സ്വർഗത്തിൽ പോകുന്നത് സാധാരണക്കാർക്ക് സാധ്യമല്ല എന്നാണ് പലരുടെയും ധാരണ. എന്നാൽ ഈശോ പറയുന്നു – ദൈവത്തോടുകൂടി ആണെങ്കിൽ സാധ്യമാണ് (മത്താ. 19:26). സ്വർഗത്തിലേക്ക് പോകുവാൻ ദൈവം നമ്മെ എപ്പോൾ വിളിക്കുമെന്ന് നമുക്കറിയില്ല. അതിനാൽ നാം എപ്പോഴും ദൈവത്തോടുകൂടി ആയിരിക്കണം. ഇത് എങ്ങനെ സാധിക്കും? ദൈവം തന്നെ ഇതിനൊരു എളുപ്പവഴി കാണിച്ചുതന്നിട്ടുണ്ട്. ദൈവം സ്‌നേഹമാണ് (1 യോഹ. 4:8). അതിനാൽ സ്‌നേഹത്തോടും അനുതാപത്തോടുംകൂടി ഈശോയെ വിളിക്കാം.
ലൂക്കാ 19-ാം അധ്യായത്തിൽ സക്കേവൂസിന്റെ ഭവനത്തിൽ യേശു താമസിച്ച സംഭവം വിവരിക്കുന്നുണ്ട്. സക്കേവൂസ് യേശുവിനെ ഒന്ന് കാണുവാൻ മാത്രമാണ് ആഗ്രഹിച്ചത്. എന്നാൽ സ്‌നേഹനിധിയായ യേശു സക്കേവൂസിന്റെ ഭവനത്തിൽ പ്രവേശിക്കുന്നു. കാൽവരിമലയിൽ യേശുവിന്റെ ഇടത്തും വലത്തും ഉള്ള രണ്ട് കള്ളന്മാർ കുരിശിൽ കിടന്ന സംഭവം നമുക്ക് ഓർക്കാം (ലൂക്കാ 23:42-43). വലത്തുഭാഗത്തെ കള്ളൻ അനുതാപത്തോടും സ്‌നേഹത്തോടുംകൂടി പറഞ്ഞു ”യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.” ഉടനെ യേശു അവന്റെ പാപങ്ങൾ ക്ഷമിച്ച് അവന് പറുദീസ വാഗ്ദാനം ചെയ്യുന്നു. അതാണ് യേശുവിന്റെ സ്‌നേഹം. നമ്മൾ അനുതാപത്തോടും സ്‌നേഹത്തോടുംകൂടി യേശുവേ, യേശുവേ എന്ന് വിളിക്കുമ്പോൾ സ്‌നേഹത്തിന്റെ ഉറവയായ യേശു നമ്മിലേക്ക് വരികയും നമ്മിൽ വസിക്കുകയും നമ്മെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്യുന്നു. ധൂർത്തപുത്രന്റെ ഉപമ ഓർക്കുക (ലൂക്കാ 15:21).
എല്ലായ്‌പ്പോഴും യേശുവേ, യേശുവേ എന്ന് വിളിക്കുവാൻ നമുക്ക് സാധിക്കുമോ? ദൈവാനുഗ്രഹമുണ്ടായാൽ സാധിക്കും. അതിനുള്ളൊരു എളുപ്പവഴി വിവരിക്കാം. കുറച്ചു സമയം സ്വസ്ഥമായി ഇരുന്ന് കണ്ണുകൾ അടച്ച് നമ്മുടെ ജീവിതത്തിലെ എല്ലാ കോശങ്ങളെയും എല്ലാ ചിന്തകളെയും യേശുവിന് സമർപ്പിച്ച് ചുണ്ടോ നാവോ അനക്കാതെ യേശുവേ, യേശുവേ, യേശുവേ എന്ന് അനുതാപത്തോടും സ്‌നേഹത്തോടുംകൂടി വിളിക്കുക. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ യേശുവേ എന്ന് വിളിക്കുക. അതുപോലെ ശ്വാസം പുറത്തേക്ക് വിടുമ്പോഴും യേശുവേ എന്ന് വിളിക്കുക. നാവനക്കാതെ, ചുണ്ടനക്കാതെ സ്‌നേഹത്തോടെ വിളിക്കുക.
യേശു നമുക്കുവേണ്ടി സഹിച്ച പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും യേശു നമുക്ക് ചെയ്യുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കുന്നതും നല്ലതാണ്. സ്‌നേഹനിധിയായ യേശു, പാപികളെ തേടിവന്ന യേശു, സക്കേവൂസിന്റെ ഭവനത്തിലേക്ക് സ്‌നേഹത്തോടെ വന്ന യേശു, ധൂർത്തപുത്രനെ സ്വീകരിച്ച് മാറോടണയ്ക്കുന്ന യേശു -അങ്ങനെ ചിന്തിക്കുക. കുരിശിൽ വലത്തുഭാഗത്ത് ഉണ്ടായിരുന്ന കള്ളന് മാപ്പ് കൊടുത്ത് അവന് പറുദീസ വാഗ്ദാനം ചെയ്ത യേശു നമ്മിലേക്ക് വരികയും നമ്മിൽ വസിക്കുകയും ചെയ്യും. ഇത് സാധാരണക്കാരന്റെ ധ്യാനമാണ്.
യേശുനാമത്തിന്റെ ശക്തി
”ദൈവത്തിൽ മാത്രമാണ് എനിക്ക് ആശ്വാസം” (സങ്കീ. 62:1). ഉള്ളിൽ പരിശുദ്ധാത്മാവ് സദാസമയവും ഉച്ചരിച്ചുകൊണ്ടിരിക്കുന്ന യേശുനാമത്തോടുള്ള ഐക്യപ്പെടലായി ധ്യാനത്തെ മാറ്റുവാൻ സാധിക്കും. നമ്മുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ദൈവനാമത്തെക്കുറിച്ച് ബോധവാനാവുക എന്നത് മാത്രമാണ് നമ്മുടെ കടമ. പിതാവിൽനിന്ന് പുറപ്പെടുന്ന ഏറ്റവും ശുദ്ധമായ ശ്വാസം സ്വീകരിക്കുവാൻ ബോധപൂർവവും മൃദുലവുമായ ധ്യാനാത്മക സമീപനം നമ്മെ പ്രാപ്തനാക്കും.
വിശുദ്ധ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നതുപോലെ ” അവനിൽ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനിൽക്കുന്നു.”(അപ്പ. പ്രവ. 17:28) എന്ന അവസ്ഥ അനുഭവവേദ്യമാകുന്നു. ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്ന അതേ താളത്തിൽ യേശുവിന്റെ നാമം ഏറ്റവും സ്വാഭാവികമായ വിധത്തിൽ ഹൃദയത്തിൽ നിറയുന്നു.
കുറച്ചുദിവസം തുടർച്ചയായി ഈ ധ്യാനം ശീലിച്ചാൽ ജീവിതം എളുപ്പമാകും. നമ്മൾ നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുവാൻ കിടക്കുമ്പോഴും ഉറക്കത്തിൽനിന്ന് ഉണരുമ്പോഴും യേശുനാമം ഉരുവിടുവാൻ ദൈവം ഇടവരുത്തും. ആധ്യാത്മികമായ ഒരു ജ്വലനം നമുക്കുണ്ടാകും. നമ്മൾ ചെയ്യുന്നതൊക്കെ ദൈവത്തിനുവേണ്ടി സ്‌നേഹത്തോടെ ചെയ്യുവാൻ ദൈവം ഇടവരുത്തും. കുട്ടികൾ ഈ ധ്യാനം ശീലിച്ചാൽ- ഏകാഗ്രത വർധിക്കും, പഠനം എളുപ്പമാകും. നമ്മെ തന്നെ പരിത്യജിച്ച് അന്നന്നത്തെ കുരിശുകൾ സ്‌നേഹത്തോടെ വഹിക്കുവാൻ യേശു സഹായിക്കും. നമ്മുടെ തഴക്ക ദോഷങ്ങൾ (മദ്യപാനം, പുകവലി, ജഡിക പാപങ്ങൾ ആദിയായവ) ഇല്ലാതാകും. ടെൻഷൻ ഇല്ലാതാകും. നമ്മുടെ ചുമതലകൾ നിർവഹിക്കുവാൻ എളുപ്പമാകും. എന്തുകൊണ്ടെന്നാൽ യേശു നമ്മോടുകൂടെയുണ്ട്.
യേശുവേ എന്ന് എല്ലായ്‌പ്പോഴും വിളിക്കുന്ന ഒരാൾക്ക് ഉന്നതവിജയവും ഉന്നത സ്ഥാനമാനങ്ങളും കീർത്തിമുദ്രകളും കിട്ടുമ്പോൾ അഹംഭാവം ഉണ്ടാവുകയില്ല. എന്തുകൊണ്ടെന്നാൽ സ്വന്തം കഴിവുകൊണ്ടല്ല യേശുവിന്റെ സഹായത്താലാണ് ഉന്നതവിജയം കിട്ടുന്നത് എന്ന് ഓർത്ത് യേശുവിന് നന്ദി പറയും. നമുക്ക് എന്തുതന്നെ സംഭവിച്ചാലും ദൈവതിരുമനസ് നിറവേറട്ടെ എന്ന് പറയുവാൻ സാധിക്കും. യേശു നമ്മിൽ വസിക്കുമ്പോൾ, നമുക്ക് ഭയം ഇല്ലാതാകും. നമ്മുടെ ആത്മാവ് ശരീരത്തിൽനിന്ന് വേർപെടുമ്പോൾ ”പിതാവേ, ഇതാ ഞാൻ” എന്ന് പറഞ്ഞ് യേശുവിനോടും മാതാവിനോടും മാലാഖമാരോടുംകൂടി സ്വർഗത്തിലേക്ക് പോകുവാൻ ദൈവം ഇടവരുത്തും.
ഡോ. ജെ. കാട്ടൂക്കാരൻ
2 Comments
Thanks i will try
Good.!….will try to practice the same ..