ഞാനില്ലെങ്കിൽ കാര്യങ്ങൾ എങ്ങനെ നടക്കും?

പൗരോഹിത്യ സ്വീകരണത്തിനുശേഷം രണ്ടു വർഷങ്ങൾ പിന്നിട്ട സമയം. എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ സഹവികാരിയായി ഞാൻ ‘തിളങ്ങുകയാണ്’. വികാരിയച്ചനുൾപ്പെടെ എന്നോടൊപ്പമുളള രണ്ടച്ചന്മാരും പുതിയതാണ്. എല്ലാവരും എല്ലാ കാര്യങ്ങളും എന്നോട് ആലോചിക്കുന്നു. ഒരു കാര്യം എനിക്ക് മനസ്സിലായി. എന്റെ സാന്നിധ്യവും പ്രവർത്തനവും ബസിലിക്കയ്ക്ക് ഒഴിവാക്കാനാവാത്തതാണ്. ഈ അവസരത്തിലാണ് ഇടവകയിൽ അഭിമാനകരമായി പ്രവർത്തിക്കുന്ന ഫാമിലി യൂണിറ്റുകളുടെ സംയുക്തവാർഷികം ആഗതമായത്.

ഇടവകയിലെ എല്ലാ അംഗങ്ങളും ഒരുമിച്ചുകൂടുന്ന ദിനം. വൈകിട്ട് അഞ്ചുമണിക്ക് ആരംഭിച്ച് ഏതാണ്ട് പാതിരാവോടെ അവസാനിക്കുന്ന ആ വലിയ പരിപാടിക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. എനിക്ക് ഇടംവലം തിരിയാൻ സമയമില്ല. എല്ലാവർക്കും നിർദേശങ്ങൾ കൊടുക്കണം. എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. ആഘോഷദിവസം രാവിലെ ആയപ്പോൾ തിരക്കു വർദ്ധിച്ചു. ഭാരവാഹികളെല്ലാം ദേവാലയത്തിൽ തന്നെയുണ്ട്. ഗായകസംഘം പരിശീലനം നടത്തുന്നുണ്ട്. കലാപരിപാടികൾക്കുളളവരും എത്തിക്കൊണ്ടിരിക്കുന്നു. ഫുഡ് കമ്മിറ്റി, ഭക്ഷണവിതരണ ക്രമത്തെപ്പറ്റിയും മറ്റും ശ്രദ്ധിച്ച് നടക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഞാൻ മാറി മാറി സന്ദർശനം നടത്തുന്നുണ്ട്.

അഞ്ചു മണിക്കാണു കുർബാന. വികാരിയച്ചനാണു പ്രധാന കാർമികൻ. എങ്കിലും കാര്യങ്ങൾ നന്നായി നടക്കണമെങ്കിൽ ഞാൻ ശ്രദ്ധിക്കണമല്ലോ. ഏതാണ്ട് നാലരമണി ആയപ്പോൾ ഒന്നു മുറിയിലേക്ക് പോയി കുറച്ചുകൂടി നല്ല ഒരു ളോഹ ഇടണം എന്നെനിക്കു തോന്നി. ഒത്തിരി ആളുകൾ വരുന്നതല്ലേ. ശരിക്കൊന്ന് കുളിച്ച് പുതിയ ഉടുപ്പ് എടുത്ത് ഇടാൻ കൈ ഉയർത്തിയതും തോൾഭാഗത്ത് കൈയുടെ കുഴ തെറ്റി. അസഹനീയമായ വേദന. കൈ ഉയർത്തിപ്പിടിച്ചിരിക്കുന്ന അവസ്ഥയിൽനിന്ന് മാറ്റാനേ സാധിക്കുന്നില്ല. ഇടതുകൈകൊണ്ട് വലതുകൈയിൽ പിടിച്ച് ഞാൻ കട്ടിലിലേക്കു കിടന്നു. വേദന ശമിക്കുന്നില്ല. അപ്പോൾ ദേവാലയത്തിൽനിന്നും കുർബാനയ്ക്കുള്ള പ്രാരംഭഗാനം കേട്ടു. ഞാനിടപെടാതിരുന്നിട്ടും കുർബാന സമയത്താരംഭിക്കുന്നു!!!
എങ്ങനെ എന്നറിയില്ല അൽപ്പസമയം കഴിഞ്ഞപ്പോൾ കുഴതെറ്റൽ മാറി. വേദന അൽപ്പം കുറഞ്ഞു. കൈ പതിയെ താഴേക്കു കൊണ്ടുവന്നു. എഴുന്നേറ്റു വളരെ സമയമെടുത്ത് ളോഹ ധരിച്ച് ദേവാലയത്തിലേക്കു ചെല്ലുമ്പോൾ കാഴ്ചവയ്പ് നടക്കുന്നു. ഓരോ യൂണിറ്റു പ്രസിഡന്റുമാരും അവരുടെ പങ്കാളികളും ചേർന്നു നടത്തുന്ന കാഴ്ചവയ്പ് ക്രമമായിത്തന്നെ നടക്കുന്നു. എന്നോടൊപ്പമുള്ള കൊച്ചച്ചൻ വളരെ ശാന്തമായി കാര്യങ്ങൾ നിയന്ത്രിക്കുന്നു. ഞാൻ ഇടപെട്ടില്ലെങ്കിലും എഴുപത്തഞ്ചോളം പേർ പങ്കെടുക്കുന്ന കാഴ്ചവയ്പ് കൃത്യമായി നടക്കും എന്നെന്നിക്ക് ബോധ്യമായി. കൈയിലെ വേദന മാറാത്തതുകൊണ്ടും ഇനിയും കുഴ തെറ്റുമോ എന്ന പേടി ഉള്ളതുകൊണ്ടും ഞാൻ കൂടുതലായി ഒന്നും ചെയ്തില്ല. എങ്കിലും എല്ലാം ശുഭമായി കലാശിച്ചു.

