പരിശുദ്ധാത്മാവിന് തിരക്കുണ്ട്…

പരിശുദ്ധ പിതാവും കർദിനാൾമാരും അടങ്ങുന്ന ഒരു വേദിയിൽ പാദുവായിലെ ആന്റണി പ്രസംഗിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള- ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമൻ, സ്ലാവ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷക്കാരും മറ്റനേകം ഭാഷകൾ സംസാരിക്കുന്നവരുമായ നിരവധിപ്പേർ അവിടെ സന്നിഹിതരായിരുന്നു.

പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി ആധികാരിക, അപ്പസ്‌തോലിക വാക്ചാതുര്യത്തോടെ, പ്രഭാഷണ വൈദഗ്ധ്യത്തോടെ ആന്റണി ദൈവവചനം പ്രഘോഷിക്കുവാനും വ്യാഖ്യാനിക്കുവാനും ആരംഭിച്ചു. ഉടൻ ആദ്യപെന്തക്കുസ്താ അത്ഭുതം അവിടെയും സംഭവിച്ചു.

അവിടെക്കൂടിയിരുന്ന ഓരോരുത്തരും ആന്റണി പറഞ്ഞവയെല്ലാം അവരവരുടെ ഭാഷയിൽ സുവ്യക്തമായി കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തു. അത്ഭുതകരമായ ഈ ദൈവിക പ്രവൃത്തിയിൽ സകലരും ആശ്ചര്യഭരിതരായെന്നുമാത്രമല്ല, വലിയ ദൈവസ്‌നേഹത്താൽ നിറയുകയുമുണ്ടായി. അപ്പസ്‌തോലപ്രവൃത്തികളിൽ പ്രസ്താവിക്കുന്നതുപോലെ അവരും പരസ്പരം പറഞ്ഞു: ഇദ്ദേഹം പോർട്ടുഗീസുകാരനല്ലേ? പിന്നെങ്ങനെ ഗ്രീക്ക്, ലത്തീൻ, ഫ്രഞ്ച്, ജർമൻ, സ്ലാവ്, ഇംഗ്ലീഷ്, ലൊമ്പാഡ്‌സ് ഭാഷക്കാരായ നമ്മളും മറ്റ് വിദേശികളും അദ്ദേഹം പറയുന്നതെല്ലാം നാമോരോരുത്തരുടെയും മാതൃഭാഷയിൽ കേൾക്കുന്നു?’
വിശുദ്ധ ആന്റണിയുടെ സുവിശേഷ പ്രഘോഷണമേഖലകളിൽ പലപ്പോഴും പരിശുദ്ധാത്മാവ് ഈ അത്ഭുതം പ്രവർത്തിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഇറ്റാലിയൻ ഭാഷയിലും ഫ്രാൻസിൽ ശുദ്ധഫ്രഞ്ചിലും വചനം പ്രഘോഷിച്ച, പോർട്ടുഗീസുകാരനായ ഇദ്ദേഹം മേല്പറഞ്ഞ ഭാഷകളിൽ നിരക്ഷരനായിരുന്നുവെന്നത് വാസ്തവം. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ, എത്ര അറിവില്ലാത്തവനും നിഷ്പ്രയാസം മനസിലാക്കാവുന്നതായിരുന്നു. പ്രസംഗിക്കുന്നത് ഏറെ ദൂരെനിന്നാണെങ്കിലും വളരെ അടുത്തുനിന്നെന്നപോലെ കേൾക്കാവുന്നതായിരുന്നു എന്നത് മറ്റൊരത്ഭുതം.

ആദ്യപെന്തക്കുസ്തായ്ക്കുശേഷം ഇതുപോലൊന്ന് കേട്ടിട്ടുണ്ടോ? എന്നാൽ അത് സംഭവിച്ചിട്ടുണ്ട് എന്നാണല്ലോ വിശുദ്ധ അന്തോനീസിന്റെ അനുഭവം വ്യക്തമാക്കുന്നത്. വിശുദ്ധാത്മാക്കളായ കുരിശിന്റെ പോൾ, ഡോമിനിക്, ഫ്രാൻസിസ് സൊളാനസ് എന്നിവർക്കും പരിശുദ്ധാത്മാവ് ഈ വരം നല്കിയിരുന്നു. ദൈവം ഇനിയുമത് നല്കുമോ?

