അനുഗ്രഹം വേണമെങ്കിൽ…

വചനശുശ്രൂഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ രണ്ട് സഹോദരിമാർ എന്നെ സമീപിച്ചു. അവരിലൊരാൾ പറഞ്ഞു; ”എനിക്ക് സഹോദരനോട് ഒരു കാര്യം പറയാനുണ്ട്.” കാര്യം തിരക്കിയപ്പോൾ ആ സഹോദരി കൂട്ടുകാരിയിൽനിന്ന് അല്പം മുന്നോട്ട് മാറിയിട്ട് ഇപ്രകാരം പറഞ്ഞു: ”എന്റെ കൂടെയുള്ള ഈ കൂട്ടുകാരിക്ക് ഓവറിയുടെ ഭാഗത്ത് കാൻസറാണ്. അവൾക്ക് രണ്ട് മക്കൾ ഉണ്ട്. ഇളയയാൾ ഒന്നിലും മൂത്തയാൾ മൂന്നിലും പഠിക്കുന്നു. ഭർത്താവ് ഗൾഫിൽ ചെറിയ ജോലി ചെയ്യുന്നു. ഉടനെ ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അവൾ വളരെ ക്ഷീണിതയും പരവശയുമാണ്. സഹോദരൻ അവളോട് സംസാരിച്ച് മനസിനെ ഒന്നു ശാന്തമാക്കണം. അവൾക്കുവേണ്ടി പ്രാർത്ഥിക്കണം.”

ഉടനെ ഞാൻ പറഞ്ഞു: ”ഇതിന് ദൈവികവരങ്ങൾ ഉള്ള വൈദികരുണ്ട്. പോരാത്തതിന് ദൈവാനുഗ്രഹമുള്ള കൗൺസിലേഴ്‌സും ഉണ്ട്. അവരെയാണ് നിങ്ങൾ കണ്ട് സംസാരിക്കേണ്ടത്. അവരിൽനിന്ന് വലിയ കാര്യങ്ങൾ ദൈവം വെളിപ്പെടുത്തിത്തരും.” അപ്പോഴേക്കും ദൂരെ മാറിനിന്ന സഹോദരി വന്നു പറഞ്ഞു: ”പത്തുമിനിറ്റ് എനിക്കൊന്ന് സംസാരിക്കണം. ദൈവാത്മാവ് പ്രേരിപ്പിച്ചതുകൊണ്ടാണ് ഞാൻ സമീപിക്കുന്നത്. അപ്പോഴേക്കും ആ സഹോദരിയുടെ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു.

വചനശുശ്രൂഷ നടക്കുന്ന ആശ്രമത്തിലെ ഊട്ടുമേശ ഹാളിൽ പരിശുദ്ധാത്മാവിനോട് ഒരു നിമിഷം പ്രാർത്ഥിച്ച് വിശുദ്ധ ബൈബിൾ മുന്നിൽവച്ച് ഇരുന്നു. ആ സഹോദരിയുടെ രോഗത്തെക്കുറിച്ചും കുടുംബപ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ഞാൻ ചോദിച്ചറിഞ്ഞു. പിന്നീട് കുറച്ചുനേരം ഈശോയോട് പ്രാർത്ഥിച്ച് ശക്തി നേടി. അപ്പോൾ ഞാൻ ദൈവത്തിന്റെ ശക്തിയും കരുതലും ഓർമിപ്പിച്ച് കൂടുതൽ വിശ്വാസത്തിലേക്ക് കടന്നുവന്ന്, ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ മറികടക്കാനാകും എന്നതിനെപ്പറ്റി വിശദീകരിച്ചു.

യഥാർത്ഥ പ്രശ്‌നം

അപ്പോഴാണ് യഥാർത്ഥ പ്രശ്‌നവും ആവശ്യവും ആ സഹോദരി എടുത്തുപറയുന്നത്. ആ സഹോദരിയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. ”എനിക്ക് കാൻസർ ആണ്. അടുത്ത ആഴ്ച ഓപ്പറേഷനുവേണ്ടി തിയതിയും നിശ്ചയിച്ചിട്ടുണ്ട്. എന്റെ മക്കൾക്ക് ഇനി എന്നെക്കൊണ്ട് പ്രയോജനം ഉണ്ടാകുമോ? ഞാൻതന്നെ ഉണ്ടാകുമോ എന്നതൊന്നുമല്ല എന്റെ പ്രശ്‌നം. സ്‌നേഹമുള്ള ഭർത്താവിന്റെ മാനസികപ്രശ്‌നങ്ങളോ സാമ്പത്തികഞെരുക്കങ്ങളോ ഒന്നുംതന്നെ എന്നെ അലട്ടുന്നില്ല. എനിക്ക് ഭയമോ നിരാശയോ ഇല്ല. ദൈവം വേണ്ടതുപോലെ കരുതിക്കൊള്ളും എന്ന ഉറച്ച വിശ്വാസമുണ്ട്. ചെങ്കടൽ പിളർത്തി ഉണങ്ങിയ മണ്ണിലൂടെ മുന്നോട്ട് നയിച്ച സൈന്യങ്ങളുടെ കർത്താവിന് അസാധ്യമായി ഒന്നുമില്ലല്ലോ.
എന്റെ പ്രശ്‌നം ഇതാണ്. പഴയതുപോലെ ഇപ്പോൾ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല. ഉണർവും തീക്ഷ്ണതയും നന്നേ കുറഞ്ഞ് മന്ദഗതിയിലായി. ശക്തമായി പ്രാർത്ഥിച്ച് സ്തുതിച്ചിരുന്ന ഞാൻ വളരെ തണുത്തു. പ്രാർത്ഥിക്കാൻ മനസ് വരുന്നില്ല. മാസങ്ങളായി പിശാച് എന്നെ പ്രാർത്ഥനയിൽനിന്നും പുറകോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. ഞാൻ ഉണർവോടെ രാത്രിജപവും വ്യക്തിപരമായ പ്രാർത്ഥനകളും നടത്തിയിരുന്ന സമയത്ത് ഭർത്താവിന്റെ മാതാപിതാക്കളും എന്റെ മക്കളും നന്നായി പ്രാർത്ഥിക്കുമായിരുന്നു.

ഞാൻ തണുത്തപ്പോൾ വീട്ടിലെ പ്രാർത്ഥനയും മന്ദീഭവിച്ചു. എനിക്കത് താങ്ങാനാവുന്നില്ല. എനിക്ക് പ്രാർത്ഥിക്കണം. ഉണർവോടെ, തീക്ഷ്ണതയോടെ പ്രാർത്ഥിക്കണം. അതിനായിട്ട് മാത്രമാണ് ഞാൻ സഹോദരന്റെ അടുത്ത് വന്നിരിക്കുന്നത്” അങ്ങനെ പറഞ്ഞുകൊണ്ട് കണ്ണുകളിൽനിന്ന് അടർന്നുവീണ കണ്ണുനീർതുള്ളികൾ ഷാൾകൊണ്ട് തുടക്കുകയായിരുന്നു ആ സഹോദരി.

ആദ്യമായാണ് എന്റെ ജീവിതത്തിൽ ‘പ്രാർത്ഥിക്കാൻ പറ്റുന്നില്ല’ എന്നു പറഞ്ഞ് ഒരു വ്യക്തി കരയുന്നത്. നഷ്ടപ്പെട്ട പ്രാർത്ഥനാവരം തിരികെ ലഭിക്കുന്നതിനുവേണ്ടി ഞങ്ങൾ അങ്ങനെ പ്രാർത്ഥിച്ചു. അതുമാത്രമേ ആ സഹോദരിക്ക് ആവശ്യമുള്ളൂ. തിരിച്ചുപോകുമ്പോൾ ആ മുഖം വളരെ പ്രസന്നമായിരിക്കുന്നത് എനിക്ക് കാണുവാൻ സാധിച്ചു.

ഏറ്റവും ആവശ്യം എന്ത്?

പിന്നീട് ബസിൽ വീട്ടിലേക്ക് പോരുമ്പോഴും വീട്ടിൽ എത്തിയതിനുശേഷവും ആ സഹോദരിയുടെ ആവശ്യത്തെപ്പറ്റി ധ്യാനിച്ചു. സാധാരണയായി എല്ലാവരുടെയും ആവശ്യം രോഗം സൗഖ്യപ്പെടണം, കടബാധ്യത മാറണം, ജോലി വേണം, കുടുംബപ്രശ്‌നങ്ങൾ തീരണം, വിവാഹം നടക്കണം, മക്കൾ ഉണ്ടാകണം എന്നൊക്കെയാണ്. എന്നാൽ ഈ സഹോദരിക്ക് ഒരൊറ്റ കാര്യം മാത്രമേ ഉള്ളൂ. മുൻപ് പറഞ്ഞ പട്ടികയിൽ പലതും ഈ സഹോദരിക്ക് ആവശ്യമുണ്ടെങ്കിലും അതിലൊന്നിനുപോലുംവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നില്ല.

പ്രാർത്ഥനാസഹായം വേണ്ടത് ഉണർവോടെ പ്രാർത്ഥിക്കാൻ വേണ്ടി മാത്രമാണ്. പിന്നീടാണ് ദൈവം അതിന്റെ വലിയ രഹസ്യം വെളിപ്പെടുത്തിത്തന്നത്. പ്രാർത്ഥനാവരം ഉണ്ടെങ്കിൽ എല്ലാം പ്രാർത്ഥിച്ച് നേടാവുന്നതേ ഉള്ളൂ. മറ്റൊരാൾ പ്രാർത്ഥിച്ച് നമുക്ക് കാര്യം നേടേണ്ടതില്ല. കാത്തിരിക്കേണ്ടതും ഇല്ല. ദൈവം നമുക്ക് തന്നിരിക്കുന്ന ഏറ്റവും വലിയ വരം പ്രാർത്ഥനാവരമാണ്.

ഇംഗ്ലീഷ് പഴഞ്ചൊല്ലിൽ ഇപ്രകാരമാണ് പറയുന്നത്: ഒരാൾ മീൻ തരുകയാണെങ്കിൽ മീൻ ഭക്ഷിക്കുകയും തീർന്നുപോകുകയും ചെയ്യും. എന്നാൽ മീൻവല തരുകയാണെങ്കിൽ അതുപയോഗിച്ച് ദിവസവും മീൻ പിടിക്കാനാവും. ഇതുപോലെ ഏറ്റവും വലിയ കാര്യമാണ് നിസാരമെന്ന് തോന്നുന്നവണ്ണം ആ സഹോദരി ആവശ്യപ്പെട്ടത്. അതെ, ഏറ്റവും വലിയ കാര്യം പ്രാർത്ഥനാവരം ലഭിക്കുക എന്നതുതന്നെയാണ്. നാം ഒന്നാമതായി പ്രാർത്ഥിക്കേണ്ടതും ഇതിനുവേണ്ടി തന്നെയാണ്.
മനുഷ്യന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഈ ഭൂമിയിൽ ഒരിക്കലും തീരുന്നില്ല. ഈ ലോകവാസം വെടിയുംവരെ അത് തുടർന്നുകൊണ്ടിരിക്കും. ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് വന്നു കഴിഞ്ഞു. നിരാശപ്പെടാതെയും സന്തോഷത്തോടെയും മുന്നോട്ടു പോകുവാൻ കർത്താവിൽ ആശ്രയിക്കുകയാണ് ഏകപോംവഴി. മക്കൾ പിതാവിനോടെന്നപോലെ സ്വതന്ത്രമായി, സ്‌നേഹത്തോടെ, വിശ്വാസത്തോടെ കർത്താവിൽ ആശ്രയിക്കുമ്പോഴാണ് ജീവിതവിജയം ഉണ്ടാകുന്നത്.
ജീവിതത്തിലെ ഏറ്റവും ആനന്ദദായകവും അനുഗ്രഹിക്കപ്പെട്ടതുമായ സമയമാണ് പ്രാർത്ഥനയുടെ സമയം. ദൈവത്തോട് സംസാരിക്കുകയും ദൈവം സംസാരിക്കുകയും അങ്ങനെ ഊഷ്മളമായ ബന്ധം വളരുകയും ചെയ്യുന്ന അമൂല്യസമയം ആണത്. ഇവിടെ പരിഹരിക്കപ്പെടാത്തതായ ഒരു പ്രശ്‌നവും ഉണ്ടാകില്ല. അപ്പോൾ ഏറ്റവും വലിയ ശക്തി പ്രാർത്ഥനയും പ്രാർത്ഥനാമുറിയുമാണ്. നമ്മൾ പ്രാർത്ഥിക്കുന്ന സ്ഥലം ഏതോ അതാണ് പ്രാർത്ഥനാമുറി. അവിടെ കുറച്ചുനേരം ദൈവത്തോട് ഒന്നിച്ചായിരിക്കുക. എനിക്കുവേണ്ടി ഹൃദയം തുടിക്കുന്ന, എന്റെ ഹൃദയം അറിയുന്ന ദൈവത്തോടല്ലാതെ മറ്റാരോടാണ് ഞാൻ ഹൃദയം തുറക്കേണ്ടത്? അവിടെ എനിക്ക് കരയാനും വാശിപിടിക്കാനും നന്ദി പറയാനും സ്തുതിക്കാനും സാധിക്കുന്നു.

യേശുവിന്റെ ശിഷ്യന്മാർ ഈ പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞതുകൊണ്ട് അവർ ഒന്നായിച്ചേർന്ന് യേശുവിനോട് അപേക്ഷിച്ചു – ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണേ. യേശു അവരെ പഠിപ്പിച്ചു. അവരിൽ മാറ്റങ്ങൾ ഉണ്ടായി. ഓരോ രാത്രിയിലും എന്നപോലെ ഒഴിവ് കിട്ടുമ്പോഴെല്ലാം ഗുരു പ്രാർത്ഥനയ്ക്കായി സമയം നീക്കിവയ്ക്കുന്നു. കാരണം, പ്രാർത്ഥനയുടെ ശക്തിയിലാണ് ശുശ്രൂഷ വളരുന്നതെന്ന് യേശുവിനറിയാം.

അഞ്ചപ്പത്തിന്റെ അത്ഭുതം ചെയ്യുമ്പോഴും ലാസറിനെ ഉയിർപ്പിക്കുമ്പോഴും ശിഷ്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും രോഗങ്ങൾ സൗഖ്യമാക്കുമ്പോഴും പ്രകൃതി ക്ഷോഭിച്ചപ്പോഴും പിശാചുബാധിതനെ വിടുവിച്ചപ്പോഴും പ്രാർത്ഥനയുടെ ശക്തിയെ ശിഷ്യർക്ക് യേശു കാണിച്ചുകൊടുത്തു. ജീവിതത്തിലെ ഗത്‌സമെൻ അനുഭവങ്ങളിൽ പരീക്ഷയിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർത്ഥിക്കണം എന്നും യേശു സ്വന്തം ജീവിതത്തിലൂടെ അവരെ പഠിപ്പിച്ചു. അവർ അത് പ്രയോഗത്തിൽ വരുത്തി. അതിൽ വിജയിക്കുകയും ആനന്ദിക്കുകയും ചെയ്തു (ലൂക്കാ 10:17).

യേശു പറഞ്ഞു: ”എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല” (യോഹ. 15:5). നമുക്ക് യേശുവിന്റെ മുൻപിൽ കൈകൾ കൂപ്പാം. നമ്മുടെ പ്രാർത്ഥനയുടെ നിമിഷങ്ങളാണ് കർത്താവ് സ്മരിക്കുന്ന പ്രിയപ്പെട്ട നിമിഷങ്ങൾ. അതിനാൽ നമുക്ക് കർത്താവിനോട് ഈ പ്രാർത്ഥനാവരത്തിനായി ഉള്ളംനിറഞ്ഞ് കണ്ണീരോടെ പ്രാർത്ഥിക്കാം. കർത്താവേ, ഉണർവോടെ – തീക്ഷ്ണതയോടെ പ്രാർത്ഥിക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ. പരിശുദ്ധ അമ്മേ,
ഈ വരത്തിനായി ഞങ്ങൾക്കായി ഈശോയോട് പ്രാർത്ഥിക്കണേ.

പി.ജെ. ജോസഫ്, ഇടപ്പള്ളി

3 Comments

  1. Mini George says:

    Oh Lord we all need the gift of prayer. Please provide this gift each and everyone of us.So we can pray for others.

  2. deseena faicy says:

    GOD PRARTHIKKAN ENNEYUM PADIPPIKKANAME.

  3. Tom Mathew says:

    As a Christian who has been abundantly blessed by God, I earnestly pray for you, my sister in Christ, and your family. May God give you the courage to withstand these difficult days. May God bless you and your family. May the greatest of all Gods, bless us all.
    Tom

Leave a Reply to Mini George Cancel reply

Your email address will not be published. Required fields are marked *