ഉമിത്തീയിൽനിന്നൊരു ഉണർത്തുപാട്ട്

ഞാനന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. നന്നായി നൃത്തം ചെയ്യാനുള്ള അനുഗ്രഹം ദൈവമെനിക്ക് തന്നിരുന്നു. നടക്കുന്നതുപോലും നൃത്തച്ചുവടുകൾവച്ചുകൊണ്ടാണോ എന്ന് തോന്നിക്കുമാറ് സകലതും നൃത്തമയമായിരുന്നു അന്നെന്റെ ജീവിതത്തിൽ. എന്റെ അമ്മച്ചിക്ക് ആ നാളുകളിൽ ഏറെ ആകുലതയുണ്ടായിരുന്നു എന്നെക്കുറിച്ച്. വല്ലവിധേനയും വഴിതെറ്റിപ്പോകുമോ എന്നതായിരുന്നു അമ്മച്ചിയുടെ ഭയം. കാരണം, അതിന് സാധ്യതയുണ്ടെന്ന് തോന്നിക്കത്തക്ക വിധത്തിലായിരുന്നു എന്റെ അന്നത്തെ നടപ്പും എടുപ്പുമെല്ലാം.

ഒമ്പതാം ക്ലാസിലെ പഠനം അവസാനിക്കാൻ പോകുന്ന സമയം. ഞാൻ എന്റെ അമ്മച്ചിയോട് ചോദിച്ചു, പരീക്ഷ തീരുമ്പോൾ ഞാൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ വീട്ടിൽ ഒന്നു പോക്കോട്ടെ എന്ന്. പക്ഷേ, അമ്മച്ചി എനിക്കനുവാദം തന്നില്ല. എന്നു മാത്രമല്ല, അങ്ങനെ ചോദിച്ചതിന് എന്നെ വഴക്ക് പറഞ്ഞു. വഴക്കിന്റെ അവസാനം അമ്മച്ചി ശാന്തസ്വരത്തിൽ ഇങ്ങനെ പറഞ്ഞു: ”പെൺകുട്ടികൾ ഈ പ്രായത്തിൽ അടങ്ങി ഒതുങ്ങി ജീവിക്കണം. അതിലെയും ഇതിലെയും അലഞ്ഞുനടന്ന് ചീത്തപ്പേര് കേൾപ്പിക്കരുത്.”

എനിക്കതു കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. കാരണം, അനാവശ്യമായ ഒരു മൂക്കുകയറിടലാണ് അമ്മച്ചി നടത്തുന്നതെന്ന് എനിക്ക് തോന്നി. മാത്രമല്ല ഞങ്ങളുടെ വീട്ടിൽ ഉള്ളതുപോലെതന്നെ രണ്ടു പെൺകുട്ടികൾ മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. എന്റെ അപ്പച്ചനും അവളുടെ അമ്മയും ഒരുമിച്ച് പഠിച്ചവരും. യാതൊരാവശ്യവുമില്ലാതെ അമ്മച്ചി എന്റെമേൽ ഏർപ്പെടുത്തുന്ന ഒരു നിയന്ത്രണംപോലെ തോന്നിയതുകൊണ്ട് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അല്പം ധിക്കാരസ്വരത്തിൽ ഞാൻ പറഞ്ഞു. അമ്മച്ചി അറിയാതെ ഞാൻ പോകും. ഞാൻ പോയാൽ അമ്മച്ചിയെങ്ങനെയാണ് കണ്ടുപിടിക്കുക? എന്റെ ധിക്കാരസ്വരം അമ്മച്ചിയെയും ദേഷ്യം പിടിപ്പിച്ചു. അമ്മച്ചി പറഞ്ഞു, ഞാനറിയാതെ നീ പോകുമെന്നോ? നീ പോയാൽ തിരിച്ച് ഈ വീട്ടിൽ എത്തുംമുമ്പ് ഞാനറിയും. ദേ ചൂരൽവടി ഇവിടെയുണ്ടെന്ന് ഓർമവേണം. പക്ഷേ, അമ്മച്ചിയുടെ വാക്കുകളൊന്നും എന്നെ പിന്തിരിപ്പിക്കാൻ പറ്റിയതല്ലായിരുന്നു. ഞാൻ പോയി, പരീക്ഷ തീരുന്ന ദിവസം. അമ്മച്ചി അറിയുകയും ചെയ്തു. പക്ഷേ, അനുസരണക്കേടിനുള്ള ശിക്ഷയായി ചൂരൽ വടികൊണ്ട് പ്രഹരിച്ചത് അമ്മച്ചി അല്ലായിരുന്നു കർത്താവായിരുന്നു.

