വസന്തങ്ങളുണ്ടാവുന്നത്…

ദൈവമേ, ഞങ്ങളെ അങ്ങേക്കായി സൃഷ്ടിച്ചിരിക്കുന്നു. അങ്ങയിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും.” ദൈവത്തെ അറിയുവാനും അനുഭവിക്കുവാനും സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ആത്മാവിന്റെ എല്ലാക്കാലത്തുമുള്ള ഒരു രോദനമാണിത്. മനുഷ്യന് ആത്മാവില്ലെങ്കിൽ എങ്ങനെയാണ് അവന് ഇത്ര ശക്തമായ അഭിലാഷമുണ്ടാകുന്നത്? ഭൗതികവാദികൾ സ്ഥാപിക്കുവാൻ ശ്രദ്ധിക്കുന്നതുപോലെ മനുഷ്യൻ ഒരു ദ്രവ്യം മാത്രമാണെങ്കിൽ എന്തുകൊണ്ടാണ് അവന്റെ ഉള്ളിൽ അരൂപിയായ ദൈവത്തിനുവേണ്ടിയുള്ള തീവ്രമായ ഒരു ആഗ്രഹമുണ്ടാകുന്നത്? ഒരേ സ്വഭാവമുള്ള വസ്തുക്കൾ ആകർഷിക്കപ്പെടുന്നു. അരൂപിയായ മനുഷ്യാത്മാവിന് അരൂപിയായ ദൈവത്തിലേക്ക് ശക്തമായ ഒരു ആകർഷണമുണ്ടാകുന്നു.

സത്യത്തെ മറയ്ക്കുവാൻ വളരെ ശക്തമായ പ്രചരണങ്ങൾ നടക്കുന്ന ഇക്കാലത്ത് മേല്പറഞ്ഞ വാക്കുകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. ലോകത്തിൽ ഒരു മനുഷ്യന് അനുഭവിക്കുവാൻ സാധിക്കാവുന്ന സകല സുഖത്തിന്റെയും – ബൗദ്ധികമായും ജഡികമായും – മേഖലകളിലൂടെ സഞ്ചരിച്ച ഒരു മനുഷ്യന്റെ വാക്കുകളാണിതെന്ന് നാമോർക്കണം. അതിനാൽത്തന്നെ ഇതിന് വലിയൊരു സാക്ഷ്യത്തിന്റെ ശക്തിയുണ്ട്. ലൗകികസുഖങ്ങൾ – തിന്നുക, കുടിക്കുക, ആസ്വദിക്കുക – ജീവിതത്തിന്റെ പരമലക്ഷ്യമായി കാണുന്ന ആധുനിക മനുഷ്യന്റെ മുൻപിൽ ശക്തമായ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട് ഈ വാക്കുകളുടെ ഉടമയായ വിശുദ്ധ അഗസ്റ്റിൻ.

ജീവിതത്തിന്റെ എ.ഡിയും ബി.സിയും

അഗസ്റ്റിന്റെ ജീവിതത്തിൽ ഒരു ബി.സിയും ഒരു എ.ഡിയുമുണ്ട്. ക്രിസ്തുവിനെ അറിയുന്നതിന് മുൻപ് വളരെ കുത്തഴിഞ്ഞ ഒരു ജീവിതമായിരുന്നു അഗസ്റ്റിന്റേത്. അൾജീരിയായിലെ തഗാസ്‌തെ എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. അമ്മ മോനിക്ക വളരെ ഭക്തയായ ഒരു ക്രിസ്ത്യാനിയായിരുന്നു. എന്നാൽ, അച്ഛനായ പട്രീഷ്യസ് ക്രിസ്തുവിശ്വാസത്തിൽ തല്പരനല്ലായിരുന്നു. എപ്രകാരം അവിശ്വാസിയായ ഒരു ഭർത്താവിനെ വിശ്വാസിനിയായ ഭാര്യയ്ക്ക് മാനസാന്തരപ്പെടുത്തുവാൻ സാധിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് മോനിക്ക.

ഭർത്താവിനെ ഉപദേശിക്കുക മാത്രമല്ല അവൾ ചെയ്തത്- അദ്ദേഹത്തിനുവേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുകയും ത്യാഗപ്രവൃത്തികൾ ചെയ്യുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന് ഉടനെയൊന്നും മാനസാന്തരം ഉണ്ടായില്ല. മരണക്കിടക്കയിൽവച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞശേഷമാണ് അദ്ദേഹം മരിച്ചത്. വിവാഹമോചനങ്ങൾ വർധിക്കുന്ന ഇക്കാലത്ത് മോനിക്ക ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഭർത്താവിന് എന്തെങ്കിലും കുറവു കണ്ടാൽ ഉപേക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. ഉപയോഗമില്ലെന്ന് കണ്ടാൽ വലിച്ചെറിയുന്നത് ഇന്നത്തെ ഉപഭോഗസംസ്‌കാരം നല്കുന്ന ഒരു പ്രചോദനമാണ്.

എന്നാൽ, ജീവിതപങ്കാളിക്കുവേണ്ടി കണ്ണീരോടെയും ത്യാഗപ്രവൃത്തികൾ ചെയ്തും പ്രാർത്ഥിക്കുന്ന കുടുംബിനികളുണ്ടായിരുന്നതുകൊണ്ടാണ് പണ്ടുകാലത്ത് കുടുംബങ്ങളും കുഞ്ഞുങ്ങളും സംരക്ഷിക്കപ്പെട്ടു പോന്നത് എന്ന കാര്യം നാം വിസ്മരിക്കുവാൻ പാടില്ല. ഞാൻ തന്നെ എന്തിന് ത്യാഗം ചെയ്യണം എന്ന ചിന്തയാണ് ഇന്ന് വർധിച്ചുവരുന്നത്. എന്നാൽ ഭർത്താവിന്റെയും ഭാര്യയുടെയും സ്വയം മറന്നുകൊണ്ടുള്ള ത്യാഗപ്രവൃത്തികളാണ് കുടുംബജീവിതത്തിൽ ദൈവത്തിന് സ്വീകാര്യമായ ബലികളായിത്തീരുന്നത്. അങ്ങനെയുള്ള കുടുംബങ്ങളെ ദൈവം തക്കസമയത്ത് അനുഗ്രഹിക്കുമെന്നത് തീർച്ചതന്നെ.

ഭർത്താവ് മാനസാന്തരപ്പെട്ടെങ്കിലും മകൻ മോനിക്കായ്ക്ക് ഒരു തലവേദനയായി മാറിയിരുന്നു. പതിനേഴാം വയസിൽ ഉപരിപഠനത്തിനായി കാർത്തേജിലേക്ക് പോയ അഗസ്റ്റിൻ മനിക്കേയൻ വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഇത് അമ്മയെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്. ഈ വിശ്വാസവുമായി വീട്ടിലേക്ക് വന്ന മകനെ അമ്മ ഓടിച്ചുവിട്ടു. എന്നാൽ, വീണ്ടും മകനെ വീട്ടിലേക്ക് തിരിച്ചു വിളിക്കുകയും അവൻ സത്യവിശ്വാസത്തിലേക്ക് വരുവാൻ കണ്ണീരോടെ പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു. അഗസ്റ്റിന് ഒരു മാറ്റവും കാണാത്തതിനാൽ ദുഃഖിതയായ അമ്മ അവിടുത്തെ മെത്രാനെ സമീപിച്ച് സങ്കടം പറഞ്ഞു. ആ മെത്രാന്റെ പേര് ചരിത്രത്തിൽ പരാമർശിച്ചിട്ടില്ല. എന്നാൽ അദ്ദേഹമാണ് വളരെ പ്രസിദ്ധമായ, അനേക വേദികളിൽ ഉദ്ധരിക്കപ്പെട്ട ഈ വാക്കുകൾ പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചത്. ”കണ്ണീരിന്റെ പുത്രൻ ഒരിക്കലും നശിക്കുകയില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.

നാം ചിലപ്പോൾ കണ്ണീരോടെ പ്രാർത്ഥിച്ചാലും ഉടൻ ഫലം കണ്ടുവെന്ന് വരികയില്ല. ചിലപ്പോൾ നേരെ വിപരീതഫലമായിരിക്കും ഉണ്ടാവുക. അപ്പോഴും സർവശക്തനായ, പ്രാർത്ഥനയ്ക്ക് നിശ്ചയമായും ഉത്തരം നല്കുന്ന ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് പ്രാർത്ഥന തുടരുകതന്നെ ചെയ്യണം. പലരുടെയും ആത്മീയജീവിതം തകർന്നുപോകുന്നത് ഈ നിരന്തര പോരാട്ടത്തിന്റെ രഹസ്യം മനസിലാക്കാത്തതുകൊണ്ടാണ്.

നീണ്ടുപോയ ബി.സി.

