കലത്തിലെ മാവും ഭരണിയിലെ എണ്ണയും

1995 ആയപ്പോഴേക്കും വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടു. അക്കൗണ്ടിൽ വളരെ കുറച്ച് പണമേയുള്ളൂ. വരിസംഖ്യകൊണ്ടുമാത്രം ഇത്രയും നല്ല ഗുണനിലവാരത്തിൽ ശാലോം ടൈംസ് മാസിക ഇറക്കാൻ കഴിയില്ല. പരസ്യങ്ങളില്ലാത്തതിനാൽ ആ വിധത്തിലുള്ള വരുമാനവും ഇല്ല. എന്തുചെയ്യും? ഉത്ക്കണ്ഠാകുലനായ ഞാൻ ഒരു തീരുമാനമെടുത്തു – മാസികയുടെ ഉല്പാദനച്ചെലവ് കുറയ്ക്കുക.

അതിനുവേണ്ടി വില കുറഞ്ഞ കടലാസ് കണ്ടെത്തി. മാസികയുടെ വലുപ്പവും കുറച്ചു. ഇപ്രകാരം ചെലവു കുറയ്ക്കാനായി മൂന്നു ലക്കങ്ങൾ മാസികയുടെ വലുപ്പവും കടലാസിന്റെ ഗുണനിലവാരവും കുറച്ച് അച്ചടിച്ചു. പക്ഷേ, മാസങ്ങൾ കഴിയുന്തോറും സാമ്പത്തികനില കൂടുതൽ കൂടുതൽ തകരാറിലാവുകയാണ് ചെയ്യുന്നത്. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. മാസിക നിന്നുപോകുമോ എന്ന ആശങ്ക.

ഗുരു എന്തു പറയുന്നുവെന്നുള്ള ആകാംക്ഷയോടെ ഞാനിരുന്നു. പത്രോസ് എടുത്തുചാടിയത് തിരമാലകളുള്ള വെള്ളത്തിലേക്കുതന്നെയാണ്. ചാടാൻ അനുമതി നൽകിയ ക്രിസ്തുവിലുള്ള വിശ്വാസം അവനെ ശക്തനാക്കി. വെള്ളത്തിൽ താണു പോകാതെ ഏതാനും അടി നടന്നപ്പോൾ വെള്ളത്തിന്റെ മുകൾപ്പരപ്പിൽ താഴാതെ നിൽക്കുന്ന തന്റെ പാദങ്ങളിലേക്ക് അവൻ നോക്കിയിരിക്കാം. ഒരുപക്ഷേ വഞ്ചിയിലുള്ള തന്റെ സഹശിഷ്യരെ ‘കണ്ടോടാ’ എന്ന ഭാവത്തിൽ നോക്കിയിട്ടുമുണ്ടാകാം. അപ്പോഴവൻ ഉയർന്നുവരുന്ന തിരമാലകളെ കണ്ടു. ഭയപ്പെട്ട അവൻ മുങ്ങാൻ തുടങ്ങി. ഇതാണ് നിനക്കും സംഭവിച്ചത്.

ഭയവും ദർശനവും

കർത്താവിന് ഏറ്റവും നല്ലതു കൊടുക്കണം എന്ന ദർശനത്തിലാണ് നീ മാസിക തുടങ്ങിയത്. അക്കൗണ്ടിലേക്ക് നോക്കിയപ്പോൾ പണം കുറവാണെന്നു കണ്ട നീ ഭയപ്പെട്ടു. ഭയംമൂലം ദർശനം നഷ്ടപ്പെട്ടപ്പോൾ മാസികയുടെ വലുപ്പം കുറച്ചു, കടലാസിന്റെ മേന്മയും കുറച്ചു. ബാങ്ക് അക്കൗണ്ടിലെ ബാലൻസിൽനിന്നും ക്രിസ്തുവിലേക്ക് നീ വീണ്ടും കണ്ണുകളുയർത്തണം. അപ്പോൾ എല്ലാം ക്രമപ്പെടും.

”ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ രക്ഷിക്കണേ! ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്പവിശ്വാസീ നീ സംശയിച്ചതെന്ത്? അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിച്ചു” (മത്തായി 14:30-31).

