ജീവിതം മധുരിക്കു ന്നത് എപ്പോഴാണ്?

ലോകപ്രശസ്തയായ ചിത്രകാരിയാണ് അന്ന മേരി റോബർട്‌സൺ മോസസ്. ലോകമെമ്പാടുമുള്ള അവരുടെ ആസ്വാദകർ അവരെ സ്‌നേഹപൂർവം വിളിച്ചിരുന്നത് ‘ഗ്രാൻഡ്മാ മോസസ്’ എന്നാണ്. 101-ാം വയസിൽ മരിക്കുമ്പോൾ 1500-ലധികം ചിത്രങ്ങൾ അവർ വരച്ചുകഴിഞ്ഞിരുന്നു. പതിനായിരക്കണക്കിന് ഡോളറിനാണ് ഓരോ ചിത്രവും വിറ്റുപോയത്. ‘ദ ഷുഗറിംഗ് ഓഫ്’ എന്ന അവരുടെ ചിത്രം പന്ത്രണ്ടുലക്ഷം ഡോളറിനാണ് ഒരാൾ വിലയ്ക്ക് വാങ്ങിയത്.

ഗ്രാമീണ ഭംഗി ഹൃദയഹാരിയായി ചിത്രങ്ങളിൽ അവതരിപ്പിക്കുവാൻ സാധിച്ചതാണ് അവരുടെ അനിതരസാധാരണമായ വിജയകാരണം. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. നമ്മളൊക്കെ ജീവിതം അവസാനിച്ചു, ഇനി അധികമൊന്നും ചെയ്യാനില്ല എന്ന് ചിന്തിച്ച് ഒരു ആലസ്യത്തിലേക്ക് പിൻമാറുന്ന വാർധക്യകാലത്താണ് (78-ാം വയസിൽ) അവർ ചിത്രരചന ആരംഭിച്ചത് എന്നതാണ് അത്. ഗ്രാൻഡ്മാ മോസസിന്റെ ജീവിതം നമുക്ക് പല രീതിയിലും പ്രചോദനം നല്കുന്നതാണ്.

പ്രചോദനത്തിന്റെ തിരിവെട്ടം

ജീവിതത്തിൽ ഉയർന്നുപോകുമെന്ന് പ്രതീക്ഷിക്കുവാൻ സാധിക്കാത്ത വളരെ ദരിദ്രമായ ഒരു സാഹചര്യമായിരുന്നു അവരുടേത്. അവരുടെ മാതാപിതാക്കൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ വളരെ ക്ലേശിച്ചിരുന്നു. വീട്ടിലെ കൊടിയ ദാരിദ്ര്യംമൂലം പന്ത്രണ്ടാം വയസിൽ അവർക്ക് പഠനം നിർത്തേണ്ടതായി വന്നു. എന്നു പറഞ്ഞാൽ കഷ്ടിച്ച് എഴുതാനും വായിക്കാനുമുള്ള വിദ്യാഭ്യാസമേ അവർക്ക് ലഭിച്ചുള്ളൂ. പിന്നീട് മാതാപിതാക്കൾക്ക് ഒരു കൈത്താങ്ങ് നല്കുവാൻ അവൾ സമ്പന്നരുടെ ഭവനങ്ങളിൽ വേലയ്ക്ക് പോകുവാൻ തുടങ്ങി. ഇരുപത്തേഴാം വയസിൽ മാതാപിതാക്കൾ അവൾക്ക് നല്ലൊരു ചെറുപ്പക്കാരനെ ഭർത്താവായി കണ്ടെത്തി. തോമസ് മോസസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.
അന്നയുടെ ജീവിതത്തിൽ കഷ്ടപ്പാട് ഒഴിയാതെ പെയ്യുകയായിരുന്നു. അവർക്ക് പത്തു മക്കളുണ്ടായി. പക്ഷേ, അവരിൽ അഞ്ചുപേരും ബാല്യത്തിൽതന്നെ മരിച്ചുപോയി. ഒരു കുട്ടി മരിക്കുമ്പോഴുള്ള വേദന അമ്മമാർക്ക് അറിയാം. അങ്ങനെ താൻ ജന്മം നല്കിയ അഞ്ച് കുഞ്ഞുങ്ങൾ മരിക്കുമ്പോൾ ഏതൊരു അമ്മയുടെ ഹൃദയമാണ് തകർന്നു പോകാത്തത്. എന്നാൽ ആ ദമ്പതികൾ അവയൊക്കെ സധൈര്യം നേരിട്ടു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു അവരുടെ ആണിക്കല്ല്.
കഠിനാധ്വാനികളായിരുന്നു അവർ രണ്ടുപേരും. അവരുടെ അധ്വാനത്തിൽനിന്നും സമ്പാദിച്ച തുകകൊണ്ട് അവർ സ്വന്തമായൊരു കൃഷിയിടം വാങ്ങി. അതിൽനിന്നുള്ള ആദായംകൊണ്ട് കൂടുതൽ സ്ഥലം വാങ്ങി അവർ കൃഷി ചെയ്തുപോന്നു. അങ്ങനെ അവരുടെ മക്കളെ നല്ല നിലയിൽ വളർത്തി, അവരെയെല്ലാം ജീവിതാന്തസിൽ പ്രവേശിപ്പിച്ചു. ഇല്ലായ്മയിൽനിന്ന് ഒരു കുടുംബത്തെ എങ്ങനെ ദൈവവിശ്വാസത്തിലൂന്നി, കഠിനാധ്വാനത്തിലൂടെ പടുത്തുയർത്താം എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ദമ്പതികൾ.

ദുഃഖങ്ങൾ അന്നയെത്തേടി വീണ്ടും വന്നുകൊണ്ടിരുന്നു. അവരുടെ ഭർത്താവ് അവരെ വിട്ട് എന്നെന്നേക്കുമായി പോയി. ഹൃദയസ്തംഭനമായിരുന്നു പെട്ടെന്നുള്ള മരണത്തിന് കാരണം. അന്നയ്ക്ക് അതൊരു വലിയ ആഘാതംതന്നെയായിരുന്നു. എങ്കിലും അവർ അതിനെയും അതിജീവിച്ചു. മക്കളോടുകൂടെ കൃഷിയിടത്തിലിറങ്ങി കൃഷിപ്പണികളിൽ മുഴുകി. അങ്ങനെയിരിക്കുമ്പോഴാണ് അവരുടെ മകൾക്ക് ക്ഷയരോഗം പിടിപെടുന്നത്. മകളുടെ പേരും അന്ന എന്നുതന്നെയായിരുന്നു. മകളെ ശുശ്രൂഷിക്കുവാൻ അവർ മകളുടെ വീട്ടിലെത്തി. അത് അവരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.

ജീവിതത്തിന് മധുരം ചേർത്ത ചോദ്യം

മകൾ ഒരു ചിത്രത്തുന്നൽപ്പണി അമ്മയെ കാണിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു: ”അമ്മയ്ക്ക് പ്രായമായി വരികയല്ലേ. എന്തുകൊണ്ട് ഇതുപോലെ ചിത്രത്തുന്നൽ ചെയ്തുകൂടാ?” അതൊരു ദൈവസ്വരമായി അന്ന എടുത്തു. അങ്ങനെ അവർ ചിത്രത്തുന്നൽ ആരംഭിച്ചു. മനോഹരങ്ങളായിരുന്നു അവരുടെ ചിത്രത്തുന്നലുകൾ.

