നിത്യതയിലേക്ക് കടന്നുപോയ എന്റെ പെറ്റമ്മ എനിക്കെന്നും മധുരിക്കുന്ന ഓർമയാണ്. ഇല്ലായ്മയുടെ നടുവിലും ഉള്ളതൊക്കെ പങ്കുവച്ചുനല്കാൻ അമ്മയ്ക്ക് നൂറുമനസായിരുന്നു. അമ്മ മരിച്ചിട്ട് കാലങ്ങളേറെ കഴിഞ്ഞ് എന്റെ കഷ്ടതയുടെ നാളുകളിലൊന്നിൽ ഒരു വാടകവീടു തേടി ഞാൻ നടക്കുമ്പോൾ അയൽക്കാരൻ തന്റെ മകനുവേണ്ടി പണിയിച്ച പുത്തൻവീട് എനിക്ക് താമസിക്കാൻ തന്നു. വാടക വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ”നിങ്ങളെ ഓർത്തല്ല, നിങ്ങളുടെ അമ്മയുടെ മറക്കാനാവാത്ത സ്‌നേഹത്തെ ഓർത്താണ് നിങ്ങൾക്ക് വീടു തന്നത്. അതിനു പ്രതിഫലം വേണ്ട.”
ഞാനോർത്തു, കാലങ്ങളെത്ര കഴിഞ്ഞു. ആ നല്ല മനുഷ്യന്റെ ഹൃദയത്തിൽ ഇന്നും അമ്മ ജീവിക്കുന്നല്ലോ. സ്‌നേഹത്തിന് മരണമില്ല. സ്‌നേഹത്തോടെ കൊടുക്കുന്നതൊന്നും മറക്കുന്നില്ല. കാരണം, ദൈവം സ്‌നേഹമാകുന്നു.
ഓർത്താൽ വിസ്മയം തോന്നും. കേവലമൊരു അഞ്ചുരൂപ തുട്ടുമായി കന്യാസ്ത്രീ മഠത്തിന്റെ സുരക്ഷിതത്വത്തിൽനിന്നും കൽക്കട്ടയിലെ തെരുവുകളിലേക്കിറങ്ങി വന്ന മദർ തെരേസ എങ്ങനെ ലോകമെങ്ങുമുള്ള അനാഥരെ പോറ്റിവളർത്തി. എങ്ങനെ അഗതികളുടെ അമ്മയെന്നറിയപ്പെട്ടു. അവർ സ്വന്തമായിട്ടൊന്നും ആർക്കും കൊടുത്തില്ല. കൊടുത്തതെല്ലാം യേശുവിലൂടെയായിരുന്നു; അല്ല യേശുവിനുതന്നെയായിരുന്നു.
അധികാരവും പ്രതാപവും ആവശ്യത്തിലേറെ സമ്പത്തുമായി ജീവിച്ച മനുഷ്യൻ. ഒരുപാടുപേർ കൂടെ നടക്കാനുണ്ടായിരുന്നു അന്ന്. പെട്ടെന്നൊരുനാൾ നിനച്ചിരിക്കാതെ അധികാരം നഷ്ടപ്പെട്ടു. അതോടെ പ്രതാപങ്ങൾ അവസാനിച്ചു, സമ്പത്തും ക്ഷയിച്ചുവന്നു. ഒടുക്കം വാർധക്യത്തിൽ രോഗിയായി കിടപ്പിലായി. ഒരിക്കൽ കാണാൻ ചെന്നപ്പോൾ സങ്കടം പറഞ്ഞു, ഒന്നു കാണാൻപോലും ആരും വരുന്നില്ല. ഉള്ളതൊക്കെ വാരിക്കോരി കൊടുത്തിട്ടും ഇന്ന് എന്നെ തിരിഞ്ഞുനോക്കാനാരുമില്ല. ഭാര്യയ്ക്കും മക്കൾക്കുപോലും ഒരധികപ്പറ്റായതുപോലെ. കേട്ടപ്പോൾ സങ്കടം തോന്നി. പാവം. ഈ മനുഷ്യന്റെ മാത്രമല്ല ഇന്ന് അനേകരുടെ സങ്കടവും വേദനയും ഇതുതന്നെയല്ലേ. എത്ര കൊടുത്തിട്ടും ഒരിക്കൽ ആരും തിരിഞ്ഞുനോക്കാതെ പോകുന്നു.