അവസാനത്തെ ദിവസം പരീക്ഷയില്ലായിരുന്നു. ഞങ്ങൾ പഠിക്കുന്ന കോൺവെന്റ ് സ്‌കൂളിലെ കപ്പേളയിലെ മെഴുകുതിരിക്കാലുകൾ ബ്രാസ് ഇട്ട് തിരുമ്മി വെളുപ്പിക്കാൻ ആ ദിവസം ഞങ്ങളുടെ ക്ലാസിലെ കുട്ടികൾ നിയോഗിക്കപ്പെട്ടു. ഞങ്ങൾ നന്നായിത്തന്നെ അത് നിർവഹിച്ചു. അതിനുശേഷം സിസ്റ്റർ തന്ന മിഠായിയും മേടിച്ച് ഞാൻ നേരെ പോയത് എന്റെ കൂട്ടുകാരിയുടെ വീട്ടിലേക്കായിരുന്നു. ഞങ്ങളുടെ വീടുകൾ തമ്മിൽ എട്ടുകിലോമീറ്ററോളം അകലമുണ്ടായിരുന്നു. അനുസരണക്കേടു കാട്ടുന്നതിന്റെ ചമ്മൽ ഉള്ളിലുള്ളതുകൊണ്ട് പമ്മിപ്പമ്മിയാണ് അവളോടൊപ്പം ഞാൻ പോയത്. പക്ഷേ, അവിടെ ചെന്നപ്പോൾ കിട്ടിയ നല്ല സ്വീകരണം എന്റെ ചമ്മലെല്ലാം മാറ്റി. ഉച്ചയൂണ് കഴിഞ്ഞ് വെറുതെ ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അതാ കാണുന്നു വീടിന്റെ തൊട്ടപ്പുറത്തുള്ള മതിലിൽ കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞ്.

ഞാൻ ആ കുഞ്ഞിനെ എടുക്കുവാനായി ഓടിയതാണ്. കുഞ്ഞിനെ നോക്കിയുള്ള ഓട്ടത്തിൽ മുമ്പിലുണ്ടായിരുന്ന ഒരാൾതാഴ്ചയുള്ള ഉമി കത്തിക്കുന്ന കുഴി ഞാൻ കണ്ടില്ല. ഞാൻ ആ കുഴിയിൽ വീണു. പുറമേനിന്ന് നോക്കിയാൽ ആ കുഴി ചാരംമൂടി കിടക്കുന്നതുകൊണ്ട് തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. നീറിക്കത്തിക്കൊണ്ടിരുന്ന ഉമിക്കടിയിലേക്ക് എന്റെ രണ്ടു കാലുകളും മുട്ടോളം താണുപോയി. കാലു മുഴുവൻ തീക്കുണ്ഠത്തിനുള്ളിൽ! ഒരു വലിയ നിലവിളിയോടെ ഞാൻ പിന്നോട്ടുമറിഞ്ഞു. അസഹ്യമായ വേദനകൊണ്ട് ഞാൻ ഉറക്കെ നിലവിളിച്ചു. അടുത്തുള്ളവരെല്ലാം ഓടിക്കൂടി. ആരോ വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി തേൻ എടുത്തുകൊണ്ടുവന്ന് എന്റെ കാലിൽ ഒഴിച്ചു. പക്ഷേ, അതുകൊണ്ടൊന്നും വേദനയും നീറ്റലും നിന്നില്ല. അവർ എന്നെ ടാക്‌സി വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വീട്ടിൽ വിവരമറിയിച്ചു. എന്റെ അപ്പച്ചനും കരഞ്ഞുകൊണ്ട് കൂടെ അമ്മച്ചിയും ഓടിയെത്തി. പൊള്ളലിന്റെ വേദന സഹിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടായിരുന്നു എനിക്ക് അമ്മച്ചിയുടെ കണ്ണുകളിലേക്ക് നോക്കാൻ. ”നീ പോയാൽ വീട്ടിൽ തിരിച്ചെത്തുംമുമ്പേ ഞാനറിയും” എന്ന അമ്മച്ചിയുടെ വാക്കുകൾ ഓർത്തപ്പോൾ ആ വേദനയുടെ ഇടയിലും ലജ്ജ തോന്നി.

ആ സംഭവം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇരുപതു ദിവസം ഞാൻ കഠിനവേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. എല്ലാ ദിവസവുമുള്ള ഡ്രസിംഗിൽ അനുസരണത്തിന്റെ വില ഞാൻ നന്നായി അറിഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന കഠിനവേദനയും നഷ്ടമായിത്തീർന്ന വെക്കേഷൻ ക്ലാസുകളുമായിരുന്നു ആ അനുസരണക്കേടിന് കിട്ടിയ പ്രതിഫലം. ”ചൂളയിൽ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിചെയ്യും. നിന്നിൽ കലർന്നിരിക്കുന്ന വിലകെട്ട ലോഹം ഞാൻ നീക്കിക്കളയും” (ഏശ. 1:25) എന്ന വചനം എന്റെ ജീവിതത്തിലും യാഥാർത്ഥ്യമായി.

ആദിപാപവും ഇതുതന്നെ

മനുഷ്യന്റെ ആദിപാപവും അനുസരണക്കേടുതന്നെ. അതിനുള്ള ശിക്ഷ അപ്പോൾതന്നെ അവർക്ക് ലഭിച്ചു. ദൈവമക്കളുടെ സ്ഥാനം നഷ്ടമായി. പരിശുദ്ധാത്മാവിനെ നഷ്ടപ്പെട്ടു. ഏദൻതോട്ടത്തിൽനിന്ന് പുറത്തായി. മാത്രമല്ല, പാപത്തിന്റെ തിക്തഫലങ്ങൾ പേറുന്ന ഒരു ജീവിതം അന്നുതൊട്ട് ഇന്നേവരെ മനുഷ്യന് നയിക്കേണ്ടതായി വന്നു. പാപം ചെയ്ത് വഴിപിഴച്ച മനുഷ്യമക്കൾക്ക് ഒരു രക്ഷകനെ ദൈവം വാഗ്ദാനം ചെയ്തു. ആ രക്ഷകനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ ഒരു പ്രത്യേക ജനതയെ ദൈവം തിരഞ്ഞെടുത്തു. ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ. തന്റെ പ്രിയപ്പെട്ട ജനമായ ഇസ്രായേലിനോട് അത്യധികമായ കാരുണ്യത്താൽ ദൈവം വാഗ്ദാനം ചെയ്തു ”ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവുമായിരിക്കും” (ലേവ്യ 26:12). സങ്കീർത്തനങ്ങളിൽ ഇപ്രകാരം ദൈവാത്മാവ് സംസാരിക്കുന്നു, ”കർത്താവ് ദൈവമായുള്ള ജനവും അവിടുന്ന് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്” (സങ്കീ. 33:12). അവിടുന്ന് അവരെ നയിച്ചവിധങ്ങൾ ഓർത്താൽ, അവിടുന്ന് തന്റെ ജനത്തെ കരങ്ങളിൽ താങ്ങിയും മുതുകത്തേറ്റിയും സംവഹിച്ച സ്‌നേഹമോർത്താൽ എത്ര കഠിനഹൃദയനും കരഞ്ഞുപോകും. അത്രയധികമായി അവിടുന്ന് തന്റെ ജനത്തിന്റെ നേരെ കാരുണ്യവും നന്മയും ഒഴുക്കി. പക്ഷേ, മർക്കടമുഷ്ടിക്കാരായ ഇസ്രായേൽജനം അവിടുത്തെ തിരിച്ചു സ്‌നേഹിച്ചില്ല. അവിടുത്തെ അനുസരിച്ചുമില്ല. അതിന്റെ ഫലമായി അവർ കഠിന ശിക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. എന്നിട്ടും മനസു തിരിയാഞ്ഞപ്പോൾ കഠിനശിക്ഷകളിലൂടെയും കടന്നുപോയി. ശിക്ഷണവും ശിക്ഷയും ഏറ്റുവാങ്ങിയിട്ടും അവർ മനസു തിരിയാതായപ്പോൾ അവിടുന്നവരെ നോക്കി കരഞ്ഞു. ”എന്റെ മക്കളുടെകൂടെ നിന്നെ പാർപ്പിക്കാനും എല്ലാ ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്ക് നല്കാനും ഞാൻ എത്രയേറെ ആഗ്രഹിച്ചു.

എന്റെ പിതാവേ എന്ന് നീ എന്നെ വിളിക്കുമെന്നും എന്റെ മാർഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു” (ജറെ. 3:19). എന്നാൽ, ഇസ്രായേൽ ദൈവത്തിന്റെ കരച്ചിലിന് ചെവികൊടുത്തില്ല. അവിടുത്തെ കല്പനകൾ അനുസരിച്ചില്ല. അവിടുന്ന് ജറെമിയാ പ്രവാചകനിലൂടെ തന്റെ ജനത്തിന്റെ ദുരവസ്ഥയോർത്ത് കരയുന്ന അവിടുത്തെ ഹൃദയം അവരുടെ മുമ്പിൽ വെളിപ്പെടുത്തി. അവിടുന്ന് പറഞ്ഞു, ”നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എന്റെ ആത്മാവ് കരയും” (ജറെ. 13:17). പക്ഷേ, അവിടുത്തെ ഹൃദയം തകർന്നുള്ള നിലവിളി ഇസ്രായേൽജനം കേട്ടില്ല അഥവാ കേട്ടതായി നടിച്ചില്ല. ഫലമോ ഇസ്രായേൽജനം ദുരിതപൂർണമായ വഴികളിലൂടെ കടന്നുപോകേണ്ടിവന്നു. ആ ദുരിതത്തിലും അവരോടൊത്ത് കരയുന്ന പുത്രവത്സലനായ ഒരു പിതാവിനെ നാം തിരുവചനങ്ങളിൽ കണുന്നു. ”നിനക്ക് നന്മയായിട്ടുള്ളത് പഠിപ്പിക്കുകയും നീ പോകേണ്ട വഴിയിലൂടെ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ കർത്താവ് ഞാനാണ്. നീ എന്റെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി കടലലകൾപോലെ ഉയരുമായിരുന്നു; നിന്റെ സന്തതികൾ മണൽപോലെയും വംശം മണൽത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുമ്പിൽനിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിക്കുകയോ ഇല്ലായിരുന്നു” (ഏശ. 48:17-19). നാടൻ ഭാഷയിൽ പറഞ്ഞാൽ ”നീ ഞാൻ പറഞ്ഞത് കേട്ടിരുന്നുവെങ്കിൽ എന്റെ പൊന്നുമോനെ നിനക്കീ ഗതി വരുകയില്ലായിരുന്നല്ലോ. നീ എങ്ങനെ ജീവിക്കേണ്ടവനായിരുന്നു. ഇനിയെങ്കിലും മോനേ, നീ ദൈവത്തെ വിളിച്ചപേക്ഷിച്ച് നേരാംവണ്ണം ജീവിക്കാൻ നോക്ക്” എന്ന് വിലപിക്കുന്ന സ്‌നേഹസമ്പന്നനായ ഒരു പിതാവിന്റെ ഹൃദയവിലാപമായി നമുക്കതിനെ കാണാൻ കഴിയണം.

നദിപോലെ ഒഴുകുന്ന സമാധാനം

കർത്താവ് ഇസ്രായേൽജനത്തോട് പറയുന്നു ”നീ എന്റെ കല്പനകൾ പാലിച്ചിരുന്നെങ്കിൽ സമാധാനം നദിപോലെ ഒഴുകുമായിരുന്നു” (ഏശ. 48:18). എല്ലാ മനുഷ്യരും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ സമാധാനത്തിനായി കൊതിക്കുന്നു. പക്ഷേ, മിക്കവർക്കും മിക്കപ്പോഴും അത് ലഭിക്കുന്നുമില്ല. ദൈവം തന്റെ സ്വന്തം ജനമായി തിരഞ്ഞെടുത്ത ഇസ്രായേൽ ഭാഗ്യപ്പെട്ട ജനതയാണെന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും ഈ ജനതയ്ക്ക് ദൈവത്തിന്റെ വലിയ ദാനമായ സമാധാനം പലപ്പോഴും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? അവർ എപ്പോഴും ദൈവത്തോടും അവിടുത്തെ കല്പനകളോടും അവിടുത്തെ പരിശുദ്ധാത്മാവിനോടും മറുതലിച്ചു എന്നതുകൊണ്ടുതന്നെ. ”മർക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങൾ എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോട് മറുതലിക്കുന്നു” (അപ്പ. പ്രവ. 7:51) എന്ന് സ്‌തേഫാനോസ് വിളിച്ചു പറഞ്ഞത് ഹൃദയപരിവർത്തനത്തിന് തയാറാകാത്ത ഇസ്രായേൽക്കാരെക്കുറിച്ചാണ്. അതാണ് അവരിൽ പലരുടെയും സ്വഭാവം. അനേകം പ്രവാചകന്മാരിലും കാലത്തിന്റെ പൂർണതയിൽ തന്റെ പുത്രനിലൂടെപോലും ദൈവം അവരെ തിരുത്താൻ ശ്രമിച്ചു. അവർ അതിന് വഴങ്ങിയില്ല. ഫലമോ, സമാധാനമെന്തെന്ന് അനുഭവിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്നും കഴിയുന്നുമില്ല.

സമാധാനം യേശുവിലൂടെ

യേശു പറഞ്ഞു: ”ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്കുന്നു” (യോഹ. 14:27). പക്ഷേ, നമുക്കും അവിടുത്തെ ദാനമായ സമാധാനം അനുഭവിക്കാൻ മിക്കപ്പോഴും കഴിയുന്നില്ല. സമാധാനം അനുഭവിക്കാൻ കഴിയാത്തതിന്റെ കാരണം നമ്മളിൽ കണ്ടെത്താതെ, തങ്ങളുടെ സഹനങ്ങൾക്കുള്ള കാരണം നാം മറ്റു പലരിലും മറ്റു പലതിലും കണ്ടെത്തുന്നു എന്നതാണ് ദൈവികസമാധാനം വീണ്ടെടുക്കുവാനുള്ള വലിയ തടസം.
ജീവിതത്തിൽ പല തരത്തിലുള്ള സഹനങ്ങളിലൂടെ കടന്നുപോകാൻ ദൈവമെനിക്ക് ഇടവരുത്തിയിട്ടുണ്ട്. അതിൽ ചില സഹനങ്ങൾ എന്റെ അവിവേകംകൊണ്ടും എന്റെ ദുഷ്ടഹൃദയത്തിന്റെ പാപസ്വഭാവംകൊണ്ടും ഉണ്ടായിട്ടുള്ളവയായിരുന്നു. എന്നാൽ ആ സഹനങ്ങളിലൂടെ കടന്നുപോയ നാളുകളിൽ എന്റെ കുഴപ്പംകൊണ്ടാണ് സഹിക്കേണ്ടിവരുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. നല്ലവനായ ദൈവം സമയത്തിന്റെ പൂർണതയിൽ മനുഷ്യവ്യക്തികളിലൂടെയല്ല പിന്നെയോ തന്റെ ആത്മാവിലൂടെ എന്റെ തെറ്റുകളെക്കുറിച്ച് എനിക്ക് ബോധ്യം തന്നു. ആഴത്തിൽ അനുതപിക്കാൻ എന്നെ അനുവദിച്ചു. അതുവരെ എന്റെ സഹനത്തിന്റെ പേരിൽ ഞാൻ മറ്റു വ്യക്തികളെയും സാഹചര്യങ്ങളെയും പഴിപറഞ്ഞ് വിലപിക്കുമായിരുന്നു. നമ്മളിന്ന് അനുഭവിക്കുന്ന അസമാധാനത്തിനും മറ്റു സഹനങ്ങൾക്കും പിന്നിൽ ദൈവത്തോട് മറുതലിക്കുന്ന, അവിടുത്തെ ഹിതം നിറവേറ്റാൻ മനസാകാത്ത ഒരു ഹൃദയവും നമ്മുടെ സ്വന്തം പദ്ധതികളും ഒരുപക്ഷേ ഉണ്ടായെന്നിരിക്കും. കർത്താവ് പറയുന്നു, അനുസരിക്കാൻ തയാറായാൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും. (ഏശ. 1:19).