യേശുവിനെ അറിയാത്തവർ പെരുകുന്നു… അറിഞ്ഞവർ ചുരുക്കം, പകരുന്നവർ വിരളം… എഴുന്നൂറുകോടിയോളമേറുന്ന ലോകജനത്തെ മുഴുവൻ എങ്ങനെ സുവിശേഷമറിയിക്കും? ഭയം തോന്നുന്നു. എത്രയെത്ര ഭാഷകൾ, വർഗങ്ങൾ, ഗോത്രങ്ങൾ, രാജ്യങ്ങൾ, ദേശങ്ങൾ… ഓരോന്നിനും വെവ്വേറെ ഭാഷകൾ. ചിന്തിച്ചിട്ട് ഒരിടത്തും എത്തുന്നില്ല. ഈ ഭാഷകളിലൊക്കെ എങ്ങനെ സുവിശേഷം കൊടുക്കും. ഭാഷ പഠിക്കാമെന്നുവച്ചാൽ എത്രയെണ്ണം? സമയം അതിനായി കാത്തുനില്ക്കുമോ? ആത്മാക്കൾ നശിച്ചുകൊണ്ടിരിക്കുന്നു, പാപവും അധർമവും യുദ്ധവും അസമാധാനവും അക്രമവും പീഡനങ്ങളും വർധിക്കുന്നു. ലോകത്തിലേക്കു നോക്കി പകച്ച്, സ്വർഗത്തിലേക്ക് നോക്കി നെടുവീർപ്പിട്ട് നില്ക്കുകയല്ലാതെ എന്തുചെയ്യും.

ഇല്ല, നമുക്കങ്ങനെ പകച്ചു നില്ക്കാൻ സമയമില്ല; ”മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്” (ലൂക്കാ 18:27). വിശുദ്ധ അന്തോനീസിനും മറ്റു വിശുദ്ധർക്കും ദൈവം ഈ ഭാഷണവരം നല്കിയെങ്കിൽ നമുക്കും തരാതിരിക്കാനവിടുത്തേക്കാവില്ല. പക്ഷേ വാശി വേണം; തരാതെ വിടില്ലെന്ന് ഗുസ്തിപിടിക്കാൻ തന്റേടംവേണം. അപ്പസ്‌തോലർക്കും വിശുദ്ധർക്കുമായി ‘റിസർവ്’ ചെയ്യപ്പെട്ടിരിക്കുകയല്ല പരിശുദ്ധാത്മാവ്. ‘തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല?’ എന്നരുളിയ കർത്താവ് നമ്മുടെ ‘ചോദ്യത്തിനു’വേണ്ടികാത്തിരിക്കുന്നു. കാരണം പരിശുദ്ധാത്മാവിന് ഇത് വളരെ എളുപ്പമാണ്; അതിലേറെ തിരക്കുമുണ്ട്, സുവിശേഷം വ്യാപിപ്പിക്കാൻ.

വിശുദ്ധ ഫ്രാൻസിസ് സൊളാനസ് (1549-1610)

സ്‌പെയ്ൻകാരനായ അമേരിക്കൻ മിഷനറി വിശുദ്ധ ഫ്രാൻസിസ് സൊളാനസിന് പരിശുദ്ധാത്മാവിന്റെ ഈ ഭാഷണവരം ലഭിച്ചിരുന്നു. അതുവഴി, വിവിധ ഭാഷക്കാരായ റെഡ് ഇന്ത്യക്കാർക്ക് ഒരേസമയം സുവിശേഷം പകരാൻ അദ്ദേഹത്തിന് സാധിച്ചു.

ക്രൈസ്തവ മിഷനറിപ്രവർത്തനങ്ങളിൽ അസഹിഷ്ണുക്കളായ ആയിരക്കണക്കിന് റെഡ് ഇന്ത്യക്കാർ യൂറോപ്യൻ ക്രൈസ്തവരെയും റെഡ് ഇന്ത്യക്കാരായ ക്രൈസ്തവരെയും വധിക്കാൻ തീരുമാനിച്ചു. ഒരു പെസഹാ വ്യാഴാഴ്ച, അവർ ആയുധങ്ങളുമേന്തി ക്രൈസ്തവരെ വളഞ്ഞെങ്കിലും വിശുദ്ധ ഫ്രാൻസിസ് സൊളാനസ് തന്റെ അത്ഭുതപ്രവർത്തന വരത്താൽ അവരെ നിരായുധരാക്കുകയും അവരോട് യേശുസ്‌നേഹം ഘോഷിക്കുകയും ചെയ്തു. വിശുദ്ധന്റെ ഭാഷ വശമില്ലാത്ത, വിവിധ ഭാഷക്കാരായ ആ റെഡ് ഇന്ത്യക്കാർ വിശുദ്ധൻ സംസാരിച്ചവയെല്ലാം താന്താങ്ങളുടെ ഭാഷയിൽ ശ്രവിച്ചു; അവരിൽ 9000 പേർക്ക് അദ്ദേഹം മാമോദീസ നല്കുകയും ചെയ്തു.

ഒരു വചനപ്രഘോഷണത്തിലൂടെ വിവിധഭാഷകൾ സംസാരിക്കുന്ന 9000 പേരെയാണ് വിശുദ്ധ ഫ്രാൻസിസ് സൊളാനസ് യേശുവിനായ് നേടിയത്. ഈ 9000 പേരിലൂടെ അവരുടെ ഭാഷക്കാരിലേക്കും യേശുസ്‌നേഹം പകരപ്പെടുമെന്നതിൽ സംശയമില്ല.

അവശേഷിക്കുന്നവരെക്കുറിച്ച് ഭാരപ്പെടുന്ന മിഷനറിമാർക്ക് ആ ശിഷ്ടഭാഗത്തിലേക്കും കടന്നുചെല്ലാൻ ദൈവം ഇടവരുത്തും. ഭാഷ പരിശുദ്ധാത്മാവിന് ഒരു പ്രശ്‌നമേയല്ല. മനുഷ്യാത്മാക്കൾക്കിടയിലേക്ക് കയറിച്ചെന്ന് യേശുവിനെ ഘോഷിക്കാൻ സന്നദ്ധതയുള്ള, പരിശുദ്ധാത്മാവിന് പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തികളെയാണ് അവിടുത്തേക്ക് ആവശ്യം. അതിന് ഓരോ വചനപ്രഘോഷകരും തയ്യാറെങ്കിൽ ഭാഷയുടെ മതിലുകൾ പരിശുദ്ധാത്മാവുതന്നെ ഭേദിച്ചുകൊള്ളും; നാം സംസാരിക്കുകയേ വേണ്ടൂ.

കുരിശിന്റെ വിശുദ്ധ പോൾ (1694-1775)

പാഷനിസ്റ്റ് ഫാദേഴ്‌സ് എന്ന സന്യാസസഭാ സ്ഥാപകനാണ് കുരിശിന്റെ വിശുദ്ധ പോൾ. ഇദ്ദേഹത്തിന്റെ ഇറ്റാലിയൻ ഭാഷയിലുള്ള പ്രസംഗം വിവിധ ഭാഷക്കാരായ ജനങ്ങൾ താന്താങ്ങളുടെ മാതൃഭാഷയിൽ കേൾക്കുകയുണ്ടായി. ഇത് അനേക തവണ സംഭവിച്ചിട്ടുണ്ട്. വിശുദ്ധന്റെ അനിതരസാധാരണ പുണ്യജീവിതംമൂലം വിദൂരങ്ങളിൽനിന്നുപോലും അനേകർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

വിശുദ്ധനിലൂടെ ദൈവം സംസാരിക്കുന്നതു കേൾക്കാനും അപൂർവ അത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനും രോഗശാന്തിയും പ്രശ്‌നപരിഹാരങ്ങളും നേടുന്നതിനുമായി ഇപ്രകാരം എത്തിപ്പെടുന്നവരുടെ എണ്ണം പലപ്പോഴും അനിയന്ത്രിതമാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ, വലിയ ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും വിശുദ്ധന്റെ സ്വരം ഏതുഭാഗത്തും എത്ര വിദൂരത്തുള്ളവർക്കും വ്യക്തമായി കേൾക്കാൻ കഴിയുംവിധം ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചിരുന്നു.

