മേർസഡേറിയൻ സമൂഹത്തിലെ ആദ്യകാലവിശുദ്ധരിൽ ഒരാളാണ് പടയാളിയിൽനിന്ന് സന്യാസജീവിതക്കാരനായിത്തീർന്ന ആൾജിയേഴ്സിലെ സിറേപ്പിയൻ. സ്വന്തം ജീവൻതന്നെ വിലയായി നൽകിക്കൊണ്ട് ക്രൈസ്തവ തടവുകാരെ മോചിപ്പിക്കാൻ പരിശ്രമിച്ചിരുന്ന സന്യാസ സമൂഹമാണ് മേർസഡേറിയൻ സമൂഹം. 12-ാം നൂറ്റാണ്ടിലാണ് മേർസഡേറിയൻ സന്യാസസമൂഹം സ്ഥാപിക്കപ്പെട്ടത്. പരിശുദ്ധ കന്യകാമറിയത്തിന്റെ കരുണയുടെ സമൂഹം എന്ന പേരിലും അറിയപ്പെടുന്നു.
1179-നോട് അടുത്ത കാലഘട്ടത്തിലാണ് വിശുദ്ധ സിറേപ്പിയന്റെ ജനനം. യുവത്വത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ രാജാവായ റിച്ചാർഡിന്റെ സൈന്യത്തിലെ അംഗമായി അൽഫോൻസോ എട്ടാമൻ നയിച്ച പടയോടൊപ്പം മൂന്നാം കുരിശുയുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തു. സ്പെയിനിലെത്തിയ സിറേപ്പിയൻ കത്തോലിക്കാ വിശ്വാസം സംരക്ഷിക്കുവാനായി കാസ്റ്റൈലിലെ രാജാവിന്റെ സൈന്യത്തിൽ ചേർന്നു.
അവിടെ വച്ചാണ് മേർസഡേറിയൻ സമൂഹസ്ഥാപകൻ പീറ്റർ നൊളാസ്കോയെ അദ്ദേഹം പരിചയപ്പെടുന്നത്. ആ കണ്ടുമുട്ടൽ സിറേപ്പിയന്റെ ജീവിതത്തെ മാറ്റിമറിച്ചു. അപ്പോഴും കത്തോലിക്കരെ രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം സിറേപ്പിയൻ അവസാനിപ്പിച്ചില്ല. എന്നാൽ നാളതുവരെ വാളുപയോഗിച്ച് ശത്രുക്കളെ ജയിച്ചിരുന്ന സിറേപ്പിയൻ ആ ആയുധം എന്നന്നേക്കുമായി ഉപേക്ഷിച്ചു. വിശ്വാസവും വചനവും അദ്ദേഹത്തിന്റെ പുത്തൻ ആയുധങ്ങളായി. 1222-ൽ സിറേപ്പിയൻ മേർസഡേറിയൻ സമൂഹത്തിൽ അംഗമായി.
1229-ൽ വിശുദ്ധ റെയ്മണ്ട് നൊണാറ്റസിന്റെ സഹായത്തോടെ 150 ക്രൈസ്തവ അടിമകളെ സ്വതന്ത്രരാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മേർസഡേറിയൻ സഭയിലേക്ക് കൂടുതൽ ആളുകളെ ചേർക്കുവാൻ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് യാത്രയായി. എന്നാൽ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടാവുകയും സിറേപ്പിയൻ മരിച്ചെന്ന് കരുതി കൊള്ളക്കാർ അദ്ദേഹത്തെ ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു. തുടർന്ന് ലണ്ടനിലും സമീപപ്രദേശങ്ങളിലും അലഞ്ഞുനടന്ന അദ്ദേഹം അക്കാലത്ത് ദുരുപയോഗം ചെയ്യപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന സഭാസ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ബ്രിട്ടീഷ് ദ്വീപുകളിൽ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ധാരാളം ക്രൈസ്തവർ വിജാതീയരുടെ പിടിയിൽനിന്ന് മോചിതരായി.
1240-ൽ ആൾജിയേഴ്സിൽ തടവിലായിരുന്ന 87 ക്രൈസ്തവരുടെ മോചനത്തിനായി വിജാതീയർ ആവശ്യപ്പെട്ട പണം അദ്ദേഹം എത്തിച്ച് കൊടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് പണം കൊണ്ടുവരുന്നതുവരെ തടവുകാരനായി തുടരുവാൻ അദ്ദേഹം സന്നദ്ധനായി. എന്നാൽ പ്രതീക്ഷിച്ച സമയത്ത് പണം ലഭിക്കാത്തതിനെ തുടർന്ന് ക്രൂദ്ധരായ ആ വിജായതീയർ അദ്ദേഹത്തെ നിഷ്ഠൂരം കൊലപ്പെടുത്തുകയാണുണ്ടായത്.
കുരിശിൽ തറച്ചതിനുശേഷം അദ്ദേഹത്തിന്റെ ശരീരം അവർ വെട്ടിനുറുക്കി. മാതൃസഭയുടെ ചൈതന്യത്തോട് ഏറ്റവും അനുരൂപപ്പെട്ടുകൊണ്ട് രക്തസാക്ഷിത്വം വരിക്കുന്നതിനുള്ള അനുഗ്രഹം പരിശുദ്ധാത്മാവ് വിശുദ്ധ സെറാപ്പിയന് നൽകി. 1240 നവംബർ 14-ാം തിയതി ദൈവസന്നിധിയിലേക്കു പറന്നുയർന്ന ആ പുണ്യാത്മാവിനെ 1728 ഏപ്രിൽ 14-ാം തിയതി ബനഡിക്ട് പതിമൂന്നാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
രഞ്ജിത് ലോറൻസ്