കൂനിപ്പോയവരുടെ ദൈവം

യേശു കൂനിയായ സ്ത്രീയെ സുഖപ്പെടുത്തുന്ന സംഭവം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കാണാം. സാബത്തുദിവസം സിനഗോഗിൽ പഠിപ്പിച്ചുകൊിരിക്കുമ്പോഴാണ് അവിടുന്ന് അവളെ കാണുന്നതും സുഖപ്പെടുത്തുന്നതും. യേശുവിനുമുൻപേ വർഷങ്ങളായി പലരും ഈ കൂനിയായ സ്ത്രീയെ കിട്ടുാവും. എന്നാൽ ഈ സ്ത്രീയുമായുള്ള യേശുവിന്റെ കുമുട്ടൽ കരുണാർദ്രമായ നോട്ടത്തിന്റെയും സഹാനുഭൂതി നിറഞ്ഞ സംസാരത്തിന്റെയും അതിർത്തികളെ അതിലംഘിച്ച് സൗഖ്യദായക പ്രവൃത്തിയിലേക്ക് നീളുന്നു. അതാണ് കരുണയുടെ കരകാണാക്കടലായ ദൈവപിതാവിന്റെ ഏകപുത്രന്റെ ജീവിതശൈലി.

നിശ്ശബ്ദനിലവിളി കേൾക്കുന്നവൻ

സൗഖ്യം ലഭിക്കാനായി അവൾ യേശുവിനെ അന്വേഷിച്ചു നടന്നില്ല. കുമുട്ടിയപ്പോൾ തന്നെ സുഖപ്പെടുത്തണമേയെന്ന് കാല്ക്കൽ വീണ് കരഞ്ഞപേക്ഷിച്ചില്ല. അവളെ സുഖപ്പെടുത്തണമേ എന്ന് യേശുവിനോട് അപേക്ഷിക്കാൻ ആരും അവൾക്കുായിരുന്നുമില്ല. യേശുവാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നത്.

തീർത്തും കൂനിപ്പോയ അവൾ വെള്ളവും ഭക്ഷണവും കഴിക്കുന്നതുപോലും ഏറെ പ്രയാസപ്പെട്ടായിരിക്കാം. ദീർഘകാലമായി കൂനിപ്പോയ അവൾ സാമൂഹ്യ-സാംസ്‌കാരിക ബന്ധങ്ങളിൽനിന്നുപോലും അന്യവത്കരിക്കപ്പെട്ട് ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടുപോയിരിക്കാം. രോഗത്തിന്റെ കാലദൈർഘ്യവും കാഠിന്യവും അവളെ കടുത്ത നിരാശയിലേക്കും നിസംഗതയിലേക്കും നയിച്ചിട്ടുാവണം. അതുകൊായിരിക്കാം യേശു പലരെയും അത്ഭുതകരമായി സുഖപ്പെടുത്തിയെന്ന് കേട്ടിട്ടും സൗഖ്യത്തിനായി യേശുവിനെ അന്വേഷിച്ചു നടക്കുകയോ കുമുട്ടിയപ്പോൾ സുഖപ്പെടുത്തണമേയെന്ന് അപേക്ഷിക്കുകയോ ചെയ്യാതിരുന്നത്.

എന്നാൽ അവളുടെ മുഖത്ത് പ്രതിഫലിക്കുന്ന രോഗത്തിന്റെ കാഠിന്യവും അതിന്റെ അനുബന്ധ ദുഃഖദുരിതങ്ങളും തന്നെ സുഖപ്പെടുത്തണമേയെന്നുള്ള നിശബ്ദ നിലവിളി തന്നെയായിരുന്നു. മൗനത്തിന്റെ ഭാഷയിലുള്ള ആ നിലവിളിയും നെടുവീർപ്പും യേശുവിന്റെ കരുണ നിറഞ്ഞ ഹൃദയത്തിന്റെ കാതുകൾക്ക് ശ്രവിക്കാനായി. അതിനാൽ ഉടനെ അവളെ അടുത്തു വിളിച്ച് സുഖപ്പെടുത്തുന്നു. ദീർഘകാലം രോഗിയായിരുന്നിട്ടും യേശുവിന്റെ അത്ഭുതകരമായ കരസ്പർശനംവഴി അവൾ പൂർണസൗഖ്യം പ്രാപിച്ചു. മനുഷ്യന്റെ ഭൂത-വർത്തമാന-ഭാവികാലങ്ങളിലേക്ക് കടന്നുചെന്ന് അവന്റെ ശാരീരികവും മാനസികവും ആത്മീയവുമായ രോഗപീഡകളെയും ദുഃഖദുരിതങ്ങളെയും പൂർണമായും സൗഖ്യപ്പെടുത്തുവാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. പ്രകൃതിശക്തികളുടെയും രോഗപീഡകളുടെയും പൈശാചിക ശക്തികളുടെയും മുന്നിൽ മാത്രമല്ല, മരണത്തിന്റെ മുന്നിൽപോലും നമ്മുടെ ദൈവം നിസഹായനല്ല എന്ന് വചനം പറയുന്നു.

രോഗം ശാരീരികമോ മാനസികമോ ആത്മീയമോ ആകട്ടെ, അത് എത്ര കഠിനമാകട്ടെ, ആ അവസ്ഥകളിലേക്ക് കടന്നുവരാനും പൂർണമായും സൗഖ്യപ്പെടുത്തുവാനും കഴിവുള്ളവനാണ് യേശു. നീ വിളിച്ചപേക്ഷിക്കുകപോലും ചെയ്യാതെതന്നെ നിന്റെ ജീവിതത്തിന്റെ ദുഃഖദുരിതങ്ങൾ കണ്ടറിഞ്ഞ് നിന്റെ ജീവിതത്തിൽ ദൃശ്യമായും അദൃശ്യമായും രക്ഷാകരമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നവനാണ് അവിടുന്ന്. മനുഷ്യന് രക്ഷയും സൗഖ്യവും നല്കുന്നതിൽ ഏറെ തിടുക്കം കാണിക്കുന്നവനാണ് നമ്മുടെ ദൈവം. ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തിന്റെയും കരുണയുടെയും ബഹിർസ്ഫുരണമാണ് ഈ വിശുദ്ധമായ തിടുക്കം. മനുഷ്യന്റെ ദുഃഖദുരിതങ്ങൾക്കുമുൻപിൽ കാലവും കലണ്ടറും നോക്കിയല്ല ദൈവം തന്റെ രക്ഷാകരമായ ഇടപെടലുകൾ നടത്തുന്നത്. ചിലപ്പോഴെല്ലാം പ്രവൃത്തിയുടെ നേരിയ കാലതാമസംപോലും ഒഴിവാക്കുന്ന തരത്തിൽ വചനംകൊണ്ടു സുഖപ്പെടുത്തുവാൻ മനുഷ്യനോടുള്ള അത്യഗാധമായ സ്‌നേഹം ദൈവത്തെ നിർബന്ധിക്കുന്നു.

സമഗ്രമായ സൗഖ്യം നല്കുന്നവൻ

യേശു സൗഖ്യപ്പെടുത്തിയപ്പോൾ കൂനിയായ സ്ത്രീ നിവർന്നുനിന്ന് ദൈവത്തെ സ്തുതിച്ചുവെന്ന് ദൈവവചനം പറയുന്നു. ക്രിസ്തു തരുന്ന ശരീരത്തിന്റെ സൗഖ്യം, മനുഷ്യന്റെ മറ്റെല്ലാ തലങ്ങളെയും -മാനസിക, ആത്മീയ തലങ്ങളെപ്പോലും – ആഴമായി സ്പർശിക്കത്തക്കവിധം സമഗ്രവും സമ്പൂർണവുമായിരിക്കും. അതുകൊണ്ടാണ് യേശുവിൽനിന്നും ശാരീരികസൗഖ്യം കിട്ടിയവരൊക്കെത്തന്നെ ദൈവത്തെ സ്തുതിക്കുകയും ശുശ്രൂഷിക്കുകയും അനുഗമിക്കുകയും ചെയ്യുന്നതായി നാം സുവിശേഷത്തിൽ വായിക്കുന്നത്.

യഹൂദരെ സംബന്ധിച്ചിടത്തോളം അതിവിശുദ്ധമായ സാബത്തുദിവസം ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ യേശു ആ സ്ത്രീയെ കണ്ട മാത്രയിൽ, അവളെ സുഖപ്പെടുത്തുവാൻ മുൻകൈയെടുക്കുന്നു. സാബത്ത് ലംഘിച്ചുവെന്ന് സിനഗോഗധികാരി കുറ്റപ്പെടുത്തുമ്പോൾ അവിടുന്ന് യഥാർത്ഥത്തിൽ സാബത്ത് ആചരിക്കേണ്ടണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്. മനുഷ്യരോട് കരുണയും കനിവും കാണിക്കുമ്പോഴാണ് സാബത്തിന്റെ അധിപനായ ദൈവം യഥാർത്ഥത്തിൽ മഹത്വപ്പെടുന്നത് എന്ന് അതിലൂടെ അവിടുന്ന് സൂചിപ്പിക്കുന്നു.

ഭൂതകാലം നോക്കാത്തവൻ

കൂനിപ്പോയവരുടെ ഭൂതകാലം- അതെന്തുമായിക്കൊള്ളട്ടെ – ചിലപ്പോൾ സ്വന്തം കുറ്റത്താൽ കൂനിപ്പോയവരായിരിക്കാം. എന്നാൽ രക്ഷാകരമായ ഇടപെടലുകൾ നടത്താൻ അത് നമുക്ക് തടസമാകരുത്. യേശുതന്നെയും കൂനിയായ ആ സ്ത്രീയുടെ സമകാലിക ദുരിതങ്ങളും ദുരവസ്ഥയും മാത്രമേ പരിഗണിക്കുന്നുള്ളൂ. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ കാര്യത്തിലും അവളുടെ ഭൂതകാലം യേശു പരിഗണിക്കുന്നില്ല. ഇനിമേൽ (ഇന്നുമുതൽ) പാപം (യോഹ.8:1-11) ചെയ്യരുത് എന്നാണ് യേശു പറയുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. നമ്മോടുള്ള ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കരുണയും പാപം നിറഞ്ഞ നമ്മുടെ ഭൂതകാലത്തെ മറക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നു. ധൂർത്ത പുത്രന്റെ ഉപമയും അതുതന്നെയാണ് വ്യക്തമാക്കുന്നത്.

സ്വന്തമായി മഹത്വമോ മൂല്യമോ സ്ത്രീകൾക്ക് അനുവദിച്ചു കൊടുക്കാതിരുന്ന യഹൂദമത സാമൂഹ്യക്രമത്തിന്റെ പ്രതീകമാണ് പേരോ നാടോ വ്യക്തിത്വത്തിന്റെ മറ്റു സവിശേഷതകളോ രേഖപ്പെടുത്താത്ത ഈ കൂനിയായ സ്ത്രീ. അവളെയാണ് യേശു അടുത്തുവിളിച്ച് സുഖപ്പെടുത്തി ‘അബ്രാഹത്തിന്റെ പുത്രി’ എന്ന് അഭിസംബോധന ചെയ്യുന്നത്. എല്ലാ കാലഘട്ടത്തിലും അനുവർത്തിക്കേണ്ട പക്വമായ സ്ത്രീവിമോചനത്തിന്റെ മഹത്തായ മാതൃകയാണ് ഇവിടെ യേശുവിൽ നാം കാണുക.
സ്രഷ്ടാവ് കല്പിച്ചു നല്കിയതും എന്നാൽ കാലക്രമത്തിൽ നഷ്ടപ്പെട്ടു പോയതുമായ ആദിമഹത്വത്തിലേക്ക് സ്ത്രീയെ പുനഃപ്രവേശിപ്പിക്കുകയാണ് പേരില്ലാതിരുന്ന അവളെ ‘അബ്രാഹത്തിന്റെ പുത്രി’ എന്ന് അഭിസംബോധന ചെയ്യുന്നതിലൂടെ യേശു ചെയ്യുക. കൂനിയായ സ്ത്രീയെ സുഖപ്പെടുത്താൻ യേശു കാണിച്ച തിടുക്കവും തീക്ഷ്ണതയും സ്‌നേഹവും കരുണയും ജീവിതത്തിൽ കൂനിപ്പോയവരുടെ ഇടയിൽ നാം നടത്തുന്ന രക്ഷാകരമായ ഇടപെടലുകൾക്ക് ജീവസുറ്റ മാതൃകയാണ്.

റവ. ഡോ. എബ്രാഹം പുളിഞ്ചുവട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *