്പിടിക്കാൻ ഉദ്യമിച്ചു.

അത്ഭുതകരമായിരുന്നു ദൈവംതന്ന സംരക്ഷണം. എന്റെ കൈയിൽ അയാളുടെ കൈകൾ തൊട്ടുതൊട്ടില്ല എന്ന അകലത്തിൽ എത്തിയപ്പോഴേക്കും ഏതോ ഒരു ശക്തി വീണ്ടും അയാളെ നിലംപതിപ്പിച്ചു. അത് അയാളെ കൂടുതൽ ക്രുദ്ധനാക്കി. അയാൾ വീണിടത്തുനിന്നും ചാടിയെഴുന്നേറ്റ് എന്റെ ബൈബിൾ തട്ടിപ്പറിക്കാൻ തുടങ്ങി. ഇവിടെത്താടീ നിന്റെ ബൈബിൾ, ഞാനും ഒന്നു പ്രസംഗിക്കട്ടെ എന്നു പറഞ്ഞ് അയാൾ ബൈബിൾ തട്ടിപ്പറിക്കാൻ കൈ നീട്ടിയതും ആദ്യത്തേതിനെക്കാൾ ശക്തമായ അടിയേറ്റാലെന്നവണ്ണം നിലംപതിച്ചതും ഒപ്പമായിരുന്നു.
പിന്നീടയാൾ കഷ്ടപ്പെട്ട് എഴുന്നേറ്റെങ്കിലും ഞങ്ങളുടെ ടീമിന്റെ നേരെ വന്നില്ല. എന്തെല്ലാമോ അസഭ്യങ്ങൾ പുലമ്പിക്കൊണ്ട് എവിടെയോ പോയിമറഞ്ഞു. ഞങ്ങൾ കൂടുതൽ ശക്തിയോടെ കർത്താവിനെ സ്തുതിച്ച് നന്ദി പറഞ്ഞുകൊണ്ട് തിരിച്ച് സ്‌നേഹനിലയത്തിലെത്തി. ഞങ്ങൾ തിരിച്ച് എത്തുന്നതിനുമുൻപേ വാർത്ത സ്‌നേഹനിലയത്തിൽ അറിഞ്ഞു. ഞങ്ങൾ എത്തിയപ്പോൾ അവരെല്ലാവരും ഞങ്ങളെ സ്വീകരിക്കാൻ കാത്തുനില്ക്കുകയായിരുന്നു. ഞങ്ങളെല്ലാവരും കൂടി അത്ഭുതകരമായ രക്ഷ നല്കിയ, സ്തുതിയിൽ വസിക്കുന്ന ദൈവത്തിന് വീണ്ടും ആരാധനയും സ്തുതിയും അർപ്പിച്ചു.

”കർത്താവാണ് നിന്റെ കാവല്ക്കാരൻ; നിനക്കു തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല. സകല തിന്മകളിൽനിന്നു കർത്താവ് നിന്നെ കാത്തുകൊള്ളും; അവിടുന്ന് നിന്റെ ജീവൻ സംരക്ഷിക്കും. കർത്താവ് നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും” (സങ്കീ. 121:5-8) എന്ന വചനം അങ്ങ നെ എന്റെ ജീവിതത്തിൽ നിറവേറി.

സ്തുതികളിൽ വസിക്കുന്ന പൊന്നുതമ്പുരാന്റെ ശക്തി അത്ഭുതകരമാംവിധം അനുഭവിക്കാൻ എനിക്കവിടുന്ന് ഇടയാക്കി. ”നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും” (സങ്കീ. 91:12) എന്ന വാഗ്ദാനം, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം എന്റെ ജീവിതത്തിൽ നിറവേറ്റി. ഇതാണ് ദൈവസ്തുതിയുടെ വില. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുതന്നെ ദൈവത്തെ ദൈവമായി അറിയാനും അവിടുത്തെ അറിഞ്ഞു സ്‌നേഹിക്കാനും അവിടുത്തേക്ക് അർഹമായ ആരാധന അർപ്പിക്കുവാനുമാണെന്ന് ചെറിയ ക്ലാസിലെ വേദപാഠങ്ങളിൽ നാം പഠിക്കുന്നുണ്ടല്ലോ. പൂർണത തന്നെയായ ദൈവത്തെ സ്തുതിക്കുമ്പോൾ അവിടുത്തെ പൂർണത നമ്മിലേക്കൊഴുകും. നമ്മുടെ ബലഹീനതയെ അവിടുന്ന് ശക്തിയായി മാറ്റും. നമ്മുടെ ഭോഷത്തത്തെ അവിടുത്തെ ജ്ഞാനത്താൽ നിറയ്ക്കും. നമ്മുടെ ഇല്ലായ്മയെ അവിടുത്തെ ഉള്ളായ്മയാൽ നിറയ്ക്കും. നമ്മുടെ പ്രതിസന്ധികളെ അവിടുന്ന് പുതിയ തുടക്കങ്ങളുടെ അടിസ്ഥാനമായി മാറ്റും.

അതിനാൽ നമുക്ക് എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിച്ച് പ്രാർത്ഥിക്കാം. യേശുവിന്റെ നാമത്തെ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കാം. ”അവനിലൂടെ നമുക്ക് എല്ലായ്‌പ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി- അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങൾ- അർപ്പിക്കാം.” (ഹെബ്രാ. 13:15).

സ്റ്റെല്ല ബെന്നി

10 Comments

 1. smitha says:

  Amazing is God’s care….

 2. Neejo V Johny says:

  Amen

 3. ancy says:

  ദൈവനാമം എന്നും വാഴ്ത്തപ്പെടട്ടെ

 4. Begy John says:

  ഓ സ്റ്റെല്ലചേച്ചീ… എത്ര സന്തോഷം ഇത് വായിച്ചിട്ട്! ദൈവം സമൃദ്ധമായി ഇനിയും അനുഗ്രഹിക്കട്ടെ! ഇത്രേം അനുദിനജീവിതത്തോടു അടുത്ത് നില്‍ക്കുന്ന അനുഭവങ്ങള്‍ ഇതിനും മുന്‍പ് വായിച്ചില്ല…അനുദിന ജീവിതത്തിലെ ഇതുപോലെയുള്ള അവസ്ഥകളിലും ദൈവത്തോട് എത്ര മാത്രം ആശ്രയിക്കാം എന്ന് കാണിച്ചു തന്നു, സ്റ്റെല്ല ചേച്ചി… നന്ദി.

 5. claramma joseph says:

  PRAISE THE LORD. JESUS IS A WONDERFUL GOD HE KNOWS OUR SMALL AND BIG NEEDS MORE THAN US. HE WILL ALWAYS BE WITH US IF WE BELIEVE. MAY JESUS GIVE STRONG FAITH IN JESUS THOSE WHO READ THIS ARTICLE. MAY JESUS BLESS YOU

 6. Elsamma James says:

  In every circumstances, if we pray with faith and believe in God’s providence, we can see the Glory of God. Thank you for the wonderful article experiencing of God’s providence in daily life. 2015 years ago, who lived in Palestine and worked miracles,He still lives and doing miracles! We believe in you Jesus!

 7. dhannya joseph says:

  very good article

Leave a Reply

Your email address will not be published. Required fields are marked *