മിതത്വം ഇന്നിന്റെ അനിവാര്യത

ആവർഷത്തെ വാർഷിക ആഘോഷത്തിലെ ഒരു പ്രത്യേക ഇനമായിരുന്നു മുറി അലങ്കരിക്കൽ മത്സരം. സ്‌കൂളിലെ കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ച്, ഓരോ ഗ്രൂപ്പുകാർക്കും ഓരോ ക്ലാസ്മുറികൾ നല്കിയിരുന്നു. ഓരോ ഗ്രൂപ്പുകാർക്കും തങ്ങളുടെ മുറിയെ ഏതുവിധത്തിൽ വേണമെങ്കിലും അലങ്കരിക്കാം. അതിനുപയോഗിക്കുന്ന തുക ഒരിക്കലും അയ്യായിരം രൂപയിൽ കൂടരുത്. ഏറ്റവും മിതമായ നിരക്കിൽ ഏറ്റവും ഭംഗിയായി അലങ്കരിക്കുന്നവർക്കാണ് ഒന്നാം സമ്മാനം ലഭിക്കുക.

അങ്ങനെ മത്സരദിവസം വന്നെത്തി. നാലുഗ്രൂപ്പുകാരും തങ്ങളെ നയിക്കുന്ന ലീഡറിന്റെ നേതൃത്വത്തിൽ മുറി അലങ്കരിക്കുന്നതിൽ വ്യാപൃതരായി. അവസാനം മാർക്കിടലിന്റെ സമയമായി. എല്ലാ ഗ്രൂപ്പുകാരും തങ്ങളാലാവുംവിധം തങ്ങളുടെ മുറികൾ ഭംഗിയായി അലങ്കരിച്ചിരുന്നു. പക്ഷേ, സമ്മാനം കിട്ടിയത് ബി ഗ്രൂപ്പിനാണ്. അവരാണ് ഏറ്റവും മിതമായ ചെലവിൽ ഏറ്റവും ലളിതമായി അതേസമയം ഏറ്റവും ഹൃദയസ്പർശിയായി മുറി അലങ്കരിച്ചത്. അത് ഇപ്രകാരമായിരുന്നു.
മുറിയുടെ ജനലുകളും വാതിലുകളുമെല്ലാം പ്രകാശം കടന്നുവരാത്ത രീതിയിൽ അവർ അടച്ചു. മുറിയുടെ മധ്യത്തിലായി ഈശോയുടെ തിരുഹൃദയത്തിന്റെ ഫോട്ടോ വച്ച് അത് നല്ല സുഗന്ധമുള്ള മുല്ലപ്പൂമാലകൊണ്ട് അലങ്കരിച്ചു. മനോഹരമായി അലങ്കരിച്ച കത്തിനില്ക്കുന്ന ഒരു വലിയ തിരിയും വച്ചു. അതിന്റെ മുമ്പിലായി പീഠത്തിന്മേൽ മനോഹരമായി അലങ്കരിച്ച ദൈവവചനഗ്രന്ഥം തുറന്നുവച്ചു. മുറിയിൽ അവിടെയിവിടെയായി ആസ്വാദ്യകരമായ മണമുള്ള ചന്ദനത്തിരികളും. മുറിയുടെ ഒരു കോണിലായി മനസിനെ ദൈവത്തിങ്കലേക്കുയർത്തുന്ന ഭക്തിനിർഭരമായ പശ്ചാത്തലസംഗീതവും ക്രമീകരിച്ചു. അതുകൂടാതെ മുറിയിൽ നിറയെ മുല്ലപ്പൂക്കൾ വിതറിയിരുന്നു.

എല്ലാംകൂടിയായപ്പോൾ ആ മുറിയിൽ പ്രവേശിക്കുന്ന ഏതൊരുവന്റെയും ഹൃദയം ദൈവസാന്നിധ്യത്തിലേക്ക് ഉയർത്തുന്ന ഒരു ദിവ്യാനുഭൂതി അവിടെ വ്യാപിച്ചിരിക്കുന്നതായി എല്ലാവർക്കും അനുഭവവേദ്യമായി. അങ്ങനെ ബി ഗ്രൂപ്പിന് ഒന്നാം സമ്മാനം ലഭിച്ചു. മറ്റു മൂന്നു ഗ്രൂപ്പുകാരും തങ്ങളുടെ മുറികൾ മനോഹരമായ വസ്തുക്കൾകൊണ്ട് നിറച്ചിരുന്നുവെങ്കിലും ബി ഗ്രൂപ്പിലെ മുറിയിൽ ഉള്ളതുപോലുള്ള ഹൃദ്യമായ ഒരു ദൈവികസ്പർശനം അവിടെ എവിടെയും ഉണ്ടായിരുന്നില്ല. മാത്രമല്ല മറ്റു മൂന്നു ഗ്രൂപ്പുകാരും അനുവദിച്ച തുകകൾ മുഴുവൻ ചെലവാക്കിയപ്പോൾ ബി ഗ്രൂപ്പുകാർ അനുവദിച്ചിരുന്ന തുകയുടെ പകുതിമാത്രമേ ചെലവാക്കിയിരുന്നുള്ളൂ. സമ്മാനദാനത്തിന്റെ സമയത്ത് പ്രധാനാധ്യാപകൻ അത് പ്രത്യേകം എടുത്തുപറഞ്ഞ് അവരെ പ്രശംസിച്ചു. ഏറ്റം മിതമായ തുകകൊണ്ട് എങ്ങനെ കാര്യങ്ങൾ ചെയ്യാം എന്നുള്ള ഗുണപാഠമാണ് അവരുടെ മുറിയലങ്കാരത്തിലൂടെ ആ സ്‌കൂളിലെ കുട്ടികൾക്ക് മുഴുവൻ നല്കിയത്.

ഇത് അടിച്ചുപൊളികളുടെ കാലം

ലാളിത്യം, മിതവ്യയം എന്നെല്ലാം പറയുന്ന കാര്യങ്ങൾ ഇന്ന് സമൂഹത്തിൽനിന്നും എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പകരം ധൂർത്തുകളും അടിച്ചുപൊളിക്കലുകളും എല്ലായിടത്തും നിറഞ്ഞുനില്ക്കുന്നു. ഏതൊരു കുട്ടിയുടെയും ഭാവിലക്ഷ്യമെന്താണ് എന്ന് ചോദിച്ചാൽ നന്നായി പഠിച്ച്, നല്ല ജോലി സമ്പാദിച്ച്, നല്ല വീടു പണിത് നല്ല ഭക്ഷണവും കഴിച്ച്, ഇന്റർനെറ്റിന്റെ സാധ്യതകളെല്ലാം പരമാവധി ഉപയോഗിച്ച് അടിച്ചുപൊളിച്ചങ്ങു ജീവിക്കണം എന്നുള്ള ഉത്തരം ലഭിക്കുന്ന കാലമാണിത്. ഇവിടെ മിതത്വവും ലാളിത്യവും പരസ്പര സ്‌നേഹവും സഹകരണവുമൊക്കെ അപ്രധാന സംഗതികളായി മറവിക്കു പിന്നിലേക്ക് തള്ളപ്പെടുന്നു. എന്നിരുന്നാലും വാക്കിലും നോക്കിലും ഊണിലും ഉണർവിലുമെല്ലാം മിതത്വവും ലാളിത്യവും പാലിക്കുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. ആഡംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും സുഖഭോഗങ്ങളുടെയും അടിച്ചുപൊളിക്കലിന്റേതുമായ ശിഥിലീകരണ അരൂപികൾ മുന്നോട്ടുനില്ക്കുന്നിടത്തും പാകതയുള്ള മനസുകൾ തിരയുന്നത് മിതത്വത്തെ തന്നെയാണ്. ദൈവവും തിരയുന്നത് അങ്ങനെയുള്ളവരെത്തന്നെയാണ്.

ആഗ്രഹങ്ങളിൽ മിതത്വം

മനുഷ്യന്റെ എല്ലാവിധ ആഗ്രഹങ്ങളുടെയും ഇരിപ്പിടം അവന്റെ ഹൃദയമാണ്. നന്മയോ തിന്മയോ ആകട്ടെ അവന്റെ എല്ലാ ആഗ്രഹങ്ങളും പുറപ്പെടുന്നത് അവന്റെ ഹൃദയത്തിൽ നിന്നാണ്. ”നല്ല മനുഷ്യൻ നന്മയുടെ ഭണ്ഡാരത്തിൽനിന്നു നന്മ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ തിന്മയുടെ ഭണ്ഡാരത്തിൽനിന്നു തിന്മ പുറപ്പെടുവിക്കുന്നു” (മത്താ. 12:35). കാണുന്നതെന്തും സ്വന്തമാക്കണം. നക്ഷത്രങ്ങളുടെ ഉയരത്തിലുള്ളതും കയ്യെത്തുന്ന അകലത്തിൽ പിടിക്കണം എന്ന അവസ്ഥയിലേക്ക് മനുഷ്യൻ വ്യർത്ഥസഞ്ചാരം ചെയ്യുകയാണിപ്പോൾ. പരസ്പരമുള്ള പരിശുദ്ധമായ സ്‌നേഹബന്ധങ്ങൾ വിട്ട് ലോകത്തെയും ലോകത്തിലുള്ളവയെയും സ്‌നേഹിച്ച് ജീവിതം പാഴ്‌വേലയാക്കുന്ന നമുക്ക് നഷ്ടമായിത്തീരുന്നത് ദൈവത്തെയും അവിടുത്തെ സ്‌നേഹത്തെയുമാണ്.

