നാളുകൾക്കുമുൻപ് കേരളത്തിലെ ഒരു ഇടവകദേവാലയത്തിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി അറിഞ്ഞു. ധാരാളം വിശ്വാസികൾ ഈ അത്ഭുതം കണ്ട് സാക്ഷ്യപ്പെടുത്തുന്നതും കേൾക്കാൻ ഇടയായി. അക്കൂട്ടത്തിൽ എനിക്ക് പരിചയമുള്ള ഒരു സഹോദരിയുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. ‘അപ്പോൾ ഈ കുർബാനയിൽ യേശു സത്യമായും ഉണ്ടായിരുന്നു അല്ലേ?’ ഈ സംസാരം ശ്രദ്ധിച്ച ഞാൻ ആ സഹോദരിയോട് ചോദിച്ചു: ‘അപ്പോൾ സഹോദരി ഈ സത്യം ഇതുവരെയും വിശ്വസിച്ചിരുന്നില്ലേ?’
അവർ മറുപടി പറഞ്ഞു, ”ഒരു ദിവ്യശക്തി എന്നതിൽ കവിഞ്ഞ് അത് ദൈവംതന്നെയാണെന്ന് എനിക്ക് ഇതുവരെയും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല” അക്കാര്യം അവർ തുറന്നു സമ്മതിച്ചു. അവർ ഒരു നാമമാത്ര ക്രിസ്ത്യാനിയല്ല എന്നോർക്കണം. വർഷങ്ങൾക്കുമുൻപ് ധ്യാനം കൂടി, ഒരു ശുശ്രൂഷാകേന്ദ്രത്തിൽ സുവിശേഷവേലകൾ ചെയ്യുകയും ദിവ്യകാരുണ്യ ആരാധനാസന്നിധിയിൽ മണിക്കൂറുകളോളം പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു അവർ. അതുകേട്ടപ്പോൾ എന്റെ മനസിലേക്ക് വന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായത്തിലെ ഒരു സംഭവമാണ്.
കഫർണാമിലെ സിനഗോഗിൽവച്ച് യേശു തന്റെ ശിഷ്യന്മാരെ ജീവന്റെ അപ്പത്തെക്കുറിച്ചും വിശുദ്ധ കുർബാനയെക്കുറിച്ചും പഠിപ്പിച്ചു. എന്റെ ശരീരം യഥാർത്ഥ ഭക്ഷണമാണെന്നും എന്റെ രക്തം യഥാർത്ഥ പാനീയമാണെന്നും ഇത് ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കുമെന്നുമാണ് അവൻ അവരെ പ്രബോധിപ്പിച്ചത്. എന്നാൽ ഇതുകേട്ടപ്പോൾ അവന്റെ ശിഷ്യന്മാർ അവനിൽ ഇടറി. അവർ പറഞ്ഞു: ”ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാൻ ആർക്ക് കഴിയും?” (യോഹ. 6:60).
സത്യത്തിൽ അന്ന് കർത്താവിന്റെ വാക്കുകളിൽ (വിശുദ്ധ കുർബാനയിൽ) ഇടറിയവരുടെ പിൻതലമുറ ഇന്നും ജീവിക്കുന്നു. അഥവാ അവരുടെ തലമുറയുടെ വിശ്വാസരാഹിത്യം നമ്മിൽത്തന്നെ ഭാഗികമായോ പൂർണമായോ ജീവിക്കുന്നു എന്നതിന്റെ ശക്തമായ ദൃഷ്ടാന്തമല്ലേ മുകളിൽ പരാമർശിച്ച സഹോദരിയുടെ അനുഭവം.