അഗസ്റ്റിൻ മാനസാന്തരപ്പെട്ടില്ല എന്നു മാത്രമല്ല, കൂടുതൽ വഷളായ ജീവിതത്തിലേക്ക് കടന്നുചെല്ലുകയാണ് ചെയ്തത്. പത്തൊമ്പതാം വയസിൽ ഒരു സ്ത്രീയുമായി അവിഹിതബന്ധം അദ്ദേഹം ആരംഭിച്ചു. ആ ബന്ധത്തിൽ ഒരു മകനുണ്ടായി. അവന് അദെയോദാത്തുസ് (ദൈവത്തിന്റെ ദാനം) എന്ന പേര് കൊടുക്കുവാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. അത്രമാത്രം ദൈവത്തിൽനിന്ന് അകന്ന ഒരു ജീവിതം മകൻ നയിക്കുമ്പോഴും മോനിക്ക ഭഗ്നാശയായില്ല. അവൾ തന്റെ ദൈവത്തിൽ ശരണപ്പെടുകയും ദൈവത്തെത്തന്നെ മുറുകെ പിടിക്കുകയും ചെയ്തു. മെത്രാനച്ചന്റെ ആശ്വാസവാക്കുകൾ ഇരുളിൽ ഒരു വെള്ളിവെളിച്ചംപോലെ അവളെ നയിച്ചിരിക്കണം.

നമ്മുടെ പ്രാർത്ഥനയ്ക്ക് മറുപടി തരുവാൻ ദൈവം തീരുമാനിച്ച ഒരു തക്കസമയമുണ്ട്. ആ സമയംവരെ ഉത്ക്കണ്ഠകളെല്ലാം മാറ്റിവച്ച് കാത്തിരിക്കുവാൻ നാം തയാറാകണം. വിശുദ്ധ പത്രോസ് ശ്ലീഹാ ഇക്കാര്യം വിശ്വാസികളെ പ്രത്യേകം ഓർമപ്പെടുത്തുന്നു: ”ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നില്ക്കുവിൻ. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും” (1 പത്രോ. 5:6). അഗസ്റ്റിന്റെ മാനസാന്തരത്തിന്റെ തക്കസമയം എത്തി. അദ്ദേഹം തന്റെ യാത്രകളുടെ ഭാഗമായി മിലാനിൽ എത്തിച്ചേർന്നു. അവിടെവച്ച് വിശുദ്ധനും പ്രമുഖ വാഗ്മിയുമായ മെത്രാൻ അംബ്രോസുമായി പരിചയപ്പെട്ടു. ഈ പരിചയമാണ് അദ്ദേഹത്തെ വീണ്ടും ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചത്. അഗസ്റ്റിന്റെതന്നെ വാക്കുകളിൽ അത് ഇപ്രകാരമാണ്: ”ആ ദൈവമനുഷ്യൻ ഒരു നല്ല സുഹൃത്തിനെപ്പോലെ, ഒരു നല്ല ബിഷപ്പിനെപ്പോലെ എന്നെ സ്വാഗതം ചെയ്തു.”

ഇന്നും ഇത്തരത്തിലുള്ളവരെ ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പാപത്തിൽ ജീവിക്കുന്ന തന്റെ മക്കളെ ശരിയായ പാതയിലേക്ക് നയിക്കുവാൻ സാധിക്കുന്ന നല്ല ഇടയന്മാരെയും നല്ല സുഹൃത്തുക്കളെയും ആത്മീയ ജീവിതത്തിൽ വളരുവാൻ ആഗ്രഹിക്കുന്നവർക്ക് – പ്രത്യേകം യുവാക്കൾക്ക് – വളരെ ആവശ്യമാണ്. അവരെ ‘എൽഡേഴ്‌സ്’ എന്നു വിളിക്കാം – ആത്മീയ ജ്യേഷ്ഠസഹോദരന്മാർ; പക്വതയാർന്ന ആത്മീയ ദർശനമുള്ളവരായിരിക്കണം അവർ. ഇരുളിൽ നടക്കുന്നവന് വഴി കാണിക്കുമ്പോഴല്ലേ നമ്മുടെ ജീവിതം സഫലമാകുന്നത്. വിശുദ്ധ അംബ്രോസ് തന്റെ ജീവിതംകൊണ്ടും വാക്കുകൾകൊണ്ടും അതാണ് ചെയ്തത്.

അമ്മ മോനിക്ക മകനുവേണ്ടി പ്രാർത്ഥിക്കുക മാത്രമല്ല ചെയ്തത്, മകനെ വിടാതെ പിന്തുടരുകയും ചെയ്തു. അമ്മയുടെ നിരന്തരമായ പ്രാർത്ഥനകൊണ്ടും വിശുദ്ധ അംബ്രോസിന്റെ ശക്തമായ പഠനങ്ങൾകൊണ്ടും അഗസ്റ്റിൻ ക്രിസ്തുമതമാണ് യഥാർത്ഥ മതമെന്ന വിശ്വാസത്തിലെത്തി. പക്ഷേ, ഒരു ക്രിസ്ത്യാനിയായി മാറുവാൻ ഇനിയും അഗസ്റ്റിന് സാധിച്ചില്ല. കാരണം അശുദ്ധിയിൽ ജീവിക്കുന്ന തനിക്ക് ഒരിക്കലും ഒരു വിശുദ്ധമായ ജീവിതം നയിക്കുവാൻ സാധിക്കുമെന്ന് അദ്ദേഹം കരുതിയില്ല.

എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. രണ്ട് സുഹൃത്തുക്കളുടെ മാനസാന്തരകഥ അദ്ദേഹത്തെ സ്പർശിച്ചു. മരുഭൂമിയിലെ വിശുദ്ധ ആന്റണിയുടെ ത്യാഗപൂർണമായ ജീവിതമായിരുന്നു അവരുടെ മാനസാന്തരത്തിന് കാരണം. ഇതറിഞ്ഞ അഗസ്റ്റിൻ തന്റെ സുഹൃത്തായ ആലിപ്പിയൂസിനോട് ഇപ്രകാരം പറഞ്ഞുവത്രേ: ”അറിവില്ലാത്തവർ സ്വർഗരാജ്യം ബലം പ്രയോഗിച്ച് കൈവശമാക്കുന്നു. എന്നാൽ അറിവുള്ളവരായ നാം ഭീരുക്കളാണ്. നാമിപ്പോഴും നമ്മുടെ പാപത്തിന്റെ ചെളിക്കുഴിയിൽ കിടന്ന് ഉരുളുകയാണ്.”

തന്റെ പാപകരമായ ജീവിതത്തെക്കുറിച്ച് വലിയ ലജ്ജ തോന്നിയ അഗസ്റ്റിൻ തോട്ടത്തിലേക്ക് പോയി ഹൃദയം തകർന്ന് കർത്താവിനോട് പ്രാർത്ഥിച്ചു: ”കർത്താവേ, ഇത് എത്രനാൾ? എന്തുകൊണ്ട് ഈ മണിക്കൂറിൽത്തന്നെ എന്റെ പാപങ്ങൾക്ക് ഒരു അറുതി വരുന്നില്ല?” നിലവിളിക്കുന്ന ഒരു പാപിക്ക് ദൈവം സമീപസ്ഥനാണ്. അവന്റെ കഴിഞ്ഞകാല പാപങ്ങളൊന്നും കണക്കിലെടുക്കാതെ അവന്റെ അടുത്തേക്ക് അവിടുന്ന് വരുന്നു. ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഈ നിമിഷംതന്നെ ദൈവത്തെ വിളിച്ച് അപേക്ഷിക്കുക. പാപത്തിന്റെ സുഖങ്ങളെ വെറുത്ത് ഉപേക്ഷിക്കുവാൻ തയാറായിക്കൊണ്ട്, ഹൃദയഭാരത്തോടെ ഒരു വിശുദ്ധ ജീവിതം നയിക്കുവാനുള്ള അഭിഷേകത്തിനായി പ്രാർത്ഥിക്കുക. അഗസ്റ്റിനെ സ്പർശിച്ച ആ ദൈവം ഇന്നും ജീവിക്കുന്നു, അവിടുന്ന് നിങ്ങളെയും ഉറ്റുനോക്കുന്നു.

ആ വസന്തകാലത്ത്

ഏ.ഡി 386-ലെ ഒരു വസന്തകാലത്തിലാണ് ഇത് സംഭവിച്ചത്. ദൈവത്തെ നോക്കി നിലവിളിച്ച അഗസ്റ്റിൻ ഒരു സ്വരം കേട്ടു: ”എടുത്ത് വായിക്കുക.” അദ്ദേഹം ഉടനെ വിശുദ്ധ ഗ്രന്ഥം എടുത്ത് തുറന്നു. ആദ്യം കണ്ണിൽപ്പെട്ട വചനങ്ങൾ ആർത്തിയോടെ വായിച്ചു. വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിലൂടെ ദൈവം അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു. രാത്രി കഴിയാറായെന്നും പകൽ സമീപിച്ചിരിക്കുന്നുവെന്നും അതിനാൽ അന്ധകാരത്തിന്റെ പ്രവൃത്തികൾ പരിത്യജിച്ച് പകലിന് യോജിച്ചവിധം പെരുമാറണമെന്നും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കണമെന്നുമുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ അഗസ്റ്റിന്റെ ഹൃദയത്തെ കീറിമുറിച്ചു.

എന്നും മനുഷ്യന്റെ ജീവിതത്തെ മനസാന്തരപ്പെടുത്തുന്നത് ദൈവത്തിന്റെ വചനമാണ്. ഒരു പുതിയ ജീവിതം നയിക്കുവാൻ ദൃഢനിശ്ചയം ചെയ്ത അഗസ്റ്റിൻ വീണ്ടും വിശുദ്ധ അംബ്രോസിന്റെ അടുത്തെത്തി തനിക്ക് മാമോദീസ നല്കണമെന്ന് അപേക്ഷിച്ചു. 387-ൽ മിലാനിൽവച്ച് അങ്ങനെ വിശുദ്ധ അംബ്രോസ് അഗസ്റ്റിന് ജ്ഞാനസ്‌നാനം നല്കി. അഗസ്റ്റിന്റെ മാനസാന്തരം അറിഞ്ഞശേഷമാണ് അമ്മ മോനിക്ക ഇറ്റലിയിലെ ഓസ്റ്റിയായിൽവച്ച് മരിക്കുന്നത്. അങ്ങനെ ”കണ്ണീരിന്റെ പുത്രൻ ഒരിക്കലും നശിച്ചുപോവുകയില്ല” എന്ന അജ്ഞാതനായ ആ ബിഷപ്പിന്റെ വാക്കുകൾ നിറവേറുകയായിരുന്നു.

കർത്താവിലേക്ക് തിരിഞ്ഞ അഗസ്റ്റിൻ പിന്നെ തിരിഞ്ഞുനോക്കിയില്ല. എന്നാൽ ബി.സിക്കും ഏ.ഡിക്കും ഇടയിൽ ഒളിച്ചുകളി നടത്തുകയാണ് നാം. ചിലപ്പോൾ യേശുവിനോടൊത്ത്. ചിലപ്പോൾ ലോകത്തിന്റെ വഴിയിൽ. തിരിഞ്ഞാൽപ്പിന്നെ പിൻതിരിയരുത് എന്ന വലിയ പാഠം നല്കുന്നുണ്ട് മഹാപാപിയിൽനിന്ന് മഹാവിശുദ്ധനായി പരിണമിച്ച വിശുദ്ധ അഗസ്റ്റിൻ. നമുക്കും ഇതുപോലെയൊക്കെ ആകാം എന്ന് അദ്ദേഹം നമ്മെ ഓർമിപ്പിക്കുന്നു. ഭൗതികസുഖങ്ങളുടെ പിന്നാലെ നെട്ടോട്ടമോടുന്ന നമുക്ക് ഒരു നിമിഷം പ്രാർത്ഥിക്കാം, അഗസ്റ്റിനെ സ്പർശിച്ച ആ ചൈതന്യം, ആ ദൈവാത്മാവ് നമ്മെയും സ്പർശിക്കുവാൻ. ഇപ്പോൾത്തന്നെ കണ്ണുകളടച്ച്

ജീവിതത്തെ കൊടുത്ത് ശാന്തമായി പ്രാർത്ഥിക്കുക:
”ഓ, നിതാന്ത സൗന്ദര്യമേ, അങ്ങയുടെ അളവില്ലാത്ത ആ സൗന്ദര്യം എനിക്ക് വെളിപ്പെടുത്തിയാലും. പാപത്തിന്റെ സുഖങ്ങൾ നൈമിഷികങ്ങളാണെന്ന് എന്നെ പഠിപ്പിക്കണമേ. അങ്ങയിലേക്ക് എന്നേക്കുമായി തിരിയുവാൻ എന്നെ അനുഗ്രഹിച്ചാലും. എന്റെ മനസിനെ നവീകരിക്കണമേ. അങ്ങയുടെ ചിന്തകളാൽ നിറയ്ക്കണമേ. അങ്ങയിൽ എന്നും ആനന്ദം കണ്ടെത്തുവാൻ എന്നെ അനുഗ്രഹിച്ചാലും. അങ്ങയിൽനിന്ന് ഒരുനാളും അകന്നുപോകുവാൻ എന്നെ അനുവദിക്കരുതേ. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നും ഒരുനാളും എടുത്ത് കളയരുതേ. എന്നെ എല്ലാ നാളിലും അങ്ങയുടെ പൈതലായിത്തന്നെ വളർത്തിയാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവികസാന്നിധ്യത്തിൽ എന്നാളും ഞാൻ ജീവിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ. ആമ്മേൻ.

3 Comments

  1. JLouis says:

    Very Good Article…

  2. claramma joseph says:

    This article will surely touch somebody’s heart and turn to God

  3. Elsamma James says:

    Very true, this article can surely touch somebody’s heart and turn to God especially who feels that I am a sinner!!