മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനറാലി

ലാഹോർ: ക്രൈസ്തവ മുസ്ലീം സമുദായങ്ങൾ തമ്മിൽ സമാധാനവും ഐക്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനായി ഇരുവിഭാഗനേതാക്കളുടെയും നേതൃത്വത്തിൽ സമാധാന റാലി നടന്നു. രണ്ട് ക്രൈസ്തവ ദൈവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ തുടർന്നാണ് റാലി സംഘടിപ്പിച്ചത്. കൗൺസിൽ ഫോർ ഇന്റർ റിലീജിയസ് ഡയലോഗ് ആന്റ് ദ ഇന്റർഫെയ്ത്ത് കോൺഫ്രൻസ് ഓഫ് പീസിന്റെ ആഭിമുഖ്യത്തിൽ നടന്ന റാലിയിൽ സമൂഹത്തിലെ ഉയർന്ന വിഭാഗത്തിലുള്ള പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

പാക്കിസ്ഥാനിലെ മതപരവും സാമൂഹ്യപരവുമായ അവസ്ഥകളെക്കുറിച്ച് പ്രതിനിധികൾ ആഴത്തിൽ ചർച്ച ചെയ്തു. സമാധാനത്തിന്റെ പ്രതീകമായി പ്രതിനിധികൾ മെഴുകുതിരികൾ കൊളുത്തി. ഒപ്പംതന്നെ പാക്കിസ്ഥാനിലെ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ന്യൂനപക്ഷങ്ങളുടെ സംഭാവനകളെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തുവാൻ തീരുമാനമായി. ക്രൈസ്തവ, ഹിന്ദു, സിക്ക് വിഭാഗങ്ങളുടെ സംഭാവനകളെക്കുറിച്ചാണ് പാഠഭാഗത്ത് ഉൾപ്പെടുത്തുന്നത്. രാജ്യമെങ്ങും വിവേചനം അനുഭവിക്കുകയും പീഡനങ്ങൾക്ക് ഇരകളാകുകയും ചെയ്യുന്ന ന്യൂനപക്ഷങ്ങളുടെ സംഭാവനകളെ തിരിച്ചറിയുന്നതിന് ഇത് വഴിയൊരുക്കുമെന്നും അവരോടുള്ള അസഹിഷ്ണുത കുറയ്ക്കുന്നതിന് കാരണമാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *