കുഞ്ഞാങ്ങളയുടെ കരച്ചിലിന്റെ കാരണമറിഞ്ഞപ്പോൾ…

മൂത്ത സഹോദരിമാരായ ഞങ്ങൾ പഠിക്കുന്ന സ്‌കൂളിലല്ല വീടിന് തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിലാണ് മാതാപിതാക്കൾ കുഞ്ഞാങ്ങളയെ ചേർത്തത്. ഒരു ദിവസം സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിക്ക് കണ്ടുമുട്ടിയ ഞങ്ങളുടെ അനുജന്റെ അധ്യാപകർ ഞങ്ങളോട് പറഞ്ഞു ‘ഇന്ന് അവൻ സ്‌കൂളിൽ വലിയ കരച്ചിലായിരുന്നു.’

ഞങ്ങൾ വീട്ടിലെത്തിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളും വീർത്ത മുഖവുമായി അതാ ഇരിക്കുന്നു ഞങ്ങളുടെ കുഞ്ഞാങ്ങള. കാരണം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവന്റെ ക്ലാസിലെ ഒരു കുട്ടി ഞങ്ങളുടെ വികാരിയച്ചനെക്കുറിച്ച് എന്തോ കുറ്റം പറഞ്ഞു. അതുകേട്ട് സഹിക്കാനാകാതെ അവൻ പൊട്ടിക്കരയാൻ തുടങ്ങി. മറ്റു കുട്ടികളും അധ്യാപകരും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൻ കരച്ചിൽ നിറുത്തിയില്ല. അവസാനം സ്‌കൂളിലെ ഹെഡ്മാസ്റ്റർ വന്ന് അവനെ ആശ്വസിപ്പിച്ചു. എന്നിട്ടും അവന്റെ ദുഃഖം മാറിയിട്ടില്ലെന്ന് അവന്റെ മുഖം കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി.
വർഷങ്ങൾക്കു മുമ്പുണ്ടായ സംഭവമാണ് മുകളിൽ വിവരിച്ചത്. സ്വന്തം വികാരിയച്ചനെക്കുറിച്ച് പറഞ്ഞപ്പോൾ ഒരു കുഞ്ഞിന്റെ ഹൃദയം വേദനിച്ചു. അതു പൊട്ടിക്കരച്ചിലായി മാറി. വളരെയധികം പ്രായമായ ഒരു വൈദികനായിരുന്നു അന്ന് ഞങ്ങളുടെ വികാരിയച്ചൻ. വളരെ ആഴത്തിലുള്ള ബന്ധം അവർ തമ്മിലുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ വികാരി എന്ന ഇടയനും ഇടവക ജനങ്ങൾ എന്ന ആടുകളും തമ്മിൽ പരിശുദ്ധാത്മാവ് തീർത്ത ഒരു ബന്ധമുണ്ടല്ലോ. അതാണ് അന്നവനെ അത്ര ഉച്ചത്തിൽ കരയിച്ചത്.

വേദനയുണ്ടോ?

ഒരു ആറാംക്ലാസുകാരൻ സ്വന്തം വികാരിയെക്കുറിച്ച് മറ്റൊരു കുട്ടി പറഞ്ഞതുകേട്ട് പൊട്ടിക്കരഞ്ഞെങ്കിൽ, സ്വന്തം വികാരിയെക്കുറിച്ച്, വൈദികരെക്കുറിച്ച്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേൾക്കാനിടയായാൽ എനിക്ക് വേദനിക്കാറുണ്ടോ എന്ന് ആത്മപരിശോധനയ്ക്കിടം നല്കുന്നത് വളരെ നല്ലതാണ്. കുറവുകളേറെ പറയാൻ, പറയുന്നവരുടെ കൂടെച്ചേരാൻ നാം നാവെടുക്കുമ്പോൾ, അവരുടെ ഏറെയുള്ള നിറവുകൾ പറയാൻ നാം അല്ലാതെ മറ്റൊരുമില്ല എന്നുള്ളത് ഒരു വാസ്തവം തന്നെ. ഈലോക ജീവിതത്തിൽ ത്യാഗങ്ങളും വേദനകളും സഹിക്കാത്തവർ ആരുമുണ്ടാകില്ല. അങ്ങനെയെങ്കിൽ ഈ ലോകത്ത് ത്യാഗങ്ങളും മൗനനൊമ്പരങ്ങളും ഏറെ നിസ്വാർത്ഥതയോടെ സഹിക്കുന്നവരാണവർ. ദൈവസന്നിധിയിൽ അതാണല്ലോ കൂടുതൽ ശ്രേഷ്ഠം.

നമ്മുടെയെല്ലാം ഭവനങ്ങളിൽനിന്നുതന്നെയാണ് ഓരോ വൈദികനും സമർപ്പിതനും കടന്നുവരുന്നത്. ചങ്കും കരളും കൊടുത്താണ് ഓരോ മാതാപിതാക്കളും മക്കളെ വളർത്തുന്നത്. ത്യാഗം ചെയ്ത് വളർത്തിയ കുഞ്ഞ് ഒരു നിശ്ചിത പ്രായത്തിൽ വൈദികനാകാനുള്ള ആഗ്രഹം അറിയിക്കുമ്പോൾ, അബ്രാഹം തന്റെ ഏകമകനെ ദൈവത്തിന് ബലിയർപ്പിക്കാൻ സന്നദ്ധനായതുപോലെ, ഹൃദയം പൊട്ടുന്ന വേദനയോടെതന്നെ ആ മാതാപിതാക്കൾ ദൈവഹിതത്തിന് വിധേയപ്പെട്ട്, തങ്ങളുടെ മകനെ വൈദികപരിശീലനത്തിന് യാത്രയാക്കുന്നു.

ജീവിതത്തിൽ തങ്ങൾക്ക് ഏക അത്താണിയെന്ന് മാതാപിതാക്കൾ മനക്കോട്ട കണ്ടവർ തന്നെയായിരിക്കും മിക്കവാറും ഈ ആഗ്രഹം പ്രകടിപ്പിക്കുന്നതും. കുടുംബത്തിലെ ഏക ആൺതരിയായിട്ടും വൈദികരാവാൻ സന്നദ്ധരായ നിരവധിപേർ ഇന്നുണ്ടെന്ന് നമുക്കറിയാമല്ലോ. ഇവർ നീണ്ട പരിശീലനങ്ങൾക്കൊടുവിൽ വൈദികരായി ശുശ്രൂഷാരംഗത്തിറങ്ങുമ്പോൾ, നിറമിഴികളോടെ തങ്ങളുടെ കുഞ്ഞിനെ കാക്കണമേയെന്നുള്ള പ്രാർത്ഥനയുമായി അങ്ങകലെ, എന്നാൽ ഹൃദയത്തോട് ചേർന്ന് ആ മാതാപിതാക്കളും സഹോദരങ്ങളുമുണ്ട്.

തങ്ങളുടെ വൈദികരായ മക്കൾ വിമർശിക്കപ്പെടുമ്പോൾ, തെറ്റിദ്ധരിക്കപ്പെടുമ്പോൾ, അപവാദ കൊടുങ്കാറ്റിൽപ്പെട്ട് വലയുമ്പോൾ ആദ്യം ചങ്കുപൊട്ടുന്നത് ഇവരുടെയാണ്. അറിഞ്ഞും അറിയാതെയും നിസാര കാര്യങ്ങൾക്കുപോലും നമ്മുടെ വൈദികരുടെനേരെ നാം വിരൽചൂണ്ടുമ്പോൾ ഓർക്കാം ഒരുപാട് വർഷത്തെ അധ്വാനവും കണ്ണീരും വിയർപ്പും കൊടുത്ത് ഒരപ്പനും അമ്മയും വളർത്തിയ മകനാണത്.

ആ ഹൃദയം വേദനിച്ചാൽ അവരുടെ ഹൃദയവും വേദനിക്കും, നൊന്തു നീറും. ആ നീറ്റൽ സ്വർഗം തുളച്ചുകയറുകതന്നെ ചെയ്യും. അഞ്ച് പെങ്ങന്മാർക്ക് കൂടിയുള്ള ഏകസഹോദരനെ അറിയാം. ബാല്യത്തിലേ പിതാവ് നഷ്ടപ്പെട്ടവൻ. എന്നിട്ടും തന്റെ അമ്മയുടെയും സഹോദരിമാരുടെയും നിറമിഴികളിലേക്കുമാത്രം നോക്കാതെ അദ്ദേഹം ഭവനത്തിന്റെ പടിയിറങ്ങി, ഒരു പുരോഹിതനായി ദൈവജനത്തെ ശുശ്രൂഷിക്കാൻ. ഇന്നദ്ദേഹം അനേകരുടെ കണ്ണീരൊപ്പുന്നു.

നമ്മുടെ സമൂഹത്തിന് ഈശോ ദാനമായി തന്ന വൈദികരെ നമുക്ക് സ്‌നേഹിക്കാം. എന്റെ സ്വന്തം കുടുംബത്തിലെ അംഗമായിത്തന്നെ കാണാം. പിതാവിന്റെയോ ജ്യേഷ്ഠസഹോദരന്റെയോ കുഞ്ഞനുജന്റെയോ മകന്റെയോ സ്ഥാനത്ത് അവരെ കാണാം. ബലഹീനതകളിൽ അവരെ ശക്തിപ്പെടുത്താം, വേദനകളിൽ അവർക്ക് താങ്ങാകാം, ദുഃഖങ്ങളിൽ ആശ്വാസമേകാം. എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കാം. ”പൊന്നുതമ്പുരാനേ, മുള്ളുകളും കല്ലുകളുമുള്ള പാതയാണ്. കാലിടറാതെ അവരെ നീ കാത്തുകൊള്ളണമേ.”

സിസ്റ്റർ മരിയ വിയാനിയമ്മ DECBA

2 Comments

  1. Elsamma James says:

    Dear Rev.Sr. Maria Vianniyamma – Very true and meaningful article. I wish and pray that every body could read this!!!!!
    Every month at Medjugorj, Blessed Mother appears to 6 visionaries and says ” Please pray for my Shepherds” they belong to my Son.He called them.Pray that they may always have the strength and the courage to shine with the light of my Son.”

Leave a Reply

Your email address will not be published. Required fields are marked *