മാലാഖ വന്ദനം ചൊല്ലിയത് എന്തുകൊണ്ട്?

ചരിത്രത്തിൽ മാലാഖമാർ മനുഷ്യർക്ക് പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, സന്ദേശങ്ങൾ കൊടുത്തിട്ടുണ്ട് എന്ന് വിശുദ്ധ തോമസ് അക്വിനാസ് പറയുന്നു. എന്നാൽ മറിയത്തിനു മാത്രം പ്രത്യേകമായി പ്രത്യക്ഷപ്പെടുന്നു. അബ്രാഹത്തിനു മുൻപിൽ പ്രത്യക്ഷപ്പെട്ട മാലാഖയുടെ മുൻപിൽ അബ്രാഹം നിലംപറ്റെ താണു വണങ്ങുന്നു. സാംസന്റെ അമ്മയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവരും മാലാഖയോട് വലിയ ബഹുമാനം കാണിക്കുന്നു. ജോഷ്വായുടെ പുസ്തകത്തിൽ ജോഷ്വാ മാലാഖയെ കണ്ടപ്പോൾ ഭയന്നു വിറച്ച് മാലാഖയെ ബഹുമാനിക്കുന്നു.

യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ യോഹന്നാന് പാത്മോസ് ദ്വീപിൽവച്ച് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടപ്പോൾ യോഹന്നാനും മാലാഖയെ ബഹുമാനിച്ച് കമിഴ്ന്നു വീഴുന്നു. ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് പരിശുദ്ധ അമ്മയുടെ മുൻപിൽ മാലാഖ പ്രത്യക്ഷപ്പെടുന്നത്. ഇവിടെ മാലാഖ മനുഷ്യനെ ബഹുമാനിക്കുന്നു. എന്തുകൊണ്ടാണ് ബാക്കി എല്ലാ സ്ഥലത്തും മനുഷ്യർ മാലാഖമാരെ ബഹുമാനിച്ചത്?
ചെറിയവർ വലിയവരെ ബഹുമാനിക്കുന്നു. മനുഷ്യർ മാലാഖമാരെക്കാൾ താഴെയാണ്. എട്ടാം സങ്കീർത്തനം: ”അവിടുത്തെ ചിന്തയിൽ വരാൻമാത്രം മർത്യനെന്തു മേൻമയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെദൈവദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി…” (സങ്കീ. 8:4-5) അതിനു കാരണം പാപമാണ്. എങ്കിലും എന്തുകൊണ്ട് മനുഷ്യർ മാലാഖമാരെ ബഹുമാനിക്കുന്നു? മാലാഖമാർക്ക് മനുഷ്യരെക്കാൾ വലിയ അളവിൽ വിശുദ്ധിയുടെ നിറവുണ്ട്. ജോബ് 15:15തന്റെ വിശുദ്ധരായ ദൂതന്മാർ എന്ന് പരാമർശിക്കുന്നു.

വ്യത്യസ്തത എന്തുകൊണ്ട്?