എന്നും ഓർമ്മിക്കപ്പെടാൻ
ഒന്നോർത്താൽ, യഥാർത്ഥത്തിൽ നമ്മൾ വാരിക്കോരി കൊടുത്തതൊക്കെ നമ്മുടെ സ്വന്തമായിരുന്നോ? ദൈവം തന്നതല്ലാതെ നമ്മുടെ സ്വന്തമെന്നു പറയാൻ നമുക്കെന്തുണ്ട്? എല്ലാം ദൈവത്തിന്റെ ദാനമായിരുന്നു. പലരിലൂടെ പല വിധത്തിലാണ് നമുക്കത് ലഭിച്ചതെങ്കിൽ ദൈവം നമ്മിലൂടെ അതിൽ ചിലതൊക്കെ പലർക്കും പങ്കുവച്ചുവെന്നുമാത്രം. അത് ഞാൻ കൊടുത്ത എന്റെ സമ്പത്തായിരുന്നുവെന്ന് ചിന്തിച്ചതല്ലേ സങ്കടത്തിന് കാരണം. നാം കൊടുക്കുന്നതൊന്നും ആരും ഓർത്തിരിക്കണമെന്നില്ല. എന്നാൽ യേശുവിലൂടെ നല്കുന്നതെല്ലാം എന്നും ഓർമിക്കപ്പെടും.
കാരണം, യേശു ആർക്കും ഒന്നും വെറുതെ നല്കുന്നില്ല. എല്ലാം അവിടുന്ന് സ്വർഗത്തിലേക്ക് പിതാവിന്റെ പക്കലേക്കുയർത്തി വാഴ്ത്തി വിളമ്പുന്നു. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ അവിടുന്ന് തീറ്റിപ്പോറ്റിയതോർമയില്ലേ. അതെ! നാമും യേശുവിലൂടെ നല്കുന്നതെല്ലാം അവിടുന്ന് വാഴ്ത്തി വിളമ്പും. കിട്ടുന്നവർക്ക് സംതൃപ്തി ലഭിക്കും. ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയായി ഹൃദയത്തിൽ സൂക്ഷിക്കും. കാരണം, വാഴ്ത്തി വിളമ്പുന്നതൊക്കെ ബലിയാകും. വാഴ്ത്താതെ വിളമ്പുന്നതെല്ലാം കേവലം അനുഷ്ഠാനങ്ങളും. ഓരോ വീട്ടിലും ബലിയർപ്പകരായിത്തീരുന്ന അമ്മമാരെക്കുറിച്ചോർക്കുക. അമ്മ സ്‌നേഹത്തോടെ വച്ചുവിളമ്പിയ കഞ്ഞിയും ചമ്മന്തിയുംപോലെ സ്വാദിഷ്ടമായ ഒരു ഭക്ഷണം നിങ്ങളെന്നെങ്കിലും കഴിച്ചിട്ടുണ്ടോ? എത്ര ആഡംബരവിരുന്നു സല്ക്കാരങ്ങളാണിന്ന് നടക്കുന്നത്. എന്നാൽ, കഴിച്ചതൊക്കെ മറന്നുപോകാൻ മണിക്കൂറുകൾതന്നെ വേണ്ടല്ലോ. അതെ, സ്‌നേഹത്തോടെ നല്കാത്തതൊന്നും ആർക്കും സ്വീകാര്യമാകുന്നില്ല. വിധവയുടെ രണ്ടു ചില്ലിക്കാശുകൾ എന്തേ ബലിവേദികളിൽ ഇന്നും ഓർമിക്കപ്പെടുന്നു. അതവരുടെ സ്‌നേഹം നിറഞ്ഞ ഹൃദയത്തിൽനിന്നുള്ള സമർപ്പണമായിരുന്നു. അത് വിസ്മരിക്കപ്പെടാനുള്ളതല്ല. സമ്പന്നർ വാരിക്കോരിയിട്ട സ്വർണനാണയങ്ങളുടെ സ്വരം എന്തേ യേശുവിന്റെ കാതുകളിൽ എത്തിയില്ല.
യേശുസാന്നിധ്യം അറിയുക
മാനവചരിത്രത്തെ രണ്ടായി വേർതിരിച്ചത് യേശുവാണ്. ആ സത്യം ആർക്കാണ് നിഷേധിക്കാനാവുക. യേശുവിനെ കൂടാതെ ചരിത്രം ഇല്ല. ഒന്നുകിൽ യേശുവിൽനിന്നും പിന്നോട്ട്. അല്ലെങ്കിൽ യേശുവിനോടൊപ്പം മുന്നോട്ട്. എന്നിട്ടും അധികമാരും യേശുവിനെ അറിയുന്നില്ല എന്നതാണ് വേദനാജനകമായ പരമാർത്ഥം. അതുതന്നെയാണ് മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാനവും.
എന്നെ കൂടാതെ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയുകയില്ല (യോഹ. 15:5) എന്ന് യേശു പറയുമ്പോൾ കൂടെ നടക്കുന്ന അവിടുത്തെ തിരുസാന്നിധ്യം നമ്മൾ മറന്നു പോകരുതെന്ന് അവിടുന്ന് ഓർമിപ്പിക്കുകയാണ്. കൂടെ നടന്ന യേശുവിനെ തിരിച്ചറിയാതെ പോയ സാവൂളിനോട് യേശു പറഞ്ഞത് നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാനെന്നല്ലേ (അപ്പ.പ്രവ. 9:5). ഇന്ന് പൈശാചികതയുടെ ആൾരൂപങ്ങളായി മാറിയ മത തീവ്രവാദികൾ കഴുത്തറുത്ത് കൊല്ലുന്ന ഓരോ ക്രിസ്ത്യാനിയുടെയും ഉള്ളിലിരുന്ന് യേശു പറയുന്നുണ്ട്, നീ കഴുത്തറുത്ത് കൊല്ലുന്ന യേശുവാണ് ഞാനെന്ന്.
ഇങ്ങനെ, ‘ഇമ്മാനുവേലാ’യി കൂടെ നടക്കുന്ന യേശുവിനെ അവഗണിച്ചതാണ് ആധുനിക ലോകത്തിന് പറ്റിയ ദുരന്തം. യേശുവിനെക്കുറിച്ചറിഞ്ഞാൽമാത്രം പോരാ. സഹജീവികളിൽ യേശുസാന്നിധ്യമറിയണം. ഇല്ല, യേശുവിനെ അവഗണിച്ചിട്ടാർക്കും മുന്നോട്ടുപോകാനാവില്ല. എല്ലാറ്റിനും ഒടുവിൽ ജീവിതത്തിന്റെ ഭാഗധേയങ്ങൾ തീരുമാനിക്കപ്പെടുന്ന അന്ത്യവിധിദിനത്തിൽ നാം ഓരോരുത്തരോടും യേശു പറയാൻ പോകുന്നതും അതുമാത്രമാണല്ലോ. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ഇതു ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് നിങ്ങൾ ചെയ്തത്. (മത്താ. 25:40). ഏറ്റം എളിയവനായ ഒരാൾക്കുവേണ്ടി ഇതു നിങ്ങൾ ചെയ്യാതിരുന്നപ്പോഴെല്ലാം എനിക്കുതന്നെയാണ് നിങ്ങൾ ചെയ്യാതിരുന്നത്. (മത്താ. 25:45).
മാത്യു മാറാട്ടുകളം
2 Comments
Good one!
Thank you.
Praise the Lord !
Nice article. Yes everything we do is because of the blessings of God. Everything we have is from God