അത്ഭുതം മെനഞ്ഞുകൊണ്ട് അവളുടെ കടലാസ്

നാളുകളായി ആ പത്തു വയസുകാരിക്ക് ഒരു ശീലമുണ്ട്. അവൾ ഒരു പ്രാർത്ഥന സ്ഥിരമായി ചൊല്ലും. അത് ഒരു കടലാസിൽ സ്വന്തം കൈപ്പടയിലെഴുതി വച്ചിരിക്കുന്നതാണ്. ആ പ്രാർത്ഥനയെഴുതിയതിനു മുകളിലായി ചെറിയ കമ്പുകൾകൊണ്ട് നിർമ്മിച്ച ഒരു കുരിശും അവൾ ഒട്ടിച്ചുവച്ചിട്ടുണ്ട്. പണമുണ്ടാക്കുന്നതിന്റെ തിരക്കിൽ തന്റെ അമ്മയെയും സഹോദരങ്ങളെയുംപോലും വേണ്ടവിധം നോക്കാൻ സമയം കണ്ടെത്താനാകാത്ത അപ്പൻ ഡേവിഡ് ബ്രയോണസിനെയും അവൾ ആ പ്രാർത്ഥനയിൽ ചേർത്തുവച്ചിരുന്നോ എന്നറിഞ്ഞുകൂടാ.

നാളുകൾ കഴിഞ്ഞ് ഒരു ദിനം പുഴയിൽ നീന്തുന്നതിനിടെ അവൾ മുങ്ങി മരിച്ചു. ദിവസങ്ങൾ മുന്നോട്ടുപോകവേ ആ ആഘാതത്തിൽനിന്ന് കുടുംബാംഗങ്ങൾ പതുക്കെ മുക്തി നേടിക്കൊണ്ടിരുന്നു. ഒരിക്കൽ അവർ അവളുടെ മുറി ശുചിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവളുടെ കിടക്കയ്ക്കടിയിൽ ആ പ്രാർത്ഥനയെഴുതി, കുരിശുരൂപമൊട്ടിച്ച കടലാസ് ഡേവിഡ് ബ്രയോണസ് കണ്ടു. അതൊരു തിരിച്ചറിവിന്റെ നിമിഷമായിരുന്നു. പ്രാർത്ഥനയുടെ വഴിയിലൂടെ ദൈവത്തിലേക്കുള്ള അദ്ദേഹത്തിന്റെ മടക്കയാത്ര ആ നിമിഷം ആരംഭിച്ചു. ദൈവസ്‌നേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ അവളുടെ തുണ്ടുകടലാസ് മെനഞ്ഞെടുത്ത മഹാത്ഭുതം!

”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16)

Leave a Reply

Your email address will not be published. Required fields are marked *