”ഞാൻ ക്രിസ്തുവിന്റെ പുരോഹിതനാണ്” തന്റെ ഭവനം റെയ്ഡ് ചെയ്യുവാനെത്തിയ പാരാമിലിട്ടറി സൈന്യത്തിനുമുന്നിൽ അക്കാര്യം ചങ്കൂറ്റത്തോടെ പറയാൻ പെദ്രെ പൊവേദാ എന്ന ആ വൈദികന് മടിയൊന്നുമുണ്ടായിരുന്നില്ല. ‘ഒരേസമയം വിശ്വാസിയായിരിക്കുവാനും നിശബ്ദനായിരിക്കുവാനും സാധ്യമല്ല’- എന്ന് ആവർത്തിക്കാറുള്ള പെദ്രെ പൊവേദാ അങ്ങനെ പറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നും ഉണ്ടായിരുന്നില്ലതാനും.
1874 ഡിസംബർ 3-ാം തിയതിയാണ് പൊവേദായുടെ ജനനം. കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം നിലനിന്നിരുന്ന സ്പെയിനിലെ ലൈനറസ് നഗരത്തിലാണ് അദ്ദേഹം ഭൂജാതനായത്. ചെറുപ്പത്തിൽത്തന്നെ വൈദികനാകുവാൻ തീരുമാനമെടുത്ത പൊവേദാ ജീനിലെ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു. എന്നാൽ സാമ്പത്തിക പരാധീനത മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ബിഷപ് നൽകിയ സ്കോളർഷിപ്പോടെയാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്.
1897-ൽ വൈദികനായി അഭിഷിക്തനായ പൊവേദാ ഗ്വാഡിക്സിലെ ഗുഹകളിൽ താമസിച്ചിരുന്ന ദരിദ്രരോട് സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ് ശുശ്രൂഷാജീവിതം ആരംഭിച്ചത്. എപ്പോഴും അവർക്ക് സമീപമായിരിക്കുന്നതിനായി അദ്ദേഹത്തിന്റെ താമസം ഗുഹയിലേക്ക് മാറ്റി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ ഉന്നമനം സാധ്യമാവുകയുള്ളൂ എന്ന ബോധ്യത്തിൽനിന്ന് കുട്ടികൾക്കായി സ്കൂളും മുതിർന്നവർക്കായി തൊഴിൽപരിശീലനകേന്ദ്രവും അദ്ദേഹം ആരംഭിച്ചു. വിദ്യാഭ്യാസത്തിനൊപ്പം ക്രൈസ്തവരൂപീകരണം നൽകുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി.
വിദ്യാഭ്യാസത്തിലൂടെ സഭയിലും സമൂഹത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ദൈവം തന്നെ വിളിക്കുന്നതായി പൊവേദാ തിരിച്ചറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവ സ്വാധീനം പൂർണമായി തുടച്ചുനീക്കുവാനുള്ള ശ്രമങ്ങൾ ആ കാലഘട്ടത്തിൽ നടന്നുവന്നിരുന്നു. വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവരായ അധ്യാപകർക്ക് വിഷയങ്ങളിലുള്ള അവഗാഹത്തോടൊപ്പം ക്രൈസ്തവ രൂപീകരണവും നൽകുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്ന് പൊവേദാക്ക് ബോധ്യമായി. ഈ അടിയുറച്ച ബോധ്യത്തിൽ നിന്ന് 1911-ൽ അധ്യാപകർക്ക് പരിശീലനം നൽകുവാൻ ആവിലായിലെ വിശുദ്ധ തെരേസയുടെ നാമത്തിലുള്ള അക്കാദമി സ്ഥാപിച്ചു. പില്ക്കാലത്ത് അത് തെരേസിയൻ സമൂഹമായി മാറി.
ആദിമക്രൈസ്തവരുടെ പാതയിൽ
1921-ൽ റോയൽ ചാപ്ലൈനായി നിയമിതനായ പൊവേദാ മാഡ്രിഡിലെത്തി. പെൺകുട്ടികളുടെ കത്തോലിക്കാ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ചുമതല വഹിച്ച അദ്ദേഹം മാഡ്രിഡിലെ കത്തോലിക്കാ യുവജനങ്ങളിൽ മിഷനറി തീക്ഷ്ണത ജ്വലിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1924-ൽ തെരേസിയൻ സമൂഹത്തിന് മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. തെരേസിയൻ സമൂഹത്തെ കൂടാതെ കത്തോലിക്കാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘടനകൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിമിത്തമായി മാറി.
സ്പെയിനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ക്രൈസ്തവവിദ്യാഭ്യാസം സ്പെയിനിൽനിന്നും തുടച്ചുനീക്കാൻ ആഗ്രഹിച്ചവർക്ക് പൊവേദാ ശത്രുവായി. ഒരു ദിവസം അദ്ദേഹം ഇപ്രകാരം എഴുതി -”മറ്റെന്നത്തെക്കാളുമുപരിയായി ആദിമ ക്രൈസ്തവരുടെ ജീവിതം നാം ഇന്ന് പഠിക്കണം. അതുവഴി അവർ എപ്രകാരമാണ് പീഡനങ്ങളെ നേരിട്ടതെന്ന് മനസിലാക്കാൻ സാധിക്കും. എപ്രകാരമാണ് സഭയെ അനുസരിച്ചതെന്നും, ക്രിസ്തുവിനെ ഏറ്റുപറഞ്ഞതെന്നും, രക്തസാക്ഷിത്വത്തിനായി ഒരുങ്ങിയതെന്നും, തങ്ങളെ പീഡിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ചതെന്നും അവരോട് ക്ഷമിച്ചതെന്നും മനസിലാക്കാൻ സാധിക്കും.” അതെഴുതി ദിവസങ്ങൾക്കകം അദ്ദേഹം പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു.
ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യുവാനായി മുന്നിട്ടിറങ്ങിയ പാരാമിലിട്ടറി സൈന്യത്തിന്റെ സംഘം 1936 ജൂലൈ 28-ന് പെദ്രെ പൊവേദായെ വെടിവച്ച് കൊലപ്പെടുത്തി. എന്നാൽ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ നവോത്ഥാനത്തിനായി യത്നിച്ച ആ ദാർശനികവൈദികന്റെ പ്രവർത്തനങ്ങൾ അദ്ദേഹം സ്ഥാപിച്ച തെരേസിയൻ സമൂഹത്തിലൂടെ ഇന്നും തുടരുന്നു.
പ്രസംഗിച്ച കാര്യങ്ങൾ ജീവിതത്തിൽ പൊവേദാ പ്രാവർത്തികമാക്കി. ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് അദ്ദേഹം മരണത്തിലേക്ക് ധൈര്യസമേതം നടന്ന് നീങ്ങി. 2003 മെയ് 4-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പെദ്രെ പൊവേദാ കാസ്ട്രോവേർദയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്
2 Comments
super, really inspiring .let his life inspire many
when can I be that?