ഒരിക്കൽ നാല് വേശ്യകൾ വിശുദ്ധ ജീവിതം നയിക്കാൻ തയ്യാറാണെന്നും അതിന് തങ്ങളെ സഹായിക്കണമെന്നും പറഞ്ഞ് ജോണിനെ സമീപിച്ചു. മാനസാന്തരം ആഗ്രഹിക്കുന്നവരെ ജോൺ നിരന്തരം സഹായിച്ചിരുന്നു.
നല്ല ജീവിതത്തിലേക്കു കടക്കുംമുൻപ് ടോൾഡോ നഗരത്തിൽച്ചെന്ന് ചില ബാധ്യതകൾ തീർക്കണമെന്നു കേട്ടപ്പോഴും ജോൺ തന്റെ പതിവ് തെറ്റിച്ചില്ല. സഹായിക്കാൻ തയാറായി. കൂട്ടുകാരൻ ആഞ്ചലോക്കൊപ്പം മുന്നൂറു കിലോമീറ്റർ ദൂരത്തുള്ള ടോൾഡോ നഗരത്തിലേക്ക് നാലു സ്ത്രീകളെയും കൂട്ടി യാത്രപുറപ്പെട്ടു. വാടകയ്‌ക്കെടുത്ത കഴുതപ്പുറത്താണ് യാത്ര. എന്നാൽ യാത്രയ്ക്കിടയിൽ നാലു പേരിൽ ഒരാൾ അവരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ഇതറിഞ്ഞപ്പോൾ ആഞ്ചലോയ്ക്ക് കോപം വന്നു.
ടോൾഡോ നഗരത്തിലെത്തിയപ്പോഴാകട്ടെ സ്ത്രീകളിൽ രണ്ടുപേരുംകൂടെ തന്ത്രപൂർവ്വം മുങ്ങി. ദേഷ്യം കയറിയ ആഞ്ചലോ, ജോണിനോട് പറഞ്ഞു ”നിങ്ങളിവരുടെ വാക്കുകേട്ട് ഇറങ്ങിയതുതന്നെ ഭ്രാന്താണ്, കണ്ടില്ലേ ഇവറ്റകളോന്നും നന്നാവില്ല, എത്രയും പെട്ടെന്ന് തിരിച്ചു പോകാം”
അപ്പോൾ ജോൺ പറഞ്ഞു. ”നാല് മീൻ പിടിച്ചിട്ട് അതിൽ മൂന്നെണ്ണം ചീത്തയായിപ്പോയി എന്നു കുരുതി നാലാമത്തെ മീൻ ആരെങ്കിലും ഉപേക്ഷിക്കാറുണ്ടോ. ഒരാൾ ഇനിയും നഷ്ടപ്പെട്ടിട്ടില്ല ല്ലോ. അതിനാൽ നിരാശപ്പെടാതെ ദൈവത്തിൽ ആശ്രയിക്കാം.”
ജോൺ പറഞ്ഞത് സത്യമായി, നാലാമത്തെ ആൾ തന്റെ കടംവീട്ടി അവർക്കൊപ്പം തിരികെവന്നു. നല്ല ഒരു ജീവിതം ആരംഭിച്ചു. ജോണാകട്ടെ പിന്നീട് ദൈവത്തിന്റെ വിശുദ്ധ യോഹന്നാൻ (സെയ്ന്റ് ജോൺ ഓഫ് ഗോഡ്) എന്ന പേരിൽ തിരുസഭയിൽ അറിയപ്പെട്ടു.