എന്നാൽ പരിശുദ്ധ അമ്മയുടെ മുൻപിൽ മാലാഖ മനുഷ്യനെ ബഹുമാനിക്കുന്നു. കാരണം തന്റെ മുൻപിൽ നില്ക്കുന്ന ഈ മകൾ വിശുദ്ധിയിൽ തന്നെക്കാൾ വളരെ ഉയരങ്ങളിലാണ് എന്ന് ഗബ്രിയേൽ മാലാഖ മനസിലാക്കി. ഉത്തമഗീതം 6:9- കന്യകമാർ അവളെക്കണ്ട് നീ ഭാഗ്യവതി എന്ന് വിളിച്ചു. രാജ്ഞിമാരും ഉപനാരികളും അങ്ങനെതന്നെ അവളെ പുകഴ്ത്തി. ഉഷസ്സുപോലെ ശോഭിക്കുന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയും ആയ ഇവൾ ആരാണ്.” പരിശുദ്ധ അമ്മയുടെ പരിശുദ്ധിയെയാണ് ഈ വചനഭാഗം വിവരിക്കുന്നത്. അതിനാൽത്തന്നെ ചെറിയവനായ മാലാഖ വിശുദ്ധി നിറഞ്ഞ കന്യകാമറിയത്തെ ബഹുമാനിക്കുന്നു.
രണ്ടാമതായി മാലാഖമാർക്ക് മനുഷ്യരെക്കാൾ വളരെയേറെ പ്രകാശമുണ്ട്. ജോബ് 25:3 – അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാതിരിക്കുക? അതായത് ദൈവദൂതന്മാരുടെ എണ്ണം അസംഖ്യമാണ്. അവരിലെല്ലാം ദൈവത്തിന്റെ പ്രകാശമുണ്ട്. അതുകൊണ്ട് ഒരു മാലാഖ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ മനുഷ്യർ അവന്റെ മുൻപിൽ ഭയന്നു വിറയ്ക്കുന്നു. കർത്താവിന്റെ മരണശേഷം ഞായറാഴ്ച പ്രഭാതത്തിൽ മദ്ഗലന മറിയവും മറ്റേ മറിയവും കൂടി കല്ലറയിങ്കൽ പോകുന്നു. വലിയൊരു ഭൂകമ്പം ഉണ്ടായി. കർത്താവിന്റെ ദൂതൻ കല്ലുരുട്ടിമാറ്റി അതിന്റെമേലിരുന്നു. അവന്റെ രൂപം മിന്നൽപ്പിണർപോലെ ശോഭിച്ചു. അവനെ കണ്ടവർ ഭയന്നു വിറച്ച് മരിച്ചവരെപ്പോലെയായിത്തീർന്നു. ദൂതന്റെ പ്രകാശം മിന്നൽപ്പിണർപോലെയായിരുന്നു.

മാലാഖക്കുള്ള മിന്നലിന്റെ പ്രകാശത്തെക്കാൾ വലിയ പ്രകാശം പരിശുദ്ധ കന്യകയിൽ കണ്ടതുകൊണ്ടാണ് മാലാഖ അവളുടെ മുൻപിൽ കൂപ്പുകൈകളോടെനിന്ന് കൃപ നിറഞ്ഞവളേ വന്ദനം എന്നു പറഞ്ഞത്. വെളിപാടിൽ നാം കാണുന്നു, സൂര്യനെ ഉടയാടയാക്കിയ സ്ത്രീ. ചന്ദ്രൻ പാദങ്ങൾക്ക് കീഴിൽ. ശിരസിൽ പന്ത്രണ്ട് നക്ഷത്രങ്ങളുള്ള കിരീടം. ആകാശത്ത് നാം കാണുന്ന മിക്ക നക്ഷത്രങ്ങളും സൂര്യനെക്കാൾ വലിപ്പമുള്ളവയാണ്. പരിശുദ്ധ അമ്മയുടെ ശിരസിൽ പന്ത്രണ്ട് നക്ഷത്രം. വസ്ത്രം സൂര്യൻ. പാദപീഠം ചന്ദ്രൻ. അതിന്റെയർത്ഥം ശിരസിലും ശരീരത്തിലും പാദത്തിലും പ്രകാശം. ആകമാനം പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഒരു സ്ത്രീയുടെ മുൻപിൽ ഒരു മിന്നൽ മാത്രമായ മാലാഖ വന്ദനം പറയുന്നു.

മാലാഖമാർ ദൈവകൃപ വേണ്ടുവോളം അനുഭവിക്കുന്നവരാണ്. അവർ ദൈവകൃപയിലായിരിക്കുന്ന അനേകം മനുഷ്യരെ കാണുന്നവരാണ്. അപ്പസ്‌തോലനായ യോഹന്നാൻ കൃപ ലഭിച്ചവനാണെങ്കിലും യോഹന്നാന്റെ മുൻപിൽ മാലാഖ കൈ കൂപ്പുന്നില്ല. എന്നാൽ, പരിശുദ്ധ മറിയത്തിന്റെ മുൻപിൽ മാലാഖ കൈ കൂപ്പിക്കൊണ്ട് പറയുന്നു: ദൈവകൃപ നിറഞ്ഞവളേ സ്വസ്തി. എന്നു പറഞ്ഞാൽ ജീവിതത്തിൽ അല്പംപോലും മറ്റൊന്നിനും സ്ഥാനം കൊടുക്കാതെ ദൈവകൃപ പൂർണമായി സ്വീകരിച്ച് ദൈവകൃപ നിറഞ്ഞവളാണ് പരിശുദ്ധ അമ്മ. റോമാ 6:14- പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല. കാരണം നിങ്ങൾ കൃപയ്ക്ക് കീഴിലാണ്. കൃപ നിറഞ്ഞ ഒരു വ്യക്തിക്ക് പാപം ചെയ്യാൻ പറ്റുകയില്ല.

മറിയം താൻ ഗർഭിണിയായ ഉടനെ തന്നെ യൂദയാ മലനാട്ടിലേക്ക് ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കാനായി പോകുന്നു. അവിടെ മറിയത്തിന്റെ അഭിവാദനം സ്വീകരിച്ച എലിസബത്തിനെ പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുന്നു. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അവൾ പറയുന്നു, എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്. ഏശയ്യാ 42:8- ”ഞാനാണ് കർത്താവ്. അതാണ് എന്റെ നാമം.” ആ നാമമാണ് പരിശുദ്ധാത്മാവു നിറഞ്ഞ എലിസബത്ത് വിളിക്കുന്നത്- ‘എന്റെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെനിന്ന്.’ വൃക്ഷം നല്ലതെങ്കിൽ ഫലവും നല്ലത്. ഫലത്തിൽനിന്നാണ് വൃക്ഷത്തെ തിരിച്ചറിയുന്നത്. പരിശുദ്ധ അമ്മയിൽനിന്ന് വന്ന ഫലം യേശു. അതിനാൽ പരിശുദ്ധ മറിയം ഒരു നല്ല വൃക്ഷമാണ്.

ടെൽമയിലെ ചിത്രത്തിന്റെ കഥ

മെക്‌സിക്കോയിലെ ഗ്വാഡലൂപ്പയിൽ എത്തിച്ചേർന്ന കത്തോലിക്കാ മിഷനറിമാരാണ് അവിടത്തെ നിവാസികൾക്ക് സത്യദൈവത്തെ പരിചയപ്പെടുത്തിക്കൊടുത്തത്. പക്ഷേ, അവിടെ ഒരുപാട് ആളുകൾ തിന്മയിൽതന്നെ തുടർന്നു. അക്കാലത്ത് ബൈബിൾ പഠിക്കുവാൻ കുറെപ്പേർ കാൽനടയായി ബിഷപ്‌സ് ഹൗസിലേക്ക് നടന്നു പൊയ്‌ക്കൊണ്ടിരുന്നു. അക്കൂട്ടത്തിൽ ആസ്‌ടെക് വർഗക്കാരനായ ജുവാൻ ഡിഗോയ്ക്ക് 1531-ൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടു. മാതാവ് ബിഷപ്പിന് വലിയൊരു അടയാളം കൊടുക്കുകയാണ്; ജുവാൻ ധരിച്ചിരുന്ന ടെൽമ(ഒരു മേൽവസ്ത്രം)യിൽ പരിശുദ്ധ അമ്മയുടെ ചിത്രം. ഇതൊരു അത്ഭുതചിത്രമായി മാറി.

കുറെ വർഷങ്ങൾക്കുമുൻപ് അമേരിക്കയിലെ നാസയിൽനിന്നുള്ള കുറെ ശാസ്ത്രജ്ഞർ ഈ പെയിന്റിംഗ് കൊണ്ടുപോയി ആഴത്തിൽ പഠിച്ചു. അവർക്ക് മനസിലായി, ഈ ചിത്രം വരയ്ക്കാനുപയോഗിച്ചിരിക്കുന്ന ചായം ഭൂമിയിൽ ഒരു രാജ്യത്തും ഇല്ല. ഇത് ഭൂമിയിലെ ചായംകൊണ്ടല്ല വരച്ചിരിക്കുന്നത്. ഇതെവിടെനിന്നാണെന്ന് അറിയില്ല. അതെ, ആ ചായം അഥവാ പെയിന്റ് സ്വർഗത്തിന്റെ പെയിന്റാണ്.

ആ ചിത്രം 500-ഓളം വർഷങ്ങൾക്കുശേഷവും അവിടെയുണ്ട്. അമ്പതോളം വർഷംമാത്രം സൂക്ഷിക്കാവുന്ന തോർത്തുപോലെയുള്ള തുണിയിൽ ഇന്നും ആ ചിത്രം നിലനിൽക്കുന്നു. പരിശുദ്ധ അമ്മയുടെ ഈ ചിത്രം കണ്ട് മാനസാന്തരപ്പെട്ടവരുടെ എണ്ണം വളരെയധികമാണ്. നാളുകൾക്കുമുൻപത്തെ കണക്കനുസരിച്ചുതന്നെ ഏകദേശം 55 ലക്ഷം പേർ അവിടം സന്ദർശിച്ചിരുന്നു.

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ 55 ലക്ഷം ജനം മാനസാന്തരപ്പെട്ടെങ്കിൽ അവളെ ബഹുമാനിക്കാൻ നാം മടിക്കണ്ട. ഉല്പത്തി 3:20 -”ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കരാണം അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണ്.” പക്ഷേ, ഹവ്വാതന്നെ മനുഷ്യമക്കളിലേക്ക് മരണം കൊണ്ടുവന്നു. എഫേസോസ് 2:1- അപരാധങ്ങളും പാപങ്ങളും നിമിത്തം ഒരിക്കൽ നിങ്ങൾ മൃതരായിരുന്നു. അന്ന് ഈ ലോകത്തിന്റെ ഗതി പിന്തുടർന്നും അനുസരണക്കേടിന്റെ മക്കളിൽ പ്രവർത്തിക്കുന്ന അരൂപിയായ അന്തരീക്ഷ ശക്തികളുടെ അധീശനെ അനുസരിച്ചുമാണ് നിങ്ങൾ നടന്നിരുന്നത്.

നമ്മൾ പാപം മൂലം മരിച്ചവരായിരുന്നിട്ടും ദൈവത്തിന്റെ സ്‌നേഹത്താൽ ക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിർപ്പിച്ചു. കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു. പാപംമൂലം മരിച്ച മനുഷ്യന് യേശുക്രിസ്തുവിലൂടെ ദൈവം ജീവൻ കൊടുക്കുകയാണ്. യോഹ. 10:10- ”ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അത് സമൃദ്ധിയായി ഉണ്ടാകാനുമാണ്.” 1 യോഹ. 5:11-12 ”ദൈവം നമുക്ക് നിത്യജീവൻ നല്കി. ഈ ജീവൻ അവിടുത്തെ പുത്രനിലാണ്. പുത്രനെ സ്വന്തമാക്കിയവൻ ജീവനെ സ്വന്തമാക്കിയിരിക്കുന്നു.”

പാപങ്ങൾ ഏറ്റുപറഞ്ഞ് തിരിച്ചുവരുന്നവർക്ക് ദൈവം ജീവൻ തിരിച്ചുനല്കുന്നു. അങ്ങനെ വരുന്നവർക്ക് പണ്ടു നഷ്ടപ്പെട്ട അമ്മയെ പരിശുദ്ധ അമ്മയിലൂടെ തിരിച്ചുകൊടുക്കാൻ ദൈവം തിരുമനസായി. ജീവനുള്ളവരുടെയെല്ലാം അമ്മയാകാൻ മറ്റൊരു വ്യക്തിയെ തിരഞ്ഞെടുക്കുന്ന സംഭവമാണ് ഈശോയുടെ കുരിശുമരണ സമയത്ത് നടന്നത്. ‘ഇതാ നിന്റെ അമ്മ’ എന്ന് യോഹന്നാനോട് അവിടുന്ന് പറയുന്നു. അതിലൂടെ സകല മനുഷ്യർക്കുമായി ദൈവമാതാവിനെത്തന്നെ തരുന്നു.

കോഴിക്കുഞ്ഞിന്റെ അമ്മ മുട്ടയല്ല

പലരും അമ്മയെ മുട്ടത്തോടെന്ന് വിളിക്കുന്നത് കേൾക്കാം. പക്ഷേ, കോഴിക്കുഞ്ഞിന്റെ അമ്മ മുട്ടയല്ല തള്ളക്കോഴിയാണ്. ഈശോയെ ലോകത്തിലേക്ക് കൊണ്ടുവരാൻ ദൈവം തിരഞ്ഞെടുത്ത അമ്മ യഥാർത്ഥ അമ്മയാണ്. അല്ലാതെ മുട്ടത്തോടല്ല. ആദ്യത്തെ അമ്മയായ ഹവ്വാ ദൈവത്തിന്റെ വചനത്തെ അവിശ്വസിച്ചു. ദൈവം പറഞ്ഞു, ”ഈ പഴം നീ തിന്നാൽ നീ മരിക്കും.” ഹവ്വാ അത് അവിശ്വസിച്ചു. സാത്താൻ പറഞ്ഞു, നീ ഇത് കഴിച്ചാൽ ദൈവത്തെപ്പോലെയാകും എന്ന്.
അതായത് ദൈവത്തിന്റെ സിംഹാസനവും ദൈവത്തിന് ലഭിക്കുന്ന ആരാധനയും തനിക്ക് വേണമെന്നവൾ ആഗ്രഹിച്ചു. കഴിക്കരുതെന്ന് പറഞ്ഞ പഴം കഴിച്ചുകൊണ്ട് അവൾ അനുസരണക്കേട് കാണിച്ചു. എന്നാൽ അവസാനത്തെ അമ്മയായ മറിയം ”ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” എന്നു പറഞ്ഞ് വിശ്വസിച്ചു. അതാണ് എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞ് ഉദ്‌ഘോഷിച്ചത്, ”കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.” (ലൂക്കാ 1:45)

അവസാനംവരെ ദൈവകല്പനകളോട് വിധേയപ്പെട്ട് തന്റെ ഉദരത്തിൽ വളരുന്ന യേശുവിനെ പാപംമൂലം ഞെരുക്കിക്കളയാതെ വിശുദ്ധിയിൽ ജീവിച്ച് ദൈവത്തിന്റെ വചനത്തെ അവസാനംവരെ മറിയം അനുസരിച്ചു. ഇതാ നിന്റെ അമ്മ എന്നു പറഞ്ഞുകൊണ്ട് നമുക്ക് ഓരോരുത്തർക്കും അമ്മയായി ഈശോ തന്ന നമ്മുടെ സ്വന്തം അമ്മയെ നമുക്ക് സ്‌നേഹിക്കാം. ഈശോ താൻ സ്‌നേഹിച്ചിരുന്ന ശിഷ്യനോട് പറഞ്ഞു, ”ഇതാ നിന്റെ അമ്മ.” ഈശോ താൻ സ്‌നേഹിക്കുന്നവർക്ക് കൊടുക്കുന്ന സമ്മാനമാണ് തന്റെ അമ്മ. സകല വിശുദ്ധരും വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയുമാകുന്ന രണ്ടു തൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു. മുറുകെ പിടിച്ചവരായിരുന്നു.

അമ്മയുടെ സഹായം നമുക്കെന്നും ഉണ്ടായിരിക്കും. അമ്മ പോയ അതേ വഴിയിലൂടെ നടന്ന്, ഈശോയെ വേദനിപ്പിക്കാതെ വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ എന്നു നമുക്ക് പ്രാർത്ഥിക്കാം.

ഡോ. ജോൺ ഡി
(ശാലോം ടി.വിയിൽ സംപ്രേഷണം
ചെയ്ത ‘വചനം തിരുവചന’ത്തിൽനിന്ന്)

4 Comments

  1. SEBASTIAN says:

    I LIKE IT

  2. dhannya joseph says:

    good

  3. J Alex says:

    Hail Mary…

Leave a Reply to Aby p john Cancel reply

Your email address will not be published. Required fields are marked *