സാമ്പത്തികനില ശോചനീയമാണെങ്കിലും മാസികയുടെ വലുപ്പവും കടലാസിന്റെ ഗുണനിലവാരവും വർധിപ്പിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. അപ്പോൾ മുതൽ അത്ഭുതം കാണാൻ തുടങ്ങി. വരിക്കാരുടെ എണ്ണം പെട്ടെന്ന് ഉയർന്നു. പലരും വരിസംഖ്യയുടെ കൂട്ടത്തിൽ ചോദിക്കാതെതന്നെ സംഭാവനകൾ നൽകാൻ തുടങ്ങി. സാമ്പത്തിക പ്രതിസന്ധി ഇല്ലാതായി. അതെനിക്കൊരു പുതിയ പാഠമായിരുന്നു. ”പ്രതിസന്ധികളുണ്ടാകുമ്പോൾ ഭയപ്പെട്ട് ദർശനം നഷ്ടപ്പെടുത്തരുത്.”
സാമ്പത്തിക മേഖലയും ജോലിയുടെ മേഖലകളും ബന്ധങ്ങളും സുരക്ഷിതമാക്കിക്കൊണ്ട് ദൈവശുശ്രൂഷ ചെയ്യാൻ ശ്രമിക്കുമ്പോൾ വളർച്ചയുടെ പാതകളോട് നാം മുഖം തിരിക്കുകയാണ്. ദൈവത്തിൽ സുരക്ഷിതത്വം കണ്ടെത്തുക, അവിടുത്തെ മാത്രം ആശ്രയിക്കുക എന്നൊക്കെ പറയുന്നതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്- ലൗകികമായ അരക്ഷിതാവസ്ഥകളിലൂടെ കടന്നുപോകാനുള്ള മനസ് നമുക്കുണ്ടാകണമെന്നതാണ് അത്. എപ്പോഴും സ്വന്തം സുരക്ഷിതത്വം തേടുന്നവന് ദൈവത്തിനായി വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല.

സറേഫാത്തിലെ വിധവയുടെ കലത്തിൽ മാവ് നിറച്ചുവച്ചുകൊണ്ടല്ല ഏലിയാ പ്രവാചകനെയും ആ കുടുംബത്തെയും ദൈവം ദീർഘകാലം പരിപാലിച്ചത്. അവളുടെ ഭരണിയിൽ അനേകനാളുകളിലേക്ക് ആവശ്യമായ എണ്ണയും നിറച്ചുകൊടുത്തില്ല. പക്ഷേ, ക്ഷാമകാലം തീരുന്നതുവരെ എണ്ണ വറ്റുകയോ മാവ് തീർന്നുപോകുകയോ ചെയ്തില്ല. എടുക്കുന്തോറും അവ വീണ്ടും പാത്രത്തിൽ നിറഞ്ഞു. അനേക നാളുകളിലേക്ക് ആവശ്യമുള്ളവ മുൻകൂട്ടി തരുന്നതല്ല ദൈവപരിപാലന. മറിച്ച് ആവശ്യനേരത്ത് ആവശ്യമുള്ളവ നിറവേറ്റിത്തരുന്നതിലാണ്. നാളത്തേക്കുള്ള മാവ് കലത്തിലില്ലല്ലോ എന്നോർത്ത് വേവലാതിപ്പെട്ടാൽ ഇന്നത്തെ ഭക്ഷണം ആസ്വാദ്യമാവുകയില്ല.

വിശ്വാസയാത്രയിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ഒരു പ്രലോഭനമാണ് സുരക്ഷിതത്വം തേടിപ്പോകൽ. വിളിച്ചവൻ വിശ്വസ്തനാണെന്നും പറഞ്ഞവൻ വാക്കുമാറാത്തവനാണെന്നും നിരന്തരം ധ്യാനിക്കുമ്പോൾ അരക്ഷിതാവസ്ഥകളെ അതിജീവിക്കാനാകും.

ജീവിതലക്ഷ്യത്തിൽനിന്നും നമ്മെ വ്യതിചലിപ്പിക്കുന്നതെന്താണോ അതാണ് പ്രലോഭനം. അബ്രാഹത്തിന്റെ പിതാവായ തേരഹിന്റെ ജീവിതത്തിലൂടെ നമുക്കിത് കുറെക്കൂടി വ്യക്തമാകും. കൽദായരുടെ നാടായ ഊറിലാണ് തേരഹും കുടുംബവും താമസിച്ചിരുന്നത്. അങ്ങനെയിരിക്കുമ്പോൾ തേരഹിന് ഒരു ഉൾവിളിയുണ്ടായി- കാനാൻദേശത്തേക്ക് കുടിയേറുക.
”തേരഹ് കൽദായരുടെ ഊറിൽനിന്നും കാനാൻദേശത്തേക്ക് യാത്ര പുറപ്പെട്ടു. മകൻ അബ്രാമിനെയും പേരക്കിടാവും ഹാരാന്റെ മകനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയും അവൻ കൂടെ കൊണ്ടുപോയി. അവർ ഹാരാനിലെത്തി അവിടെ വാസം ഉറപ്പിച്ചു. തേരഹ് ഇരുന്നൂറ്റഞ്ച് വർഷം ജീവിച്ചിരുന്നു. അവൻ ഹാരാനിൽവച്ച് മൃതിയടഞ്ഞു” (ഉൽപ്പ. 11:31-32).

കാനാൻദേശം ലക്ഷ്യമാക്കി യാത്ര തിരിച്ച തേരഹ് പകുതി വഴിയെത്തിയപ്പോൾ നല്ലൊരു സ്ഥലം കണ്ടു. അവിടുത്തെ ആളുകളെയും സാഹചര്യങ്ങളെയും ഇഷ്ടപ്പെട്ട തേരഹ് കാനാൻദേശം എന്ന ലക്ഷ്യം മറന്നു. അവിടെത്തന്നെ താമസം തുടർന്നു.