1 യോഹ. 2:15-16ൽ ഇപ്രകാരം പറയുന്നു: ”ലോകത്തെയോ ലോകത്തിലെ വസ്തുക്കളെയോ നിങ്ങൾ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാൽ പിതാവിന്റെ സ്‌നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ, ജഡത്തിന്റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത ഇങ്ങനെ ലോകത്തിൽ ഉള്ളതൊന്നും പിതാവിന്റേതല്ല.” വീണ്ടും അവിടുന്ന് ജറെമിയ പ്രവാചകനിലൂടെ ഇപ്രകാരം പറയുന്നു: ”ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്. അതു ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആർക്കാണ് മനസിലാക്കാൻ കഴിയുക. കർത്താവായ ഞാൻ മനസിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു” (ജറെ. 17:9-10). ലൗകികവും ജഡികവുമായ മായാമോഹങ്ങൾ നമ്മുടെ ഹൃദയത്തെ ഞെരുക്കുന്നുവെങ്കിൽ നാം അവയുടെ അടിമത്തത്തിലാണ്. അവയിൽനിന്ന് വിമോചനം നല്കാൻ, മിതത്വത്തിന്റെ അരൂപിയായ പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

സമ്പാദനത്തിൽ മിതത്വം

ധനം കുന്നുകൂട്ടുവാനും വീണ്ടും വീണ്ടും സമ്പാദിക്കുന്നതിനും ഉള്ള അതിരുവിട്ട ആഗ്രഹങ്ങൾ അത്യാഗ്രഹിയായ മനുഷ്യന്റെ ചിത്രമാണ് നമുക്ക് മുൻപിൽ വരച്ചുകാട്ടുക. ദൈവത്തോടുള്ള അവന്റെ ബന്ധംപോലും ധനസമ്പാദനത്തിനുവേണ്ടിയുള്ളതാണ്. എന്നാൽ ദൈവമൊരിക്കലും ഇക്കൂട്ടരെ ആശീർവദിക്കുന്നില്ല. അവിടുന്ന് തിരുവചനത്തിലൂടെ ഇപ്രകാരം പറയുന്നു: ”ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്” (1 തിമോ. 6:6). അവിടുന്ന് തുടർന്നുവരുന്ന വചനങ്ങളിലൂടെ അമിതമായ ധനസമ്പാദന വ്യഗ്രതയുടെ ദൂഷ്യത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് തരുന്നു. ”ഭക്ഷണവും വസ്ത്രവുമുണ്ടെങ്കിൽ അതുകൊണ്ട് നമുക്ക് തൃപ്തിപ്പെടാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാൽ, ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലൂടെ പലരും വിശ്വാസത്തിൽനിന്ന് വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാൽ തങ്ങളെത്തന്നെ മുറിപ്പെടുത്താനും ഇടവന്നിട്ടുണ്ട്” (1 തിമോ. 6:6-10).

അധികമായ ധനമോഹം ആരോഗ്യത്തിനുപോലും കേടാണ്. തിരുവചനങ്ങൾ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു ”ധനത്തിലുള്ള അതിശ്രദ്ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്ക്കണ്ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു” (പ്രഭാ. 31:1). അമിതമായ സമ്പത്ത് അനർത്ഥങ്ങളെ ക്ഷണിച്ചുവരുത്തുന്നു. പക്ഷേ, അതു മനസിലാക്കുന്നവർ വിരളമാണ്. സുഭാഷിതങ്ങൾ 15:16-ലൂടെ കർത്താവിന്റെ ആത്മാവ് സംസാരിക്കുന്നു. ”വലിയ സമ്പത്തും അതോടൊത്തുള്ള അനർത്ഥങ്ങളുമായി കഴിയുന്നതിനെക്കാൾ മെച്ചം ദൈവഭക്തിയോടെ അല്പംകൊണ്ടു കഴിയുന്നതാണ്.” അതിനാൽ നമുക്കും പരിശുദ്ധാത്മാവിനോട് ചേർന്ന് ഇപ്രകാരം പ്രാർത്ഥിക്കാം ”ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ. ഞാൻ സമൃദ്ധിയിൽ അങ്ങയെ അവഗണിക്കുകയും കർത്താവ് ആര് എന്ന് ചോദിക്കുകയും ചെയ്‌തേക്കാം” (സുഭാ. 30:8-9).

സംസാരത്തിൽ മിതത്വം

സംസാരത്തിൽ മിതത്വം പാലിക്കുന്നവരെ എല്ലാവരും ഇഷ്ടപ്പെടും. എന്നാൽ അമിത ഭാഷണം ചെയ്യുന്നവരെയും വ്യർത്ഥഭാഷണത്തിൽ ഏർപ്പെടുന്നവരെയും മറ്റുള്ളവർക്ക് ഇഷ്ടപ്പെടാൻ ബുദ്ധിമുട്ടാണ്. അമിതമായും അശ്രദ്ധമായും സംസാരിച്ച് ജീവിതത്തിൽ തരണം ചെയ്യാനാവാത്ത പ്രശ്‌നങ്ങൾ വരുത്തിവച്ചിട്ടുള്ള അനേകരുണ്ട്. സ്വന്തം വായിലെ നാവിന്റെ പിടിപ്പുകേടുകൊണ്ട് കോടതി കയറേണ്ടി വന്നവരുമുണ്ട്. അതിനാൽ കർത്താവിന്റെ ആത്മാവ് പ്രഭാഷകന്റെ പുസ്തകത്തിലൂടെ നമുക്ക് മുന്നറിയിപ്പ് തരുന്നു ”വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക. വായ്ക്ക് വാതിലും പൂട്ടും നിർമിക്കുക. നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുമ്പിൽ ചെന്നു വീഴാതിരിക്കണമെങ്കിൽ നാവുകൊണ്ട് തെറ്റു ചെയ്യാതിരിക്കുക” (പ്രഭാ. 28:25-26).

അമിതമായ സംസാരത്തിനിടയിലാണ് തെറ്റുകൾ കടന്നു കൂടുന്നത്. അമിതഭാഷി തന്റെ പിഴവുകൾ പിഴവുകളാണെന്ന് തിരിച്ചറിയുന്നുപോലുമില്ല. തന്റെ അമിതഭാഷണത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങുമ്പോഴാണ് അയാൾ സ്വന്തം തെറ്റ് തിരിച്ചറിയുന്നതുതന്നെ. അപ്പോൾ അയാൾ ഇങ്ങനെ വിലപിക്കും ‘ഞാൻ അങ്ങനെ സംസാരിക്കണമെന്ന് കരുതിയിരുന്നതേയല്ല. പക്ഷേ, പറ്റിപ്പോയി.’ ഇക്കൂട്ടരെക്കുറിച്ച് ദൈവാത്മാവ് ഇപ്രകാരം സംസാരിക്കുന്നു ”വാക്കിൽ പിഴക്കാത്തവൻ അനുഗൃഹീതൻ. അവന് പാപത്തെപ്രതി ദുഃഖിക്കേണ്ടി വരികയില്ല” (പ്രഭാ. 14:1).

”വ്യർത്ഥഭാഷണത്തെ വെറുക്കുന്നവൻ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കും” (പ്രഭാ. 19:6). ലൗകികമായ വ്യർത്ഥഭാഷണത്തിന്റെ ഒരു തിക്തഫലമാണ് അത് നമ്മുടെ ഹൃദയത്തിൽനിന്ന് ദൈവഭക്തിയെയും ദൈവസ്‌നേഹം നമ്മുടെ ഹൃദയത്തിൽ ചൊരിയുന്ന ദൈവികാനന്ദത്തെയും ചോർത്തിക്കളയുന്നു എന്നത്. വിശുദ്ധ പൗലോസ്ശ്ലീഹാ തന്റെ പ്രിയശിഷ്യനായ തിമോത്തിയോസിന് നല്കുന്ന മുന്നറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ”ലൗകികമായ വ്യർത്ഥഭാഷണം ഒഴിവാക്കുക. അതു ജനങ്ങളെ ഭക്തിരാഹിത്യത്തിലേക്ക് നയിക്കും” (2 തിമോ. 2:16).

ഇതിന്റെയെല്ലാം അർത്ഥം ആരോടും മിണ്ടാതെ കഴിഞ്ഞുകൂടണമെന്നോ സൗഹൃദസന്ദർശനങ്ങളും സൗഹൃദസംഭാഷണങ്ങളും പാടില്ലയെന്നോ ആണെന്ന് ഞാൻ കരുതുന്നില്ല. നമ്മുടെ പ്രോത്സാഹനവും ശ്രദ്ധയും സ്‌നേഹവും കരുതലുമെല്ലാം ആവശ്യമായിരിക്കുന്ന നമ്മുടെ സഹോദരരെ പടുത്തുയർത്തുന്നതായിരിക്കണം നമ്മുടെ വാക്കുകൾ എന്നേയുള്ളൂ. തക്കതായ തിരുത്തലും താങ്ങലും സ്‌നേഹവും വാത്സല്യവും ശിക്ഷണവുമെല്ലാം കൊടുക്കേണ്ടയിടങ്ങളിൽ അതു വാക്കുകളിലൂടെ പ്രകടമാക്കുകതന്നെ വേണം.

കുറ്റം പറയാനും കുറ്റം വിധിക്കാനും പരദൂഷണം പറയാനും നമ്മുടെ നാവിനെ നാം വിനിയോഗിക്കരുത്. ”അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക് ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ നീ നിന്നെത്തന്നെയാണ് വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു. അപ്രകാരം പ്രവർത്തിക്കുന്നവരുടെ മേലുള്ള ദൈവത്തിന്റെ വിധി ന്യായയുക്തമാണെന്ന് നമുക്കറിയാം” (റോമാ 2:1-2).
അതിനാൽ മിതഭാഷണം നടത്താനും അരുതാത്തത് പറയാതിരിക്കാനും വായ്ക്ക് ഒരു വാതിലും പൂട്ടും തരണേയെന്ന് നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം. ”നാവ് വളരെ ചെറിയ ഒരു അവയവമാണ്. എങ്കിലും അത് വൻപു പറയുന്നു. ചെറിയൊരു തീപ്പൊരി എത്ര വലിയ വനത്തെയാണ് ചാമ്പലാക്കുക! നാവ് തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകംതന്നെയാണ്. നമ്മുടെ അവയവങ്ങളിൽ ഒന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയാൽ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു. എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യൻ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്. എന്നാൽ ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കുവാൻ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്. ഈ നാവുകൊണ്ട് കർത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ട് ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽനിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല” (യാക്കോ. 3:5-10).

പ്രിയപ്പെട്ടവരേ, ഒരുവനും തന്റെ നാവിനെ നിയന്ത്രിക്കാൻ കഴിയുകയില്ല എന്നു പറയുമ്പോഴും നാവിനെ ചൊല്പ്പടിക്കു നിറുത്തിയ അനേകം പരിശുദ്ധന്മാർ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട് എന്ന് നാം ഓർമിക്കണം. അവരെ സഹായിച്ച പരിശുദ്ധാത്മാവ് ഇക്കാര്യത്തിൽ നമ്മളെയും സഹായിക്കും.

ആഹാരത്തിൽ മിതത്വം

നമ്മളിൽ പലരും വളരെയേറെ ആഗ്രഹിക്കുന്ന ഒരു സംഗതിയാണ് ആഹാരത്തിൽ മിതത്വം പാലിക്കുക എന്നത്. പക്ഷേ, ഭോജനപ്രിയരായ നമ്മൾ കുറച്ചുനാളത്തേക്ക് ഈ ശ്രമത്തിൽ ജയിച്ചാലും അതിന്റെ ഇരട്ടിയായി പിന്നീട് ഭക്ഷിച്ച് കൊതിതീർക്കും. അമിതമായ ഭക്ഷണം മനസിനും ശരീരത്തിനും ആത്മാവിനും ഹാനികരമാണ്. അത് രോഗത്തിലേക്കും പിന്നീട് അകാല മരണത്തിലേക്കും മനുഷ്യനെ വലിച്ചിഴക്കുന്നു. ”ഭക്ഷണത്തിൽ ആർത്തി കാണിക്കരുത്. അമിതാഹാരം രോഗത്തിന് കാരണമാകുന്നു. അമിതഭോജനം ദഹനക്ഷയം ഉണ്ടാക്കുന്നു. അമിതഭോജനം അനേകരുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്; അതു നിയന്ത്രിക്കുന്നവന് ദീർഘായുസുണ്ടാകും” (പ്രഭാ. 37:29).

നമ്മുടെ മനസിലും ശരീരത്തിലും ആത്മാവിലും നാം അനുഭവിക്കുന്ന പലവിധത്തിലുള്ള പിന്നോക്കാവസ്ഥകൾക്കും കാരണം ഒരു നിയന്ത്രണവുമില്ലാതെ നാം ഉള്ളിലാക്കുന്ന ഭക്ഷണ വസ്തുക്കളാണ്. നാവിന്റെ രുചിയെ കേന്ദ്രീകരിച്ച് നാം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതുകൊണ്ടാണ് നമുക്ക് നമ്മെത്തന്നെ ഇക്കാര്യത്തിൽ നിയന്ത്രിക്കാൻ കഴിയാത്തത്. അമിതമായി ഭക്ഷിക്കുംതോറും ഭക്ഷിക്കാനുള്ള ആർത്തി കൂടിക്കൂടി വരും.

ശരിയായി നാം വിലയിരുത്തിയാൽ നാം ഒരു ദിവസം ഭക്ഷിച്ചു കൂട്ടുന്ന ഭക്ഷണത്തിന്റെ പകുതിപോലുമോ അല്ലെങ്കിൽ നാലിൽ ഒന്നുപോലുമോ നമ്മുടെ ശരീരത്തിന് ആവശ്യമായിരിക്കുകയില്ല. അമിതഭക്ഷണം നമ്മെ ഉദരരോഗങ്ങളിലേക്കും നിദ്രാരാഹിത്യത്തിലേക്കും നയിക്കുന്നു. ”സംസ്‌കാര സമ്പന്നൻ അമിതമായി ഭക്ഷിക്കുന്നില്ല. അവന് ഉറക്കം അനായാസമാണ്. മിതമായി ഭക്ഷിക്കുന്നവൻ നന്നായി ഉറങ്ങുന്നു; അവൻ ഉന്മേഷവാനായി രാവിലെ ഉണരുന്നു; അമിത ഭക്ഷണം നിദ്രാരാഹിത്യവും ദഹനക്ഷയവും ഉദരവേദനയും ഉളവാക്കുന്നു” (പ്രഭാ. 31:19-20).

ജീവൻ നിലനിറുത്തുവാൻ വേണ്ടിമാത്രം ഭക്ഷിച്ചിരുന്ന അനേകം വിശുദ്ധന്മാർ ഈ ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. അനുദിനം ഉൾക്കൊള്ളുന്ന വിശുദ്ധ കുർബാനകൊണ്ടുമാത്രം ജീവിച്ച അനേകരെക്കുറിച്ച് ദിവ്യകാരുണ്യ അത്ഭുതങ്ങളിൽ വായിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ രുചി അനുഭവിക്കാതിരിക്കുവാൻ ഭക്ഷണസാധനങ്ങളുടെ രുചി കുറയ്ക്കുന്ന പൊടികൾ (ഹാനികരമല്ലാത്തത്) ഭക്ഷണത്തിൽ കലർത്തി ഭക്ഷിച്ചിരുന്ന വിശുദ്ധർ സഭയിൽ ഉണ്ടായിട്ടുണ്ട്. തൊട്ടുനോക്കാവുന്ന അകലത്തിൽ നമ്മുടെ മുൻപിൽ സ്ഥിതിചെയ്യുന്ന എവുപ്രാസ്യാമ്മയുടെ ചരിത്രം അക്കാര്യം നമുക്ക് വെളിപ്പെടുത്തുന്നു.

നമുക്ക് മനുഷ്യർക്ക് ഭക്ഷണകാര്യങ്ങളിൽ ഉള്ള നിയന്ത്രണം അസാധ്യമെന്ന് തോന്നിയാലും ദൈവത്തിന്റെ അരൂപിക്ക് അത് സാധ്യമാണ്. ദൈവാരൂപിയാൽ നിറഞ്ഞ യേശു നാൽപതു രാവും നാൽപതു പകലും ഭക്ഷണപാനീയങ്ങൾ ഉൾക്കൊള്ളാതെ മരുഭൂമിയിൽ തപസനുഷ്ഠിച്ചത് നമുക്കോർക്കാം. നമ്മുടെ മനസിനും ശരീരത്തിനും ആത്മാവിനും ഉതകുന്ന മിതത്വമുള്ള ഒരു ഭക്ഷണരീതി നമുക്ക് ലഭിക്കാൻവേണ്ടി ദൈവാരൂപിയോട് പ്രാർത്ഥിക്കാം.

വിശ്രമത്തിൽ മിതത്വം

അധ്വാനിക്കുന്ന മനുഷ്യന് വിശ്രമം ആവശ്യമാണ്. പക്ഷേ, അമിതമായ വിശ്രമം അലസതയിലേക്കും അലസത ജഡികാസക്തിയിലേക്കും മനുഷ്യനെ നയിക്കും. ദാവീദുരാജാവ് അനേകയുദ്ധങ്ങൾ ജയിച്ചവനായിരുന്നു. ദാവീദ് നയിച്ച ഓരോ യുദ്ധത്തിലും ദാവീദുതന്നെ ആയിരുന്നു വിജയി. ദൈവം അദ്ദേഹത്തിന് എല്ലായിടത്തും വിജയം നല്കി. എന്റെ ഹൃദയം തേടിയവനെ ഞാൻ ദാവീദിൽ കണ്ടെത്തി എന്ന് പറയാൻ തക്കവിധം ദൈവം ദാവീദിനെ സ്‌നേഹിച്ചിരുന്നു. എന്നാൽ ഒരു യുദ്ധത്തിന് ദാവീദ് പോയില്ല. അലസനായി തന്റെ മുറിയിൽ കിടന്നുറങ്ങി. ഉറക്കമുണർന്ന് അലസമായിത്തന്നെ മട്ടുപ്പാവിൽ ഉലാത്തി.

”അലസന്റെ ഹൃദയം പിശാചിന്റെ പണിപ്പുരയാണ്” എന്ന മഹത്‌വചനം ഓർക്കുക. അലസത അവന്റെ ജഡികാസക്തിയെ ഉണർത്തി. തന്റെ സേവകൻ ഊറിയായുടെ ഭാര്യയുമായി അവൻ പാപവേഴ്ചയിൽ മുഴുകി. ഒന്നിനു പിന്നാലെ ഒന്നായി അനേകം പാപങ്ങൾ ചെയ്യിച്ചു. അതുവഴി അനേക ദുരന്തങ്ങൾ ആ രാജകുടുംബത്തിലേക്ക് കടന്നുവന്നു. ഇതു വായിക്കുന്ന സഹോദരാ, സഹോദരീ, നിങ്ങൾ അലസജീവിതം നയിക്കുന്ന വ്യക്തിയാണോ? ആണെങ്കിൽ തീർച്ചയായും ഈവിധ തിന്മകൾ ജഡികതയിലൂടെ നിങ്ങളുടെ കുടുംബത്തിലേക്കും കടന്നുവരാൻ ഇടയുണ്ട്. നിങ്ങളെത്തന്നെ പരിശോധിക്കാൻ ഇതൊരു അവസരമാകട്ടെ. പരിശുദ്ധാത്മാവിന്റെ കരംപിടിച്ച് നമുക്ക് അമിതമായ വിശ്രമത്തിൽനിന്നും അലസതയിൽനിന്നും ജഡികപ്രേരണകളിൽനിന്നും കരകയറാം.

അധ്വാനത്തിൽ മിതത്വം

കഠിനാധ്വാനം നല്ലതാണ്. പക്ഷേ, എന്തിനുവേണ്ടി നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുവെന്ന് പരിശോധിക്കാറുണ്ടോ? അമിതമായ ധനസമ്പാദനത്തിനുവേണ്ടി, പേരിനുവേണ്ടി, പ്രശസ്തിക്കുവേണ്ടി, ആധിപത്യത്തിനുവേണ്ടിയെല്ലാം കഠിനാധ്വാനം ചെയ്ത് നിങ്ങൾ സ്വയം ആശ്വസിക്കുന്നവനാണെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. വിശ്രമമില്ലാത്ത നിങ്ങളുടെ കഠിനാധ്വാനം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ കുടുംബത്തെയും തകർക്കുവാൻ കാരണമാകുന്നെങ്കിൽ സഹോദരാ, സഹോദരീ, തിരിച്ചു ചിന്തിക്കേണ്ട സമയമായി എന്ന് ഓർക്കുക.

ആഘോഷങ്ങളിലും ഉല്ലാസങ്ങളിലും മിതത്വം

സമൂഹജീവിയായ മനുഷ്യന് ആഘോഷങ്ങളും ഉല്ലാസങ്ങളും ആവശ്യമാണ്. പക്ഷേ, ഈ ആഘോഷങ്ങളും ഉല്ലാസങ്ങളും എത്രത്തോളം എത്തിനില്ക്കുന്നുവെന്ന് ദയവായി ഒന്നു പരിശോധിച്ചുനോക്കുമോ? ആഘോഷങ്ങളുടെ പേരിൽ, ഉല്ലാസങ്ങളുടെ പേരിൽ വ്യയം ചെയ്യുന്ന വൻതുകകൾ ആരോരുമില്ലാതെ ജീർണാവസ്ഥയിൽ, മെഡിക്കൽ കോളജിലും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലും ജീവിക്കാൻ കൊതിക്കുന്ന, അല്ലെങ്കിൽ മരണം കാത്തു കഴിയുന്ന അനേക രോഗികൾക്ക് ആശ്വാസമായിത്തീർന്നിരുന്നെങ്കിൽ!
വിവാഹം ചെയ്തയക്കാൻ കഴിയാതെ നില്ക്കുന്ന പാവപ്പെട്ടകന്യകയ്ക്ക് ഒരു ജീവിതം നല്കിയിരുന്നെങ്കിൽ! ”ഞാൻ രോഗിയായിരുന്നു നിങ്ങളെന്നെ സന്ദർശിച്ചില്ല, ഞാൻ വിശക്കുന്നവനായിരുന്നു നിങ്ങളെനിക്ക് ഭക്ഷണം തന്നില്ല, എനിക്ക് ദാഹിച്ചു നിങ്ങളെനിക്ക് കുടിക്കാൻ തന്നില്ല, ഞാൻ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചില്ല” എന്ന കർത്താവിന്റെ വാക്കുകൾ നമുക്ക് മുകളിൽ കഠിനമായ ശിക്ഷാവിധിയുടെ വാക്കുകളായി രൂപപ്പെടുന്നതിനുമുൻപ് പ്രിയരേ, നമുക്കൊന്നു മിഴി തുറക്കാം. ആഘോഷങ്ങളും ഉല്ലാസങ്ങളും വേണ്ടെന്ന് ഇതിനർത്ഥമില്ല. തീർച്ചയായും വേണം. പക്ഷേ, അതിനു ചെലവിടുന്ന വൻതുകകൾ നമുക്കൊന്ന് വെട്ടിക്കുറച്ചുകൂടേ? മിതത്വത്തിന്റെ അരൂപി നമ്മെ നയിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാം.

ലൈംഗികജീവിതത്തിൽ മിതത്വം

ദൈവം ഏറ്റവും മനോഹരമായ പദ്ധതിയോടുകൂടി മനുഷ്യന് നല്കിയ വലിയ ദാനമാണ് ലൈംഗികത. സെക്‌സ് മനുഷ്യനുവേണ്ടിയാണ്. അല്ലാതെ മനുഷ്യൻ സെക്‌സിനുവേണ്ടിയുള്ളതല്ല. എന്നാൽ രണ്ടാമത്തേതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം ലൈംഗികമയം. ഈ അടുത്ത നാളുകളിൽ ഒരു വചനപ്രഘോഷകൻ പ്രസംഗിക്കുന്നത് കേൾക്കാനിടയായി. ”ആധുനിക തലമുറ ചിന്തിക്കുന്നത് തലകൊണ്ടല്ല പിന്നെയോ ലൈംഗിക അവയവംകൊണ്ടാണ്.”

അത്രമേൽ അധികമായി ലൈംഗികതയുടെ അതിപ്രസരം തലമുറകൾ മാറുംതോറും കൂടിക്കൊണ്ടിരിക്കുന്നു. പരിപാവനമായി കരുതേണ്ട ദാമ്പത്യബന്ധത്തിനുള്ളിൽപ്പോലും ലൈംഗിക വൈകൃതങ്ങളും അമിതമായ ലൈംഗികതൃഷ്ണയും നാശം വിതയ്ക്കുന്നു. ലൈംഗികജീവിതത്തിൽ മിതത്വം പാലിക്കേണ്ടത് മനുഷ്യന്റെ മനസിനും ശരീരത്തിനും ആത്മാവിനും അനിവാര്യമായ ഒന്നാണ്. മനുഷ്യന് ഇത് അസാധ്യമായിരിക്കാം. പക്ഷേ, പരിശുദ്ധാത്മാവിന് സാധ്യമാണ്. വചനം പറയുന്നത് നമുക്ക് കേൾക്കാം. ”ജഡത്തിന്റെ പ്രേരണകളെ ആത്മാവിനാൽ നിഹനിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും.” അതിനാൽ ജഡത്തിന്റെ അധികപ്രവണതകളെ ആത്മാവിനാൽ നിഹനിക്കുവാനുള്ള ശക്തിക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

