കരുതലിന്റെ നനവുള്ള ചോറ്

അമ്മ ഇളയ കുഞ്ഞിനെ പ്രസവിച്ച് അമ്മയുടെ വീട്ടിൽ വിശ്രമത്തിലാണ്. അതിനാൽ അപ്പനാണ് പാചകം ചെയ്യുന്നത്. മക്കൾ അല്പം സഹായിക്കും. അന്നത്തെ ദിവസം അപ്പൻ മക്കൾക്കുള്ളത്രയും ചോറുമാത്രമേ പാകം ചെയ്തിരുന്നുള്ളൂ. അന്നുച്ചയ്ക്ക് മക്കൾക്ക് സ്‌കൂളിലേക്ക് കൊണ്ടുപോകാനുള്ളതുമാത്രം മതി, തനിക്ക് ചോറ് പൊതിഞ്ഞെടുക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു.

എന്നാൽ കലത്തിൽനിന്ന് തങ്ങളുടെ ചോറ്റുപാത്രത്തിലേക്ക് ചോറു പകർത്തവേ എട്ടു വയസുകാരിയായ മൂത്ത മകൾ അക്കാര്യം ശ്രദ്ധിച്ചു, അല്പം ചോറേ അവശേഷിച്ചിട്ടുള്ളൂ. അപ്പനു വേണ്ടത്രയും ഇല്ല. അവൾ വേഗം അവളുടെ ചോറ്റുപാത്രത്തിൽനിന്ന് അല്പം തിരികെയിട്ടു. എന്നിട്ട് അതുംകൂടി അപ്പന്റെ ചോറ്റുപാത്രത്തിലേക്ക് പകർത്തി. അത് ശ്രദ്ധിച്ചു നിന്ന അപ്പന്റെ മിഴികൾ ഈറനണിഞ്ഞു. അന്നുച്ചയ്ക്ക് കരുതലിന്റെ നനവുള്ള ആ ചോറുണ്ണുമ്പോഴും ആ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങളിലെ നന്മയുടെ ഉറവ വറ്റിപ്പോയിട്ടില്ല. അത് തെളിച്ചെടുക്കാനായി നന്മയുടെ ഉറവിടമായ ക്രിസ്തുവിനെ അവർക്കു കൊടുക്കാൻ സാധിക്കണമെന്നേയുള്ളൂ.

”ശിശുക്കളെ എന്റെ അടുത്തു വരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മത്തായി 19:14)

Leave a Reply

Your email address will not be published. Required fields are marked *