തിരിച്ചറിവിന്റെ ശുഭസമയം

ബസിലിക്കാപള്ളിയും അതിലെ പ്രവർത്തനങ്ങളും എല്ലാം എന്റെ തലയിലാണ് ഇരിക്കുന്നത് എന്ന എന്റെ അഹന്ത ഈ സംഭവത്തോടെ തിരുത്തപ്പെട്ടു. ദൈവം ആഗ്രഹിക്കുന്ന എന്തെങ്കിലുമൊക്കെ നല്ല കാര്യങ്ങൾ ചെയ്യുക. അതിനുള്ള കഴിവും ശക്തിയും വിവേകവും എല്ലാം തരുന്നത് ദൈവമാണ്. ശരീരത്തിൽ ഒരു ഡിസ്‌ലൊക്കേഷൻ ഉണ്ടായാൽ, കുഴ സ്ഥാനം തെറ്റിയാൽ അനങ്ങാനാവാതെ കട്ടിലിൽ മലർന്നുകിടന്ന് വേദനകൊണ്ട് പുളയുന്ന നിസ്സാരനാണു മനുഷ്യൻ.

ദൈവം സ്‌നേഹിക്കുന്ന പ്രസ്ഥാനത്തെയോ ഇടവകയെയോ കുടുംബത്തെയോ വളർത്താൻ അവിടുന്നുതന്നെ മനുഷ്യർക്ക് കഴിവും പ്രാപ്തിയും നൽകുന്നു. അതെല്ലാം ദൈവത്തിന്റെ കഴിവല്ല എന്റെ കഴിവാണെന്ന് മനുഷ്യൻ അഹങ്കരിച്ചാലോ? മേൽപ്പറഞ്ഞ അനുഭവത്തിനുശേഷവും ചിലരെങ്കിലും പല അവസരത്തിലായി എന്റെ കഴിവുകളെ പുകഴ്ത്താറുണ്ട്. നന്നായി എഴുതുന്നു, കാര്യങ്ങളെല്ലാം നന്നായി ചെയ്യുന്നു എന്നിങ്ങനെ പലതും പറയുമ്പോഴും ഞാൻ അറിയാതെ എന്റെ വലതുതോളിൽ നോക്കിപ്പോകും. കഠോരവേദനയുമായി നിസ്സഹായനായി കട്ടിലിൽ കിടക്കുന്ന രംഗം അറിയാതെ മനസ്സിൽ വരും. അതാണല്ലോ എന്റെ പ്രാഗത്ഭ്യം. എന്നിലൂടെ ദൈവം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ അവിടുത്തേക്ക് ലഭിക്കട്ടെ.
നിങ്ങൾക്കിങ്ങനെ ഒരു ചിന്ത ഉണ്ടോ? എന്റെ കഴിവുകൊണ്ടാണ് കുടുംബം മുന്നോട്ടു പോകുന്നത് എന്ന്, ഞാനില്ലെങ്കിൽ ഈ സംഘടന തകർന്നുപോകുമെന്ന്, ഞാൻ മൂലമാണ് അവർക്കെല്ലാം നന്മ ഉണ്ടായതെന്ന്, എന്റെ കഴിവുകൊണ്ടാണ് എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നത് എന്ന്, ഞാനിവിടെ ഒഴിവാക്കപ്പെടാനാവാത്ത ഒരു പ്രധാനപ്പെട്ട ആളാണ് എന്ന്. എങ്കിൽ ഒന്നു മനസ്സിലാക്കിക്കൊള്ളുക. നിന്നിൽ അഹങ്കാരം ശക്തമായി നിലയുറപ്പിച്ചിരിക്കുന്നു. നിന്നിലൂടെ ദൈവം എന്തോ ചെയ്യുന്നുണ്ട്. ഏതു മനുഷ്യനിലൂടെയും അവിടുന്ന് എന്തെങ്കിലുമൊക്കെ നന്മ ഉളവാക്കുന്നുണ്ട്. അതു ചെയ്യുന്നത് ഞാനാണ് എന്ന് നാം തെറ്റിദ്ധരിക്കുന്നു. അഹങ്കരിക്കുന്നു, ഗർവ് കാട്ടുന്നു. ഈ മനോഭാവത്തെ വേരോടെ പിഴുതെറിയണം.

