മെക്സിക്കോയിലെ ഗ്വാഡലൂപ്പെയിൽ ജീവിച്ചിരുന്ന അപരിഷ്കൃതരായിരുന്നു ആസ്ടെക് വർഗക്കാർ. അവർ എല്ലാ രാത്രിയിലും ഒരു മനുഷ്യനെ കുരുതി കഴിക്കുമായിരുന്നു. കാരണം, അവർ വിശ്വസിച്ചിരുന്നത് രാത്രിയാകുമ്പോൾ ചന്ദ്രദേവൻ സൂര്യദേവനെ പിടിച്ച് ചങ്ങലയിട്ട് പൂട്ടിയിടുമെന്നും തുറന്നു വിടണമെങ്കിൽ ഒരു മനുഷ്യനെ ബലികഴിക്കണം എന്നുമാണ്.
ആ കാലത്ത് സ്പെയിനിലെ മിഷനറിമാർ അവിടെ സുവിശേഷവേലയ്ക്കായി എത്തിയെങ്കിലും തദ്ദേശനിവാസികൾ ക്രിസ്തുസ്നേഹം സ്വീകരിക്കാൻ തയാറായില്ല. അവർ മിഷനറിമാരെ പിടിച്ച് മരത്തിൽ കെട്ടിയിട്ട് കൊല്ലാൻ ശ്രമിച്ചു.
എന്നാൽ ഈ മിഷനറിമാർ ഉറക്കെ വിളിച്ചു പറഞ്ഞു, ”നാളെ സൂര്യൻ ഉദിച്ചില്ലെങ്കിൽ ഞങ്ങളെ എല്ലാവരെയും കൊന്നുകൊള്ളുക” അത് അവർ സമ്മതിച്ചു. അന്ന് രാത്രിയിൽ നരബലി നടന്നില്ല. പക്ഷേ, പ്രഭാതത്തിൽ സൂര്യനുദിക്കുന്നത് കണ്ട് അവർ അത്ഭുതപ്പെട്ടു. ആ സംഭവത്തോടെ സുവിശേഷത്തിനുവേണ്ടി അവരുടെ ഹൃദയം തുറന്നു തുടങ്ങി.
ജീവന്റെ വിലയുള്ള ക്രിസ്തുസ്നേഹവുമായാണ് അനേകം മിഷനറിമാർ ഇന്നും സുവിശേഷവേല ചെയ്യുന്നത്.