അവനറിയാം ക്രൈസ്തവർ ഒന്നാണെന്ന്

വത്തിക്കാൻ സിറ്റി: ക്രൈസ്തവർ തങ്ങളിൽത്തന്നെ വിവിധ സഭകളിലും പേരുകളിലും പെട്ട് ചിന്തിക്കുമ്പോഴും എല്ലാ ക്രൈസ്തവരും ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഒന്നാണെന്ന് സാത്താൻ മനസിലാക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. വിഭജനവും വേർതിരിവും സാത്താന്റെ പ്രവൃത്തിയാണ്. അവനറിയാം ക്രൈസ്തവർ ക്രിസ്തുവിന്റെ അനുയായികളാണെന്ന്, അവർ ഒന്നാണെന്ന്… സഹോദരന്മാരാണെന്ന്. ഇവാഞ്ചലിക്കലെന്നോ ഓർത്തഡോക്‌സ്, ലൂഥറൻ, കത്തോലിക്കരെന്നോ അവന് നോട്ടമില്ല. അവന് എല്ലാവരും ക്രൈസ്തവരാണ്. ക്രിസ്തുവിന്റെ സഭയിലെ മുറിവാണ് അനൈക്യം. ഈ മുറിവ് അങ്ങനെ അവശേഷിപ്പിക്കേണ്ട ആവശ്യമില്ല. ക്രൈസ്തവർ ഒരുമിച്ച് ഐക്യം അന്വേഷിക്കണം. അവർ മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കണം. അസ്പൃശ്യരെയും ദരിദ്രരെയും സഹായിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. പരിശുദ്ധാത്മാവാണ് ഐക്യം നല്കുന്നത്. പ്രാർത്ഥന, സൗഹൃദം, അടുപ്പം, ധ്യാനം എന്നിവയോടുകൂടി പരിശുദ്ധാത്മാവിന് നേരെ നാം ഹൃദയം തുറക്കുക. പാപ്പ പറഞ്ഞു.

വിവിധ ക്രൈസ്തവവിഭാഗങ്ങൾ ഉൾപ്പെടുന്ന ‘ജോൺ 17 മൂവ്‌മെന്റി’ന്റെ നേതൃത്വത്തിൽ നടന്ന ക്രൈസ്തവ ഐക്യ ആഘോഷങ്ങളിൽ വച്ചാണ് പാപ്പ ഇപ്രകാരം സംസാരിച്ചത്. ഐക്യത്തിനുവേണ്ടിയുള്ള ക്രിസ്തുവിന്റെ പ്രാർത്ഥന അടങ്ങിയ ബൈബിൾ ഭാഗത്തിൽനിന്നാണ് ജോൺ 17 എന്ന പേര് സംഘടന സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *