അന്നമോൾ എന്നും സ്‌കൂളിൽ പോകുന്ന വഴിയിൽ ഒരു കുളമുണ്ട്. അതിൽ നിറയെ ആമ്പൽപ്പൂക്കളും. സ്‌കൂൾ ബസിലിരുന്ന് ആ പൂക്കൾ അവൾ കൊതിയോടെ നോക്കും. അത് പറിക്കണമെന്ന് അവൾക്കു വലിയ ആഗ്രഹം. കാരണം അവൾക്ക് പൂക്കൾ വലിയ ഇഷ്ടമാണ്.
അങ്ങനെ ഒരു ദിവസം അവൾ സ്‌കൂൾ ബസിന്റെ ഡ്രൈവറങ്കിളിനോട് തന്റെ ആഗ്രഹം പറഞ്ഞു. എന്നാൽ അവൾ കുഞ്ഞായതുകൊണ്ട് കുളത്തിലിറങ്ങണ്ടായെന്നും ഒരു ദിവസം താൻതന്നെ ഇറങ്ങി പറിച്ചു കൊടുക്കാമെന്നും അങ്കിൾ അവളോടു പറഞ്ഞു. അന്നമോൾ അത് സമ്മതിച്ചു. ഓരോ ദിവസവും അവൾ അങ്കിളിനെ പൂക്കൾ പറിക്കുന്ന കാര്യം ഓർമ്മിപ്പിക്കും. എന്നാൽ അങ്കിൾ നാളെയാകട്ടെ നാളെയാകട്ടെ എന്നു പറയും. അന്നമോൾക്ക് ദേഷ്യം വന്നു തുടങ്ങി.
അന്ന് കുട്ടികളെല്ലാവരും കാത്തിരുന്ന ഒരു ദിവസ മായിരുന്നു. കാരണം അന്നാണ് അവധിക്കാലം തുടങ്ങുന്നത്. വലിയ പാട്ടും ആരവവുമൊക്കെയായി ബ സ്സിൽ വലിയ രസമായിരുന്നു. എന്നാൽ അന്നമോൾ മാത്രം ഒന്നിലും പങ്കെടുത്തില്ല.
കാരണം മറ്റൊന്നുമല്ല കുളത്തിനടുത്തെത്തിയപ്പോൾ പതിവുപോലെ അവൾ അങ്കിളിനോട് ആമ്പൽപ്പൂക്കളുടെ കാര്യം പറഞ്ഞു. ‘ഇനിയിപ്പോൾ അവധി കഴിയട്ടെ’യെന്നായി അങ്കിൾ. അന്നമോൾക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അങ്ങനെ അന്നമോളുടെ വീടെത്തി. അന്നമോൾ പറഞ്ഞു: ”ഞാനിറങ്ങുന്നില്ല.” എല്ലാവരും അമ്പരന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവൾ തന്റെ തീരുമാനത്തിൽനിന്നും മാറിയില്ല. വേറെ വഴിയില്ലാതെ അങ്കിൾ വീട്ടിൽ ചെന്ന് അന്നമോളുടെ പപ്പയെയും അമ്മയെയും വിളിച്ചുകൊണ്ടുവന്നു. അവർ നിർബന്ധിച്ചപ്പോൾ അന്നമോൾ വലിയ കരച്ചിലായി. ഒടുവിൽ പപ്പ അവളെ നിർബന്ധപൂർവം ബസിൽനിന്നും ഇറക്കി. എന്നാൽ വീട്ടിൽ ചെന്നിട്ടും അവൾ കരച്ചിൽ നിർത്തിയില്ല.
അങ്ങനെ കരഞ്ഞും വിഷമിച്ചും ഇരിക്കുമ്പോൾ വീണ്ടും അതാ സ്‌കൂൾ ബസ്സിന്റെ ശബ്ദം! ഡ്രൈവറങ്കിൾ ബസ് നിർത്തി ഇറങ്ങിവരുന്നു… കൈയിൽ നിറയെ ആമ്പൽപ്പൂക്കൾ! അന്നക്ക് വളരെ സന്തോഷമായി. അവൾ അങ്കിളിനെ നോക്കി സന്തോഷത്തോടെ ചിരിച്ചു. എന്നാൽ അങ്കിളിന്റെ മുഖത്ത് ആ പഴയ ചിരിയില്ല.
പപ്പയെയും അമ്മയെയും ചേട്ടനെയും വിളിച്ച് അവൾ തന്റെ പൂക്കൾ കാണിച്ചു. എന്നാൽ ആർക്കും ഒരു സന്തോഷവുമില്ല. അതു കണ്ടപ്പോൾ താൻ ചെയ്തത് ശരിയായില്ലെന്ന് അവൾക്കു തോന്നി. താൻ വാശി പിടിച്ചതു കാരണമാണ് അവർക്കെല്ലാം വിഷമമായത്. അതു മനസിലായപ്പോൾപ്പിന്നെ ആമ്പൽപ്പൂക്കൾ കിട്ടിയതിന്റെ ഒരു സന്തോഷവും തോന്നിയില്ല.
മുറ്റം കടന്ന് ബസിലേക്ക് കയറാൻ തുടങ്ങിയ ഡ്രൈവറങ്കിളിനെ ഉറക്കെ വിളിച്ചുകൊണ്ട് അവൾ ഓടിച്ചെന്നു. ”സോറി അങ്കിൾ, ഇനി ഒന്നിനുവേണ്ടിയും ഞാനിങ്ങനെ വാശി പിടിക്കില്ല” അന്നമോളുടെ സോറി കേട്ടപ്പോൾ അങ്കിൾ ചിരിച്ചുകൊണ്ട് ‘ഓകെ’ എന്നു പറഞ്ഞു ബസിൽ കയറി. പിന്നെ അവൾ അമ്മയോടും പപ്പയോടും ഓടിപ്പോയി സോറി പറഞ്ഞു. ഇനി താനങ്ങനെ ചെയ്യില്ലായെന്ന് ഈശോയോടും പറഞ്ഞു കഴിഞ്ഞപ്പോൾമാത്രമാണ് അവൾക്ക് ആശ്വാസമായത്. വാശി പിടിച്ച് എന്തെങ്കിലും നേടിയാൽ സന്തോഷം പോകുമെന്നും അവൾക്കന്ന് മനസിലായി.
അനു