തനിക്ക് പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടെന്നു പറഞ്ഞുകൊണ്ട് തെരെസെ ന്യൂമാൻ തന്റെ ആത്മീയപിതാവ് ഫാ. നോബറിനടുത്ത് എത്തി. ലൂർദിലെ പ്രത്യക്ഷീകരണത്തിന്റെ ദർശനമാണ് തെരെസെക്ക് ലഭിച്ചത്. മാതാവ് പറഞ്ഞ വാക്കുകൾ തെരെസെ ഫാ. നോബറിനോട് ആവർത്തിച്ചു. പക്ഷേ അത് അദ്ദേഹത്തിന് മനസിലാക്കാനായില്ല. അത് ശുദ്ധമായ ഫ്രഞ്ചോ സ്പാനിഷോ ഒന്നുമായിരുന്നില്ല. എന്നാൽ ബർണദീത്തയോട് മാതാവ് പറഞ്ഞ അതേ വാക്കുകളാണ് തെരെസെയും കേട്ടതെന്ന് പിന്നീട് ഫാ. നോബർ കണ്ടെത്തി. ലൂർദിലെ മരിയൻ പ്രത്യക്ഷീകരണത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിലാണ് അദ്ദേഹം അതു കണ്ടത്. ലൂർദ്ദിലെ ദർശനം സ്വീകരിച്ച ബർണദിത്തയ്ക്ക് പ്രത്യക്ഷപ്പെട്ട പൈറനീസ് (സ്പെയ്നും ഫ്രാൻസിനുമിടയിലെ മലയോരം) ഗ്രാമത്തിലെ പ്രാദേശിക സംസാര ഭാഷയിലായിരുന്നു മാതാവ് സംസാരിച്ചത്.
ഏഴാം തരം വരെമാത്രം വിദ്യാഭ്യാസം സിദ്ധിച്ച തെരെസെയ്ക്ക് പരിശുദ്ധാത്മാവ് ദാനമായി നല്കിയ ഭാഷണവരത്തിന്റെ ഉദാഹരണമായിരുന്നു അത്. 1898-1962 കാലഘട്ടത്തിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ആ പാവം സ്ത്രീ അനേകം വൈദേശികഭാഷകൾ അനായാസം മനസിലാക്കി. അവരുടെ വാക്കുകൾ വിവിധ ഭാഷക്കാരായവർ അവരവരുടെ ഭാഷയിൽ കേൾക്കുകയും ചെയ്തിട്ടുണ്ട്.
പന്തക്കുസ്താ നാളിൽ പരിശുദ്ധാത്മാവ് ചെയ്ത അതേ അത്ഭുതം ഇന്നും ആവർത്തിക്കപ്പെടുന്നു. വിവിധ ഭാഷക്കാരായവർക്ക് അതിവേഗം സുവിശേഷം നല്കാൻ അവിടുന്ന് ആശിക്കുന്നുവെന്നതിന് വേറെ തെളിവുവേണോ? ന്മ