വിശുദ്ധ ഡോമിനിക് (1170-1221)

വിശുദ്ധ ഡോമിനിക് ശിഷ്യരുമൊപ്പം പാരീസിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടയിൽ റോകാമഡോറിലെ ദേവാലയത്തിലെ പരിശുദ്ധ അമ്മയുടെ അത്ഭുതരൂപത്തിനുമുമ്പിൽ പ്രാർത്ഥിച്ചു. അവരുടെ യാത്രയിലുടനീളം അവർ ലുത്തിനിയയും സങ്കീർത്തനങ്ങളും മറ്റു പ്രാർത്ഥനകളും ആലപിച്ചുകൊണ്ടിരുന്നു. ഇതിൽ ആകൃഷ്ടരായ രണ്ട് ജർമൻ തീർത്ഥാടകർ അവരെ അനുഗമിച്ചു. ഭക്ഷണത്തിനും താമസത്തിനും ജർമൻകാർ വിശുദ്ധനെയും സുഹൃത്തുക്കളെയും ക്ഷണിച്ചെങ്കിലും ഭാഷ അവർക്കിടയിൽ വലിയ വിഷയമായി. ഇരുകൂട്ടർക്കും പരസ്പരം സംസാരിക്കാനോ ആശയങ്ങൾ കൈമാറാനോ സാധിച്ചില്ല. ഒന്നിച്ച് ഭക്ഷിച്ച്, താമസിച്ച് അഞ്ചു ദിനങ്ങൾ പിന്നിട്ടു.

അപ്പോൾ വിശുദ്ധ ഡോമിനിക് ശിഷ്യൻ ബെർട്രാൻ ഡിനോടു പറഞ്ഞു: ”നാം ഇവരിൽ അനശ്വരതയുടെ വിത്തുവിതയ്ക്കാതെ നശ്വരതയുടെ ഫലംകൊയ്യുന്നത് എന്നെ വളരെ വിഷമിപ്പിക്കുന്നു. അവരുടെ ഭാഷ നമുക്കു മനസിലാകുവാനും അവർക്ക് ക്രിസ്തുവിനെ കൊടുക്കുവാൻ അവരോട് സംസാരിക്കാനുമുള്ള കൃപയ്ക്കായി നമുക്കു മുട്ടുകുത്തി പ്രാർത്ഥിക്കാം.” അവർ പ്രാർത്ഥന കഴിഞ്ഞെഴുന്നേറ്റപ്പോൾ വിശുദ്ധനും കൂട്ടർക്കും ജർമൻ ഭാഷയിൽ അവരോട് സംസാരിക്കാൻ കഴിഞ്ഞു; അവർക്ക് യേശുവിനെ പകരുകയും ചെയ്തു!
പാരീസിലെത്തിയപ്പോഴേക്കും ജർമൻകാർ ദൈവസ്‌നേഹാനുഭവത്താൽ നിറഞ്ഞുകഴിഞ്ഞിരുന്നു. ഈ സംഭവം രഹസ്യമായി സൂക്ഷിക്കണമെന്ന് വിശുദ്ധ ഡോമിനിക് മറ്റുള്ളവരോട് നിർദേശിച്ചു. ‘മറ്റുള്ളവരറിഞ്ഞാൽ, യഥാർത്ഥത്തിൽ പാപികളായ നമ്മെ അവർ വിശുദ്ധരായി തെറ്റിദ്ധരിക്കും’ എന്നതാണ് അതിന് വിശുദ്ധൻ നല്കിയ വിശദീകരണം.

ബൈബിൾ എഴുതപ്പെട്ട അതിപുരാതന ഭാഷകളും മറ്റ് വൈദേശിക ഭാഷകളും മനസിലാക്കാനുള്ള പരിശുദ്ധാത്മാവിന്റെ വരം അനേകം വിശുദ്ധർക്കും മിസ്റ്റിക്കുകൾക്കും പഞ്ചക്ഷതധാരികൾക്കും ലഭിച്ചിട്ടുണ്ട്. 20-ാം നൂറ്റാണ്ടിൽ (1898-1962) ജർമനിയിൽ ജീവിച്ചിരുന്ന മിസ്റ്റിക്കും പഞ്ചക്ഷതധാരിയുമായിരുന്ന തെരെസെ ന്യുമാൻ യേശുവിന്റെ സ്വന്തം ഭാഷയായ അരമായഭാഷയും അക്കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ലാറ്റിൻ, ഹീബ്രു, ഗ്രീക്ക് ഭാഷകളും കേൾക്കുകയും മനസിലാക്കുകയും ചെയ്തിരുന്നു. അവയൊന്നും വശമില്ലാത്ത ഏഴാം ക്ലാസുകാരിയായ സാധാരണ ഗ്രാമീണ പെൺകുട്ടിയായിരുന്നു തെരെസെ.