കാനാൻദേശം എങ്ങനെയുള്ളതാണെന്ന് വ്യക്തതയില്ല. അവിടേക്കുള്ള യാത്രയിൽ കഷ്ടപ്പാടും അപകടവും ഉണ്ട്. ഊറിൽനിന്നും യാത്ര ചെയ്ത് പാതി വഴി എത്തിയപ്പോഴേ മടുത്തു. ഇനി ഇവിടെയെങ്ങാനും കഴിയാം – തേരഹ് ഇങ്ങനെ ഓർത്തിരിക്കാം. ഒടുവിൽ തേരഹ് മരിച്ചതിനുശേഷമാണ് ദൈവം അബ്രാഹത്തെ വിളിച്ച് വീണ്ടും കാനാനിലേക്ക് നയിക്കുന്നത്.

ഹാരാനിൽ യാത്രയുടെ അനിശ്ചിതത്വവും അലച്ചിലുകളും ഇല്ല. സൗഹൃദങ്ങളുടെ സുരക്ഷിതത്വവും ദേശത്തിന്റെ സമൃദ്ധിയും കൂട്ടിനുണ്ട്. സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും സൗകര്യങ്ങളുടെയും ഹാരാനിൽ കൂടാരമടിച്ചതുമൂലം ദൈവം വിളിച്ച കാനാനിൽ എത്തിച്ചേരാതെ പൊലിഞ്ഞ ജീവിതങ്ങൾ എത്രയാണ്.

”തീർത്ഥാടകമുന്നേറ്റം” എന്ന ഗ്രന്ഥത്തിലെ രണ്ടു കഥാപാത്രങ്ങളാണ് ക്രിസ്റ്റ്യാനും പ്ലൈബിളും. സ്വർഗത്തെക്കുറിച്ച് കേട്ടറിഞ്ഞ ക്രിസ്റ്റ്യാൻ തന്റെ സകല സമ്പത്തും വിറ്റ് സ്വർഗത്തെ ലക്ഷ്യമാക്കി യാത്ര തിരിക്കുകയാണ്. സ്വർഗത്തിന്റെ മനോഹാരിതയും സന്തോഷവും ക്രിസ്റ്റ്യാൻ വിവരിക്കുന്നത് കേട്ടപ്പോൾ പ്ലൈബിളിനും ക്രിസ്റ്റ്യാനോടൊപ്പം പോകണമെന്നു തോന്നി. അങ്ങനെ അവർ രണ്ടുപേരുംകൂടി യാത്ര തിരിച്ചു. കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ യാത്ര. കുറെ ദിവസം കഴിഞ്ഞപ്പോൾ പ്ലൈബിളിന് മടുത്തു. ഓരോ പ്രഭാതത്തിലും ആകാംക്ഷയോടെ അവൻ ക്രിസ്റ്റ്യാനോടു ചോദിക്കും:
”എവിടെയാണ് സ്വർഗം?”
അവിടെയെത്താൻ ഇനിയും യാത്രയേറെ ചെയ്യണമെന്ന വാക്കുകൾ സ്വർഗത്തെക്കുറിച്ചുള്ള പ്ലൈബിളിന്റെ സ്വപ്നത്തിന്റെ തീവ്രത നഷ്ടപ്പെടുത്തി. യാത്രയുടെ അനിശ്ചിതത്വവും കഷ്ടപ്പാടും സ്വർഗം ഇനിയും അകലെയാണെന്ന ചിന്തയും പ്ലൈബിളിനെ നിരിശനാക്കി. ഒരു ദിവസം അവൻ ക്രിസ്റ്റ്യാനോട് യാത്ര പറഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരികെ പോയി. ഏകനായ ക്രിസ്റ്റ്യാൻ പ്രത്യാശയോടെ വീണ്ടും മുന്നോട്ടു നടന്നു.

ലക്ഷ്യം ഉന്നതമാണെങ്കിലും വിളിച്ചവൻ ദൈവമാണെങ്കിലും യാത്രയിൽ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളുമുണ്ട്. അവസാനത്തോളം പിടിച്ചുനിൽക്കുന്നവൻ മാത്രമേ രക്ഷയുടെ തീരത്തണയുകയുള്ളൂ.

(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച
‘പ്രലോഭനങ്ങളേ വിട’ എന്ന പുസ്തകത്തിൽനിന്ന്)

4 Comments

  1. joseph varghese says:

    i like this book verymuch can i get it

  2. THOMAS William says:

    What an inspiring writing is this!. It gives me much strength. I realised the actual temptation in our lives. It is the temptation of do our will not the will of Jesus. Thank you Benny Sir, for the light you give us.

  3. Tomy Joseph says:

    This book is en excellent inspirational book. It is a Spirit filled, heart-touching & mind blowing book, which should be read by everyone, who wants to leave a committed Life.

Leave a Reply

Your email address will not be published. Required fields are marked *