ഞാനും ഒരു ഭാഗ്യവാനാണ് !

ജോലി നഷ്ടപ്പെട്ട അയാൾ കുടുംബം പോറ്റാൻ ഒരു വഴി കാണാതെ വിഷമിച്ചു. പല സ്ഥലത്തും വേറൊരു ജോലിക്കുവേണ്ടി ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഒടുവിൽ സ്ഥലത്തെ മൃഗശാലാ സൂപ്രണ്ടിനെ കണ്ട് അവിടെ തനിക്കെന്തെങ്കിലും ജോലി ലഭിക്കുമോ എന്നന്വേഷിച്ചു. സൂപ്രണ്ട് പറഞ്ഞു: ഇവിടെയിപ്പോൾ ജോലി ഒഴിവുകളൊന്നുമില്ല. പക്ഷേ, തനിക്ക് വേണമെങ്കിൽ പണം ഉണ്ടാക്കാൻ ഒരു വഴിയുണ്ട്. ഇവിടുത്തെ ‘ഗോറില്ല’ ഇന്നലെ ചത്തുപോയി. ഗോറില്ലയുടെ സ്യൂട്ടുമിട്ട് കൂടിനകത്ത് എട്ടു മണിക്കൂർ നില്ക്കാമെങ്കിൽ ഞങ്ങൾ പണം തരാം…

സാമ്പത്തികമായി തകർന്ന, മുന്നോട്ടുപോകാൻ ഒരു വഴിയും കാണാതെ വിഷമിച്ചിരുന്ന അയാൾ നിവൃത്തികേടുകൊണ്ട് ആ ജോലി ഏറ്റെടുത്തു. രാവിലെ പത്തു മണിക്ക് ഗോറില്ലയുടെ വേഷം എടുത്തണിഞ്ഞാൽ വൈകുന്നേരം ആറുമണിക്ക് ഊരിവയ്ക്കാം. സന്ദർശകർ വരുമ്പോൾ പഴം തിന്നുകൊണ്ടിരിക്കണം.

കൂട്ടിനുള്ളിൽ വലിച്ചുകെട്ടിയിരിക്കുന്ന കയറിൽ ഊഞ്ഞാലാടി കാണിക്കണം. കുറെക്കഴിഞ്ഞപ്പോൾ അയാൾക്ക് ആ ജോലി ഇഷ്ടമായി. ഒരു ദിവസം കയറിൽ പിടിച്ച് ഊഞ്ഞാലാടി രസിച്ചുകൊണ്ടിരിക്കുമ്പോൾ കയർ പൊട്ടി അയാൾ കമ്പിവേലിക്ക് മുകളിലൂടെ പുറത്തേക്ക് തെറിച്ചുവീണു. വീണതാകട്ടെ അടുത്തുള്ള സിംഹത്തിന്റെ കൂട്ടിലേക്കും. വീഴ്ചയുടെ ആഘാതത്തിൽനിന്ന് കരകയറിയ അയാൾ സിംഹത്തെ കണ്ട് ഞെട്ടി. ഇതാ സിംഹം അടുത്തുവരുന്നു… എന്തുചെയ്യണം? ”രക്ഷിക്കണേ” അയാൾ നിസഹായതയിൽ നിലവിളിക്കാൻ തുടങ്ങി. പെട്ടെന്ന് സിംഹം ചാടി അടുത്തുവന്ന് ഗോറില്ലയുടെ ചെവിയിൽ മന്ത്രിച്ചു: ”എടോ, ഇങ്ങനെ കിടന്ന് നിലവിളിച്ചാൽ നമ്മുടെ രണ്ടുപേരുടെയും പണി പോകും. മിണ്ടാതിരിക്ക്. ഞാനും വയറ്റുപ്പിഴപ്പിനുവേണ്ടി സിംഹത്തിന്റെ വേഷം കെട്ടിയ മനുഷ്യനാണ്.” അത് കേട്ട ഗോറില്ലയുടെ ശ്വാസം നേരെ വീണു.
** ** **

സുവിശേഷ പ്രഘോഷണം തുടങ്ങിയിട്ട് അധികം നാളായില്ല. ഭയങ്കരമായ ഉത്ക്കണ്ഠയും പിരിമുറുക്കവും മൂലം ഞാൻ തളർന്നു. സ്റ്റേജിൽ കയറുന്നതും പ്രസംഗിക്കുന്നതും ഓർക്കുമ്പോഴേ മനസിൽ ഭയം നിറയുകയാണ്. എത്ര പ്രാർത്ഥിച്ചിട്ടും മാറ്റമില്ല. അക്കാലത്തെ അറിയപ്പെടുന്ന ഒരു ധ്യാനഗുരുവിനോട് ഞാനെന്റെ വിഷമം പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ വാത്സല്യപൂർവം അദ്ദേഹം എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു: ”എടാ മോനേ, എനിക്കും ഉണ്ട് സ്റ്റേജിൽ കയറുന്നതിന് മുമ്പായി അല്പം ഭയവും ടെൻഷനുമൊക്കെ. കൂടുതൽ പ്രാർത്ഥിച്ചൊരുങ്ങാനും കർത്താവിൽ ആശ്രയിക്കാനും അതു നല്ലതാണ്.”
ഞാൻ വിചാരിച്ചിരുന്നത് എനിക്ക് മാത്രമേ സ്റ്റേജിൽ കയറാൻ ഭയമുള്ളൂ എന്നാണ്. എന്നാൽ, ഇതാ പ്രശസ്തനായ ഈ ധ്യാനഗുരുവിനും ഇതുപോലെ ‘ടെൻഷൻ’ ഉണ്ട്. അതറിഞ്ഞപ്പോൾത്തന്നെ എന്റെ പിരിമുറുക്കം കുറഞ്ഞു.

”എനിക്കുമാത്രം കഷ്ടപ്പാട്. മറ്റുള്ളവരൊക്കെ എത്ര സന്തോഷമായി ജീവിക്കുന്നു.”
”എനിക്കുമാത്രം ഒരുപാട് കുറവുകളും ബലഹീനതകളും. ദേ, അവരൊക്കെ എത്രയോ കുറവില്ലാത്തവരും കഴിവുള്ളവരുമാണ്.”

”ഞാൻ ഒരു ദൗർഭാഗ്യവാൻ, ദൗർഭാഗ്യവതി. അവരെല്ലാം എന്തു ഭാഗ്യമുള്ളവരാണ്.”
ഇപ്രകാരം ചിന്തിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. തികച്ചും അടിസ്ഥാനരഹിതമായ ചിന്തയാണിത്. ഈ ലോകത്തിൽ എല്ലാ മനുഷ്യർക്കും കഷ്ടപ്പാടും പ്രശ്‌നങ്ങളും കുറവുകളും ഉണ്ട്. നമ്മുടേതുപോലുള്ള അനുഭവങ്ങൾ അവർക്കും ഉണ്ട്. എന്നാൽ അവർ അതിനെ അതിജീവിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകുന്നതുകൊണ്ടാണ് അവർക്ക് പ്രശ്‌നങ്ങളില്ലായെന്ന് തോന്നുന്നത്. എന്തുകൊണ്ട് അവരെപ്പോലെ നമുക്കും ആയിക്കൂടാ?

പ്രശ്‌നങ്ങളോർത്തുള്ള ‘സ്വയം സഹതാപം’ നമ്മുടെ കരുത്ത് നഷ്ടപ്പെടുത്തും. കുറവുകളുടെയും പ്രശ്‌നങ്ങളുടെയും നടുവിലും പ്രത്യാശയും സന്തോഷവും ഉള്ളവരായി ജീവിക്കുവാൻ നമുക്ക് സാധിക്കും- ദൈവവിശ്വാസത്തിൽ ആഴപ്പെട്ടാൽ.

നമ്മുടെ ദൈവവിശ്വാസം എപ്രകാരമുള്ളതാണ്? ദൗർഭാഗ്യങ്ങളിലും തകർച്ചകളിലും പ്രത്യാശ പകരാൻ മാത്രം അതിന് ആഴമുണ്ടോ? ഇല്ലായെങ്കിൽ നമുക്ക് പ്രാർത്ഥിക്കാം.

കർത്താവേ… ഞങ്ങളുടെ വിശ്വാസത്തെ വർധിപ്പിക്കണമേ. ദുരിതങ്ങളുടെ കൂരിരുട്ടിലും കാൽവഴുതാതെ മുന്നോട്ടുപോകാൻ തക്കവിധം എന്റെ വിശ്വാസദീപത്തെ പ്രകാശിപ്പിച്ചാലും. ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

3 Comments

  1. Abey T. Mammen says:

    Good one , God bless you , ATM

  2. SONY MATHEW says:

    sir, very nice

Leave a Reply to Nithin Cancel reply

Your email address will not be published. Required fields are marked *