മാധ്യമ ഉപയോഗത്തിൽ മിതത്വം

ദൈവം മനുഷ്യന് നല്കിയ വലിയ അനുഗ്രഹമാണ് മാധ്യമങ്ങൾ. പക്ഷേ, മാധ്യമങ്ങളുടെ അമിതവും ശരിയല്ലാത്തതുമായ വിനിയോഗം ഇന്ന് ലോകത്തെ എവിടെ എത്തിച്ചിരിക്കുന്നു?! ടി.വി, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയവയുടെ അമിതമായ ഉപയോഗം മനുഷ്യനെ വെറും യാന്ത്രികലോകത്തെ പാവക്കുട്ടികൾക്ക് സമമായി മാറ്റിയിരിക്കുന്നു. ടി.വി കാണുന്നത് തെറ്റല്ല. പക്ഷേ, എന്തു കാണുന്നു എന്നതാണ് ചിന്തിക്കേണ്ടത്. ഇന്റർനെറ്റിന്റെ ഉപയോഗം വലിയൊരനുഗ്രഹവും അതിനെക്കാൾ വലിയ ശാപവുമായി മാറിയിരിക്കുന്നു. മൊബൈൽ ഫോൺ അനുഗ്രഹമാണ്. പക്ഷേ, കുഞ്ഞുങ്ങൾവരെ മൊബൈൽ ഫോൺകൊണ്ട് ക്ഷണിച്ചുവരുത്തുന്ന തിന്മകളിൽനിന്നും വിമുക്തരല്ല. പത്രമാസികകൾ ലോകത്തിന് നല്കുന്ന അനുഗ്രഹങ്ങളെക്കാൾ എത്രയോ മടങ്ങ് ശാപങ്ങൾ ഇന്ന് മനുഷ്യൻ അനുഭവിക്കുന്നു. ഇതിൽ മനുഷ്യനാണ് മാറേണ്ടത്. മനുഷ്യനാണ് തിരിച്ചറിയേണ്ടത്. മനുഷ്യനാണ് തിരുത്തിക്കുറിക്കേണ്ടത്.

ഇതാ നന്മയും ജീവനും തിന്മയും മരണവും ഞാൻ നിങ്ങളുടെ മുൻപിൽ വച്ചിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് പറയുന്ന ദൈവത്തിന്റെ മുൻപിൽ നന്മയെക്കാൾ എത്രയോ അധികമായി തിന്മയെയും ജീവനെക്കാൾ അധികമായി മരണത്തെയും മനുഷ്യൻ തിരഞ്ഞെടുത്തുകഴിഞ്ഞു. സഹോദരാ, സഹോദരീ, ഇന്നെങ്കിലും ഒന്ന് ചിന്തിക്കുമോ ഞാനെവിടെ നില്ക്കുന്നുവെന്ന്? ഇനിയെങ്കിലും പറയുമോ എനിക്ക് നന്മയും ജീവനും മതിയെന്ന്. ഇതാ നമ്മുടെ ദൈവത്തിന്റെ നിലവിളി നമ്മുടെ കാതുകൾക്കുമുൻപിൽ ”എന്റെ ജനം രണ്ടു തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജറെ. 2:13).

മറ്റനേക സ്വരങ്ങൾ വിപ്ലവം സൃഷ്ടിക്കുന്ന മാധ്യമലോകത്തിന്റെ മുൻപിൽ നിന്നുകൊണ്ട് നമ്മുടെ അപ്പന്റെ സ്വരം, നമ്മുടെ സ്രഷ്ടാവായ ദൈവത്തിന്റെ സ്വരം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലേ? ദയവായി ആ ടി.വി ഒന്ന് സ്വിച്ച് ഓഫ് ചെയ്യൂ, ഒരു നിമിഷം ഇന്റർനെറ്റിന്റെ സ്‌ക്രീനിൽനിന്ന് മുഖം തിരിക്കൂ, ഒരു നിമിഷനേരത്തേക്ക് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യൂ. അപ്പോൾ കേൾക്കാം നമ്മുടെ ദൈവത്തിന്റെ സ്വരം. നമ്മെ സൃഷ്ടിച്ച നമ്മുടെ പിതാവിന്റെ ദീനസ്വരം. ആ സ്വരം നിങ്ങളുടെ കണ്ണുകളിൽ ഒരിറ്റു കണ്ണുനീർ ഉതിർക്കുന്നുവെങ്കിൽ, എന്താണ് സത്യമെന്ന് നിങ്ങൾ തിരിച്ചറിയുന്നുവെങ്കിൽ, മിതത്വത്തെക്കുറിച്ചുള്ള ഈ കുറിപ്പുകൾ ഫലരഹിതമായില്ലെന്ന് ഞാൻ ആശ്വസിക്കട്ടെ. അതിനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാർത്ഥിക്കാം.

സ്റ്റെല്ല ബെന്നി

5 Comments

 1. Elsamma James says:

  A very good article!

 2. cinimol says:

  very inspering article

 3. Babu says:

  let us practice this in our life

 4. dhannya joseph says:

  very good article.. may god always bless you..thank you so mutch..

 5. GISHA SIBI says:

  your aricle is full of God’s word.thanks be to God forever.

Leave a Reply

Your email address will not be published. Required fields are marked *