സിയന്നായിലെ സ്‌നേഹസംഗീതം

സിയന്നായിലെ വിശുദ്ധ കാതറിന്റെ ജീവചരിത്രത്തിൽ വായിക്കുന്ന ഒരു സംഭവമുണ്ട്. ആൻഡ്രിയാ എന്ന ഒരു സഹോദരി ‘ബ്രെസ്റ്റ് കാൻസർ’ ബാധിച്ച് കിടപ്പിലായി. അവരുടെ മാറിടം മുഴുവനും വൃണങ്ങളാൽ നിറഞ്ഞു. അതിൽനിന്നുള്ള പഴുപ്പും ദുർഗന്ധവുംമൂലം മൂക്കുപൊത്തിക്കൊണ്ടേ ആ മുറിയിൽ ആരെങ്കിലും പ്രവേശിച്ചിരുന്നുള്ളൂ. അസഹ്യമായ ദുർഗന്ധംമൂലം അവരെ പരിചരിക്കുവാൻ ആരും തയാറായില്ല. ഈ കാര്യം കേട്ടപ്പോൾ വിശുദ്ധ കാതറിൻ ആൻഡ്രിയായുടെ ശുശ്രൂഷ സ്വയം ഏറ്റെടുത്തു. എല്ലാ ദിവസവും വന്ന് മുറിവുകൾ കഴുകി കെട്ടുകയും ആവശ്യമായ മറ്റു സഹായങ്ങൾ നല്കുകയും ചെയ്തതിനുശേഷം കാതറിൻ തന്റെ ‘അറ’യിലേക്ക് മടങ്ങും- ഏകാന്ത ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആൻഡ്രിയായ്ക്ക് കാതറിന്റെ ശുശ്രൂഷയും സ്‌നേഹവും ഉന്മേഷവും പ്രത്യാശയും പകർന്നു. എന്നാൽ സംശയപ്രകൃതവും പരദൂഷണശീലവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ആൻഡ്രിയാ. അവർ കിടക്കയിൽ കിടന്ന് വെറുതെ ചിന്തിക്കാൻ തുടങ്ങി.

എന്നെ ശുശ്രൂഷിച്ചതിനുശേഷം കാതറിൻ തിടുക്കത്തിൽ ഓടുന്നതെങ്ങോട്ടാണ്? പുരുഷന്മാരുമായി ഉല്ലസിക്കാനായിരിക്കും… ഇത്രയും സുന്ദരിയായ കാതറിന് തീർച്ചയായും ചില ബന്ധങ്ങളൊക്കെ ഉണ്ടായിരിക്കണം… ചിന്തകൾ ക്രമേണ വാക്കുകളായി. തന്നെ കാണാൻ വരുന്നവരോടെല്ലാം ആൻഡ്രിയാ കാതറിനെക്കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങി. ക്രമേണ നാട്ടിലും സന്യാസസമൂഹത്തിലും വാർത്തകൾ വ്യാപിച്ചു. വിശുദ്ധയായി അറിയപ്പെട്ട കാതറിൻ വഴിപിഴച്ചവളായി തെറ്റിദ്ധരിക്കപ്പെട്ടു. ഇതെല്ലാം അറിഞ്ഞിട്ടും എല്ലാ ദിവസവും കാതറിൻ ആൻഡ്രിയായെ സന്ദർശിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ടിരുന്നു – സ്‌നേഹത്തോടെതന്നെ.

കാതറിന്റെ അമ്മ ലാപായുടെ ചെവിയിലും കാതറിനെക്കുറിച്ചുള്ള മോശം കഥകളെത്തി. ആൻഡ്രിയാ ആണ് അത് പരത്തുന്നതെന്നും ലാപായ്ക്ക് മനസിലായി. ഒരു ദിവസം അമ്മ കാതറിനെ കാണാനെത്തി. അസ്വസ്ഥതയോടെ ഇങ്ങനെ പറഞ്ഞു: ”ആ ദുഷിച്ച സ്ത്രീയെ ശുശ്രൂഷിക്കാൻ പോകണ്ടായെന്ന് ഞാൻ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞതാ. ഇപ്പോൾ കണ്ടില്ലേ, അവൾതന്നെ നിന്നെക്കുറിച്ച് അനാവശ്യം പറഞ്ഞുനടക്കുന്നു. എന്നിട്ടും നാണം കെട്ട് നീ വീണ്ടും ആൻഡ്രിയായെ ശുശ്രൂഷിക്കാൻ പോകുന്നു. ഇനിയും അവളെ സഹായിക്കാൻ നീ പോകുകയാണെങ്കിൽ നീയെന്റെ മോളല്ല.” അഭിമാനത്തിന് മുറിവേറ്റ അമ്മയുടെ പൊട്ടിത്തെറിക്കുന്ന വാക്കുകൾക്ക് മുന്നിലും കാതറിൻ ശാന്തത വെടിഞ്ഞില്ല.

സ്‌നേഹത്തോടെ അവൾ ചോദിച്ചു:”മനുഷ്യരുടെ നന്ദികേടു നിമിത്തം ദൈവത്തിന് പാപികളോടുള്ള കരുണ പിൻവലിക്കണം എന്നാണോ അമ്മ പറയുന്നത്? തന്നെ കുരിശിൽ തറച്ചപ്പോഴും തനിക്കെതിരെ നിന്ദാവചനങ്ങൾ പറഞ്ഞപ്പോഴും കർത്താവ് തന്റെ രക്ഷാകരദൗത്യത്തിൽനിന്നും പിൻവാങ്ങിയോ? ഞാനീ രോഗിണിയായ സ്ത്രീയെ ഉപേക്ഷിച്ചാൽ അവരെ നോക്കാൻ വേറെ ആരുമില്ല. അവർ നരകിച്ചു മരിക്കും. നമ്മളതിന് കാരണക്കാരാകരുത്. എന്നെ തകർക്കാൻ പിശാചാണ് അവളിലൂടെ പ്രവർത്തിക്കുന്നത്. അതിനാൽ ആൻഡ്രിയായെ വെറുക്കരുത്. ഒരുപക്ഷേ, കർത്താവ് അവളുടെ ബോധത്തെ പ്രകാശിപ്പിക്കുകയും തെറ്റുകൾ തിരിച്ചറിയാൻ ഇടയാക്കുകയും ചെയ്യും.”

കാതറിൻ സ്‌നേഹത്തോടെ തന്റെ ശുശ്രൂഷ തുടർന്നു. ഒടുവിൽ ആൻഡ്രിയാ പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു.
*** *** ***
എത്ര ശുശ്രൂഷിച്ചാലും തൃപ്തയാകാത്ത അമ്മായിയമ്മ. സ്വന്തം മക്കളെക്കാളേറെ സ്‌നേഹിച്ചിട്ടും ഭർതൃമാതാവിൽനിന്ന് ശാപവാക്കുകളും ഏഷണികളും. സ്‌നേഹശുശ്രൂഷയിലൂടെ തനിക്കും വരുംതലമുറയ്ക്കും കിട്ടേണ്ട ദൈവാനുഗ്രഹം തടയാൻ സാത്താനൊരുക്കുന്ന കെണിയാണ് ശുശ്രൂഷ അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കുത്തുവാക്കുകൾ.
കുറവുള്ള ജീവിതപങ്കാളിയെ സ്‌നേഹിച്ച് പുണ്യത്തിൽ വളരാനുള്ള അവസരം നഷ്ടപ്പെടുത്താൻ പിശാചൊരുക്കുന്ന കെണിയാണ് നന്ദിയില്ലാത്ത, കഠിനഹൃദയരായ പങ്കാളികളുടെ പ്രതികരണങ്ങൾ.

കർത്താവിനോടുള്ള സ്‌നേഹത്തെപ്രതി, സഭയെയും സമൂഹത്തെയും കുടുംബത്തെയും സേവിച്ച് സ്വർഗീയ പ്രതിഫലം നേടാനുള്ള അവസരമാണ് മറ്റുള്ളവരുടെ തെറ്റായ പ്രതികരണത്തെപ്രതി പ്രവർത്തനമേഖലയിൽനിന്നും പിൻവലിയുമ്പോൾ നഷ്ടമാകുന്നത്.

സാത്താന്റെ കുടില തന്ത്രത്തെ തിരിച്ചറിയണം. നന്ദികേടുകളും വിമർശനങ്ങളും വഴി നാം ഉന്മേഷരഹിതരാകരുത്. എല്ലാം മനസിലാക്കുന്നവൻ എല്ലാത്തിനും പ്രതിഫലം നല്കുന്ന നാളിൽ നമ്മളെ ആദരിക്കും. അതുവരെയും ”നന്മ ചെയ്യുന്നതിൽ നമുക്കു മടുപ്പു തോന്നാതിരിക്കട്ടെ” എന്ന അപ്പസ്‌തോല വചനം നമുക്ക് വഴികാണിക്കട്ടെ.

പ്രാർത്ഥന

കർത്താവേ, ആർക്കുവേണ്ടി ഞങ്ങൾ ജീവിക്കുന്നുവോ, ആർക്കുവേണ്ടി ഞങ്ങൾ അധ്വാനിക്കുന്നുവോ, അവരിൽ നിന്നുതന്നെ നൊമ്പരങ്ങൾ സ്വീകരിക്കേണ്ടി വരുമ്പോഴും മടുത്തുപോകാതെ അവരെ സ്‌നേഹിക്കുവാൻ ഞങ്ങളെ ശക്തിപ്പെടുത്തിയാലും – ആമ്മേൻ.

 

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

8 Comments

  1. Elsamma James says:

    Too good ! Thank you Benny Br. God bless you for such wonderful articles.

  2. JP says:

    Inspiring Article….

  3. vincentouseph says:

    Inspiring and Annoiting Article………Its my own Experience……….GOD BLESS YOU Br.Benny

  4. marykutty anil says:

    thank you god for your blessings through benny brother THANK YOU GOD

  5. Abey T. Mammen says:

    Good illustration, Good bless you , ATM

  6. philomina raju says:

    Inspiring article..God bless you

  7. JOMON JOSEPH says:

    GOOD ARTICLE THANKS ! Br. BENNY , GOD BLESS YOU ! !

  8. J Alex says:

    Excellent article!

Leave a Reply to JOMON JOSEPH Cancel reply

Your email address will not be published. Required fields are marked *