ഏഴാം ക്ലാസുകാരിയായ തെരെസെയെ ഉപയോഗിച്ച ദൈവം നമ്മുടെ അയോഗ്യതകൾക്കും കുറവുകൾക്കും അജ്ഞതയ്ക്കും മുകളിൽ പ്രവർത്തിക്കാൻ ശക്തനാണ്. നാം അറിഞ്ഞിട്ടും കണ്ടിട്ടും കേട്ടിട്ടും പോയിട്ടും ഇല്ലാത്ത രാജ്യങ്ങൾ, ദേശങ്ങൾ, ജനതകൾ, എല്ലായിടങ്ങളിലും സുവിശേഷം കൊടുക്കാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവോ? എങ്കിൽ, ഹബക്കുക് പ്രവാചകനെ മുടിയിൽ പിടിച്ച് ബാബിലോണിലെ സിംഹക്കുഴിയിലായിരുന്ന ദാനിയേലിനടുത്തെത്തിച്ചതുപോലെ ദൈവം നമ്മെയും കരങ്ങളിൽ വഹിച്ച് എത്തിക്കേണ്ടിടത്തെത്തിക്കും.

ആന്റണി, ഫ്രാൻസിസ് പവോള, കുരിശിന്റെ വിശുദ്ധ പോൾ തുടങ്ങി അനേക വിശുദ്ധർ സുവിശേഷവുമായി വിദൂരങ്ങളിലേക്ക് നടക്കാനാരംഭിച്ചെങ്കിലും അവർ നടക്കാതെതന്നെ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവരെ യഥാസ്ഥാനത്ത് എത്തിച്ച എത്രയോ സംഭവങ്ങൾ. ഒരേസമയം ഒന്നിലധികം സ്ഥലങ്ങളിൽ വചനം പ്രഘോഷിക്കാനും ദൈവാരൂപി ചിലരെ ഉപയോഗിച്ചു. വിശുദ്ധരായ ആന്റണിയും വിൻസെന്റ് ഫെററുമെല്ലാം ഇതിന് ഉദാഹരണമാണ്.
ദൂരമോ ഭാഷയോ അജ്ഞതയോ ഒന്നും ദൈവാത്മാവിന് തടസമല്ല. അവിടത്തേക്ക് യഥേഷ്ടം ഉപയോഗിക്കാനുതകുന്ന വ്യക്തികളെയാണവിടുന്ന് കാത്തിരിക്കുന്നത്. വിശുദ്ധാത്മാക്കളുടെ പ്രത്യേകതയും അതായിരുന്നല്ലോ. മാത്രമല്ല, യേശുവിനെ പകരാൻ, ആത്മാക്കളെ രക്ഷിക്കാൻ അവർ അത്യധികം കൊതിച്ചു, സുവിശേഷം പ്രസംഗിക്കാതെ അവർക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നുവെന്നതാണ് ദൈവം അത്രമേൽ അവരെ ഉപയോഗിക്കാൻ മറ്റൊരു കാരണം.