ഞാനും ഇന്നൊരു യോനായോ?

പ്രവാചകനായ യോനായോട് ഒരിക്കൽ കർത്താവരുളിച്ചെയ്തു. ”നീ എഴുന്നേറ്റ് മഹാനഗരമായ നിനവേയിൽ ചെന്ന് അതിനെതിരേ വിളിച്ചുപറയുക. എന്തെന്നാൽ, അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു” (യോനാ 1:2). എന്നാൽ യോനായാകട്ടെ ദൈവത്തെ ധിക്കരിച്ചുകൊണ്ട് നേരെ താർഷീഷിലേക്ക് കപ്പൽ കയറി. കാരണം യോന തന്റെ ജീവിതാനുഭവങ്ങളിലൂടെ അറിഞ്ഞിരുന്നു കർത്താവ് എത്രമാത്രം കാരുണ്യവാനാണെന്ന്. താൻ അവിടെ ചെന്ന് വിളിച്ചുപറഞ്ഞാൽ, നിനവെയിലെ ജനങ്ങൾ അനുതപിച്ചാൽ ദൈവം അവരുടെമേൽ വരുത്തുമെന്നു പറഞ്ഞ ശിക്ഷകൾ പിൻവലിക്കുമെന്നും അങ്ങനെ വിളിച്ചുപറഞ്ഞ താൻ വിഡ്ഢിയായിത്തീരുമെന്നും അതൊരുപക്ഷേ തന്റെ ജീവനുപോലും ഹാനികരമായിരിക്കുമെന്നും യോനാ അറിഞ്ഞിരുന്നു.

അപ്പോൾ ദൈവം കടലിലേക്ക് ഒരു കൊടുങ്കാറ്റയച്ചു. ആ കാറ്റ് യോനാ സഞ്ചരിച്ചിരുന്ന കപ്പലിന്റെമേൽ ആഞ്ഞടിച്ചു. കപ്പൽ തകരുമെന്ന ഘട്ടം വന്നപ്പോൾ യോനാ ഒഴികെ കപ്പലിലുണ്ടായിരുന്നവർ എല്ലാവരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും സ്വയരക്ഷയ്ക്കായി കപ്പലിലുള്ള ചരക്കുകൾ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തു. എന്നാൽ യോനമാത്രം അനങ്ങിയില്ല. അവൻ കപ്പലിന്റെ അടിത്തട്ടിൽ കിടന്നുറങ്ങി. കപ്പലിലുണ്ടായിരുന്നവർ അവനെ കുത്തിയെഴുന്നേല്പിച്ചു. കപ്പൽ വീണ്ടും നാശത്തിലേക്ക് പോകുന്നുവെന്നും അതിനു കാരണമായ ആരെങ്കിലും കപ്പലിലുണ്ടെന്നും ഭയന്ന അവർ കുറിയിട്ടു. യോനായ്ക്ക് കുറി വീണു. അവർ യോനായെ വിസ്തരിച്ചു. താൻ ആകാശവും ഭൂമിയും സൃഷ്ടിച്ച ജീവിക്കുന്ന ദൈവത്തിന്റെ ദാസനാണെന്നും താൻ അവിടുന്നിൽനിന്നും ഒളിച്ചോടി താർഷീഷിലേക്ക് കപ്പൽ കയറിയതാണെന്നും അവൻ തുറന്നു പറഞ്ഞു. താൻമൂലമാണ് ഈ കൊടുങ്കാറ്റ് കപ്പലിനെ തകർക്കുന്നതെന്നും തന്നെയെടുത്ത് കടലിലെറിഞ്ഞാൽ കടൽ ശാന്തമാകുമെന്നും യോന പറഞ്ഞു. അവർ യോനായെ പിടിച്ച് കടലിലെറിഞ്ഞു. ഉടനടി കാറ്റുനിലച്ചു, കടൽ ശാന്തമായി.