വിലയേറിയ രഹസ്യം
വിശുദ്ധ കുർബാനയുടെ രഹസ്യം അന്നും ഇന്നും വിശ്വാസസമൂഹത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കുവാൻ ഇടയാക്കുന്നതിൽ ശത്രു വിജയിക്കുന്നില്ലേ എന്ന് നാം ചിന്തിക്കണം. രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നതുപോലെ ഒരു ക്രിസ്തുവിശ്വാസിയുടെ ഉച്ചിയും ഉറവിടവുമായ വിശുദ്ധ കുർബാനയെക്കുറിച്ച് വിശുദ്ധ ജോൺ മരിയ വിയാനി പറയുന്നത് ശ്രദ്ധിക്കുക: ”ജീവിതമാകുന്ന തീർത്ഥയാത്രയിൽ നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പര്യാപ്തമായ ഒരു വസ്തുവിനെ കണ്ടെത്തുവാൻ ദൈവം ലോകം മുഴുവനിലും അന്വേഷിച്ചു. എന്നാൽ യാതൊന്നും കണ്ടെത്തിയില്ല. അവസാനം തന്നെത്തന്നെ നല്കുവാൻ അവിടുന്ന് നിശ്ചയിച്ചു. എന്തെന്നാൽ ദൈവത്തിനല്ലാതെ മറ്റാർക്കും നമ്മെ തൃപ്തിപ്പെടുത്തുവാൻ കഴിയുകയില്ല.”
‘നിന്നെ സൃഷ്ടിച്ചവന് മാത്രമേ നിന്നെ സന്തുഷ്ടനാക്കാൻ കഴിയൂ’ എന്ന അഗസ്തീനോസിന്റെ വാക്കുകളും ദിവ്യകാരുണ്യം നമ്മുടെ ആത്മാവിന്റെ വളർച്ചയ്ക്കുള്ള യഥാർത്ഥ ഭക്ഷണമാണെന്ന സത്യമാണ് നമ്മെ ഓർമിപ്പിക്കുന്നത്. യേശു പറഞ്ഞു: ”ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല” (യോഹ. 6:35).
നമ്മുടെ ആത്മാവിന്റെ വിശപ്പും ദാഹവും അകറ്റാതെ എങ്ങനെ നമുക്ക് വളരാനും നിലനില്ക്കാനും കഴിയും. ശരീരത്തിന് അനുഭവപ്പെടുന്ന വിശപ്പും ദാഹവും- ശരീരവളർച്ചയ്ക്ക്, ആരോഗ്യത്തിന്, ആഹാരവും പാനീയവും ആവശ്യമുണ്ട് എന്നതിന്റെ സൂചനകളാണ്. അതിനുവേണ്ട പോഷക ആഹാരം നാം കഴിച്ചില്ലെങ്കിൽ നമ്മുടെ ആരോഗ്യം ക്ഷയിച്ച് നാം തളർന്നുവീഴും. ഇതുപോലെ ആത്മാവിന്റെ വളർച്ചയ്ക്കായി ദൈവം ഒരുക്കിയ പ്രധാന ആഹാരപാനീയമാണ് ദിവ്യകാരുണ്യം. ഇത് തിരിച്ചറിയാതെ അഥവാ വിശുദ്ധ കുർബാന കേന്ദ്രീകൃതമായ ജീവിതം നയിക്കാതെ പോകുന്നതാണ് നാം ആത്മീയജീവിതത്തിൽ കൂടെക്കൂടെ വീണുപോകുന്നതിനും വളരാത്തതിനും പ്രധാന കാരണമെന്ന് മനസിലാക്കണം.
മറ്റൊരു അർത്ഥത്തിൽ ചിന്തിച്ചാൽ – മരങ്ങൾ, കാറ്റത്ത് വീഴുവാൻ കാരണം പ്രധാനമായും കാറ്റിന്റെ ശക്തി മാത്രമല്ല. അങ്ങനെയെങ്കിൽ കാറ്റടിക്കുന്ന പ്രദേശത്തുള്ള സകല മരങ്ങളും വീഴുമായിരുന്നു. എന്നാൽ ചില വൃക്ഷങ്ങൾ കാറ്റിനെ അതിജീവിച്ച് തലയുയർത്തി നില്ക്കുന്നു. ഇത് തെളിയിക്കുന്നത് മരത്തിന്റെ ആഴത്തിലുള്ള വേരോട്ടവും ആരോഗ്യവും കാറ്റിനെ പ്രതിരോധിക്കാൻ പര്യാപ്തമാണ് എന്നതുതന്നെയാണ്.