എന്നാൽ, സഹനങ്ങൾ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. ചിത്രത്തുന്നൽ ചെയ്യുവാൻ പറ്റാത്ത രീതിയിൽ സന്ധിവാതം അവരെ പിടികൂടി. അവിടെയും ദൈവം അവരെ നയിച്ചു. നാമോർക്കേണ്ട ഒരു പ്രധാന കാര്യമുണ്ട് – ഒരു വാതിൽ ദൈവം അടയ്ക്കുമ്പോൾ അവിടുന്ന് മറ്റൊരു വാതിൽ, അതും കൂടുതൽ മെച്ചമായത്, നമുക്കായി നിശ്ചയമായും തുറക്കും. സന്ധിവാതം പിടിപെട്ട് വിഷമിച്ചിരിക്കുമ്പോഴാണ് അവരുടെ സഹോദരി ‘സെലസ്റ്റിൻ’ പെയിന്റിംഗിലേക്ക് തിരിയുവാൻ പ്രചോദനം നല്കിയത്. അപ്പോൾ അന്നയ്ക്ക് 78 വയസായിരുന്നു. എങ്കിലും പിൻതിരിയുവാൻ അവർ തയാറായിരുന്നില്ല. മുൻപരിചയമൊന്നും ഇല്ലായിരുന്നെങ്കിലും അവർ പെയിന്റിംഗ് തുടങ്ങി. ക്രമേണ അവരുടെ ചിത്രങ്ങൾ ജനശ്രദ്ധയാകർഷിച്ചു തുടങ്ങി.

അവരുടെ വീരോചിതമായ ജീവിതം മാധ്യമശ്രദ്ധയാകർഷിച്ചു. മാധ്യമങ്ങളാണ് അവർക്ക് ഗ്രാൻഡ്മാ മോസസ് എന്ന പേര് നല്കിയത്. 1957-ൽ ടൈം മാസിക അതിന്റെ കവർചിത്രമായി നല്കിയത് ഗ്രാൻഡ്മാ മോസസിന്റെ ചിത്രമായിരുന്നു. അവരുടെ നൂറാം ജന്മദിനം ‘ഗ്രാൻഡ്മാ മോസസ് ഡേ’ ആയി ന്യൂയോർക്ക് ഗവർണർ പ്രഖ്യാപിച്ചു 1961 ഡിസംബർ 13-ന് നൂറ്റിയൊന്നാമത്തെ വയസിൽ അവർ അന്തരിക്കുമ്പോൾ അമേരിക്കയിലും യൂറോപ്പിൽ മിക്കയിടങ്ങളിലും അവർ പ്രസിദ്ധയായി കഴിഞ്ഞിരുന്നു.

മധുരസന്ദേശങ്ങൾ

ഗ്രാൻഡ്മാ മോസസിന്റെ ജീവിതം നമുക്ക് മൂന്ന് സന്ദേശങ്ങളെങ്കിലും നല്കുന്നുണ്ട്. നാം ഓരോരുത്തരും ദൈവസന്നിധിയിൽ വിലപ്പെട്ടവരാണെന്നും നമ്മെക്കുറിച്ച് ദൈവത്തിന് വ്യക്തമായൊരു പദ്ധതിയുണ്ടെന്നും നാം തിരിച്ചറിയണം. ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെ. 29:11) എന്ന് പ്രവാചകനിലൂടെ അവിടുന്ന് പറഞ്ഞത് ഒരിക്കലും പാഴ്‌വാക്കല്ല. വചനം വിശ്വസിക്കുന്നവരുടെ ജീവിതത്തിൽ നിശ്ചയമായും അത് യാഥാർത്ഥ്യമായി ഭവിക്കും.

അന്ന ചെറുപ്പത്തിലേ അത് വിശ്വസിച്ചു. വെറുമൊരു വീട്ടുജോലിക്കാരിയായി ജീവിച്ച് മരിക്കുകയല്ല തന്നെക്കുറിച്ചുള്ള ദൈവഹിതമെന്ന് അവർ തിരിച്ചറിഞ്ഞു. അവരുടെ ജീവിതത്തിലുണ്ടായ ഓരോ പ്രതിസന്ധിയും ദൈവഹിതം നിറവേറുവാനുള്ള മാർഗമായി അവർ കണ്ടെത്തി. ഭർത്താവിന്റെ മരണം, മകളുടെ ക്ഷയരോഗം, സന്ധിവാതം ഇവയെല്ലാം ദൈവം നല്കിയ ചൂണ്ടുപലകകളായിരുന്നു, ലക്ഷ്യത്തിലെത്തുവാൻ. തന്നെക്കുറിച്ചുള്ള തിരുഹിതം കണ്ടെത്തുന്നതുവരെ അവർ പ്രയാണം ചെയ്തു. എഴുപത്തെട്ടാം വയസിലാണ് അവരുടെ ജീവിതനിയോഗം കണ്ടെത്തിയത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞുപോയല്ലോ എന്ന സങ്കടമൊന്നും അവർക്കുണ്ടായില്ല. കഴിഞ്ഞത് കഴിഞ്ഞു. ശേഷിച്ചവ ശരിയായി ദൈവമഹത്വത്തിനായി ഉപയോഗിക്കുക എന്നവർ ചിന്തിച്ചു. നമ്മെക്കുറിച്ചുള്ള ദൈവഹിതം കണ്ടെത്തി അത് സഫലമാക്കുമ്പോഴാണ് നമ്മുടെ ജീവിതം അർത്ഥപൂർണമാകുന്നത്.

നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു കാര്യം അവർ പ്രദർശിപ്പിച്ച അനിതരസാധാരണമായ സഹനശീലമാണ്. ഒരു സാധാരണ മനുഷ്യൻ തളർന്ന്, നിരാശപ്പെട്ട് പിന്മാറുന്ന എത്രയോ സഹനവീഥികൾ- മക്കളുടെ തുടർച്ചയായ മരണം, ഭർത്താവിന്റെ ആകസ്മികമരണം, മകളുടെ രോഗം, സന്ധിവാതം; ഒന്നിനു പുറകേ ഒന്നായി വന്ന ഇവയെയൊക്കെ അവർ ധീരമായി നേരിട്ടു. പതറാതെ അവരുടെ ജീവിതയാത്ര തുടർന്നു. തന്നെ രൂപാന്തരപ്പെടുത്തുവാനും ദൈവവഴിയിലേക്ക് തന്നെ കൂടുതൽ ചേർക്കുവാനുമുള്ള അവസരങ്ങളായി മാത്രമേ അവർ ഈ കൊടിയ വേദനകളെ കണ്ടിരുന്നുള്ളൂ.

ഒരു ചെറിയ രോഗം വരുമ്പോൾ ദൈവസ്‌നേഹത്തെ സംശയിക്കുന്ന നമുക്ക് മുൻപിൽ ഒരു പ്രകാശഗോപുരമായി ഗ്രാൻഡ്മാ മോസസ് ഇന്ന് നിലകൊള്ളുന്നു. ഈ സഹനശീലം അവരുടെ സ്വന്തം കഴിവുകൊണ്ട് നേടിയതല്ല എന്ന് നാമോർക്കണം. ഒരു മനുഷ്യനും ഇത്തരത്തിലുള്ള പരീക്ഷണങ്ങളെ അതിജീവിക്കുവാൻ സാധിക്കുകയില്ല. അത് ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് ലഭിക്കുന്നൊരു കൃപയാണ്. ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് പറഞ്ഞത് ശ്രദ്ധിക്കുക: ”യുവാക്കൾപോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം. ചെറുപ്പക്കാർ ശക്തിയറ്റ് വീഴാം. എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും” (ഏശ. 40:30-31).

വേദനിച്ചാൽ നേട്ടമുണ്ട്

ഒരിക്കലും തളരാത്തവരാണ് ദൈവത്തിൽ ശരണപ്പെടുന്നവർ. ക്ലേശസാഹചര്യങ്ങൾക്കു മീതേ നടക്കുവാൻ അവർക്ക് സാധിക്കും. അവരെ ഉപമിക്കുന്നത് ഉന്നതങ്ങളിൽ പറക്കുന്ന കഴുകനോടാണ്. കഴുകന്റെ പറക്കൽ കാണുമ്പോൾ മറ്റുള്ള പക്ഷികൾക്ക് അസൂയ തോന്നാം. എന്നാൽ, ഇപ്രകാരം ഉയർന്ന് പറക്കുവാനുള്ള കഴിവ് അത് നേടിയെടുക്കുന്നത് കുഞ്ഞുനാളിലേ തള്ളക്കഴുകൻ നല്കുന്ന വേദനാജനകമായ പറക്കൽ പരിശീലനത്തിലൂടെയാണ്. ഇപ്രകാരം ജീവിതത്തിൽ ഉയർന്ന വിജയം നേടിയവരെ നാം അസൂയയോടെ നോക്കാറുണ്ട്. പക്ഷേ, അവിടെയെത്തുവാൻ വേദനാനിർഭരമായ ഒരു പരിശീലനത്തിലൂടെ അവർ കടന്നുപോയി എന്ന് നാം ഓർക്കണം. വേദനയില്ലാതെ ശാശ്വതമായ നേട്ടമില്ലെന്ന് ഗ്രാൻഡ്മാ മോസസിന്റെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്.

അവർ നല്കുന്ന മറ്റൊരു സന്ദേശം അകാലവൃദ്ധർക്കുള്ളതാണ്. ഇന്ന് പലരും മനസുകൊണ്ട് വാർധക്യത്തിലെത്തുന്നു. ഞാൻ റിട്ടയർ ചെയ്തു, ഇനി കാര്യമായി ഒന്നും ചെയ്യാനില്ല. എഴുപത് കഴിഞ്ഞാൽ ജീവിതം തീർന്നു എന്ന് ചിന്തിക്കുന്നവർക്ക് ഒരു വെല്ലുവിളി ഉയർത്തുന്നുണ്ട് ഗ്രാൻഡ്മാ മോസസ്. ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ടെന്ന് അവർ നമ്മെ എല്ലാവരെയും ഓർമിപ്പിക്കുന്നു. ദൈവം എന്നെ തിരിച്ചു വിളിക്കുന്നതുവരെ ഞാൻ പ്രവർത്തനനിരതനായിരിക്കും എന്നാണ് നാം തീരുമാനിക്കേണ്ടത്.

ദൈവം തരുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. അവ ഒന്നും പാഴാക്കിക്കളയുവാനുള്ളതല്ല. നമുക്കോരോരുത്തർക്കും നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ഇനിയും എത്രയോ ചെയ്യാനുണ്ട് – ദൈവത്തിനുവേണ്ടി, ദൈവജനത്തിനുവേണ്ടി. മറ്റുള്ളവർക്ക് നന്മ ലഭിക്കുന്ന ചെറിയ പ്രവൃത്തിപോലും ദൈവം വിലമതിക്കുന്നുണ്ട്. കിടക്കയിൽ കിടക്കുന്ന ഒരു വ്യക്തിക്കുപോലും അത് ചെയ്യാൻ സാധിക്കും. എത്രയോ പേർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തന്റെ സമയം ഉപയോഗിക്കാം. അതിലൂടെ അനേകർ അനുഗ്രഹിക്കപ്പെടും. ദൈവസ്‌നേഹത്തെപ്രതി നാം പൊഴിക്കുന്ന ഒരു പുഞ്ചിരി, ഒരു തുള്ളി കണ്ണീർ, ഒരു ചുടുനിശ്വാസം – ഒന്നും വിസ്മരിക്കപ്പെടുകയില്ല.

അതിനാൽ എന്റെ കാലം കഴിഞ്ഞു എന്ന് ഒരിക്കലും കരുതാതിരിക്കുക. അവസാനശ്വാസംവരെ പ്രവർത്തനനിരതരാകുക. ഗ്രാൻഡ്മാ മോസസ് നല്കുന്ന ഒരു വിലയേറിയ സന്ദേശം അതുതന്നെയാണ്. ലോകത്തിന്റെ ഒരു കോണിൽ അറിയപ്പെടാതെ ജനിച്ച ദരിദ്രയായ ഒരു പെൺകുട്ടി ലോകപ്രശസ്തയായി എങ്കിൽ നമുക്കും നമ്മുടെ ജീവിതത്തെ അപ്രകാരം സഫലമാക്കാം. ലോകം നമ്മെ കാത്തിരിക്കുന്നു, അതിനെ ദൈവസാന്നിധ്യംകൊണ്ട് നിറയ്ക്കുവാൻ.

ദൈവം നമ്മെ ഉറ്റുനോക്കുന്നു, എപ്രകാരമാണ് നമുക്ക് ലഭിച്ച ഏകജീവിതത്തെ നാം വിനിയോഗിക്കുന്നത് എന്ന് കാണുവാൻ. തളർന്നുപോയെങ്കിൽ ഇപ്പോൾത്തന്നെ പ്രാർത്ഥിക്കുവാൻ അവിടുന്ന് പറയുന്നു: ”എന്നോട് ചോദിച്ചുകൊള്ളുക. ഞാൻ നിനക്ക് ജനതകളെ അവകാശമായി തരും. ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും” (സങ്കീ. 2:8). ജനതകളെ നമുക്ക് അവകാശമായിത്തരുവാൻ, ഭൂമിയുടെ അതിരുകൾ നമുക്ക് അധീനമാക്കിത്തരുവാൻ സ്‌നേഹപൂർവം കാത്തിരിക്കുന്ന ആ സ്‌നേഹപിതാവിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കാം.

ഓ, കരുണാനിധിയും സ്‌നേഹസമ്പന്നനുമായ എന്റെ പിതാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. എന്നെക്കുറിച്ച് അങ്ങേക്ക് ഒരു മനോഹരപദ്ധതി ഉണ്ടെന്ന് അവിടുന്ന് അരുൾചെയ്തത് ഞാൻ വിശ്വസിക്കുന്നു. ജീവിതത്തിൽ എത്ര കയ്‌പേറിയ അനുഭവങ്ങൾ ഉണ്ടായാലും ലക്ഷ്യത്തിൽനിന്ന് പിന്മാറുവാൻ എന്നെ അനുവദിക്കരുതേ. എപ്പോഴും അങ്ങയിൽ ആശ്രയിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. എന്റെ ജീവിതലക്ഷ്യം അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഞാൻ പ്രാപിക്കട്ടെ. അതിനാവശ്യമായ മനോഭാവം എന്നിൽ രൂപപ്പെടുത്തിയാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, തിരുഹിതം നിറവേറ്റുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.

കെ.ജെ. മാത്യു

10 Comments

  1. Elsamma James says:

    Really good article. God bless you.

  2. Johnson K.V says:

    Really good article, God bless u
    Johnson kachappilly, 6th june 2015

  3. NIJO JOSE says:

    WOWWW BIG INSPIRATION

    THANK GOD

    THANK MATHEW SIR

  4. marykutty anil says:

    realy I Can improve My Life also with this article thank you god bless you

  5. deseena faicy says:

    god always with us . thanks for this article

  6. Sharon Rose says:

    Yes! This is not the end. We can do lot of work to Our Loving God!
    Nice article , have a good message!

  7. Mary Prasad says:

    Very good article.lt impressed me a lot.

  8. Charlin says:

    othiri ishtaayi..!

Leave a Reply to deseena faicy Cancel reply

Your email address will not be published. Required fields are marked *