ദൈവം യോനയെ വിഴുങ്ങാൻ ഒരു മത്സ്യത്തോട് കല്പിച്ചു. അതു യോനായെ വിഴുങ്ങി. യോന മത്സ്യത്തിന്റെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും കഴിഞ്ഞു. മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് യോന അനുതപിച്ചു. കർത്താവിന്റെ കാരുണ്യം തേടി.യോന അനുതപിച്ചപ്പോൾ ദൈവം അവന്റെമേൽ മനസലിഞ്ഞു. ഉടനെ ദൈവം ആ മത്സ്യത്തോട് കല്പിച്ചു. ആ മത്സ്യം യോനായെ കരയിലേക്ക് ഛർദിച്ചു. യോന ദൈവത്തിന് നന്ദി പറഞ്ഞു.

പക്ഷേ, ദൈവം യോനായെ വെറുതെ വിട്ടില്ല. അവിടുന്ന് യോനായോട് കല്പിച്ചു. നീ എഴുന്നേറ്റ് മഹാനഗരമായ നിനവെയിലേക്ക് തന്നെ പോവുക. അവിടെച്ചെന്ന് അവരോട് ഞാൻ കല്പിക്കുന്നത് പ്രസംഗിക്കുക. യോനാ എഴുന്നേറ്റു. ഇത്തവണ അവൻ മറുതലിച്ചില്ല. നേരെ നിനവെയിലേക്ക് പോയി. മഹാനഗരമായ നിനവെയുടെ മധ്യഭാഗത്തെത്തിയപ്പോൾ അവൻ ദൈവമായ കർത്താവ് പറഞ്ഞതുപോലെ വിളിച്ചു പറഞ്ഞു. ”നാല്പതു ദിവസത്തിനുശേഷം നിനവെ നശിപ്പിക്കപ്പെടും.” ജനങ്ങളും രാജാവും ദൈവത്തിൽ വിശ്വസിച്ചു. അവർ ചാക്കുടുത്തും ചാരം പൂശിയും ഉപവസിച്ചു. തെറ്റുകൾ ഏറ്റുപറഞ്ഞ് ദൈവത്തിന്റെ കരുണ തേടി. അവർ അനുതപിച്ചപ്പോൾ ദൈവത്തിന്റെ മനസുമാറി. അവിടുത്തേക്ക് അവരോട് അനുകമ്പ തോന്നി. അവരുടെമേൽ വരുത്തുമെന്ന് യോനാവഴി അറിയിച്ച അനർത്ഥം അവിടുന്ന് വരുത്തിയില്ല. ഇതാണ് ദൈവത്തിന്റെ മനസ്.

പ്രിയപ്പെട്ടവരേ, ദൈവത്തോട് മറുതലിച്ച് താർഷീഷിലേക്ക് കപ്പൽ കയറിയ യോനാമൂലം കടലിൽ ഉണ്ടായ കൊടുങ്കാറ്റുപോലെ ഒരു കൊടുങ്കാറ്റ് നമ്മുടെ ജീവനുനേരെയോ കുടുംബത്തിനുനേരെയോ സഭാസമൂഹത്തിനു നേരെയോ ഇടവകയ്ക്കുനേരെയോ ജോലി ചെയ്യുന്ന സ്ഥാപനത്തിനുനേരെയോ ഒക്കെ ആഞ്ഞുവീശി, അതു നിങ്ങളുടെ സമാധാനം തകർക്കുന്നുണ്ടോ? ഒരു നിമിഷം നിന്നിട്ട് പിന്തിരിഞ്ഞുനോക്കുക. എന്റെ ജീവിതം ഇന്ന് എവിടെ എത്തിനില്ക്കുന്നു? ഞാൻമൂലം എന്റെ കുടുംബം, എന്റെ സമൂഹം, എന്റെ ഇടവക, ഇന്ന് സഹിക്കുന്നുണ്ടോ? മേലധികാരിയെന്ന നിലയിൽ ദൈവഹിതത്തിന് നിരക്കാത്ത നിലയിലുള്ള എന്റെ നിലപാടുകൾ, പ്രവർത്തനങ്ങൾ, ഞാൻ ഉൾപ്പെടുന്ന അല്ലെങ്കിൽ ഭരിക്കുന്ന സമൂഹത്തെ യോനായെ വഹിച്ച കപ്പലിനെയെന്നതുപോലെ തകർക്കാൻ പര്യാപ്തമായതാണോ? നിനവെയിലേക്ക് പോകേണ്ട ഞാൻ താർഷീഷിലേക്ക് പോകാൻ ഒരുമ്പെട്ടിരിക്കുന്നുവോ? ദൈവഹിതത്തിന് വിരുദ്ധമായി എതിർദിശയിലേക്കുള്ള യാത്രയിലാണോ ഞാൻ?