ഈ അർത്ഥത്തിൽ നമ്മുടെ മുഴുവൻ ആത്മീയ വീഴ്ചകൾക്കും കാരണം പ്രലോഭനങ്ങൾ ആണെന്ന് പറയാൻ വയ്യ. എന്തെന്നാൽ, നാം വീണുപോകുന്ന അതേ പ്രലോഭനങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുന്ന ഒരുപാട് ആത്മീയ മനുഷ്യർ നമ്മുടെ ചുറ്റുപാടും ജീവിക്കുന്നുവെന്ന് നമുക്ക് സമ്മതിക്കേണ്ടി വരും. അവരുടെ ആഴത്തിലുള്ള ആത്മീയതയും ദൈവബന്ധവും വിശുദ്ധ കുർബാനയിലുള്ള നിരന്തര സഹവാസവും ഒക്കെ ഇതിന് കാരണങ്ങളാണ്.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഈ വസ്തുത നമ്മെ ആധികാരികമായി പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ കുർബാനയുമായുള്ള നിരന്തര സംസർഗം നമ്മുടെ കർത്താവുമായുള്ള ബന്ധത്തെ ആഴപ്പെടുത്തുന്നുവെന്ന് മാത്രമല്ല, അവന്റെ ലഘുപാപങ്ങൾക്ക് പൊറുതി ലഭിക്കുകയും ഭാവിയിൽ ഉണ്ടാകാൻ ഇടയുള്ള മാരകപാപങ്ങളിൽനിന്ന് അവനെ സംരക്ഷിക്കുകയും ചെയ്യുന്നു (ഇഇഇ 1394, ഖണ്ഡിക 95). ഇതാണ് വിശുദ്ധ ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നതും. ഉറവയുടെ അടുത്ത് നിന്നിട്ടും വെള്ളം കുടിക്കാതെ ദാഹിച്ചു മരിക്കുന്നതുപോലെയാണ് വിശുദ്ധ ബലിയിൽ പങ്കെടുത്തിട്ടും വിശുദ്ധ കുർബാന സ്വീകരിക്കാത്തവർ എന്ന് വിശുദ്ധർ നമ്മെ പഠിപ്പിക്കുന്നു. ഈ അമർത്യതയുടെ ഭക്ഷണം കഴിക്കുവാനുള്ള അവസരങ്ങൾ ഉപയോഗിക്കുവാൻ നമുക്ക് എത്രത്തോളം ദാഹവും താല്പര്യവും ആവേശവുമുണ്ട്?
കൊതിയോടെ തേടണം
എന്റെ നാട്ടിൽ ഊമനും ബധിരനുമായ ഒരു പാവം മനുഷ്യനുണ്ട്. നാട്ടിൽ എവിടെ കല്യാണമുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരിക്കും. സമീപ പ്രദേശങ്ങളിലുള്ള എല്ലാ വീടുകളിലും നടക്കുന്ന കല്യാണങ്ങൾ ഇത്ര കൃത്യമായി അറിഞ്ഞ് ഓർത്തിരുന്ന് എങ്ങനെ ഇദ്ദേഹം എത്തിച്ചേരുന്നു എന്നത് വിസ്മയകരമായ കാര്യമാണ്. നാട്ടിലെ ആരെ, എവിടെവച്ച് കണ്ടാലും അത് ഏത് പ്രായത്തിൽ പെട്ടവരായാലും അദ്ദേഹത്തിന്റെ ആംഗ്യഭാഷയിലുള്ള ആദ്യ ചോദ്യം – താങ്കളുടെ കല്യാണം കഴിഞ്ഞോ? കഴിഞ്ഞെങ്കിൽ അടുത്ത് മറ്റാരുടെയെങ്കിലും കല്യാണം ഉണ്ടോ? അത് എവിടെയാണ്? എന്നിങ്ങനെയായിരിക്കും. നാം അദ്ദേഹത്തിന് ആംഗ്യഭാഷയിൽത്തന്നെ കൊടുക്കുന്ന മറുപടി കൃത്യമായി ഓർത്തിരുന്ന് അദ്ദേഹം എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരുന്നു. ഭക്ഷണം കഴിച്ച് സംതൃപ്തനാകുന്നു. ഒരുവേള ഈ മനുഷ്യന് ഭക്ഷണത്തോടുള്ള താല്പര്യം തന്നെയാണ് ഇതിന്റെ പിന്നിലെങ്കിലും അതിനായുള്ള അദ്ദേഹത്തിന്റെ കഠിനാധ്വാനം നമുക്ക് ഒരു പാഠമാകേണ്ടതല്ലേ?
ഒരിക്കൽ പരിശുദ്ധാത്മാവ് അദ്ദേഹത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു- ഈ വ്യക്തി ശാരീരിക ഭക്ഷണത്തിനായി എത്രയധികമായി കൊതിക്കുന്നുവോ, അന്വേഷിക്കുന്നുവോ അതുപോലെ നിങ്ങളുടെ ആത്മീയ ഭക്ഷണത്തിനായി – വിശുദ്ധ കുർബാനയ്ക്കായി – ദിവ്യകാരുണ്യ ആരാധനയ്ക്കായി നിങ്ങൾ (എന്റെ ജനം) ആഗ്രഹിച്ചിരുന്നെങ്കിൽ, കൊതിച്ചിരുന്നെങ്കിൽ. നമ്മുടെ ചുറ്റുപാടും ബലിയർപ്പണത്തിനും ദിവ്യകാരുണ്യ സ്വീകരണത്തിനും എത്രയോ അവസരങ്ങളും ദേവാലയങ്ങളുമാണ് നമുക്കുള്ളത്. നാം അവയെല്ലാം വേണ്ടവിധം പ്രയോജനപ്പെടുത്താറുണ്ടോ? ദിവ്യകാരുണ്യ നാഥനോടുള്ള സ്നേഹക്കുറവും വിശ്വാസരാഹിത്യവും ഇതിന് കാരണമല്ലേ എന്ന് നാം വീണ്ടും ആത്മശോധന ചെയ്യണം.
തേടേണ്ടതിന്റെ കാരണം
കുർബാനയെന്ന കൂദാശയിൽ ക്രിസ്തു നിശബ്ദമായും എന്നാൽ യഥാർത്ഥമായും സന്നിഹിതനാണ് എന്നതാണ് ശരിയായ ക്രൈസ്തവ വിശ്വാസം. ഇതൊരു ദൈവികരഹസ്യമാണ്. ഒരുവേള ബുദ്ധിയുടെ തലങ്ങളിൽ ഈ രൂപാന്തരീകരണത്തെ നമുക്ക് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിലും. വിശ്വാസത്തിന്റെ തലത്തിൽ ആർക്കും മനസിലാക്കാവുന്നതുമാത്രമാണ് ഈ രഹസ്യം. പ്രശസ്ത എഴുത്തുകാരിയായ ആനി തയ്യിൽ വിശുദ്ധ കുർബാനയുടെ സത്താപരമായ മാറ്റത്തെക്കുറിച്ച് പങ്കുവച്ച ഉദാഹരണം ഓർത്തുപോകുകയാണ്.
ഒരു നൂറുരൂപയുടെ നോട്ട് നമ്മുടെ കൈയിൽ കിട്ടുമ്പോൾ ‘ഇതുമായി വരുന്ന ആൾക്ക് ഞാൻ നൂറുരൂപയുടെ മൂല്യം വാഗ്ദാനം ചെയ്യുന്നു’ എന്ന റിസർവ് ബാങ്കിന്റെ അംഗീകാരവും മുദ്രയും അതിന്റെമേൽ ഉണ്ട്. ഒരു സാധാരണ കടലാസുകഷണത്തിന് ഈ രൂപാന്തരീകരണം സംഭവിച്ചത് ഭാരത സർക്കാരിന്റെ അംഗീകാരവും പദവിയും ഉപയോഗിച്ച് റിസർവ് ബാങ്ക് ഗവർണർ ഇടുന്ന അംഗീകാരമുദ്രയുടെ ഫലമായിട്ടാണ്. എങ്കിൽ ഒരു സാധാരണ ഗോതമ്പപ്പം കൈയിലെടുത്ത് സ്വർഗത്തിന്റെയും ഭൂമിയുടെയും പതാളത്തിന്റെയും മേൽ അധികാരമുള്ളവനായ യേശു പറഞ്ഞു: ‘ഇതെന്റെ ശരീരമാകുന്നു. ഇതെന്റെ രക്തമാകുന്നു. ഞാനാണ് ജീവന്റെ അപ്പം.’
