അപ്പമായി എഴുന്നള്ളിയിരിക്കുന്ന ക്രിസ്തുവിനെ നോക്കി ആ സാധുമനുഷ്യൻ നിശ്ശബ്ദം അവിടെയിരുന്നു. കൂടെ മക്കളുമുണ്ട്. കുറച്ചുനേരം നിർന്നിമേഷനായി ആ സക്രാരിയിലേക്ക് നോക്കിയിരിക്കവേ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ആ മുഖമാകട്ടെ പ്രകാശിച്ചുകൊണ്ടുമിരുന്നു. അതുകണ്ട് മക്കളും ആ സക്രാരിയിലേക്ക് നോക്കിയിരിക്കാൻ തുടങ്ങി. പതിയെപ്പതിയെ ദൈവസ്‌നേഹത്തിന്റെ സുഖകരമായ ആവരണം അവരെയും പൊതിഞ്ഞു തുടങ്ങിയിരിക്കണം.
വിശുദ്ധിയാർന്ന ജീവിതം നയിക്കുന്നവരായി അദ്ദേഹത്തിന്റെ മക്കൾ വളർന്നുവന്നു. പുണ്യവതിയായ അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെൺമക്കളായിരുന്നു അവർ. എന്നാൽ അതിന്റെ സങ്കടമോ രോഗമോ ദാരിദ്ര്യമോ ഒന്നും അവരുടെ മുഖത്തിന്റെ ദൈവികചൈതന്യം കുറച്ചില്ല. അതിലൊരാളാകട്ടെ അനേകരെ ദൈവസ്‌നേഹം പഠിപ്പിച്ച വിശുദ്ധയായിത്തീർന്നു. മക്കളിലേക്ക് ദൈവസ്‌നേഹത്തിന്റെ കണ്ണീർ പകർന്നുകൊടുത്ത ആ പിതാവ് ലൂയി മാർട്ടിന്റെ ഒരു മകളുടെ ഇന്നത്തെ പേര് വിശുദ്ധ കൊച്ചുത്രേസ്യ.