എളിമ എന്ന പുണ്യം അഭ്യസിക്കാൻ മൂന്ന് പ്രധാനകാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്നാമതായി, ദൈവത്തിലും ദൈവത്താൽ നിയോഗിക്കപ്പെട്ട അധികാരികളിലും പൂർണമായി അർപ്പണം ചെയ്യുക. ദൈവത്തെ പൂർണ മനസ്സോടും പൂർണ ഹൃദയത്തോടും സർവശക്തിയോടും സ്‌നേഹിക്കാൻ എളിമയുണ്ടാകണം. ഒപ്പം നമ്മുടെ മാതാപിതാക്കൾ, വൈദികർ, സന്യസ്തർ, അധ്യാപകർ, കാരണവന്മാർ, പ്രായത്തിൽ മൂത്തവർ തുടങ്ങിയവരോട് തികഞ്ഞ ആദരവ് പ്രകടിപ്പിക്കുകയെന്നത് ആഢ്യത്വമുളള ഒരു വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ഇതിന് ഒരുവനിൽ എളിമ എന്ന മഹാപുണ്യം ഉണ്ടാവണം. രണ്ടാമതായി നമ്മുടെ ചെറുപ്പം മനസ്സിലാക്കുക.

മൂന്നാമതായി മറ്റുള്ളവന്റെ വലുപ്പം മനസ്സിലാക്കുക. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരിലും നന്മയുണ്ട് എന്ന സത്യം ഒരിക്കലും മറക്കരുത്. വിശുദ്ധ പൗലോസ് അപ്പസ്‌തോലൻ പറയുന്നു: ”മാത്‌സര്യമോ വ്യർത്ഥാഭിമാനമോ മൂലം നിങ്ങൾ ഒന്നുംചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താൽപ്പര്യം മാത്രം നോക്കിയാൽപോരാ; മറിച്ച് മറ്റുള്ളവരുടെ താൽപ്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലി. 2:3-5).

(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധിയിൽ വളരാൻ’ എന്ന പുസ്തകത്തിൽനിന്ന്)

ഫാ. ജിമ്മി പൂച്ചക്കാട്ട്

3 Comments

 1. Merlin Antony says:

  നമ്മള്‍ എല്ലാം ദൈവത്തിനു മുന്‍പില്‍ നിസ്സാരരാണ്. അച്ഛന്റെ ഈ വാക്കുകള്‍ എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിക്കട്ടെ.. ക്രിസ്ത്യാനി എന്ന അഹങ്കാരത്തിലല്ല , ക്രിസ്ത്യാനി എന്ന എളിമയില്‍ ജീവിക്കാന്‍ എന്നെ
  ശക്തിപെടുത്തണമേ…

 2. Baiju Karekkatt says:

  Realising the fact we are nothing

 3. maryfrancis says:

  njanillengil karyangal enna article valare touching annu.

Leave a Reply

Your email address will not be published. Required fields are marked *