ഞാനൊരു കുടുംബസ്ഥനാണെങ്കിൽ എന്റെ കുടുംബത്തിലെ ഓരോ അംഗത്തോടും നീതിയും സ്‌നേഹവും പുലർത്തുന്നവനാണോ ഞാൻ. എന്റെ ജീവിതപങ്കാളിയെ ഞാൻ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടോ? അവളെ അല്ലെങ്കിൽ അവനെക്കുറിച്ചുള്ള ദൈവഹിതങ്ങൾ തിരിച്ചറിഞ്ഞ് അത് അനുസരിക്കുവാൻ എന്റെ മക്കളെ ഞാൻ പഠിപ്പിക്കുന്നുണ്ടോ? ആഡംബരത്തിലും ധൂർത്തിലും ഞാൻ എന്റെ ജീവിതവും ധനവും വ്യയം ചെയ്യുന്നുണ്ടോ? എന്റെ ജീവിതപങ്കാളിയെ ഞാൻ എങ്ങനെ കാണുന്നു? എന്റെ ലൈംഗികമായ ആവശ്യങ്ങളും ദുർമോഹങ്ങളും സാധിച്ചുകിട്ടാനുള്ള ഒരു ഉപകരണമായിമാത്രം ഞാൻ അവളെ അല്ലെങ്കിൽ അവനെ കാണുന്നുവോ? മ്ലേച്ഛമായ ലൈംഗിക വൈകൃതങ്ങളിലൂടെ ഞാൻ എന്റെ ഭോഗാസക്തികളെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കുന്നവനാണോ?

ഞാൻ വരുംതലമുറയ്ക്ക് തെറ്റായ മാതൃക നല്കുന്നവനാണോ? അഴിമതിയിലൂടെ പണം സമ്പാദിക്കുന്നവനാണോ? കൈപ്പറ്റുന്ന വേതനത്തിനനുസൃതമായി ജോലി ചെയ്യാത്തവനാണോ? മുൻ പറഞ്ഞവയെല്ലാം ചെറിയൊരു ആത്മപരിശോധനയ്ക്കുള്ള കൊച്ചുകൊച്ചു ചോദ്യങ്ങൾമാത്രം. വലിയ വലിയ ഭീകരന്മാരെ വിഴുങ്ങുവാൻ വമ്പൻ മത്സ്യങ്ങൾ കടലിൽ കാത്തുനില്ക്കുന്നുണ്ടാകാം. ഇളകിയാടുന്ന കപ്പലിനെ മറന്ന് കപ്പലിന്റെ അടിത്തട്ടിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങിയ യോനായെപ്പോലെ ഈ ലേഖനമൊരു ചോദ്യചിഹ്നമായി നമ്മുടെ നേരെ ഉയരുമ്പോൾ കൂർക്കം വലിച്ച് ഉറങ്ങാൻ ഇടയാകാതിരിക്കട്ടെ. ആ ഉറക്കം നമ്മുടെ മാത്രമല്ല, നമ്മുടെ കൂടെയുള്ള സകലരുടെയും സമാധാനം നശിപ്പിക്കും. ഇസ്രായേൽ എന്റെ കല്പനകൾ പാലിച്ചെങ്കിൽ നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു എന്ന സ്‌നേഹസമ്പന്നനായ പിതാവിന്റെ വിലാപം ഇനിയെങ്കിലും നമ്മുടെ കർണപുടങ്ങളെ ഭേദിക്കട്ടെ. ”ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നല്കുന്നത്” (യോഹ. 14:27) എന്നരുൾചെയ്ത ക്രിസ്തുനാഥന്റെ സമാധാനം ക്രിസ്തുവിന്റെ നാമം പേറുന്ന നമ്മുടെയൊക്കെ ജീവിതങ്ങളെ ഭരിക്കുന്നില്ലെങ്കിൽ അവിടുത്തെ കല്പനകളിൽനിന്നും (സ്‌നേഹത്തിന്റെ കല്പന) വിദൂരത്തിലാണോ നാമിപ്പോൾ ജീവിക്കുന്നത് എന്ന് നമുക്കിപ്പോഴെങ്കിലും പരിശോധിച്ചുനോക്കാം.

അധികാരത്തോടുള്ള വിധേയത്വം

ഞാൻ ദൈവത്തോട് ഒരു മറുതലിപ്പും കാണിച്ചിട്ടില്ല. പക്ഷേ, എന്റെ അധികാരികളുടെ തെറ്റായ നീക്കങ്ങൾ നിമിത്തമാണ് ഞാൻ അവരെ എതിർത്തത് എന്നൊക്കെ നാം ചിന്തിച്ചേക്കാം. എന്നാൽ ഇതേ സംബന്ധിച്ച ദൈവത്തിന്റെ തിരുമനസ് എന്താണെന്ന് തിരുവചനങ്ങളിലൂടെ നമുക്ക് ചികഞ്ഞുനോക്കാം. അത് ഇതാണ്. ”ഓരോരുത്തനും മേലധികാരികൾക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും” (റോമാ13:1-2). അപ്പനെ ധിക്കരിക്കുന്നവനും അമ്മയെ ധിക്കരിക്കുന്നവനും മേലധികാരിയെ ധിക്കരിക്കുന്നവനും എല്ലാം ശിക്ഷാവിധിക്ക് അർഹരാണെന്ന് ഇതിലൂടെ ദൈവം നമ്മെ ബോധ്യപ്പെടുത്തുന്നു. ”അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ നിങ്ങൾ വാളിന് ഇരയായിത്തീരും” (ഏശ.1:19-20). ”എന്റെ വാക്ക് അനുസരിക്കുവിൻ. ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആയിരിക്കും. ഞാൻ നിങ്ങളോട് കല്പിക്കുന്ന മാർഗത്തിലൂടെ ചരിക്കുവിൻ. നിങ്ങൾക്ക് ശുഭമായിരിക്കും” (ജറെ. 7:23).