ജനത്തെമുഴുവൻ യേശുവിന്റെ സ്‌നേഹത്തിലേക്കും രക്ഷയിലേക്കും ആനയിക്കാൻ ദാഹത്തോടെ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നത് ആരാണ്? ഇപ്പോൾ മുതൽ പ്രാർത്ഥിച്ചു തുടങ്ങൂ, ഇതാ പെന്തക്കുസ്താ ആഗതമായിരിക്കുന്നു. എനിക്ക് ഈ പെന്തക്കുസ്താ തിരുന്നാളിൽ പരിശുദ്ധാത്മാവിന്റെ ഭാഷണവരം വേണം; തന്നേ പറ്റൂ, എന്ന് വാശിപിടിച്ച് കരയൂ. സുവിശേഷം വളരെപ്പെട്ടെന്ന് സകലരിലേക്കുമെത്താൻ ഇക്കാലത്തിന്റെ അനിവാര്യതയാണത്.
അപ്പസ്‌തോലന്മാർക്കും വിശുദ്ധ ആന്റണിക്കും ഡോമിനിക്കിനുമെല്ലാം പരിശുദ്ധാത്മവരം നല്കിയ അവിടുന്ന് തന്നോടു ചോദിക്കുന്ന നമുക്കും നല്കാതിരിക്കുന്നതെങ്ങനെ? തീവ്രമായി യാചിക്കുന്ന ഏവനും ദൈവമത് കൊടുത്തിരിക്കും. പക്ഷേ, പരിശുദ്ധ ദൈവമാതാവിനെ കൂട്ടുപിടിക്കണം, അമ്മയാണ് പരിശുദ്ധാത്മാഭിഷേകത്തിന് ഒരുക്കുന്നയാൾ. അപ്പസ്‌തോലരെ ഒരുക്കിയതും അമ്മതന്നെ. എങ്കിൽ ഈ പെന്തക്കുസ്താ നമുക്കൊരു പുതിയ പെന്തക്കുസ്തായായിരിക്കും. പിന്നീട് എല്ലാം വളരെ ത്വരിതമാക്കപ്പെടും.

ലോകാതിർത്തികൾ സുവിശേഷഗീതികളാൽ മുഖരിതമാകും. ഭാഷ, ദേശ, വർണ, വർഗ, രാജ്യ, ഗോത്ര വ്യത്യാസമില്ലാതെ ജനഹൃദയങ്ങൾ യേശുനാമം വാഴ്ത്തും. സ്വപ്നം കണ്ട് പ്രാർത്ഥിക്കാം. നമ്മുടെ കർത്താവിന്റെ സ്‌നേഹസുവിശേഷവും കുരിശിലെ രക്ഷയും എല്ലായിടവും പ്രഘോഷിക്കപ്പെടട്ടെ, ആരും നശിച്ചുപോകാതെ, സകലരും രക്ഷപ്രാപിക്കട്ടെ; അതിന് 2015-ലെ പെന്തക്കുസ്ത കാരണമായിത്തീരട്ടെ.

അമ്മേ മാതാവേ, ലോകം മുഴുവനിലുമുള്ള സകല ജനതകളോടും യേശുവിന്റെ സുവിശേഷം പ്രഘോഷിക്കുവാൻ, പരിശുദ്ധാത്മാവിന്റെ വരങ്ങളിലൊന്നായ വിവിധ ഭാഷകളിൽ സംസാരിക്കാനുള്ള കൃപകൊണ്ട് അമ്മയുടെ മധ്യസ്ഥതയാൽ ഞങ്ങളെ നിറയ്ക്കണമേ.

ആൻസിമോൾ ജോസഫ്

13 Comments

 1. sherlybenny says:

  ENIKKUM PARISUTHATHMAVINE THARENAME ESHUVE ENIKKUM NINAKKAYI ANEKAM AATHMAKKALE NEDITHARAN IDAYAKKANAME amen

 2. Louis says:

  Amen..

 3. philomina raju says:

  0h my Jesus,fill me with HolySpirit

 4. marykutty anil says:

  amen

 5. Nevil says:

  Good Thought. Dear Holy spirit come and fill me

 6. JS says:

  Jesus fill me with Your Holy Spirit…..

 7. Jolly Naduvattom says:

  Oh God will us with your power. Fill us with you Holy spirit. Fill us with your Love

 8. claramma joseph says:

  OH HOLY COME UPON US. GUIDE US AND FILL US WITH YOUR FRUITS AND GIFTS TO BRING MORE AND MORE PEOPLE TO GOD OUR GOD.

 9. Elsamma James says:

  Oh Holy Spirit, fill our families with your power. Use us to spread the Good News to the whole world. So that there will be one shepherd and flock.

 10. Mini George says:

  God send your Holy spirit and can be your witness to the whole world and save so many souls for you.

 11. jolly naduattom says:

  Wonderful. God works miracles only when want to know Him and live for Him. God bless you always to inspire people of this age. Amen

Leave a Reply

Your email address will not be published. Required fields are marked *