അധികാരമുള്ള യേശു പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ അപ്പോൾ മുതൽ ആ അപ്പം യേശുവിന്റെ ശരീരവും രക്തവുമായി രൂപാന്തരപ്പെട്ടു എന്നതാണ് സത്യം. കാരണം, അവിടുന്ന് സർവശക്തനാണ്. ഒന്നുമില്ലായ്മയിൽനിന്ന് എല്ലാം ‘ഉണ്ടാകട്ടെ’ എന്നൊരു വാക്കിനാൽ സൃഷ്ടി ചെയ്തവന് ഒരു വസ്തുവിനെ മറ്റൊരു വസ്തുവാക്കി മാറ്റുക എത്രയോ ലളിതമായ കാര്യമാണ്. കാനായിലെ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയവന് ആ വീഞ്ഞിനെ രക്തമാക്കി മാറ്റാൻ കഴിയും എന്നത് അസാധാരണമായ കാര്യമല്ല. ചീഞ്ഞളിഞ്ഞ, ദുർഗന്ധം വമിക്കുന്ന ലാസറിന്റെ ശരീരത്തിന് പുതുജീവൻ നല്കിയ യേശുവിന് അപ്പത്തെ സ്വന്തം ശരീരവും മാംസവും ആക്കാനും കഴിയും. ഈ സത്യമാണ് ലോകത്തെമ്പാടും ഇന്നും നടന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങൾവഴി സ്വർഗം നമ്മോട് സംസാരിക്കുന്നത്. ഈ സ്വർഗീയ സന്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ദിവ്യകാരുണ്യ ഭക്തരായി നമുക്ക് മാറുവാൻ പരിശ്രമിക്കാം.
– ഒരു ചെറുകാറ്റടിച്ചാൽ പറന്നു പോകാവുന്ന ഈ ഗോതമ്പപ്പത്തിൽ കൊടുങ്കാറ്റുകളെ ശാന്തമാക്കിയവനായ യേശു ഇന്നും ജീവിക്കുന്നുവെന്ന് നമുക്ക് വിശ്വസിക്കാം.
– ഒരു തുള്ളി വെള്ളം വീണാൽ അലിഞ്ഞു പോകുന്ന ഈ അപ്പത്തിൽ, വെള്ളത്തിന് മീതെ നടന്നവൻ ജീവിക്കുന്നു.
– ഒരു മനുഷ്യന് ഒരു നേരത്തെ വിശപ്പടക്കാൻ പോലും തികയാത്ത ഈ ആഹാരത്തിൽ, കാലങ്ങളായി ജനകോടികളുടെ വിശപ്പും ദാഹവും അകറ്റുവാൻ കഴിവുള്ളവനായ യേശു സന്നിഹിതനായിരിക്കുന്നു.
സർവശക്തനായ ദൈവം എന്തിന് ഇത്രത്തോളം തന്റെ സാദൃശ്യത്തെ ഒരു ഗോതമ്പപ്പത്തിലേക്ക് ചുരുക്കി എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം – മനുഷ്യമക്കളോടുള്ള ദൈവത്തിന്റെ അഗാധമായ സ്നേഹം.
ഇനി ഭയക്കല്ലേ
ഒരുൾക്കാഴ്ച പങ്കുവയ്ക്കട്ടെ: ദൈവത്തിന്റെ മലയായ ഹോറേബിൽ- ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവനായ മോശയ്ക്ക് പ്രത്യക്ഷനാകുന്ന രംഗം നാം പുറപ്പാട് പുസ്തകം മൂന്നാം അധ്യായത്തിൽ വായിക്കുന്നു. അവിടെ ദൈവത്തിന്റെ മഹത്വവും ശക്തിയും കാണുവാൻ കഴിയാതെ, ഭയപ്പെട്ട് മുഖം തിരിച്ച് കൈകൾകൊണ്ട് മുഖം പൊത്തി ദൈവത്തെ നോക്കുന്ന മോശയെയാണ് നാം കാണുന്നത്. ഇവിടെ മനുഷ്യനെ അഗാധമായി സ്നേഹിക്കുന്ന ദൈവത്തിന്റെ ഹൃദയം വേദനിക്കുകയാണ്.
തന്റെ മക്കൾ തന്നെ ഭയക്കാതെ കാണുവാൻ കാലത്തിന്റെ തികവിൽ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കുകയാണ്. ആ കാലങ്ങളിൽ എമ്മാനുവേലായ (ദൈവം നമ്മോടുകൂടെ) ദൈവം മനുഷ്യരുടെ കൂടെ നടന്നു. എല്ലാവരും അവനെ കണ്ട്, തൊട്ട് അനുഗ്രഹം പ്രാപിച്ചു. ബൈബിൾ പഠിപ്പിക്കുന്നു: ‘നിങ്ങൾ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ.’ എന്നാൽ ദൈവത്തിന്റെയും മനുഷ്യരുടെയും ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. യേശുക്രിസ്തുവിന്റെ രക്ഷാകര കൃത്യങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി അവൻ മരിച്ച് ഉത്ഥാനം ചെയ്ത് തന്റെ അരുമശിഷ്യർക്ക് പ്രത്യക്ഷനായപ്പോൾ ഹോറേബ് മലയിലെ സംഭവം വീണ്ടും ആവർത്തിക്കുകയാണ് ഉണ്ടായത്.
ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ശരീരത്തെ അവർക്ക് ഉൾക്കൊള്ളുവാനോ വിശ്വസിക്കുവാനോ കഴിഞ്ഞില്ല. ഇതാ ഭൂതം ഭൂതം എന്ന് പറഞ്ഞ് ദൈവത്തെ അവർ വീണ്ടും ഭയപ്പെടുകയാണ്. ഈ മനുഷ്യമക്കളുടെ ഭയപ്പെടൽ വീണ്ടും അവിടുത്തേക്ക് വേദനയുളവാക്കിയിരിക്കണം. അനന്ത ജ്ഞാനിയായ നല്ല ദൈവം ചിന്തിച്ചു – തന്റെ മക്കൾ ഭയക്കാതെ കാണുവാനും സ്വീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്ന രീതിയിൽ തന്നെത്തന്നെ ചെറുതാക്കുക. അങ്ങനെ ഭൂമിയിലെ ഏതൊരാൾക്കും എപ്പോഴും കണ്ണുകൾ തുറന്ന് കാണുവാനും തന്നെ സ്നേഹിക്കുവാനും കഴിയുംവിധം അവിടുന്ന് തന്നെത്തന്നെ ചെറുതാക്കിയതാണ് ദിവ്യകാരുണ്യം.
ഈ ചെറുതാകൽ – ശൂന്യവത്ക്കരണം – രൂപാന്തരീകരണം – എനിക്കുവേണ്ടിയായിരുന്നു. എന്നാൽ അവിശ്വാസികളായ മനുഷ്യർ ചോദിക്കുന്നു, ഗോതമ്പപ്പത്തിൽ എങ്ങനെ ദൈവത്തിന് ജീവിക്കാൻ കഴിയും. നമുക്ക് ദൈവത്തെ വേദനിപ്പിക്കാതിരിക്കാം. ഈ വിശ്വാസസത്യം വിശ്വസിക്കുകയും മറ്റുള്ളവരോട് ഏറ്റുപറയുകയും ചെയ്യാം. അവിടുത്തെ മുൻപിൽ നമുക്ക് കുമ്പിടാം. നമ്മുടെ അധരങ്ങൾ എപ്പോഴും ഏറ്റുപറയട്ടെ ‘പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ’ എന്ന്.
മാത്യു ജോസഫ്
1 Comment
Thank you Mathew Joseph. Do right more about love of God.