നമ്മുടെ ജീവിതത്തിൽ ഭൂകമ്പങ്ങളും കോളിളക്കങ്ങളും ഉണ്ടാകുമ്പോൾ നമ്മിൽ മിക്കവരും കാരണം തേടുന്നത് ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവിതത്തിലാണ്. ഇത് ശരിയല്ലെന്നു മാത്രമല്ല, യഥാർത്ഥ കാരണം കണ്ടെത്തുന്നതിൽനിന്നും അതു നമ്മെ തടസപ്പെടുത്തും. എന്റെ കാല് ഉമിത്തീയിൽ വീണപ്പോൾ എനിക്ക് വേണമെങ്കിൽ എന്റെ കൂട്ടുകാരിയെയും ആ വീട്ടുകാരെയും കുറ്റപ്പെടുത്തുവാൻ കഴിയുമായിരുന്നു. അത്ര വലിയ ഉമിത്തീയുടെ കുഴി തൊട്ടടുത്തുണ്ടായിട്ടും അതെക്കുറിച്ച് എനിക്ക് മുന്നറിയിപ്പ് തന്നില്ലെന്ന്. എന്നാൽ എന്നെ സ്‌നേഹിക്കുന്ന എന്റെ നല്ല ദൈവം, എന്നിലുള്ള ധിക്കാരസ്വഭാവത്തെ മുളയിലേ നുള്ളുവാൻവേണ്ടി നല്കിയ സ്‌നേഹശിക്ഷണമായി പിന്നീടെനിക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞു. അതിനുള്ള സാക്ഷ്യമെന്നോണം അന്നത്തെ പൊള്ളലിന്റെ പാടുകൾ ഇന്നും എന്റെ വലതുകാലിൽ അവശേഷിക്കുന്നു.

കർത്താവ് പറയുന്നു ”എന്റെ ജനം എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ, ഇസ്രായേൽ എന്റെ മാർഗത്തിൽ ചരിച്ചിരുന്നുവെങ്കിൽ, അതിവേഗം അവരുടെ വൈരികളെ ഞാൻ കീഴ്‌പ്പെടുത്തുമായിരുന്നു. അവരുടെ ശത്രുക്കൾക്കെതിരെ എന്റെ കരം ഉയർത്തുമായിരുന്നു. കർത്താവിനെ വെറുക്കുന്നവർ അവിടുത്തെ കാല്ക്കൽ വീഴുമായിരുന്നു. അവരുടെ ശിക്ഷ എന്നേക്കും നിലനില്ക്കുമായിരുന്നു. ഞാൻ മേൽത്തരം ഗോതമ്പുകൊണ്ട് നിങ്ങളെ തീറ്റിപ്പോറ്റുമായിരുന്നു. പാറയിൽനിന്നുള്ള തേൻകൊണ്ട് നിങ്ങളെ സംതൃപ്തരാക്കുമായിരുന്നു” (സങ്കീ. 81:13-16). മനുഷ്യന് സ്വമേധയാ ഈ അനുസരണം അസാധ്യമാണ്. കാരണം, ആദിമുതലേ അവൻ അനുസരണക്കേടിന്റെ സന്തതിയാണ്. എന്നാൽ നിത്യസഹായകനായ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുമെങ്കിൽ നമുക്ക് ഇതിന് കഴിയും. നമുക്ക് അവിടുന്നിൽ ആശ്രയിക്കാം. ഇതാ കർത്താവിന്റെ വാഗ്ദാനം നമ്മോടുകൂടെ. ”അവർക്ക് ഞാൻ ഒരു പുതിയ ഹൃദയം നല്കും. ഒരു പുതിയ ചൈതന്യം ഞാൻ അവരിൽ നിക്ഷേപിക്കും.

അവരുടെ ശരീരത്തിൽനിന്നും ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാൻ കൊടുക്കും. അങ്ങനെ അവർ എന്റെ കല്പനകൾ അനുസരിച്ചു ജീവിക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുകയും ചെയ്യും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കുകയും ചെയ്യും.” ആകയാൽ നമുക്കിപ്രകാരം പ്രാർത്ഥിക്കാം:
പരിശുദ്ധാത്മാവാകുന്ന ദൈവമേ, ഞങ്ങളിൽ വന്നു നിറഞ്ഞ് ഞങ്ങളെ അവിടുത്തെ കല്പനകൾ പാലിക്കുന്നവരാക്കിത്തീർക്കണമേ, ആമ്മേൻ.

സ്റ്റെല്ല ബെന്നി

2 Comments

  1. jancy says:

    it is really very good article. keep up your good writings.

  2. Elizabeth Varghese says:

    The articles are really very good& touching

Leave a Reply

Your email address will not be published. Required fields are marked *